“ഈ എം മറക്കാത്തൊരോർമ്മയായ് നാടിന്റെ
നേരിൽ തിളങ്ങിയ വിപ്ലവതാരകം
ജീവിതം കൊണ്ടു ചരിത്രം രചിച്ചവൻ
നാളേക്കൊരൂർജ്ജമായ് കത്തിപ്പടർന്നവൻ
താണോന്റെ കയ്യിൽ ഭരണ സൗധത്തിന്റെ
വാതിൽ തുറന്നു തോളൊപ്പം നടന്നവൻ”
ഈ.എം.എസ് ഇന്ത്യൻ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാവും, ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരുകളിലൊന്നിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്.
കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് ശങ്കരൻ വളർന്നത്. അഷ്ടഗൃഹത്തിലാഢ്യരെന്ന ഉയർന്ന തറവാട്ടു മഹിമയുള്ളവരായിരുന്നു അവർ. തറവാട്ടുവകയായ ക്ഷേത്രങ്ങൾ മാത്രമല്ല മറ്റനേകം ക്ഷേത്രങ്ങളിലേയും തന്ത്രിമാരായിരുന്നു അദ്ദേഹത്തിന്റെ മനയിലെ അംഗങ്ങൾ. അവിടെ നിത്യവും പൂജയും മറ്റു കർമ്മങ്ങളും നടന്നു. ഓർമ്മ വയ്ക്കാറാവുന്നതിനു മുമ്പേ അച്ഛൻ പരമേശ്വരൻ നമ്പൂതിരി മരിച്ചു. അച്ഛന്റെ സ്ഥാനത്ത് അമ്മയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. ആ കുടുംബത്തിലെ നാലാമത്തെ സന്താനമായിരുന്നു ശങ്കരൻ. മൂത്ത രണ്ടു കുഞ്ഞുങ്ങൾ ബാല്യം കടക്കുന്നതിനു മുന്നേ തന്നെ മരിച്ചു പോവുകയും മൂന്നാമത്തെ കുട്ടി ബുദ്ധിപരമായി വളർച്ച പ്രാപിക്കാതിരിക്കുകയും ചെയ്തതിനാൽ വളരെയധികം വാത്സല്യത്തോടെയാണ് ശങ്കരനെ അമ്മ വളർത്തിയത്. പഠിപ്പിനായിട്ടുള്ള കാര്യങ്ങൾക്ക് പുറമേ ആയുസ്സ് വർദ്ധിപ്പിക്കാനായി തറവാട്ടിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ നിത്യദർശനം നിർബന്ധമാക്കിയിരുന്നു. പന്ത്രണ്ട് വയസ്സു വരെ ഇത് തുടർന്നു. പരമേശ്വരൻ കൂടാതെ അച്ഛന്റെ രണ്ടാം ഭാര്യയിൽ ജനിച്ച രാമൻ, ബ്രഹ്മദത്തൻ, ദേവകി, പാർവതി എന്നീ സഹോദരങ്ങളും ശങ്കരനുണ്ടായിരുന്നു.
മലയാളത്തിലെ മാര്‍ക്സിയന്‍ വിമര്‍ശനത്തിന് കരുത്തുപകര്‍ന്നത് ഇ.എം.എസ്സിന്റെ കൃതികളാണ്
അന്നത്തെ കേരളത്തിലെ അതിസമ്പന്നങ്ങളായ ചുരുക്കം നമ്പൂതിരി ഇല്ലങ്ങളിലൊന്നായിരുന്നു ഏലംകുളം മന. അവിടെ പ്രതിവർഷം പാട്ടം വരവ് 60,000 പറ നെല്ലിന് 3,60,000 കിലോ ഗ്രാം അരി ഉണ്ടായിരുന്നു. വാല്യക്കാരും അടിച്ചു തെളിക്കാരുമായി വലിയ ഒരു ജനം മനയുടെ ആശ്രിതരായിട്ടുണ്ടായിരുന്നു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം സാഹിത്യത്തിലും ചിന്തയിലും ചരിത്ര രാചനയിലും കമ്മ്യൂണിസ്റ്റ് രീതികള്‍ പിന്തുടരുകയും അതിന് നിര്‍ണ്ണായകമായ ഇടംനേടിക്കൊടുക്കുകയും ചെയ്തു. ചരിത്രമെന്നത് സവർണ്ണന്റെയും രാജാക്കന്മാരുടെയും ജീവചരിത്രം മാത്രമല്ലെന്നും കീഴാളനും അടിച്ചമര്‍ത്തപ്പെടുന്നവനും ചരിത്ര നിര്‍മ്മിതിയില്‍ സ്ഥാനമുണ്ടെന്നും ഇ.എം.എസ് ഉറക്കെ പറഞ്ഞു. സാഹിത്യം സമൂഹ നന്മക്ക് വേണ്ടിയാകണമെന്ന് വിശ്വസിച്ചയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ‘ആത്മകഥ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കദമി അവര്‍ഡ് ലഭിച്ചു. മലയാളത്തിലെ മാര്‍ക്സിയന്‍ വിമര്‍ശനത്തിന് കരുത്തുപകര്‍ന്നത് ഇ.എം.എസ്സിന്റെ കൃതികളാണ്.
