ഉടലിലെ തീവണ്ടിപാച്ചിലുകൾ

താഴ്‌വാരത്തിൽ നിന്നാണാ കിതപ്പിന്റെ ഉത്ഭവം. മുറ്റത്തെ സുഗന്ധരാജനെന്ന ചെടിയുടെ ഓരം പറ്റി ഇരുട്ട് പതിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.

അനൂജ ജാലകം വഴി പുറത്തേക്ക് നോക്കി.

ഒരു മുഴക്കത്തോടെ ഇരുട്ടവളിലേക്ക് ഒഴുകി വന്നുകൊണ്ടിരുന്നു.

ഇടയ്ക്കിടക്ക് ശ്വാസം മുട്ടുന്ന പോലെ. ആ ഇരുട്ടിനറ്റത്തു നിന്നൊരു തീവണ്ടിപാച്ചിൽ ഇരുട്ടിന്റെ ഭീകരത വാരിച്ചുറ്റി താഴ്‌വാരത്തിൽ നിന്നും കുതിച്ചു കൊണ്ട് അവളുടെ വീടിന്റെ അകത്തേക്കിടക്കിടെ പാഞ്ഞടുക്കാറുണ്ട്. അവൾ കൈയ്യിലുള്ള കുരുക്ക് കഴുത്തിൽ ചുറ്റിമുറുക്കി ശ്വാസമാഞ്ഞുകൊണ്ടൊന്നു പിടഞ്ഞു.

ശബ്ദങ്ങൾ നിശ്ചലമാകുന്നു.

അവളുടെ ചെറിയ കാലുകൾ തളർന്നാടി. ബാക്കിയാവുന്ന ചെറുചലനങ്ങൾ പതിയെ, പതിയെ വായുവിലാടിയവസാനിക്കുമ്പോൾ ജാലകം വഴി അകത്തേക്ക് കടന്ന ചെറുശലഭം ദിശയറിയാതെ ഭിത്തിയിൽ തട്ടി ചിറകു മുറിഞ്ഞു താഴേ വീണു കിടന്നു..

ശലഭം പ്രാണനു വേണ്ടി പിടയുമ്പോഴും അത് ഉറുമ്പുകളുടെ കൂട്ട ആക്രമണത്തിൽ തന്റെ ഒറ്റച്ചിറകടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. രക്ഷപ്പെടാൻ ആവാത്ത വിധം ഒന്നല്ല, പത്തല്ല, നൂറല്ല കേട്ടറിഞ്ഞ എല്ലാവരും കൂട്ടത്തോടെ അവളെ ജീവനോടെ തിന്നുകൊണ്ടിരുന്നു. മുകളിൽ തൂങ്ങിയാടുന്ന രണ്ടു കാലുകൾക്കിടയിലൂടെ ഒറ്റി വീഴുന്ന വിസർജ്ജ്യജലം.

താഴെ തറയിൽ തളം കെട്ടിയപ്പോൾ ചിലരുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു.

ജീവിതത്തിന്റെ തണുത്ത കണ്ണുകൾ കൂടുതൽ മരവിച്ചു പോയ പകൽ…!

അന്നാണ് പന്ത്രണ്ടുകാരിയായ അനൂജ പനിച്ചൂടിൽ മയങ്ങി കിടന്നത്.

“ഇത് കുടിക്ക്, ചുക്കുകാപ്പിയാ… മുന്നിൽ ചെറിയമ്മ ഗ്ലാസ്സിൽ ചായയുമായി നിൽക്കുന്നു.”

തളർന്ന കൈയ്യോടെ ഗ്ലാസ്സ് വാങ്ങി കുടിച്ചു. എരിവ് പൊള്ളിച്ച മധുരപാനീയം തൊണ്ടയിലൂടെ താഴോട്ടൊഴുകി നീങ്ങി.

പുറത്ത് കളിക്കുന്ന പിള്ളേരുടെ ആർപ്പുവിളികൾ

മാഞ്ഞുമാഞ്ഞില്ലാതാകുമ്പോൾ കുന്നിറങ്ങിയൊരു ചെന്നായ അവളുടെ വീടിനെ ലക്ഷ്യമാക്കി വരുന്നുണ്ടായിരുന്നു.

