നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരുടെ സ്വഭാവവും വിധിയുമൊക്കെ പ്രവചിക്കാനാവുമോ? ഇല്ല എന്നു് ഉറപ്പിച്ചു് പറയാൻ മതിയായ അറിവുകൾ ഇന്നു് ലോകത്തിലുണ്ടു്. മറ്റു് ചരാചരങ്ങളെപ്പോലെതന്നെ മനുഷ്യരും ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണെന്ന കാര്യത്തിൽ സ്വാഭാവികമായും സംശയത്തിനു് അവകാശമില്ല. അതുപോലെതന്നെ, ഒരിക്കൽ ഏതെങ്കിലും നക്ഷത്രങ്ങളുടെയോ ഗ്രഹങ്ങളുടെയോ സസ്യജാലങ്ങളുടെയോ മൃഗങ്ങളുടെയോ മനുഷ്യരുടെതന്നെയോ ഭാഗമായിരുന്ന കണികകളാണു് മനുഷ്യരുടേതടക്കമുള്ള ഓരോ പുതിയ ശരീരങ്ങളുടെയും ഘടകങ്ങളായി മാറുന്നതു് എന്നതും വ്യക്തമായ കാര്യമാണു്. അതൊഴികെ, ജന്മസമയത്തോ വിവാഹസമയത്തോ മറ്റേതെങ്കിലും ശുഭമോ അശുഭമോ ആയ ‘മുഹൂർത്തങ്ങളിലോ’ ആകാശത്തിൽ നക്ഷത്രങ്ങൾ നിൽക്കുന്നതെവിടെയാണു് എന്നതിന്റെ അടിസ്ഥാനത്തിൽ ചില കണക്കുകൂട്ടലുകൾ നടത്തി മനുഷ്യജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അറിയാനോ, സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കാനോ ആവുമെന്ന അവകാശവാദം ശുദ്ധ അസംബന്ധമാണു്. എത്ര പറഞ്ഞാലും ഞാൻ അംഗീകരിക്കില്ല എന്ന പിടിവാശി ഇല്ലെങ്കിൽ ഒരുപാടു് തല പുകയ്ക്കാതെതന്നെ ഈ വസ്തുത മനസ്സിലാക്കാനും പ്രയാസമില്ല. പക്ഷേ, “ആയിരം വട്ടം തെറ്റെന്നു് തെളിയിക്കപ്പെട്ട ഒരു വിശ്വാസപ്രമാണം പോലും തനിക്കതു് ആവശ്യമെങ്കിൽ അതൊരു സത്യമാണെന്നു് വിശ്വസിക്കാൻ മടിക്കാത്തവനാണു് മനുഷ്യൻ”(നീറ്റ്‌സ്‌ഷെ) എന്നതിനാൽ ജ്യോതിഷക്കാരനും ഹസ്തരേഖാശാസ്ത്രക്കാരനും ഓന്തു്-ഗൗളി-ഒട്ടകശാസ്ത്രക്കാരനും അവരെയൊക്കെ സമീപിക്കാൻ മടിക്കാത്ത ഉന്നത ‘ശാസ്ത്രബിരുദധാരികളും’ ലോകത്തിൽ എന്നാളുമുണ്ടാവും.