തന്റെ ദര്‍ശനത്തെ അദ്ദേഹം തന്റെ കര്‍മ്മായുധമാക്കി. ഈ ലോകത്തെ വ്യാഖ്യാനിച്ചാല്‍ പോര, ലോകത്തെ മാറ്റിമറിക്കുകയാണ് വേണ്ടത്. വ്യാഖ്യാനം വചനത്തില്‍ മാത്രമല്ല കര്‍മ്മത്തില്‍ കൊണ്ടുവരികയും നവലോക നിര്‍മ്മിതിക്കുവേണ്ടി തന്റെ ദര്‍ശനത്തെ ഉപയോഗിക്കുകയും ചെയ്ത മഹാനാണ് ഇ.എം.എസ്. അദ്ദേഹത്തിന്റെ ശരീരത്തിലെ രക്തം കട്ടപിടിച്ചു പോയെങ്കിലും ആ സമയത്തും അദ്ദേഹം ഏതൊരു മഷിക്കുപ്പിയില്‍ തന്റെ തൂലിക മുക്കിയിരുന്നുവോ ആ മഷി വറ്റിയിരുന്നില്ല, കട്ടപിടിച്ചിരുന്നില്ല. അത് അദ്ധേഹത്തിന്റെ മരണാനന്തര കര്‍മ്മധാരയെ കാണിച്ചുതരുന്നു.
മൂന്നു കഷ്ണങ്ങളായി കിടന്നിരുന്ന മലയാളിയുടെ മാതൃഭൂമിയെ യോജിപ്പിച്ച് മലയാളിക്ക് കൈരളി എന്ന ഒരമ്മയെ നല്‍കിയത് ഇ.എം.എസ്സായിരുന്നു
സ്വന്തമായതെല്ലാം ത്യജിച്ച് കടന്നുപോയവരെ ഇന്ത്യ സന്യാസി എന്നു വിളിച്ചപ്പോള്‍ യൂറോപ്പ് അവരെ കമ്മ്യൂണിസ്റ്റ് എന്നുവിളിച്ചു. മൂന്നു കഷ്ണങ്ങളായി കിടന്നിരുന്ന മലയാളിയുടെ മാതൃഭൂമിയെ യോജിപ്പിച്ച് മലയാളിക്ക് കൈരളി എന്ന ഒരമ്മയെ നല്‍കിയത് ഇ.എം.എസ്സായിരുന്നു. അതുകൊണ്ടാണ് ഐക്യകേരളം പിറവിയെടുത്തപ്പോള്‍ കൈരളി തന്റെ സിംഹാസനത്തില്‍ ഇ.എം.എസ്സിനെ ഇരുത്തിയത്.
ചങ്ങലമാത്രം കൈമുതലായ പട്ടിണിയും നിരക്ഷരരുമായ കോടിക്കണക്കിനു പേരെ അന്വേഷിച്ചുപോയ ആളാണു ഗാന്ധിജി. മുന്‍പില്‍ കാണുന്നതിനെ നിഷേധിച്ചുകൊണ്ട് ഇതല്ല ഇന്ത്യ എന്ന് വിശ്വസിച്ചുകൊണ്ട് അകലെ എവിടെയോ ഉള്ള ദരിദ്രരുടെ ഭാരതം തേടിപ്പോവുകയായിരുന്നു തൊഴിലാളിവർഗ്ഗത്തിന്റെ ദത്തുപുത്രനായ ഇ.എം.എസ്സും ചെയ്തത്.
കാലഘട്ടത്തെ തന്നോടൊപ്പം നടത്തിയ, സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും താത്വികാചാര്യനും നവകേരള ശില്പ്പിയുമായ ഇ.എം.എസ്സ് 1998 മാര്‍ച്ച് 19 ലോകത്തോട് വിടപറഞ്ഞു. മരണത്തിനു ശേഷവും അദ്ധേഹത്തിന്റെ ദര്‍ശനങ്ങള്‍ ഇന്നും മരിക്കാതെ നിലനില്ക്കുന്നു.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു കഷ്ണങ്ങളായി കിടന്നിരുന്ന മലയാള നാടിനെ കേരളമെന്ന ഒരമ്മയായി മലയാളിക്ക് നല്‍കിയ ഇ.എം.എസ്സ് കേരളം ഉള്ളിടത്തോളം കാലം മലയാളികളുടെ മനസ്സില്‍ അണയാത്തനക്ഷത്രമായി നിലനില്ക്കും. തന്റെ ജീവിതം പോരാട്ടമാക്കിമാറ്റിയ ആ ധീര വിപ്ലവകാരിയുടെ ജ്വലിക്കുന്ന സ്മരണക്കുമുന്‍പില്‍ ഒരുപിടി രക്തപുഷ്പ്പങ്ങള്‍ അര്‍പ്പിക്കുന്നു.