നാലു നൂറ്റാണ്ടിനുമപ്പുറമെഴുതിയ
കാലാതിവർത്തിയാം കാവ്യങ്ങളെത്രയോ
അക്ഷരക്കൂട്ടിലെ അൽഭുത ചിത്രമായ്
നിൽക്കുന്നു മിൽട്ടൻ
ചരിത്ര ഗതികളിൽ
ജോൺ മിൽട്ടൺ (ഡിസംബർ 9, 1608 – നവംബർ 8, 1674) ഒരു ഇംഗ്ലീഷ് കവിയും, സാഹിത്യ സംവാദകനും (polemicist), ഇംഗ്ലീഷ് കോമൺവെൽത്തിലെ സർക്കാർ ഉദ്യോഗസ്ഥനും ആയിരുന്നു. ഇതിഹാസ കാവ്യം ആയ പാരഡൈസ് ലോസ്റ്റ് എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് മിൽട്ടൺ ഏറ്റവും പ്രശസ്തൻ. സെൻസർഷിപ്പിനു എതിരായി മിൽട്ടൺ എഴുതിയ അരിയോപജിറ്റിക്ക എന്ന പ്രബന്ധവും വളരെ പുകഴ്ത്തപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാനായ കവി എന്ന് കരുതപ്പെട്ടിരുന്ന മിൽട്ടന്റെ കൃതികളെ റ്റി.എസ്. എലിയട്ട്, എഫ്.ആർ. ലീവിസ് എന്നിവർ നിശിതമായി വിമർശിച്ചു. ഇതിന്റെ ഫലമായി മിൽട്ടന്റെ ജനപ്രിയതയ്ക്ക് ഇടിവുതട്ടി. എങ്കിലും മിൽട്ടണിന്റെ കൃതികൾ പഠിക്കുവാൻ മാത്രം രൂപവത്കരിച്ചിരിക്കുന്ന പല സംഘടനകളും പല പണ്ഡിതമാസികകളും നോക്കുകയാണെങ്കിൽ മിൽട്ടന്റെ ജനപ്രിയത 21-ആം നൂറ്റാണ്ടിലും ശക്തമാണ് എന്നു കാണാം.
തന്റെ മരണത്തിനു തൊട്ടുപിന്നാലെ മുതൽ ഇന്നുവരെ മിൽട്ടൺ പല അസന്തുലിത ജീവചരിത്രങ്ങൾക്കും പാത്രമായി. മിൽട്ടണെ കുറിച്ച് റ്റി.എസ്. എലിയട്ടിന്റെ വിശ്വാസം “ദൈവശാസ്ത്ര, രാഷ്ട്രീയ വിശ്വാസങ്ങൾ നിയമം ലംഘിച്ച് കടന്നുവരാതെ, കവിതയെ കവിതയായി മാത്രം കാണുവാൻ മറ്റ് ഒരു കവിയുടെ കവിതകളിലും ഇത്ര പ്രയാസം ഇല്ല” എന്നാണ്. മിൽട്ടണിന്റെ വിപ്ലവകരമായ , റിപ്പബ്ലിക്കൻ രാഷ്ട്രീയവും ക്രിസ്തീയ സഭയുടെ പ്രബോധനങ്ങൾക്ക് എതിരായ മത കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ സങ്കീർണ്ണമായ ലാറ്റിൻ വരികളിൽ ആരോപിക്കപ്പെട്ട അസ്വാഭാവികതയും എലിയട്ടിനെയും മറ്റ് പല വായനക്കാരെയും മിൽട്ടണിൽ നിന്ന് അകറ്റി.