തളർച്ചയുടെ നേർമ്മയോർമ്മകളിൽ ആരോ അടക്കം പറയുന്ന പോലെ..

കാതും മൂക്കും തൊണ്ടയും ചൂടോടെ പൊള്ളി നീറുമ്പോൾ, നെറ്റിയിലാരുടേയോ സ്പർശം!

ഇല്ല…! കണ്ണുകൾ തുറക്കാനാവുന്നില്ല..!

തലോടലിനു ശക്തിയേറിയിരുന്നു.
ഉടുത്തിരുന്ന അരപ്പാവാടക്കടിയിലൂടെ എന്തോ അരിച്ചു നീങ്ങുന്നു.
കാൽകുടയണമെന്നുണ്ടായിരുന്നു. സാധിക്കുന്നില്ല…!
ശരീരത്തിന് പുറത്തെന്തോ ഭാരം കയറ്റി വെച്ച പോലെ.

അനൂജ ശരീരമനക്കാൻ ശ്രമിച്ചു. പാദങ്ങൾ ആരോ മുറുക്കി പിടിച്ച പോലെ.

കൈകൾക്ക് ശേഷിയില്ലാതായി പോകുന്നു.
അകറ്റപ്പെട്ട കാലുകൾക്കിടയിലൂടെ ഒരു മിന്നൽ പിണർ തുളച്ചുകയറുന്നു.
വേദനയുടെ തീപ്പാളങ്ങളിലൂടെ ഒരു തീവണ്ടി ഇരമ്പി കൊണ്ട് പാഞ്ഞു പോകുന്നു.
അരക്കെട്ടിലെ സന്ധികൾ തളർന്നു താഴുന്നു.
പാദങ്ങളിൽ ശക്തിയേറിയ ബന്ധനത്തിന്റെ കനത്ത സ്പർശനത്തിൽ ഒരു വളകിലുക്കം കേട്ട പോലെ..

തീവണ്ടി കിതപ്പോടെ വേദനയുടെ പാളമിറങ്ങുംവരെ ആ വളകിലുക്കം തുടർന്ന് കേട്ടിരുന്നു.

ചൂടുള്ള കണ്ണീർച്ചാലുകൾ ഹൃദയത്തിലേക്കൊഴുകിയിറങ്ങി വറ്റി തീർന്നപ്പോൾ പനിപ്പുതപ്പിനടിയിൽ അവൾ പൂർണ്ണനഗ്നയായിരുന്നു.

വളകിലുക്കവും പാദബന്ധനവും തീവണ്ടിക്കിതപ്പും ഒരുമിച്ചാണ് അവസാനിച്ചത്.

മുറിയിലെ അരണ്ട വെളിച്ചത്തിൽ പലവട്ടം വാതിൽ പാളികൾ തുറന്നടഞ്ഞു. അനൂജ വേദനയുടെ തീപ്പാളങ്ങളിൽ തകർന്നു കിടന്നു. ഉറക്കമാണോ മരണമാണോ എന്നറിയാത്ത മരവിച്ച കിടപ്പ്…!

പനിക്കിടക്കയിൽ പറ്റിയ വഴുവഴുപ്പും രക്തക്കറയും വിട്ടവളെഴുന്നേൽക്കുമ്പോൾ കാലുകൾ അടുപ്പിച്ചു വെക്കാനാവാതെ അലറി വിളിച്ചു.

ഓടി വന്ന ചെറിയമ്മയലറി.. “എന്താടീ..?”

“എനിക്ക് വേദനിക്കുന്നു.”

“മിണ്ടരുത് നശ്ശൂലേ.. മാനം കളയരുത്. ചൂടുള്ള ഉപ്പിട്ട വെള്ളം തരാം. നന്നായി കഴുകി കുളിക്ക്.”
അവൾ വേദനയോടെ കുളിമുറിയിലേക്ക് ചുമരിൽ കൈ താങ്ങി നടന്നു.

