ഇന്ന് ജനുവരി 30
Listen and Read
ഭാരത ഭരണ സൗധത്തിൻവിളിപ്പുറ-
ത്താകെ പടർന്ന രുധിര ചിത്രം
ചേതനയറ്റു പിടഞ്ഞുമരിച്ചതീ
സ്വാതന്ത്ര്യ സുന്ദര സ്വപ്ന ഭൂവിൽ
ഉള്ളിൽ നിറയുമഹിംസയെ പ്രാർത്ഥനാ
മന്ത്രങ്ങളാക്കി പകർന്നെങ്കിലും
നമ്മൾ പകരം കൊടുത്തോരു ദക്ഷിണ
എന്നും ചരിത്രത്തിൻ പാഴ്കളങ്കം
”1950, ജനുവരി 30 വെള്ളിയാഴ്ച്ച”
സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്താൽ അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോളാണ് അദ്ദേഹത്തിന്റെ ഊന്നുവടികളെന്ന് അറിയപ്പെട്ടിരുന്ന മനുവും ആഭയും സമയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്. ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർത്ഥനയ്ക്കായി പുറപ്പെട്ടു. പ്രാർത്ഥനയ്ക്കായി അനുയായികൾ കാത്തിരിക്കുന്ന പ്രാർത്ഥനാമൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേയ്ക്ക് പോകുവാൻ ഗാന്ധിജി തീരുമാനിച്ചു.
ഈ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റിൽ കരുതിയിരുന്ന ബെറെറ്റ പിസ്റ്റൾ ഇരുകൈയ്യുകൾക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: “നമസ്തേ ഗാന്ധിജി”. ഗാന്ധിജിയുടെ പാദം ചുംബിക്കുവാൻ അയാൾ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാൽ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റൾ കൊണ്ട് ഗോഡ്സേ മൂന്ന് തവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽ തന്നെ മൂന്ന് വെടികളും തുളച്ചുകയറി.
“ഹേ റാം, ഹേ റാം” എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് 67 വര്‍ഷം തികഞ്ഞിരിക്കുന്നു. നാഥുറാം വിനായക് ഗോഡ്‌സെയുടെ കയ്യിലെ റിവോള്‍വറില്‍ നിന്ന് ഉതിര്‍ന്ന വെടിയുണ്ടകള്‍ ഗാന്ധിജിയുടെ നെഞ്ച് പിളര്‍ന്ന് കടന്നുപോയപ്പോള്‍ ലോകമെങ്ങുമുള്ള സമാധാന പ്രേമികളുടെ ഹൃദയം കൂടിയാണ് തകര്‍ന്നത്.
1948 ജനുവരി 30 ന് വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് തന്നെ ഗാന്ധിജി തന്റെ മരണത്തെ പ്രതീക്ഷിച്ചിരുന്നോ? രോഗ ബാധിതനായി മരിക്കുകയാണെങ്കില്‍ താനൊരു മഹാത്മാവല്ലെന്ന് ഉറക്കെ വിളിച്ചുപറയണം എന്ന് പറഞ്ഞിരുന്ന ആ മഹാനുഭാവന്‍ തന്റെ മരണം മുന്‍കൂട്ടി കണ്ടിരുന്നോ?
ഗാന്ധിജിയുടെ അവസാന 48 മണിക്കൂറുകള്‍ മരണത്തിന്റെ സൂചനകള്‍ നല്‍കിയാണത്രെ കടന്നുപോയത്. പലപ്പോഴും ഗാന്ധിജി തന്റെ ജീവിതം ഇനി അധികകാലമില്ലെന്ന് കൂടെയുള്ളവരോട് പറയാതെ പറഞ്ഞിരുന്നുവത്രെ. മൈ എക്‌സ്പിരിമെന്റ് വിത്ത് ഗാന്ധി എന്ന പുസ്തകത്തില്‍ പ്രമോദ് കപൂറാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
കൊല്ലപ്പെടുന്നതിന്റെ തലേന്ന് ഒരു പറ്റം ഗ്രാമീണര്‍ ഗാന്ധിജിയെ കാണാനെത്തി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുണ്ടായ വര്‍ഗ്ഗീയ കലാപത്തിന്റെ ഇരകളായിരുന്നു അവര്‍. അതിലൊരാള്‍ പറഞ്ഞു- “നിങ്ങള്‍ ഞങ്ങളെ പൂര്‍ണമായി നശിപ്പിച്ചു. നിങ്ങള്‍ക്ക് ശേഷകാലം ഹിമാലയത്തില്‍ പോയിരുന്നുകൂടെ…?” – ഈ വാക്കുകള്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. തന്റെ സന്തത സഹചാരിയായ മനുബെന്നിനോട് അപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രെ- ‘ഈ ആളുകളുടെ ദയനീയമായ കരച്ചില്‍ ദൈവത്തിന്റെ ശബ്ദം പോലെയാണ്. ഇത് എനിക്കും നിനക്കുമുള്ള മരണ വാറണ്ടാണ്.’