ആകാശത്തിൽ നക്ഷത്രങ്ങൾ നിൽക്കുന്ന സ്ഥാനങ്ങളുടെ ചിത്രം എന്നു് വിളിക്കാവുന്ന രാശിചക്രം(zodiac) യഥാർത്ഥമായി നിലനിൽക്കുന്ന ഒരു നക്ഷത്രചിത്രമല്ല എന്നതാണു് വസ്തുത. അതു് നമ്മുടെ വെറുമൊരു ഭാവനാചിത്രം മാത്രമാണു്. ആ ചിത്രത്തിലൂടെ വെളിപ്പെടുന്ന നക്ഷത്രങ്ങളും മറ്റു് വാനഗോളങ്ങളും പല കാരണങ്ങളാൽ നമുക്കു് നൽകുന്നതു് ഒരു വ്യാജചിത്രമാണു്. ഉദാഹരണത്തിനു് നക്ഷത്രചിത്രങ്ങൾ പിടിപ്പിച്ചിരിക്കുന്ന ചക്രം(ecliptic) ഏകദേശം 25000 വർഷം കൊണ്ടു് ഒരുവട്ടം തിരിയുന്നതിനാൽ ഒരിക്കൽ മേടം നിന്നിടത്താവും ഇന്നു് മീനം നിൽക്കുന്നതു്. കൂടാതെ, ഭൂമിയോടു് അടുത്തു് നിൽക്കുന്നതിനാൽ നഗ്നനേത്രങ്ങൾക്കു് പണ്ടുമുതൽതന്നെ കാണാൻ കഴിയുമായിരുന്ന വലിപ്പം കുറഞ്ഞ വാനഗോളങ്ങൾ ഭൂത-ഭാവിപ്രവചനങ്ങളിലെ കണക്കുകളിൽ സ്ഥാനം നേടുകയും, അങ്ങനെ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള യോഗ്യത കൈവരിക്കുകയും ചെയ്തപ്പോൾ, വളരെ ദൂരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ആധുനിക ഉപകരണങ്ങൾ വഴി പിൽക്കാലത്തു് മാത്രം കണ്ടെത്താനായ വലിയ വാനഗോളങ്ങൾക്കു് ജ്യോതിഷത്തിന്റെ കണക്കുകളിൽ പങ്കെടുക്കാൻ പോലും അവസരം ലഭിച്ചില്ല. അങ്ങനെ, നക്ഷത്രങ്ങളെ ‘കണ്ട പാതി കാണാത്ത പാതി’ ഒരു ജ്യോതിഷക്കാരൻ നടത്തുന്ന പ്രവചനങ്ങൾ എത്രമാത്രം കുറ്റമറ്റതായിരിക്കുമെന്നു് ചിന്തിക്കാവുന്നതേയുള്ളു.
ആകാശപ്പന്തലിന്റെ അടിത്തട്ടിൽ പരസ്പരം ചേർന്നുചേർന്നു്, അഥവാ, ഭൂമിയിൽ നിന്നും തുല്യദൂരത്തിൽ നിൽക്കുന്നവയല്ല നക്ഷത്രങ്ങൾ. അവ തമ്മിൽത്തമ്മിൽ അനേകം പ്രകാശവർഷങ്ങളുടെ അകലമുണ്ടാവാം. അതുകൊണ്ടുതന്നെ നമ്മൾ കാണുന്ന പല നക്ഷത്രങ്ങളും ഇന്നു് അവിടെ ഉണ്ടാവണമെന്നില്ല. കൂടാതെ, നമ്മൾ ഇതുവരെ കാണാത്ത നക്ഷത്രങ്ങൾ എത്രയോ വർഷങ്ങൾക്കു് മുൻപേ രൂപമെടുത്തിട്ടുണ്ടാവാം. ഉദാഹരണത്തിനു്, ഭൂമിയിൽ നിന്നും ആയിരം പ്രകാശവർഷങ്ങൾ അകലെ സ്ഥിതി ചെയ്യുന്ന ഒരു നക്ഷത്രത്തിനു് ഇന്നു് മരണം സംഭവിച്ചാൽ മനുഷ്യർ അതറിയുന്നതു് ആയിരം വർഷങ്ങൾക്കു് ശേഷമായിരിക്കും. അഥവാ, ആ നക്ഷത്രം എരിഞ്ഞൊടുങ്ങിയിട്ടു് ആയിരം വർഷങ്ങളായെങ്കിൽ ആ നക്ഷത്രം നമ്മുടെ ദൃഷ്ടിയിൽ നിന്നും മറയുന്നതു് ഇപ്പോൾ മാത്രമാവും. പുതിയ നക്ഷത്രങ്ങൾ രൂപമെടുക്കുന്നതിന്റെ കാര്യവും ഇതുപോലെതന്നെ. മറ്റൊരു പ്രശ്നം, ഗുരുത്വാകർഷണത്തിന്റെ ഫലമായി നക്ഷത്രങ്ങളിൽ നിന്നും പുറപ്പെടുന്ന പ്രകാശത്തിന്റെ നേർരേഖയിലുള്ള ഗതിയിൽ വ്യതിചലനം സംഭവിക്കാമെന്നതാണു്. തന്മൂലം, ഒരു നക്ഷത്രം നിൽക്കുന്നതായി നമുക്കു് തോന്നുന്ന സ്ഥാനത്താവണമെന്നില്ല അതു് യഥാർത്ഥത്തിൽ നിൽക്കുന്നതു്. അതുവഴി, നക്ഷത്രങ്ങളുടെ രാശിചക്രത്തിലെ സ്ഥാനവുമായി യഥാർത്ഥസ്ഥാനം പൊരുത്തപ്പെടാതെ വരുന്നു എന്നതിനാൽ, അതിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ‘കണക്കു് കൂട്ടലുകൾ’ കേവലം തെറ്റായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടല്ലോ. ചുരുക്കത്തിൽ, ഉണ്ടെന്നോ ഇല്ലെന്നോ തീർത്തു് പറയാൻ കഴിയാത്ത എത്രയോ നക്ഷത്രങ്ങൾ ഒരുവശത്തു്, കാണുന്ന സ്ഥാനത്തുതന്നെയാണോ നിൽക്കുന്നതെന്നു് ഉറപ്പില്ലാത്ത വേറെ കുറെ നക്ഷത്രങ്ങൾ മറുവശത്തു്! ഈ പൊരുത്തക്കേടുകളുടെയൊക്കെ നടുവിൽ ധ്യാനനിമഗ്നനായി ചമ്പ്രം പടിഞ്ഞിരുന്നു് ഭാവിയും ഭൂതവും പ്രേതവും നിശ്ചയിച്ചു് ഗാന്ധിപ്പടമുള്ള കറൻസിനോട്ടുകൾ വാങ്ങുന്ന ജ്യോതിഷക്കാരനും!
ജന്മസമയത്തു് ജാതകം കുറിക്കുന്നതാണു് ഇതിലൊക്കെ രസകരം. ഒരു പ്രത്യേകനക്ഷത്രത്തിൽ ജനിച്ചാൽ മനുഷ്യനു് പണ്ടൊക്കെ രാജാവു് വരെ ആവാമായിരുന്നു. ഇന്നു് കാലം മാറിയതുകൊണ്ടു് ഒരുപക്ഷേ, മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഗവർണ്ണറോ പ്രസിഡന്റോ ഒക്കെയാവും ആവുക. അത്തരം കാര്യങ്ങളിൽ ജ്യോതിഷം ഫ്ലെക്സിബിൾ ആണു്. (രാജയോഗമാണെങ്കിലും ശംഖുചക്രം ആസനത്തിൽ വന്നു് ഭവിച്ചാൽ ചിലപ്പോൾ പിച്ചക്കാരനും ആയെന്നിരിക്കും. പക്ഷേ, അത്തരം ഒരു വിധിയിലേക്കല്ല മനുഷ്യരുടെ നോട്ടം എന്നതിനാൽ ദോഷം മാറ്റിയെടുക്കാനുള്ള മാർഗ്ഗങ്ങളും സ്വാഭാവികമായും ജ്യോതിഷിക്കറിയാം. അല്ലാതെ പിന്നെ എന്തു് ജ്യോതിഷം! നല്ലകാലത്തിനുവേണ്ടി അൽപം ചില്ലറ മുടക്കേണ്ടിവരുമെന്നതു് പ്രത്യേകം പറയാതെതന്നെ ആവശ്യക്കാർ അറിയേണ്ട കാര്യമാണു്. അതെല്ലാവർക്കും അറിയുകയും ചെയ്യാം. അതറിയാത്തവർ അങ്ങോട്ടുപോകാറില്ല എന്നതാണു് സത്യം.) പക്ഷേ ഈ വിഷയത്തിൽ ഒരു പന്തികേടുള്ളതു് ഇക്കാലത്തു് പ്രസവത്തിന്റെ സമയം നീട്ടാനോ കുറുക്കാനോ ഒക്കെ വൈദ്യശാസ്ത്രത്തിനു് കഴിയുമെന്നതാണു്.
അതായതു്, കുംഭത്തിൽ പിറക്കേണ്ട ശിശുവിനെ വേണമെങ്കിൽ മകരത്തിലോ മീനത്തിലോ ഒക്കെ പിറവിയെടുപ്പിക്കാനാവും.
അല്ലെങ്കിൽ, ഭരണിയിലേക്കു് ജനിക്കേണ്ടതിനെ അശ്വതിയിലേക്കോ കാർത്തികയിലേക്കോ അതിനുമപ്പുറത്തേക്കോ ഒക്കെ മാറ്റി ജനിപ്പിക്കുക ഇന്നു് വലിയ ഒരു പ്രശ്നമല്ല. ഉരുവാവുന്നതു് എട്ടൊൻപതു് മാസം മുൻപാണെങ്കിലും ശിശുവിന്റെ ജാതകം നിശ്ചയിക്കപ്പെടുന്നതു് നാരിയോ നരനോ ആയി ഭൂമിയിലെ നരകവാരിധിയുടെ നടുവിലേക്കോ അരികിലേക്കോ ഒക്കെ ജനിക്കുന്ന നിമിഷത്തിലാണല്ലോ. അതായതു്, ‘കശ്മലനായ’ ഒരു ഡോക്ടർക്കു് വേണമെങ്കിൽ ഒരു മനുഷ്യജീവിയുടെ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിലെ ജീവിതത്തിന്റേയും മരണത്തിന്റേയും വിധി നല്ലതോ ചീത്തയോ ആയി കീഴ്മേൽ മറിക്കാനാവും! അതിൻപ്രകാരം, സാദാ പ്രസവത്തിന്റെ ജാതകം വഴി തൊണ്ണൂറാം ദിവസം ചാവേണ്ടവൻ ഡോക്ടറുടെ തിരിമറിപ്രസവം വഴിയുള്ള ജാതകത്തിലൂടെ തൊണ്ണൂറു് വയസ്സുവരെ ജീവിച്ചിരിക്കാം. നേരേ മറിച്ചും സംഭവിപ്പിക്കാം. ഇതുപോലൊരു അവസ്ഥയിൽ, മനുഷ്യരുടെ വിധി തങ്ങളുടെ കയ്യിൽ ഭദ്രം എന്നു് വ്യാമോഹിച്ചിരുന്ന ആകാശത്തിലെ നക്ഷത്രങ്ങൾ ഇളിഭ്യരായി പരസ്പരം നോക്കി സ്വയം ശപിക്കുകയല്ലാതെ മറ്റെന്തു് ചെയ്യാൻ? ഇത്രയൊക്കെയേയുള്ളു ജ്യോതിഷം എന്ന ശാസ്ത്രം!