ശരീരത്തിലവിടവിടെ ചോരപ്പാടുകൾ. പാവാടയിലും ഉണങ്ങിയ ചോരക്കറ. നെഞ്ചിൽ കലങ്ങിക്കല്ലിച്ചു കിടക്കുന്ന അടയാളങ്ങൾ. അവൾ വേദനയുടെ താഴ്‌വാരത്തിലൂടെ വേച്ചുവേച്ചു നടന്നു.

“പനിച്ചു എഴുന്നേറ്റപ്പോഴാ ഞാനാ ചോരപ്പാടുകൾ കണ്ടത് സുമേ.” – അനൂജ കൂട്ടൂകാരിയോടടക്കം പറഞ്ഞു.

“അത് നീ വയസ്സറിയിച്ചതാവും. നിന്റെ ചെറ്യേമയോട് പറഞ്ഞില്ലേ?”

“പറഞ്ഞു. ഇതൊക്കെ പെണ്ണുങ്ങൾക്ക് ഉണ്ടാവുന്നതാ എന്നാ പറഞ്ഞത്.”

“അപ്പോ അതാ. നീ പേടിക്കണ്ട കേട്ടോ…”

അവൾ വിഷാദത്തോടെ തല കുലുക്കി.

അമ്മയുടെ മരണത്തോടെ അനാഥമായ അഞ്ചു വയസ്സുകാരിയിൽനിന്നും അനൂജ ഉണർന്ന ഒരു പകലിൽ അച്ഛന്റെ പിന്നിൽ നടന്നു വന്ന സ്ത്രീ അവളുടെ ചെറിയമ്മയായി.

അവരുടെ ഭരണവും പീഡനവും താങ്ങാനാവാതെ അച്ഛൻ അവളെയും ആ വീടിനേയും ഉപേക്ഷിച്ച് നാടുവിടുമ്പോൾ അനൂജക്ക് എട്ടു വയസ്സാണ് പ്രായം.

അവളോട് ചെറിയമ്മ വലിയ ക്രൂരതയൊന്നും കാട്ടിയില്ലെന്ന് അവൾക്കറിയാം. സ്നേഹിച്ചില്ലെങ്കിലും അവർ അവൾക്ക് ഉടുപ്പും ഭക്ഷണവും നൽകി.

പിന്നീടെപ്പോഴൊക്കെയോ ആ തീവണ്ടി ഇരമ്പിക്കൊണ്ടവളുടെ വീടിനകത്തേക്ക് പലപ്പോഴും വന്നു. കിതപ്പ് തീരുംവരെ വേദനയുടെ ചുരം കേറുകയുമിറങ്ങുകയും ചെയ്തു.

കൂടെ അവൾക്ക് പരിചിതമായ വളകിലുക്കങ്ങൾ ഉതിർന്നുകൊണ്ടിരുന്നു.

ചെറിയമ്മയുടെ കൈയ്യിലെ വളകളാണിത്രനാളും കിലുങ്ങിയതെന്നവൾ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. ഒരു ബോധനിമിഷത്തിലായിരുന്നു, കാലിൽ ബലമായി പിടിച്ച കൈകൾ ചവിട്ടിമാറ്റിയപ്പോൾ ചെറിയമ്മ അന്നലറി വിളിച്ചു പറഞ്ഞു. “അടങ്ങി കിടക്കടീ നശ്ശൂലേ..” എന്ന്.

ബോധാബോധത്തിലെ ഇടുങ്ങിയ വാതിലുകൾ ഞരക്കത്തോടെ കരയുമ്പോൾ തീവണ്ടിപ്പാളങ്ങൾ ചുട്ടുപൊള്ളി.

ചോരക്കറകൾ ഉണങ്ങുകയും മുറിവുകൾ കരിയുകയും ചോരപ്പാടുകൾ മായുകയും ചെയ്യുമ്പോൾ വീണ്ടും വീണ്ടും അനൂജ വിൽക്കപ്പെടുകയായിരുന്നു.