തീര്‍ന്നില്ല. അന്ന് വൈകീട്ട്, കൊച്ചു രാജീവ് ഗാന്ധി ഇന്ദിരക്കൊപ്പം ബാപ്പുജിയെ കാണാനെത്തി. ഒരു പിടി പൂക്കള്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ അര്‍പ്പിച്ചു.അപ്പോള്‍ ഗാന്ധിജി പറഞ്ഞത് ഇങ്ങനെ- “നീ ഇങ്ങനെ ചെയ്യരുത്. മരിച്ചവരുടെ കാല്‍ക്കീഴില്‍ മാത്രമാണ് പൂക്കള്‍ അര്‍പ്പിക്കുക.”
കൊല്ലപ്പെടുന്ന ദിവസം അതിരാവിലെ മൂന്നരക്ക് അദ്ദേഹം ഉറക്കമുണര്‍ന്നു. വളരെ അസ്വസ്ഥനായിരുന്നു. വിഭജനം സൃഷ്ടിച്ച മുറിവുകളും കോണ്‍ഗ്രസിലെ അന്ത:ഛിദ്രങ്ങളും അദ്ദേഹത്തെ മുറിവേല്‍പിച്ചിരുന്നു. വിട്ടുമാറാത്ത ചുമയെത്തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കഴിക്കേണ്ടിയിരുന്നു അദ്ദേഹത്തിന്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്…
“രോഗബാധിതനായോ ഒരു മുഖക്കുരു വന്നോ ഞാന്‍ മരിച്ചാല്‍, പുരപ്പുറത്ത് കയറി നിന്ന് നിങ്ങള്‍ വിളിച്ചുപറയണം ഞാന്‍ ഒരു വ്യാജ മഹാത്മാവാണെന്ന്. അപ്പോള്‍ എന്റെ ആത്മാവിന് ശാന്തി ലഭിക്കും. ഒരു പൊട്ടിത്തെറി ഉണ്ടാകട്ടെ അല്ലെങ്കില്‍ ഒരാള്‍ എന്റെ നേര്‍ക്ക് വെടിയുതിര്‍ക്കട്ടെ, എന്റെ നഗ്നമായ മാറിടം ആ വെടിയുണ്ടകള്‍ ഏറ്റു വാങ്ങുമ്പോള്‍, ഒരു നെടുവീര്‍പ്പ് പോലും ഇല്ലാതെ എന്റെ ചുണ്ടുകള്‍ രാമ നാമം ജപിക്കുകയാണെങ്കില്‍ നിങ്ങള്‍ പറയണം ഞാന്‍ ഒരു യഥാര്‍ത്ഥ മഹാത്മാവായിരുന്നുവെന്ന്”
പിന്നേയും ഉണ്ടായിരുന്നു സൂചനകള്‍… കൊല്ലപ്പെടുന്ന ദിവസം സര്‍ദാര്‍ വല്ലഭായി പട്ടേലിനൊപ്പം ഗൗരവമായി ചര്‍ച്ചയിലായിരുന്നു ഗാന്ധിജി. മുന്‍കൂട്ടി അനുവാദം തേടാതെ രണ്ട് പേര്‍ അദ്ദേഹത്തെ കാണാനെത്തി. അപ്പോള്‍ ഗാന്ധിജി പറഞ്ഞത് ഇങ്ങനെ- “അവരോട് പറയൂ, ഞാന്‍ അവരെ കാണുന്നുണ്ടെന്ന്. പക്ഷേ പ്രാര്‍ത്ഥനാ യോഗത്തിന് ശേഷം. അതും ഞാന്‍ ഞാന്‍ ജീവനോട് ഉണ്ടെങ്കില്‍ മാത്രം.”
ഒടുവില്‍ പ്രഭാത ഭക്ഷണത്തിന് ശേഷം അദ്ദഹം തനിയെ കുളിമുറിയിലേക്ക് നടന്നു. മനുബെന്‍ ഞെട്ടലോടെ നോക്കി. എപ്പോഴും മനുബെന്നിന്റെ ചുമലുകളായിരുന്നു നടക്കാന്‍ അദ്ദേഹത്തിന്റെ താങ്ങ്.
അപ്പോള്‍ ടാഗോറിന്റെ വരികള്‍ അദ്ദേഹത്തിന്റെ ചുണ്ടുകള്‍ പതുക്കെ മൂളി- ‘തനിയേ നടക്കുക… തനിയേ നടക്കുക.’
പ്രാര്‍ത്ഥനായോഗത്തിനെത്തിയതിന് ശേഷമുള്ളത് എഴുതപ്പെട്ട ചരിത്രം. നാഥുറാം ഗോഡ്‌സെയും വെടിയുണ്ടകളും ഹേ..റാം എന്ന വിതുമ്പലും…
ഹേ…. റാം.. കാലത്തിനിപ്പുറവും ലോകത്തിന്റെ കാതുകളിൽ നിലയക്കാത്ത രോദനമായി ആ സൂക്തം പ്രകമ്പനം കൊള്ളുന്നു. ഹിംസയുടെ ഉപാസകർക്ക് പോലും സമാധാനത്തിന്റെ ഉത്തുംഗ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ച ഈ കപട ലോകത്തോട് തെല്ലും പരിഭവമില്ലാതെ ആ മഹാനുഭാവൻ ചരിത്രത്തിനുമപ്പുറം നടന്നു കയറുന്നു.