ഇന്ന് ജനുവരി 23 – നേതാജിയുടെ ജന്മദിനം
നേടിയ സ്വാതന്ത്ര്യത്തിൻ മോടിയിൽ മയങ്ങാതെ
ഓടി നീ മറഞ്ഞെങ്ങോ പോയതോ? പോയിച്ചതോ
കാലമെത്രയോ താണ്ടി ഭരണ സൗധത്തിന്റെ
നാരായവേരിൽ പോലും വിളയുന്നഴിമതി
സ്വാതന്ത്ര്യ ചരിത്രത്തിൻ താളുകൾ രചിച്ചൊരു
നാരയമഷിയിലും നിറം പോയോർമ്മയിൽ നീ
നീറുന്ന നെരിപ്പോടിൽ തിളങ്ങും കനകത്തിൻ
നീറുന്നോരോർമ്മയായിട്ടിനിയും ശേഷിപ്പു നീ
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ വീര പടനായകന്‍, ജനഹൃദയങ്ങളെ കിടിലം കൊള്ളിച്ച വിപ്ലവകാരി, ബ്രിട്ടീഷ് ഭരണത്തെ ഭാരത മണ്ണില്‍നിന്നും തുരത്താന്‍ പട പൊരുതിയ ധീര ദേശാഭിമാനി എന്നീ നിലകളില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് കാലത്തിന്റെ ചുവരെഴുത്തിങ്കല്‍ നിത്യവും വെട്ടി തിളങ്ങിക്കൊണ്ടിരിക്കുന്നു. ‘നിങ്ങള്‍ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടി തരാമെന്ന്’ സ്വാതന്ത്ര്യ ദാഹികളായവരെ കോരി ത്തരിപ്പിച്ചുകൊണ്ട് ആ മഹാന്‍ ഉച്ചത്തിലുച്ചത്തില്‍ വിളിച്ചു പറയുമായിരുന്നു. ഗാന്ധിജി, നെഹ്‌റുജി എന്നീ മിതവാദികളുടെ ചിന്താഗതികള്‍ക്കുപരിയായി സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച തീവ്രവാദിയായിരുന്നു.
1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം. ഇതിനെപ്പറ്റി അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. എന്നാൽ പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. തുടർന്ന് 1999-ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945-ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മൻമോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു.