സമീപകാല മലയാളസിനിമയിലെ മദ്ധ്യവർഗ്ഗ സുവിശേഷ തളിർപ്പുകള്‍

പുതിയ കാലത്തെ മലയാള സിനിമ മദ്ധ്യവർഗ്ഗ മലയാളികളുടെയും മദ്ധ്യവർഗ്ഗ കുടുംബങ്ങളുടെയും പോതുബോധങ്ങളെ മൊത്തം സമൂഹത്തിന്റെ പൊതുബോധ സംഘർഷങ്ങളും ആഘോഷങ്ങളുമായി പരികൽപ്പികുകയും ചുറ്റും നടക്കുന്ന യാഥാർത്ഥ്യങ്ങളുടെ ചിത്രീകരണമാണെന്നു അവകാശപ്പെടുകയും ചെയ്യുന്നു. ആണാധിപത്യവും സ്ത്രീവിരുദ്ധതയും സദാചാരബോധവും അരാഷ്ട്രീയ നിക്ഷ്പക്ഷത എന്ന കൃത്യമായ വലതുപക്ഷ രാഷ്ട്രീയവും മദ്ധ്യവർഗ്ഗ മലയാളികളുടെ “ക്വാളിഫിക്കേഷനില്‍” പെട്ടതാണ്. ഇതിനെ വളരെ ഭംഗിയായി പോഷിപ്പിച്ചും സന്തോഷിപ്പിച്ചും പരിക്കുകള്‍ ഏൽക്കാതെ സംരക്ഷിച്ചും പോരുകയാണ് ഇന്ന് മലയാള സിനിമ.

റിലയൻസില്‍ പോയി കാർഡുരച്ച് സാധനം വാങ്ങിക്കുന്നത് സ്റ്റാറ്റസ്സിന്റെ‍ ഭാഗമാണെന്ന്‍ ഓർമിപ്പിക്കുന്ന വിപണിയുടെ അതേ ഡിജിറ്റല്‍ കച്ചവടതന്ത്രം.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമ ഭൂരിഭാഗവും മദ്ധ്യവർഗങ്ങളും അപ്പര്‍ മിഡില്‍ ക്ലാസുകളും പഠിക്കുന്ന ഒരു “വെളുത്ത” ക്യാമ്പസ്സിന്റെ പണക്കൊഴുപ്പുകളുടെ ആഘോഷമാണ്. ആ ആഘോഷങ്ങള്‍ മുഴുവനും ഏറ്റെടുത്ത മോബോക്രിറ്റി ഇത് തങ്ങളുടെ ക്യാമ്പസിന്റെ യഥാർത്ഥ ചിത്രീകരണമാണെന്ന്‍ അഭിമാനത്തോടെ ഊറ്റംകൊള്ളുന്നതും അരാഷ്ട്രീയമാകുന്നതില്‍ സന്തോഷിക്കുന്നതുമാണ് അപകടം.

പത്രത്തിന്റെ ഫ്രണ്ട്പേജില്‍ നിറയേ വെട്ടും കുത്തും കൊലപാതകവും ആണെന്ന സ്ഥിരം മദ്ധ്യവർഗ്ഗ അരാഷ്ട്രീയ വലതുപക്ഷ കാഴ്ചപ്പാടുള്ള നായിക, അതിനാല്‍ തന്നെ കായികപേജ് മാത്രമേ വായിക്കുക്കയുള്ളു.അവര്‍ ഒരു രംഗത്തില്‍ പറയുന്നു “ഒരു സൂര്യോദയം കണ്ടാല്‍ തീരുന്ന പ്രശ്നങ്ങളെ മനുഷ്യർക്കുള്ളു” എന്ന്‍.

