ചില അവസാനങ്ങളും സുന്ദരമാണ്

fall is always a fresh start

നമ്മുടെയൊക്കെ ജീവിതത്തിലും നമ്മൾ മറ്റാരും കാണാതെ കൊണ്ടുനടക്കുന്ന ചില വേദനകളുണ്ടാകും… കാലത്താൽപോലും മായ്ക്കാൻ കഴിയാത്ത ചില നൊമ്പരങ്ങൾ…

നേടാൻ കഴിയാത്ത സ്വപ്നങ്ങളും, എത്ര വഴിമാറി നടന്നിട്ടും പറയാതെ വന്നു ചേരുന്ന ദുരന്തങ്ങളെയും വേദനകളെയും പറ്റിയുമൊക്കെ ചിന്തിക്കാതെ പോസിറ്റീവായി കഴിയണം എന്ന് എത്ര വട്ടം ശ്രമിച്ചാലും രാവിലെ ഉറക്കമുണരുമ്പോൾ മനസ്സിൽ ആദ്യം വരിക നഷ്ടപെട്ടതിനെ പറ്റിയായിരിക്കും..
നെഞ്ച് കീറി മുറിച്ചവരുടെ മുഖങ്ങളായിരിക്കും.
മനുഷ്യന്റെ ഒരു യുക്തിക്കും, ഒരു വിവേകത്തിനും, ഒരു തത്വത്തിനും വിവരിക്കാൻ പറ്റാത്തവയാണിതൊക്കെ…

നമുക്കേറ്റവും വേണ്ടപ്പെട്ടവർ വേദനിക്കുമ്പോൾ, ആ വേദന അറിയാതെ തന്നെ നമ്മളിലും ചൂഴ്ന്ന് കയറും,

ഈയിടെ എന്റെ അടുത്ത സുഹൃത്തിന്റെ വളരെയേറെ വർഷം നീണ്ടു നിന്ന ഒരു പ്രണയബന്ധം തകർന്നു. ജീവിതത്തിന്റെ നല്ല ഏഴു വർഷങ്ങളാണ് അവൾ അവന് വേണ്ടി കാത്തിരുന്നത്.

എല്ലാം ശരിയായെന്ന് കരുതി അവൾ വിവാഹം സ്വപ്നം കണ്ടരിക്കുമ്പോഴായിരുന്നു പെട്ടന്ന കാരണങ്ങൾപോലും ബോധിപിക്കാതെ അവനവളെ ഇട്ടെറിഞ്ഞു പോയത്.

ഏഴ് വർഷം കാത്തിരുന്നതിനൊടുവിൽ വരാനൊരാളില്ല എന്നതായിരിക്കും അവളുടെ മനസ്സിനെ വല്ലാതെ തകർത്തതും. എന്തെങ്കിലും അബദ്ധം കാണിക്കുമോ എന്ന ഭയം ഞങ്ങളെ വല്ലാതെ അലട്ടും, എഞ്ചിനിയറിങ്ങ് പാസായി നല്ല കമ്പനിയിൽ ഉന്നത ജോലിയിലുണ്ടായിരുന്ന അവൾ ഇന്ന് ജീവിതത്തോട് ഉത്സാഹവും, താൽപര്യവും ഇല്ലാതെ ജോലിയൊക്കെ വിട്ടെറിഞ്ഞ് വീട്ടിന്റെ ഒരു മുറിക്കുള്ളിൽ ഒതുങ്ങിക്കുടുകയാണ്.

ആൺ പെണ്ണെന്ന വ്യത്യാസമില്ലാതെ ഇത്തരം അനുഭവങ്ങൾ നമ്മൾ കണ്ടതും, അനുഭവിച്ചതുമായിരിക്കും. ഒരു നിമിഷം ഞാനവനെ/അവളെ മറക്കും എന്ന് ദൃഡ ശപഥം എടുക്കുമ്പോൾ മറു നിമിഷം മനസ്സിൽ സ്വരൂപിച്ചു വച്ച എല്ലാ ശക്തിയും ചോർന്നൊലിച്ച് വീണ്ടും പഴയ സ്ഥിതിയിലേക്ക് മടങ്ങും.

പെട്ടന്ന് ഒറ്റയായി പോകുമ്പോൾ മാനസികമായും ശാരീരികമായും വൈകാരികമായും അതൊരു ആഘാതമായിരിക്കും. വല്ലാത്തൊരു ശൂന്യതയിൽ എടുത്തെറിയപെട്ടതുപോലെയൊരു തോന്നലുണ്ടാകും. എത്ര കരഞ്ഞാലും തീരാത്ത, പെയ്തു തീരാത്ത കാർമേഘങ്ങളെപോലെ മനസ്സിൽ അതിങ്ങനെ തൂങ്ങി നിൽക്കും.

