ഇന്ത്യൻ സിനിമാലോകം – ജി. അരവിന്ദൻ

egpewfkovz-1456591372ചില ജന്മങ്ങൾ ചില അവതാരങ്ങളാണ്. ഗോവിന്ദൻ അരവിന്ദൻ എന്ന ജി. അരവിന്ദൻ(21 Jan’35 – 15 Mar’91) മലയാള സിനിമയെ അന്താരാഷ്ട്രനിലവാരത്തിലെത്തിച്ച ചലച്ചിത്രകാരന്മാരിൽ ഒന്നാമത്തെ പ്രതിഭയാണ്. ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, തനത് നാടക വേദിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കലാകാരൻ എന്നതിനു പുറമെ ഒരു സംഗീതജ്ഞൻ കൂടിയായിരുന്നു അദ്ദേഹം.

‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന മാതൃഭൂമിയിലെ കാർട്ടൂൺ പരമ്പരയും കോഴിക്കോട്ടെ സൗഹൃദവും തുടർന്നു വന്ന സാഹചര്യത്തിൽ യാദൃശ്ചികമായാണ് 1974ൽ ‘ഉത്തരായനം’ എന്ന സിനിമ അരവിന്ദൻ നിർമ്മിക്കുന്നത്. സമാന്തര സിനിമയ്ക്ക് തുടക്കം കുറിച്ച സിനിമകളിലിൽ മുൻപന്തിയിൽ നിൽക്കുന്ന ചലച്ചിത്രമാണ് ഉത്തരായനം. (‘മറ്റു രണ്ടു ചിത്രങ്ങൾ – എം. ടി.യുടെ ‘നിർമ്മാല്യംവും അടൂരിന്റെ ‘സ്വയംവരവും’). സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സമൂഹത്തിൽ ‘രവി’യെന്ന ചെറുപ്പക്കാരന്റെ ജീവിതപ്രതിസന്ധികളും വൈകാരിക അനുഭവങ്ങളും ക്ളാസിക്ക് ശൈലിയിൽ സിനിമ കൈകാര്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാകോഷവേളയിൽ 1974ലാണ് ചിത്രം പുറത്തിറങ്ങിയത്. അതുകഴിഞ്ഞ് 1977ൽ സി. എൻ. ശ്രീകണ്ഠൻ നായരുടെ ‘കാഞ്ചനസീത’ എന്ന നാടകത്തെ അവലംബിച്ച് അതേ പേരിൽ സിനിമ നിർമ്മിച്ചു.GoldenSita_slider

നാടകത്തിലെ ചടുലമായ സംഭാഷണങ്ങൾക്കു പകരം മൗനം നിറഞ്ഞ സിനിമ പുതിയ ഒരനുഭവം പങ്കുവച്ചു. ആന്ധ്രയിലെ ആദിഗോത്രസമൂഹത്തിലെ കഥാപാത്രങ്ങളാണ് സിനിമയിൽ രാമനും ലക്ഷ്മണനും സീതയുമൊക്കെയായി അഭിനയിച്ചത്. പ്രകൃതിയും പുരുഷനും തമ്മിലുള്ള ബന്ധങ്ങളും അതിലെ വൈരുദ്ധ്യങ്ങളുമൊക്കെ  കാവ്യാത്മാക്കളായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. രാമയണകഥയ്ക്ക് പുതിയ ഭാഷ്യം നൽകിയ ‘കാഞ്ചനസീത’യ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി.

1978ൽ പുറത്തിറങ്ങിയ സർക്കസ്സുകൂടാരങ്ങൾക്കു പിന്നിലെ കഥയാണ് ‘തമ്പ്’ എന്ന സിനിമ പറഞ്ഞുതരുന്നത്. താരതമ്യേന ലളിതമായ ആഖ്യാനശൈലിയും കുറേ നല്ല കാഴ്ച്ചകളും സമ്മാനിച്ച സിനിമയയിരുന്നു ‘തമ്പ്’. അതു കഴിഞ്ഞ് 1979ൽ പുറത്തുവന്ന ‘കുമ്മാട്ടി’ കുട്ടികളുടെ സിനിമയായാണ് രൂപം കൊണ്ടത്. അതിലെ മുത്തശ്ശിക്കഥയും സംഗീതവും മുതിർന്നവരുടേയും പ്രശംസ നേടിയെടുത്തു. ഒരു സാങ്കൽപ്പിക കഥയുടെ ചുരുൾ നിവർത്തുന്ന ‘കുമ്മാട്ടി’യും ദേശിയപുരസ്കാരം നേടി ശ്രദ്ധ നേടിയടുത്ത ചിത്രമാണ്.