“Based on true events” എന്ന ലൈസെൻസിനുമേല്‍ എല്ലാ അരാഷ്ട്രീയതകളും കുത്തി നിറച്ച സിനിമ ആയിരുന്നു വിനീത് ശ്രീനിവാസന്റെ “ജേക്കബിന്റെ സ്വർഗ്ഗ രാജ്യം”. വളർച്ച, തളര്‍ച്ച, തിരിച്ചുവരവ് ഫോർമുലയാല്‍ കോടീശ്വരന്മാരുടെ ആത്മസംഘർഷങ്ങൾക്ക് കയ്യടിച്ചതും മദ്ധ്യവർഗ്ഗ ഓഡിയൻസ് തന്നെ.

KSRTC ബസ്സില്‍ കുലുങ്ങി സഞ്ചരിക്കണമത്രേ മലയാളി ആവാന്‍. ദുബായിലേ റോഡിന്റെ സൗകര്യത്തെ കേരളത്തിലെ റോഡിന്റെ‍ ശോചനീയാവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യാതൊരുവിധ യാഥാർത്ഥ്യ ബോധങ്ങളിലെക്കും മുതിരാതെ “ടാക്സ് പേയീ” പോതുബോധനിർമിതിയിലേക്ക് എത്തിക്കുന്നു പ്രേക്ഷകരെ.

ആനന്ദവും ജേക്കബും വന്നത് വിനീത് ശ്രീനിവാസന്‍ വഴി ആണെന്നതും ശ്രദ്ധേയം. സൗഹൃദം, വിരഹം, കുടുംബം, വില്പനനച്ചരക്കുകള്‍ റെഡി ആണ് വിനീതില്‍.. Bollywood-ല്‍ 2000 മുതല്‍ Karan Johar ഇറക്കികൊണ്ടിരിക്കുന്ന ഇത്തരം motivational true story കളുടെ മലയാളിപതിപ്പുകള്‍ ലക്ഷ്യമിടുന്നത് മദ്ധ്യവർഗ്ഗ പ്രേക്ഷകരെ തന്നെയാണ്.Jomonte-Suvisheshangal-Movie-stills-13

ഈ ചുവടു പിടിച്ചു ഏതാണ്ട് കഥാ ഉൾചേരലിലടക്കം മറ്റൊരു ജേക്കബിന്റെയും ജെറിയുടെയും കോടീശ്വരകുടുംബവാഴ്ച്ച, തളർച്ച, തിരിച്ചുപിടിപ്പ് ഫോർമുല തന്നെ ആണ് സത്യന്‍ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങളും പങ്കുവെക്കുന്നത്. പണക്കൊഴുപ്പിന്റെ ആഘോഷകാഴ്ചകള്‍. 18ലക്ഷത്തിന്റെ ബൈക്ക് വാങ്ങുന്ന നായകന്‍ തൊട്ടടുത്ത ഫ്രെയിമില്‍ ബസ്സ്‌ ഓടിച്ച് കയ്യടി വാങ്ങുന്നു. ഏത് പെൺകുട്ടിയും നോക്കിപോകുന്ന സുന്ദരപുരുഷനായ കോടീശ്വരപുത്രന്റെ ലീലാവിലാസകാഴ്ചകളാണ് സിനിമ നിറയെ. കോൺക്രീറ്റ് കാടുകള്‍ നിറച്ചു കൂട്ടുന്ന വിൻസെന്റ്(മുകേഷ്) പുഴക്കൽപാടത്തിന്റെ കോർപ്പറേറ്റ് ഹൈജാക്കിംഗിന്റെ പ്രതിനിധിയാണ്. കടം തീർക്കാന്‍ അവസാനം കുറച്ച് സ്ഥലം വിറ്റ് ബാക്കി സ്ഥലത്ത് ജൈവകൃഷി ചെയ്യാന്‍ പോകുന്നുണ്ട് വിൻസെന്റ്. പ്രിയ സുഹൃത്ത് വിൻസെന്റ്, നിങ്ങളുടെ കച്ചവട ആഘോഷങ്ങളില്‍ ഒരിറ്റു ജലം ഇനിയവിടെ ബാക്കിയില്ലെന്നോർക്കുന്നത് നന്നാവും.വിൻസെന്റിന്‍റെ വളർച്ച(സിനിമയുടെ പകുതി വരെ വളർന്നതിന്റെ ആഘോഷം), മകന്‍ ജോമോന്റെ അലസത, കടക്കെണി, തിരിച്ചു പിടിപ്പ്, ഫ്രെയിമില്‍ വെളുത്ത കാഴ്ചകളുടെ ആറാട്ട്. ഇന്നും മലയാള സിനിമയുടെ പൊളിറ്റിക്കല്‍ സ്ക്രീൻസ്പേസില്‍ “കാട്ടുജാതി” തെറിയായി വരുന്നത് അശ്ലീലവും അപമാനകരവുമാണ്. ഒരു രംഗത്തില്‍ നിറം കുറഞ്ഞ രണ്ടാംനായികയുടെ ചെയ്തികള്‍ രസിക്കാതെവന്ന ജോമോന്‍ “ഏതാണീ കാട്ടുജാതി” എന്നാണ് സംബോധന ചെയ്യുന്നത്.

