സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകൾ
തോക്കിൻ കുഴൽ മുന്നിൽ
വീണു പിടഞ്ഞൊരാ
തീക്കനൽ നെഞ്ചേറ്റിബലിയായ് മറഞ്ഞവർ
കാത്തോരു ത്യാഗസ്മരണചരിത്രത്തെ
ചേർത്തുനിർത്തുന്നു സ്വാതന്ത്ര്യ ശോഭയിൽ
ജാലിയൻവാലാബാഗ്
സ്വാതന്ത്ര്യ സമര പഥങ്ങളിൽ സമാനതകളില്ലാത്ത ദുരന്ത ചിത്രം ബാക്കിയാക്കി ഒരു ഏപ്രിൽ കൂടി. നിരായുധരായ നിസ്സഹായരായ സ്വാതന്ത്ര്യ സമര ഭടന്മാരെ വെള്ളക്കാരന്റെ തോക്കിൻകുഴലിലുടെ നിഷ്ക്കരുണം ചുട്ടെരിച്ച ദുർദ്ദിനം. ഓർമകളിൽ ഭീതിയുണർത്തി ഓരോ സ്വാതന്ത്ര്യ മധുരവും നുണഞ്ഞിറങ്ങുമ്പോൾ നാം ഭീതിയോടെ ഓർക്കേണ്ട ത്യാഗസ്മരണകൾ. ഇവിടെ ഈ കോട്ടക്കുള്ളിൽ ചരിത്രം കാലത്തിനൊപ്പം ലയിച്ചു ചേരുന്നു.
1919, ഏപ്രിൽ 13 സിഖുകാരുടെ ബൈശാഖി ഉത്സവ ദിനമായിരുന്നു. അന്ന് അമൃത്സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനു സിഖുകാരും, മുസ്ലിംമുകളും ഹിന്ദുക്കളും അന്ന് ജാലിയൻ വാലാബാഗിലെ മൈതാനിയിൽ തടിച്ചുകൂടിയിരുന്നു. ഇംഗ്ലീഷ് യുവതിയെ ഹിന്ദു ദൈവങ്ങളോട് ഉപമിച്ച ജനറൽ ഡയറുടെ പ്രസ്താവന ഒരുപാട് പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്ത്യാക്കാരോടുള്ള ബ്രിട്ടന്റെ തരംതാണ വിവേചനമായാണ് ഇന്ത്യൻ സമൂഹം ആ പ്രസ്താവനയെ കണ്ടത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവനക്കെതിരെ സമാധാനമായി പ്രതിഷേധിക്കാനാണ് അന്ന് ആ യോഗം കൂടിയത്. യോഗം തുടങ്ങി ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, അന്ന് അമൃതറിലെ സൈനിക കമാൻഡറായിരുന്ന ജനറൽ റജിനാൾഡ് ഡയർ, 90 അംഗങ്ങൾ വരുന്ന ഒരു ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു. യന്ത്രവത്കൃതതോക്കുകൾ ഘടിപ്പിച്ച രണ്ട് വാഹനങ്ങൾകൂടി ആ സേനയോടൊപ്പം ഡയർ കൊണ്ടുവന്നിരുന്നു. എന്നാൽ മൈതാനത്തിലേക്കുള്ള വഴി തീരെ ചെറുതായിരുന്നതിനാൽ ആ വാഹനങ്ങൾ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ജാലിയൻവാലാബാഗ് മൈതാനം മതിലുകളാൽ ചുറ്റപ്പെട്ടതാണ്, മൈതാനത്തിലേക്കുള്ള വാതിലുകൾ തീരെ ഇടുങ്ങിയതുമാണ് അതിൽ തന്നെ പലതും സ്ഥിരമായി അടച്ചിട്ടിരിക്കുകയുമാണ്.

പ്രധാന വാതിലാണ് താരതമ്യേന വലുപ്പം കൂടിയതെങ്കിലും, ആ പ്രവേശനവാതിൽ ഡയർ സൈനികരെക്കൊണ്ടും വാഹനത്തെക്കൊണ്ടും അടച്ചിരുന്നു. യോഗം പിരിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകാതെ തന്നെയാണ് ഡയർ വെടിവെപ്പിന് ഉത്തരവിട്ടത്. മീറ്റിങ്ങ് പിരിച്ചുവിടുക എന്നതിലുപരി ഇന്ത്യാക്കാരെ ഒരു പാഠം പഠിപ്പിക്കുവാനായിരുന്നു ആ നടപടിയെന്ന് ഡയർ പിന്നീട് പറയുകയുണ്ടായി. വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവെക്കാൻ ഭടന്മാർക്ക് ഉത്തരവ് നൽകി. 1,650 തവണയാണ് പട്ടാളക്കാർ ജനക്കൂട്ടത്തിനു നേരെ വെടിവെച്ചത്. സംഭവത്തിനുശേഷം ഒഴിഞ്ഞു കിടന്ന തിരകളുടെ പൊതികളിൽ നിന്നുമാണ് ഈ കണക്ക് പിന്നീട് ലഭിച്ചത്. അപ്രതീക്ഷിതമായി വന്ന ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനായി, ജനങ്ങൾ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള ഒരു ചെറിയ കിണറിലേക്ക് ചാടി. 120 മൃതശരീരങ്ങളാണ് ഈ ചെറിയ കിണറിൽ നിന്നു മാത്രമായി ലഭിച്ചത്.