ഇതിനൊക്കെ അപ്പുറം, ഓരോ തിരസ്ക്കാരവും തകർക്കുന്നത് ഒരാളുടെ ആത്മവിശ്വാസത്തെ കൂടിയാണ്.

താൻ ഒന്നും അർഹിക്കുന്നില്ല, താൻ ഒന്നിനും കൊള്ളില്ലാത്തവനാണെന്ന തോന്നലായിരിക്കും മനസ്സിൽ മുഴുവനും. ഈയൊരു ചിന്തയാണ് പലപ്പോഴും ജീവനു തന്നെ വിനയാകുന്നത്.

താൻ തോറ്റുപോയെന്നു കരുതി മനസ്സ് നീറുന്നുണ്ടെങ്കിൽ ഈ കഥയൊന്ന് വായിച്ചു നോക്കുക.

ജീവിതം പല തവണ കൊട്ടുകൊടുത്ത് അങ്ങേയറ്റം തോൽവികൾ മാത്രം കണ്ട ഒരാൾ ഒരു സന്ധ്യ മയങ്ങും നേരം എല്ലാം അവസാനിപ്പിച്ച് മരണത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അതിന് മുൻപ് ദൈവവുമായി ഒരവസാന വാക്കിനായി അയാൾ ലോകത്തിന്റെ അറ്റത്തേക്ക് നടന്നു.

അയാൾ ദൈവത്തോട് ചോദിച്ചു,

“ദൈവമേ, ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കാതിരിക്കാൻ, ജീവിതത്തിൽ പ്രതീക്ഷകൾ മുളയ്ക്കാൻ ഒരു നല്ല കാരണം കാണിച്ചു തരാമോ?”

ദൈവം ആശ്ചര്യത്തോടെ അവനോട് പറഞ്ഞു, “നീ ഈ പുല്ലിനേയും, ഈ മുളകളേയും കാണുന്നുണ്ടോ? ‎ഞാൻ ഇവയുടെ വിത്തുകൾ മണ്ണിൽ വിതയ്ച്ചപ്പോൾ ഇവ രണ്ടിനും ഒരേപോലെ നല്ല കരുതൽ നൽകി, നല്ല വെളിച്ചവും വിളക്കൂറുള്ള മണ്ണും, വെള്ളവുമെല്ലാം നൽകി.

‎പുല്ല് അതിവേഗം പൊടിച്ചു വന്നു, പക്ഷെ മുളയിൽനിന്നും ഒരു കുഞ്ഞു തളിർപോലും കണ്ടില്ല.

‎രണ്ട് വർഷം കഴിഞ്ഞപ്പോൾ പുല്ല് പരവതാനിയെന്നപോലെ ഭൂമിയെ പുതപ്പിച്ചു, പക്ഷെ മുളയിൽ നിന്ന് മാത്രം ജീവന്റെ യാതൊരു നാമ്പും കണ്ടില്ല.

‎കാലവും വർഷവും ഇതേപോലെ കടന്നുപോയി, എങ്കിലും ഞാൻ മുളയെ മറന്നില്ല, അഞ്ചാം വർഷം മുളയിൽ നിന്ന് ഒരു ചെറിയ നാമ്പുയർന്നു, പക്ഷെ അപ്പോഴും കൂടെ വിതച്ച പുല്ലിനെ അപേക്ഷിച്ച് മുള വളരെ ചെറുതായിരുന്നു.

‎പക്ഷെ അടുത്ത വെറും ആറ് മാസംകൊണ്ട് അതേ മുളകൾ 100 അടി ഉയരത്തിൽ ഉയർന്നു!!!

ആദ്യത്തെ ആ അഞ്ച് വർഷങ്ങൾ മുള തന്റെ വേരുകൾ മണ്ണിൽ ഉറപ്പിക്കുകയായിരുന്നു. ആ വേരുകളാണ് ഇന്നീ മുളയെ ഇത്രത്തോളം ഉയരാൻ സഹായിച്ചതും”

ദൈവം പറഞ്ഞു, “ഞാനൊരിക്കലും എന്റെ സൃഷ്ടികൾക്ക് അവർക്ക് വഹിക്കാവുന്നതിനേക്കാളും ഭാരം ചുമയ്ക്കാൻ നൽകില്ല, അവർക്ക് എതിർക്കാൻ കഴിയാത്തത്ര പ്രയാസങ്ങളും വെല്ലുവിളികളും ഞാൻ ഒരിക്കലും അവർക്ക് കൊടുക്കില്ല..”

നമുക്ക് പ്രയാസകരമായി തോന്നുന്ന ഒരു കാലഘട്ടത്തിൽ നമ്മളും ആ മുളയെപോലെ മണ്ണിൽ വേരുറപ്പിക്കുകയായിരിക്കും. അതുകൊണ്ട് തന്നെ ചില വളർച്ചകൾ പുറമെ കാണാൻ കാലതാമസമെടുക്കും.