അണാധിപത്യതിന്റെയും സ്ത്രീയുടെ സ്വാഭാവികസ്വാതന്ത്ര്യ- നീതിനിഷേധങ്ങളുടെയും വിളനിലങ്ങളാണ് മദ്ധ്യവർഗ്ഗ കുടുംബങ്ങള്‍. പൊതുസമൂഹത്തില്‍ പുരോഗമനപരമായി ചിന്തിക്കുന്നവര്‍ പോലും വീടിനകത്ത് കേറി “ചായകൊണ്ടുവാടി” എന്ന ആജ്ഞപനത്തില്‍ അവസാനിക്കുന്നു. എല്ലാവിധ ജനാധിപത്യ പുരോഗമനചിന്തകളും ഈ പരിതസ്ഥിതിയില്‍ സ്ത്രീകളും ഒതുങ്ങികൂടുന്നതും ഭർത്താവ്തന്നാല്‍ മാത്രമുപയോഗിക്കെണ്ടുന്ന ഒന്നാണ് സ്വാതന്ത്ര്യം എന്ന കാഴ്ച്ചപാടിലെക്കും ഒതുങ്ങുന്നു. ഈ അടുത്ത കാലത്ത് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ campaign സംഘടിപിച്ച ready to wait സ്ത്രീകളെ ശ്രദ്ധിക്കു. പേരിനറ്റം നവജാതിവാലുകള്‍ ചേർത്ത മദ്ധ്യവർഗ്ഗ കുടുംബാംഗങ്ങളോ, അപ്പർ മിഡ്ഡിൽക്ലാസ്സ്‌ നോൺ കേരളൈറ്റ്സോ ആയിരുന്നവര്‍.

മദ്ധ്യവർഗ്ഗ കുടുംബങ്ങളില്‍ സ്ത്രീക്ക് നിഷേധിക്കപെടുന്ന സ്വതന്ത്ര്യവും പുരുഷന്‍ കയ്യേറുന്ന അപ്രമാധിത്വവും സമം ചേർത്ത് വ്യവഹരിക്കുന്നു അങ്ങേയറ്റം സ്ത്രീവിരുദ്ധത സ്ക്രീൻ സ്പേസില്‍ നിറയുന്ന മുന്തിരിവള്ളികള്‍ തളിർക്കുമ്പോള്‍ എന്ന ജിബു ജേക്കബിന്റെ ചിത്രത്തില്‍ ഉലഹന്നാന്റെ(മോഹന്‍ ലാല്‍) പലകാലത്തിലെ പലവിധ പ്രണയങ്ങള്‍ ആഘോഷിക്കപെടുന്നു ചിത്രത്തില്‍. കോളേജ് കൗമാരകാലത്ത് വിപ്ലവം നോക്കാനൊരു പെൺതുണ, പിന്നീട് കുടുംബ രൂപികരണത്തിനായി ഭാര്യ, മധ്യവയസ്സുകാലത്ത് ഉലഹന്നാനെ പ്രണയിക്കുന്ന സ്ത്രീകള്‍ വേറെ(പുലിമുരുകനില്‍ നമിതയുടെ രണ്ടാം ഭാഗം എന്ന പോലെ ജൂലി എന്ന കഥാപാത്രത്തെ ഉലഹന്നാന് പ്രണയിക്കാന്‍ മാത്രമായി കെട്ടി ഇറക്കിയതെന്തിനാനണെന്ന്‍ മനസിലായിട്ടേ ഇല്ല). ready to wait ബോർഡ് തൂക്കിയ ഭാര്യ ഒടുവില്‍ ഭർത്താവിന്റെ പരിചരണം ഏറ്റെടുക്കുന്നു. ശുഭം.