article-mptbgckiwk-1456592110ക്രിസ്തുവിന്റെ ജീവിതകഥയുടെ നിഴൽവീണ അവദൂത ജന്മത്തിന്റെ കഥപറയുന്നു ‘എസ്തപ്പാൻ’ എന്ന ചലച്ചിത്രം(1979). മിസ്റ്റിക്ക് അനുഭവം കാഴ്ചവെയ്ക്കുന്ന എസ്തപ്പാനിൽ പ്രധാനകഥാപാത്രം കൈകാര്യം ചെയ്യുന്നത് രാജൻ കാക്കനാടനാണ്. അരവിന്ദന്റെ വ്യക്തിസങ്കൽപ്പങ്ങളെ പൂർണ്ണതയിൽ എത്തിച്ച സിനിമയാണ് 1981ൽ പുറത്തുവന്ന ‘പോക്കുവെയിൽ’. ഒരു വ്യക്തിയുടെ ആന്തരികവിലാപങ്ങളും ഏകാന്തതയും കവിതപോലെ മനോഹരമായ ക്യാമറാഷോട്ടുകളാൽ പോക്കുവെയിൽ ചിത്രങ്ങൾ കോറിയിടുന്നു. സംഗീതത്തിന്റെ വിസ്മയകരമായ ശ്രുതിതാളങ്ങൾ(ഹരിപ്രസാദ് ചൗരസ്യയുടെ ഓടക്കുഴൽ) ഈ ചിത്രത്തിൽ ഉടനീളം അരവിന്ദൻ ഉപയോഗിക്കുന്നുണ്ട്.. ഒരു മാസ്മരിക സംഗീതജ്ഞന്റെ ഭാവന വാനോളം ഉയർന്നു നിൽക്കുന്ന ചിത്രമാണ് പോക്കുവെയിൽ. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചെറുപ്പകാലനായകൻ ‘പോക്കുവെയിലിലെ’ മറ്റൊരു ആകർഷണമായിരുന്നു.

image-w448പിന്നീടാണ് 1985ൽ ‘ചിദംബര’വും 1986ൽ ‘ഒരിടത്തും’ പുറത്തുവരുന്നത്. സി. വി. ശ്രീരാമന്റെ കഥയെ ആസ്പദിച്ചു നിർമ്മിച്ച ‘ചിദംബരം’ കുറേക്കൂടി ഗൗരവമേറിയ കഥ കൈകാര്യം ചെയ്യുന്നു. വിശ്വാസം, വഞ്ചന തുടങ്ങിയവ ഒരു പാപബോധത്തിന്റെ മനസ്സിന്റെ ഉടമയെ നിരന്തരം വേട്ടയാടി അശാന്തിയുടെ മുൾമുനയിൽ നിർത്തുന്ന വ്യാഖ്യാനം ഈ ചിത്രത്തിനും ദേശിയ പുരസ്കാരം നേടിക്കൊടുക്കുകയുണ്ടായി. ഭരത് ഗോപി, ശ്രീനിവാസൻ, സ്മിത പാട്ടീൽ എന്നിവരുടെ കുറേ നല്ല അഭിനയമുഹൂർത്തങ്ങളും സിനിമയുടെ ആകർഷണങ്ങളാണ്. ‘ഒരിടത്ത്’ എന്ന സിനിമ, ഒരു ഗ്രാമത്തിൽ വൈദ്യുതി സംവിധാനം കടന്നുവരുമ്പോഴുള്ള വിവിധങ്ങളായ ചലനങ്ങളും മാറ്റങ്ങളും നർമ്മബോധത്തോടെ അവതരിപ്പിക്കുന്ന സിനിമയാണ്. നെടുമുടി വേണുവിന്റെ അഭിനയമുഹൂർത്തങ്ങൾ ഈ സിനിമയുടെ പ്രത്യേകതകളാണ്.

അരവിന്ദന്റെ അവസാന സിനിമ ‘വാസ്തുഹാര’ (1991) വിഭജനകാലത്തെ കുടുംബവിഹ്വലതകളും പ്രണയത്തിന്റെ സവിശേഷമായ വേദനകളും പങ്കുവയ്ക്കുന്നു. സി.പി. ശ്രീരാമന്റെ കഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമയിൽ മോഹൻലാൽ-നീന ഗുപ്ത എന്നിവരുടെ അഭിനയമുഹൂർത്തങ്ങളും ശ്രദ്ധേയമാണ്.

ജി. അരവിന്ദൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞു. ഇന്നും കാലിക പ്രസക്തി വിട്ടുമാറാത്ത ആദ്ദേഹം ചെയ്ത ഒമ്പതു സിനിമകൾ മലയാള സിനിമാലോകത്തിലെ രത്നങ്ങളായി നിലനിൽക്കുന്നു. ഫീച്ചർ സിനിമകൾ കൂടാതെ കുറേ ഡോക്യുമെന്ററികളും അരവിന്ദൻ നിർമ്മികുകയുണ്ടായി. മാടാട്ടം, ഉണ്ണി, സഹജ, ജെ കൃഷ്ണമൂർത്തിയെക്കുറിച്ചുള്ള ‘seeർ who walk s alone’ വി. ടി. ഭട്ടതരിപ്പാടിനെക്കുറിച്ചുള്ള ഡോക്യുഫീച്ചർ ഫിലിം എന്നിവ എടുത്തു പറയേണ്ട ചിത്രങ്ങളാണ്. ‘ആരോ ഒരാൾ’, ‘പിറവി’, ‘ഒരേ തൂവൽപ്പക്ഷികൾ’ എന്നീ സിനിമകൾകു അരവിന്ദൻ സംഗീതം നൽകിയിട്ടുണ്ട്. 1990ൽ ഇന്ത്യൻ  ഗവർണ്മന്റ് പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

About Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

Check Also

പാലക്കാട് പ്രസ്ക്ലബ് ടോപ് ടെൻ ഫെസ്റ്റിന് റജിസ്റ്റർ ചെയ്യാം

പാലക്കാട്∙ ജില്ലാലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ചു പാലക്കാട് പ്രസ് ക്ലബ് നടത്തുന്ന ടോപ് ടെൻ രാജ്യാന്തര …

Leave a Reply

Your email address will not be published. Required fields are marked *