ഏതൊരു അവസ്ഥയ്ക്കും ഒരു നല്ല വശമുണ്ടാകും.

ഒറ്റപ്പെടലും സത്യത്തിൽ ഒരു സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം ആദ്യമൊക്കെ ഭീഷണിയായി തോന്നിയേക്കാം..

“The ball is in your court” എന്നു പറയുന്നത് പോലെ ഇനി അടുത്ത കരു നീക്കേണ്ടത് നിങ്ങളാണ്, സ്വന്തം ഇഷ്ടത്താൽ, സ്വന്തം താത്പര്യത്താൽ അടുത്ത നീക്കം ബുദ്ധിപൂർവം ആസൂത്രണം ചെയ്യുക.

തന്നേക്കാൾ മറ്റുള്ളവരെ കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ടാണീ നെഞ്ചുരുകൽ, സ്വയം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.

ഒരു സത്യം അറിയുക, ഒരു പ്രേമം തകർന്നാൽ അത് ജീവിതത്തിന്റെ അവസാനമല്ല. ചിലതൊക്കെ അവസാനിക്കുമ്പോഴാണ് പുതിയ ചില നല്ല തുടക്കങ്ങൾ ഉണ്ടാകുന്നത്.

ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമാണ്.

മഴയെ എന്നതുപോലെ ദുഖങ്ങളേയും കരുതിയിരിക്കണം, ഇവ രണ്ടും കലർപ്പില്ലാത്തതും, അത്യാവശ്യവുമാണ്.

മഴ പുറമെ ശുദ്ധീകരിക്കുന്നതാണെങ്കിൽ വേദന മനസ്സിനെ ശുദ്ധീകരിക്കും.
നിങ്ങൾ ഇന്ന് ഏതൊരു അവസ്ഥയിലാണെങ്കിലും നിങ്ങളുടെ ഉള്ളിൽ ഒരു പ്രഗൽഭ ശക്തിയുണ്ട്, ഒരു കാറ്റിനും അതിനെ കെടുത്താൻ കഴിയില്ല.

എല്ലാ നൊമ്പരങ്ങളേയും കുടഞ്ഞെഴുന്നേറ്റ് ജീവിക്കുക, ജീവിച്ചു കാണിക്കുക…

പ്യൂപയിൽ നിന്നൊരു കുഞ്ഞ് ശലഭം ചിറക് പുറത്തേക്ക് നീട്ടുംപോലെ നമുക്കും ചിറക് വെക്കുന്ന ഒരു നല്ല ദിവസം ഉറപ്പായും വരും..

കുറ്റം ഒരിക്കലും നിങ്ങളുടേതല്ല, നിങ്ങളുടെ കുറവ് കാരണമല്ല ഈ വൈഫല്യം, കുറ്റം അവരുടേതാണ്.. പ്രണയത്തേ പ്രണയിക്കാൻ അറിയാത്തവരുടേത്, പ്രണയത്തേ ചാപല്യത്തോടെ മാത്രം കാണുന്നവരുടെ….

സ്നേഹിച്ചു വഞ്ചിച്ചവരുടേയും, തോൽപ്പിച്ചവരുടേയും, കരയിച്ചവരുടേയും, കളിയാക്കിയവരുടെയുമൊക്കെ മുൻപിൽ നല്ല അന്തസ്സോടെ ജീവിച്ച് കാണിച്ചു കൊടുക്കണം

നിങ്ങളുടെ പേര് കേൾക്കുമ്പോൾ തന്നെ അസൂയ്യ തോന്നും വിധം…

നമ്മളെ ഇട്ടേച്ച് പോയവരുടെ മുൻപിലൂടെ ജയിച്ച് തലയുയർത്തി നടക്കുമ്പോൾ കിട്ടുന്ന ആ ഒരു സുഖമുണ്ടല്ലോ, മറ്റൊരു പ്രതികാരത്തിനും ഇത്രത്തോളം ഭംഗിയുണ്ടാവില്ല.

ചില അവസാനങ്ങൾ സുന്ദരമാണ്, സൂര്യാസ്തമനം എന്നതുപോലെ….
ഇനിയുള്ള എല്ലാ സൂര്യോദയങ്ങളും നിങ്ങൾക്ക് ജയം മാത്രം സമ്മാനിക്കട്ടെ

About Dr. Amritha Bhavesh

Dr. Amritha Baveesh, works at welfare hospital Bhatkal Karnataka. Home town Vadakara, Kozhikode dist.

Check Also

കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു

പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെ അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ …

Leave a Reply

Your email address will not be published. Required fields are marked *