Munthirivallikal Thalirkkumbol Review Rating Report Hit or Flop

മൂന്നാംകിട പൈങ്കിളി സീരിയലുകളുടെ നിലവാരത്തിലേക്കിറങ്ങിയ രണ്ടാംപകുതിയില്‍ ഭാര്യയുടെ പ്രണയം ഉറപ്പുവരുത്തിയ ഉലഹന്നാന്‍ സദാചാരപോലീസിന്റെ വേഷം അണിയുന്നുണ്ട്. പ്രായപൂർത്തിയായ രണ്ടുപേര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തുമ്പോള്‍ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് മദ്ധ്യവർഗ്ഗ പ്രേക്ഷകര്‍ പ്രണയത്തിന്റെ എടുത്തുചാട്ടസാധ്യത മാത്രമേ മനസിലാക്കു എന്ന കണക്കുകൂട്ടലിലാണ്.

സമീപകാലത്ത് മന്ത്രിയായ M.M. മണിയുടെ ജനാധിപത്യ സ്വീകാര്യതക്കപ്പുറം അദ്ധേഹത്തിന്റെ വിദ്യാഭ്യാസത്തിന്റെ കുറവിന്റെ പേരില്‍ “privileged middle class” അദ്ദേഹം മന്ത്രിയാകാന്‍ യോഗ്യനല്ലെന്നും ട്രോളുകളിലൂടെയും മറ്റും അരാഷ്ട്രീയപരമായി പറഞ്ഞിരിക്കുന്നതിന്റെ ബാക്കിപത്രം മുന്തിരിവള്ളികള്‍ തളിർക്കുമ്പോളിലും ഉണ്ട്. ജനാധിപത്യമെന്ന വ്യവസ്ഥിതിയെ മൊത്തത്തില്‍ കണ്ണുംപൂട്ടി യാധൊരുവിധ കലഹത്തിനോ സംവാദത്തിനോ നിൽക്കാതെ തള്ളിപറയുന്ന മദ്ധ്യവർഗ കാഴ്ച്ചപാടാണ് സിനിമയിലെ പഞ്ചായത്ത്‌ ഓഫീസ്. വിദ്യാഭ്യാസം കൊണ്ട് ”പ്രിവിലേജ്” ഇല്ലാത്ത പഞ്ചായത്ത്‌ പ്രസിഡന്റ്‌(സുരാജ്) കോമാളികാഴ്ചയാക്കാന്‍ ശ്രമിക്കുന്നതും കാണാം. ഫാമിലി എൻറ്റർടെയ്നറെന്നാൽ ഇത്തരം പൊളിറ്റിക്കല്‍ തെറ്റുകളാണെങ്കില്‍ വിയോജിക്കാതെ വയ്യ.

വരാനിരിക്കുന്ന മലയാള സിനിമകളും ഈ ട്രെൻഡ് തുടരുകയാണെങ്കില്‍ വിമർശകര്‍ നിരന്തരമായി സൂചിപ്പിക്കുന്ന സിനിമയുടെ Political correctness-ല്‍ മദ്ധ്യവർഗ പൊതുബോധ നിർമിതി കൂടി ഉൾച്ചേർക്കേണ്ടിയിരിക്കുന്നു……

Check Also

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം ജനാധിപത്യതുല്യതയിലേക്ക് ലിംഗസമത്വത്തിലേക്ക് ഇനിയും ബഹുദൂരം. നിതാവിമോചനത്തിന്‍റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ …

Leave a Reply

Your email address will not be published. Required fields are marked *