പ്രവചനം ശരിയാവാം എന്ന മനുഷ്യരുടെ വിശ്വാസമാണു് പ്രവാചകരെ സൃഷ്ടിക്കുന്നതു്. ഒരു ദൈവം ആവശ്യമാണെന്നു് മനുഷ്യർ വിശ്വസിക്കുന്നതുകൊണ്ടു് മാത്രമാണു് ദൈവം നിലനിൽക്കുന്നതു്. അല്ലാതെ, നേർച്ച കാഴ്ച പ്രാർത്ഥന നോമ്പു് ധ്യാനം മുതലായ തന്ത്രങ്ങളിലൂടെ മാനിപ്യുലേറ്റ് ചെയ്തു് ഇഹലോക-പരലോകജീവിതങ്ങളെ തനിക്കനുകൂലമാക്കി മാറ്റാമെന്ന മണ്ടൻ വിശ്വാസത്തിന്റെ പേരിൽ മനുഷ്യർ ആരാധിക്കുന്ന തരത്തിലുള്ള ഒരു പ്രപഞ്ചനിയന്ത്രകശക്തി ഉണ്ടാവാൻ കഴിയില്ല എന്നു് തെളിയിക്കാൻ ആർക്കും കഴിയാത്തതുകൊണ്ടല്ല. അതിനു് സിമ്പിൾ ലോജിക്ക് ധാരാളം മതി. ജീവിക്കാത്തതു് മരിക്കുകയില്ല. ദൈവം ഒരിക്കലും ജീവിച്ചിട്ടില്ല, ദൈവത്തെ മനുഷ്യർ ജീവിപ്പിക്കുകയായിരുന്നു എന്നതിനാൽ ദൈവത്തിനും മനുഷ്യൻ അനുവദിക്കാതെ മരിക്കാൻ ആവില്ല. മരിച്ച ദൈവത്തെ അഴുകാൻ അനുവദിക്കുന്നതിനേക്കാൾ ഉയിർപ്പിക്കുന്നതാണു് ലാഭകരമായ ഏർപ്പാടെന്നു് ഇന്നു് ക്രിസ്തീയ വിശ്വാസികൾ ഒഴികെ മറ്റാർക്കാണു് അറിയാത്തതു്?
വിശ്വാസം വഴി ഇതുവരെ ഒരു മലയും മാറിപ്പോയിട്ടില്ലെങ്കിലും, ഒരു മലയും ഒരിക്കലും മാറിപ്പോവുകയില്ലെങ്കിലും വിശ്വസിച്ചാൽ മല മാറിപ്പോവും എന്നു് വിശ്വസിക്കാനാണു് മനുഷ്യർക്കിഷ്ടം. ആ വിശ്വാസം വേണ്ട വഴിയിലൂടെ തിരിച്ചുവിട്ടു് അവരെ മുതലെടുക്കുന്നവർ അവരുടെ ദൃഷ്ടിയിൽ തൻകാര്യം നേടുന്ന കച്ചവടക്കാരല്ല, അവരുടെ രക്ഷകരായ ആരാദ്ധ്യപുരുഷന്മാരാണു്! ഉള്ളിലെ യാഥാർത്ഥ്യത്തേക്കാൾ സോപ്പുകുമിളയുടെ പുറത്തെ വർണ്ണക്കാഴ്ചകളാണു് മനുഷ്യർക്കാവശ്യം. വസ്തുതകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നവരാണു് അവരുടെ ജന്മശത്രുക്കൾ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, പുരോഹിതൻ ജ്യോതിഷി മുതലായ വിഭാഗത്തിൽപെട്ടവർ ആരാദ്ധ്യർ, ശാസ്ത്രജ്ഞർ യുക്തിവാദി മുതലായ വിഭാഗം ശത്രുക്കൾ! എന്തു് കണ്ടാലും എന്തു് കേട്ടാലും, അവയിൽനിന്നും തനിക്കു് വേണ്ടതു്, അഥവാ, സെലക്ടീവ് ആയി മാത്രം കാണാനും കേൾക്കാനുമേ മനുഷ്യർക്കു് കഴിയൂ. മനുഷ്യരാശിയെ പൊതുവായി ബാധിക്കുന്ന ഈ വിധി ഏതെങ്കിലും നക്ഷത്രഫലമാണോ എന്നറിയാൻ പറ്റിയ ജ്യോതിഷം ഉണ്ടോ ആവോ!
സമ്പാദകൻ:- അഹ്‌ലുദേവ്