പോയകാലം പാകിയ വിത്തുകൾ പലതും മുളച്ചു പൊന്തുകയാണ്. മനസ്സിലും ചിന്തയിലും അവ പുതിയ തളിരുകൾ കൊണ്ട് വിളംബരം ചെയുന്നു – ‘ഈ ഭൂമി ഞങ്ങളുടേതാണ്’ എന്ന്. 1993-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ക്യാംപസിൽ ഇലക്കുട വിടർത്തിയ ആ മരം – ‘ചേതസ്സ് ‘ – ഞങ്ങളിലെ സർഗ്ഗാത്മകതയുടേയും സഹജാവബോധത്തിന്റെയും കൂടുകളെ പേറിയിരുന്നു. ‘ചേതസ്സ് ‘ ഒരു ഇൻലൻഡ് മാസികയായിരുന്നു അന്ന്. വാക്കും, വഴക്കങ്ങളും, വ്യസനങ്ങളും, രാഷ്ട്രീയവും, ഗുരു സാമീപ്യങ്ങളും, ഭൂമി ബോധവും, യാത്രകളും ഒക്കച്ചേർന്ന, മനസ്സുകളിൽ നിന്നും ഇഴചേർത്തെടുത്ത, പുറംചട്ടയില്ലാത്ത സംവേദനം അതിന്റെ വിത്തുകളാണ് അവകാശം സ്ഥാപിച്ചുകൊണ്ട് പുതിയ കാലത്തില്ലേക്ക് ഉണർന്നിരിക്കുന്നത്.
ഇന്നത്തെ തലമുറയിലും പാരസ്പര്യം സാധ്യമാണെന്നതിന്റെ തെളിവാണ് യുവത്വത്തിന്റെ പ്രാതിനിധ്യവും പരിഗണനയും ചേതസ്സിൽ ഉണ്ടായത്. ഇലക്ട്രോണിക് മാധ്യമത്തിലൂടെ ഈ പ്രത്യാഗമനം, ഇന്നിന്റെ ബോധങ്ങളിൽ നന്മയുടെ വീണ്ടെടുപ്പാണെന്നു ഞങ്ങൾ അഭിലഷിക്കുന്നു; മാനവികതയിലേക്കുള്ള ചൂണ്ടുപലകയാകുമെന്ന് പ്രത്യാശിക്കുന്നു. അന്ത:സ്സൗന്ദര്യത്തിൽ അഭിരമിക്കാൻ ഏവർക്കും വേദിയൊരുക്കാൻ കഴിഞ്ഞാൽ അതാവും ഞങ്ങളുടെ ചാരിത്ഥാർത്ഥ്യം. സംവാദവും സ്നേഹവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാകാമെന്ന തീർച്ചയോടെ, സഹൃദയരോടുള്ള സ്നേഹബഹുമാനങ്ങൾ പങ്കുവച്ചുകൊണ്ട് ‘ചേതസ്സ് ‘ സമർപ്പിക്കുന്നു.