ആവശ്യമായ സാധനങ്ങൾ
മൈദ – 250 g
പഞ്ചസാര – 250 g
മുട്ട – 5 എണ്ണം
സോഡാപ്പൊടി – 1 നുള്ള്
ഏലക്ക – 8 എണ്ണം
എണ്ണ – വറുക്കാൻ പാകത്തിന്
പാകം ചെയ്യേണ്ട വിധം
പഞ്ചസാര, തോലുകളഞ്ഞ ഏലക്ക എന്നിവ ഭംഗിയായി മിക്സിയിൽ പൊടിച്ചെടുക്കുക. അതിലേക്ക് മുട്ടപൊട്ടിച്ചൊഴിച്ച് പതപ്പിച്ചെടുക്കുക. പാത്രത്തിലെ മൈദയിലേക്ക് ഇതൊഴിച്ച്, സോഡാപ്പൊടി ചേർത്ത് ചപ്പാത്തിപ്പരുവത്തിൽ മാവ് കുഴച്ചുരുട്ടി അഞ്ച് മണിക്കൂർ വയ്ക്കുക.
ശേഷം മയപ്പെട്ട മാവ് കാലിഞ്ച് കനത്തിൽ ചപ്പാത്തിപ്പലകയിൽ പരത്തുക. ഇത് നെടുകെയും കുറുകെയും നീളത്തിൽ കീറി അര ഇഞ്ച് നീളവും വീതിയുമുള്ള സമചതുരക്കഷണങ്ങളാക്കുക. ഓരോ കഷണത്തിന്റെയും ഒരു മൂല കുരിശടയാളത്തിൽ അല്പം കീറുക. ചുവടു കട്ടിയുള്ള ചീനച്ചട്ടിയിൽ ഒഴിച്ച എണ്ണ കായുമ്പോൾ കഷണങ്ങൾ പെറുക്കിയിടുക. മൂക്കുമ്പോൾ നാലിതളുകളായി വിടർന്ന് വലിയ കേക്കുകളായി മാറും. ഇത് കോരി എണ്ണ വാലാൻ വച്ച ശേഷം ചായയെക്കാപ്പം കഴിക്കുക. ഈ പലഹാരം നാലഞ്ചു ദിവസം കേടു കൂടാതെയിരിക്കും.