വെടിവെപ്പിൽ മരണമടഞ്ഞവരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. 379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സർക്കാർ പറഞ്ഞത്. എന്നാലിത് 1800ൽ ഏറെയായിരുന്നു എന്ന് ഇതിനെക്കുറിച്ച് പഠിച്ച കോൺഗ്രസ്സിന്റെ കണക്കുകൾ പറയുന്നു. സംഭവത്തിനുശേഷം മാസങ്ങൾകഴിഞ്ഞ് വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ സർക്കാർ മുന്നിട്ടിറങ്ങി. തങ്ങളുടെ കുടുംബത്തിൽ നിന്നും ജാലിയൻവാലാബാഗ് വെടിവെപ്പിൽ മരിച്ചവരുണ്ടെങ്കിൽ അവരുടെ പേരുവിവരം സ്വയമേവ സർക്കാരിനു സമർപ്പിക്കാൻ ഉദ്യോഗസ്ഥർ ജനങ്ങളോട് ആവശ്യപ്പെട്ടു. ഫലപ്രദമായ ഒരു നടപടിയല്ലായിരുന്നു ഇത്. തങ്ങളുടെ പേരുവിവരം പുറത്തറിഞ്ഞാൽ കൂടുതൽ നടപടി ഉണ്ടായേക്കുമെന്ന് കരുതി കുറേയെറെ ആളുകൾ ഈ സന്നദ്ധപ്രവർത്തനത്തിനു മുതിർന്നില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കണക്കുകളേക്കാൽ വളരെ ഉയർന്നതാണ് യഥാർത്ഥമരണ സംഖ്യ എന്ന് ദൃക്സാക്ഷികൾ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ മൃഗീയം എന്നാണ് ജാലിയൻവാലാബാഗ് സംഭവത്തെ വിശേഷിപ്പിച്ചത്. നിരായുധരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പൊതുജനത്തെ യാതൊരു പ്രകോപനവും കൂടെ വെടിവെച്ചതിൽ ജനറൽ ഡയറെ ഹൗസ് ഓഫ് കോമണസ് നിശിതമായ ഭാഷയിൽ വിമർശിച്ചു. 37നെതിരേ 247 വോട്ടുകൾക്കാണ് ഹൗസ് ഓഫ് കോമൺസ് ഡയർക്കെതിരേയുള്ള പ്രമേയം പാസ്സാക്കിയത്.
സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ ഹണ്ടർ കമ്മീഷനെ നിയമിച്ചു. സ്കോട്ട്ലാന്റിലെ സോളിസിറ്റർ ജനറാലിയിരുന്ന വില്ല്യം ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിലായിരുന്നു ഈ കമ്മീഷൻ പ്രവർത്തിച്ചത്. ബോംബെ, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നടന്ന കലാപങ്ങളെക്കുറിച്ച് അന്വേഷിക്കുക എന്നതായിരുന്നു കമ്മീഷന്റെ മുഖ്യ അജണ്ട. കമ്മീഷൻ ആളുകളിൽ നിന്നും തെളിവുകൾ ശേഖരിച്ചു. ഡൽഹി, അഹമ്മദാബാദ്, ബോംബെ, ലാഹോർ എന്നിവിടങ്ങളിൽ ആളുകളെ വിളിച്ചുവരുത്തിയാണ് കമ്മീഷൻ തെളിവെടുപ്പു നടത്തിയത്.
നവംബർ 19നാണ് ഡയർ കമ്മീഷനു മുമ്പിൽ ഹാജരായത്. ജനക്കൂട്ടം ജാലിയൻവാലാബാഗിൽ ഒത്തുകൂടിയിട്ടുണ്ടെങ്കിൽ അവിടെ വെടിവെപ്പു നടത്താൻ കരുതി തന്നെയാണ് താൻ പോയതെന്നാണ് ഡയർ കമ്മീഷനു മുമ്പാകെ മൊഴി നൽകിയത്.
ജനക്കൂട്ടത്തിന്റെ അപഹാസ്യപരമായ പെരുമാറ്റമാണ് വെടിയുതിർക്കാനുള്ള ഉത്തരവിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കമ്മീഷന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ഡയർ പറയുകയുണ്ടായി.
യന്ത്രവത്കൃത തോക്കുകൾ ഘടിപ്പിച്ച വാഹനങ്ങൾ മൈതാനത്തേക്ക് കടത്തിവിടാൻ കഴിഞ്ഞിരുന്നെങ്കിൽ അതുപയോഗിച്ചും വെടിയുതിർത്തേനെയെന്നും ഡയർ മൊഴി നൽകി. വെടിവെപ്പു തുടങ്ങിയസമയത്തുതന്നെ ജനങ്ങൾ പിരിഞ്ഞുപോയിരുന്നു, എന്നിരിക്കിലും അവർ പൂർണ്ണമായി ഒഴിഞ്ഞുപോകുവാനാണ് താൻ വെടിക്കോപ്പു തീരുന്നതുവരെ വെടിവെപ്പു തുടർന്നതെന്നും അക്ഷോഭ്യനായി ഡയർ പറഞ്ഞു. മുറിവേറ്റവരെ ആശുപത്രികളിൽ കൊണ്ടുപോകാൻ പോലും താൻ തയ്യാറായില്ലെന്നും ഡയറിന്റെ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.