ഇന്ന് നവംബർ 21
സി.വി. രാമന്റെ ചരമദിനം
“രാമൻ പ്രഭാവ “ത്തിലെന്നും മികവിന്റെ
നാമം കുറിച്ചു നടന്ന വഴികളിൽ
നേടിയറിവിനാൽ ഭൗതീക ശാസ്ത്രത്തെ
തേടി നടന്നവൻ ഭാരതതാരമായ്
പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്‌ത്രജ്ഞനായിരുന്നു സര്‍. സി.വി. രാമന്‍. വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്‌ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച ഈ ശാസ്‌ത്രന്വേഷിയാണ് ഏഷ്യയിലേക്ക് ആദ്യമായി ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം കൊണ്ട് വന്നത്. തദ്ദേശിയമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പഠിച്ചും പരീക്ഷണം നടത്തിയും ഒട്ടേറെപേര്‍ക്ക് ഗവേഷണാചാര്യനായും പ്രവര്‍ത്തിച്ച സി.വി. രാമനാണ് ആധുനിക ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങള്‍ക്ക് അടിസ്ഥാനമിട്ടതും.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ തിരുവണൈകാവല്‍ ഗ്രാമത്തില്‍ 1888 നവംബര്‍ ഏഴിന് ചന്ദ്രശേഖരയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും മകനായി ജനിച്ചു. അക്കാദമിക പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ചത് രാമനില്‍ ബാല്യത്തിലെ ശാസ്‌ത്രാഭിരുചി വളരാന്‍ സഹായകമായി. അച്ഛന്‍ ചന്ദ്രശേഖരയ്യര്‍ ഗണിതശാസ്‌ത്രവും ഭൗതികശാസ്‌ത്രവും കൈകാര്യം ചെയ്‌തിരുന്ന അദ്ധ്യാപകനായിരുന്നു. രാമന്റെ അമ്മയുടെ അച്ഛന്‍ സപ്‌തര്‍ഷി ശാസ്‌ത്രകള്‍ സംസ്‌കൃത പണ്ഡിതനായിരുന്നു.സി.വി. രാമന്റെ കുടുംബത്തില്‍ മറ്റൊരാള്‍കൂടി നോബല്‍ സമ്മാനം കിട്ടിയിട്ടുണ്ടെന്ന് പറയുമ്പോള്‍ ചിത്രം വ്യക്തമാകും. അനന്തരവനായ എസ്. ചന്ദ്രശേഖറിന് 1983-ല്‍ ഭൗതികശാസ്‌ത്ര സംഭാവനകള്‍ക്കുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.