അങ്കുരിക്കാൻ തുടങ്ങിയ മുലക്കണ്ണുകൾ ചതഞ്ഞു പോയിരുന്നു. നീലനിറം വട്ടം ചുറ്റിയ രക്തപ്പാടോടെ അവളുടെ ഇത്തിരിപ്പോന്ന മാറിsത്തിന് ചുറ്റും ഭൂരേഖകൾ വരക്കപ്പെട്ടിരുന്നു.

അനൂജ അകത്തെ ഇരുട്ടിൽ മുഖം പൂഴ്ത്തിയിരുന്നു.

മേലാകെ ചോരപ്പാടുകളും ചതഞ്ഞുനീറുന്ന നോവുമമർത്തി അനൂജ മുഖം താഴ്ത്തി.

ചെറിയമ്മയുടെ നോട്ടത്തിൽ ചൂളി വിറച്ച് ആരെയെങ്കിലും കണ്ടാൽ അകത്തേക്ക്, കൂടുതൽ ആഴത്തിലേക്ക് ഉൾവലിഞ്ഞു. കാലിടുക്കിലും അരക്കെട്ടിലും വിങ്ങി തുടുക്കുന്ന വേദനയോടെ കിടക്കയിൽ മുഖം പൂഴ്ത്തി കരഞ്ഞു.

അവളുടെ മനസ്സിന്റെ മഴക്കാടുകളിൽ എപ്പോഴും കാറിരമ്പി നിന്നിരുന്നു.

പെണ്ണിന്റെ സ്വകാര്യഭാഗങ്ങളിൽ എന്തു സംഭവിച്ചാലും അത് മാനം പോകുന്ന കാര്യമാണെന്ന ചെറിയമ്മയുടെ ആഹ്വാനത്തെ ഭയന്നവൾ വേദന സഹിച്ചു.

“അതൊക്കെ എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടാവുന്നതാ. മിണ്ടി പറഞ്ഞ് മാനം കളയണ്ട” എന്ന താക്കീതിൽ അവൾ ചൂടുള്ള ഉപ്പുവെള്ളമെടുത്ത് പലവട്ടം കുളിമുറിയിൽ ചെന്നിരുന്നു നീറി നീറിക്കരഞ്ഞു.

കരച്ചിൽ പുറത്ത് വരാതിരിക്കാൻ വായ് സ്വയം പൊത്തിപ്പിടിച്ചു.

അന്നൊരു ശനിയാഴ്ചയായിരുന്നു. മുറിയിലെ ഏകാന്തതയിലിരുന്നവൾ തനിക്കെന്താണ് സംഭവിച്ചത് എന്നോർക്കാൻ ശ്രമിക്കുകയായിരുന്നു. പുറത്ത് ശലഭങ്ങൾ ആർത്തു പറക്കുന്നതു നോക്കിയിരിക്കെ വഴിതെറ്റിയൊരു ശലഭം മുറിയിലെത്തി.

പെട്ടെന്നാണ് പുറത്തൊരു പൊട്ടിച്ചിരി; കൂടെ ചെറിയമ്മയുടെ ചില്ലുടഞ്ഞ മാതിരിയുള്ള ചിരിയും.

പുരുഷശബ്ദം ശബ്ദമടക്കി ചോദിക്കുന്നത് കേട്ടു.

“എവിടെ മൊതല്”?

“മുറീലുണ്ട്……”

മുറിയുന്ന സംസാരം.. നീളുകയാണ്.. “ഇനി അവള് സമ്മതിച്ചോളും”

“പെണ്ണ് പുറത്ത് പറഞ്ഞാൽ സംഭവം മാറും പറഞ്ഞേക്കാം”

“അതെനിക്ക് വിട്” – പറഞ്ഞു തീരും മുൻപ് കിടക്കക്കരുകിൽ ഒരാൾ.

അനൂജ ചാടിയെഴുനേൽക്കുമ്പോഴേക്കും മുറിയിലെത്തിയ ആ ശലഭം ഭിത്തിയിൽ തട്ടി, ജനൽ കമ്പിയിൽ തട്ടി താഴെ വീണു.

ജീവനു വേണ്ടിയുള്ള പിടച്ചിലിനൊടുവിൽ വീണ്ടുമാ തീവണ്ടി അവളുടെ മേനിയിലൂടെ പാളം തെറ്റിയോടി തളർന്നു.

അപ്പോൾ അടക്കപ്പെട്ട വാതിലിന് പിന്നിൽ വളകിലുക്കം കാവൽ നിന്നിരുന്നതവൾ മങ്ങിയ കണ്ണുകളോടെ തിരിച്ചറിഞ്ഞു. പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചതിൽ നിന്നും വീണു കിട്ടിയ ശ്വാസം അവൾ ആഞ്ഞാഞ്ഞു വലിച്ചു.

അനൂജ തളർച്ചയിൽ നിന്നുമുണരുമ്പോൾ പൊട്ടിച്ചിരികൾക്കൊപ്പം മദ്യത്തിന്റെ രൂക്ഷഗന്ധം ആ പരിസരത്തെ ചൂഴ്ന്ന് നിന്നിരുന്നു.

അവൾ എഴുനേൽക്കാൻ ശ്രമിച്ചു.

ആവുന്നില്ല. തകർന്നൊരു കളിപ്പാട്ടം പോലെ അംഗങ്ങൾ കൊഴിഞ്ഞടർന്ന് അവൾ ശ്വാസത്തിനായി ഒന്നാഞ്ഞു വലിച്ചു. ഇപ്പോഴും മൂക്കും വായും പൊത്തി പിടിച്ചു ശ്വാസം മുട്ടിച്ച ആ മുരടിച്ചു തഴമ്പിച്ച കൈകൾ അവിടെവിടെയോ ഒളിച്ചിരിപ്പുണ്ടെന്ന് അവൾക്ക് തോന്നി.

ഭീതിയും കണ്ണീരും വേദനയും അവൾ ചേർത്തുകെട്ടി കിടക്കവിരിയിൽ നനഞ്ഞ നിറഞ്ഞ ചോരയും വഴുവഴുപ്പും മറികടന്നവൾ ഭിത്തി പിടിച്ചു എഴുന്നേറ്റു.

അകത്ത് പരക്കുന്ന സെന്റ് മണത്തിനൊപ്പം ചെറിയമ്മ അയാളുടെ പിന്നാലെ പടിയിറങ്ങുന്നത് അവൾ ജനൽ വഴി നോക്കി നിന്നു.

പിന്നീടവൾ വാതിലടച്ചു ഭദ്രമാക്കി. ചെറിയമ്മ അഴിച്ചിട്ടുപോയ സാരിയിൽ ജീവിതത്തിന്റെ അവസാനവരി എഴുതി ചേർത്തു.
അപ്പോഴും കുറച്ചുമുമ്പെ മുറിയിലെത്തി ചിറകറ്റു വീണ ശലഭത്തെ ഒരായിരം ഉറുമ്പുകൾ കൊത്തിവലിക്കുന്നുണ്ടായിരുന്നു.

About Mahitha Bhaskaran

മുപ്പതു വര്‍ഷമായി ഗള്‍ഫില്‍ വീട്ടമ്മയാണ് കവിതകളും കഥകളും എഴുതുന്നു ആദ്യം ഗള്‍ഫ് വോയ്സ് എന്ന മാസികയില്‍ ആണ് എഴുതി തുടങ്ങിയത് പന്നീട് പല ഓണ്‍ ലൈന്‍[സോഷ്യല്‍ മീഡിയ കളില്‍ ]എഴുതി സജ്ജീവമായി എഴുത്തിലേക്ക്‌ തിരിഞ്ഞു.ഒരു കവിതാസമാഹാരം പുറത്തിറക്കി രണ്ടാമത്തെ കഥാ സമാഹാരം ജനുവരിയില്‍ പുറത്തിറങ്ങുന്നു. യു ഏ ഈ ലാണ് [ദുബായ് ] കുടുംബത്തോടൊപ്പം താമസം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *