ടേക്കൺ

ങ്ങനെ ഒരു മാമ്പഴക്കാലവും കൽക്കണ്ടക്കനവുകളും ഇറങ്ങി, അതിനു രണ്ട് അവാർഡും ഒക്കെ വാങ്ങിച്ച്, കുറച്ചു ഫേസ് ബുക്ക്‌ വായനക്കാരും സുഹൃത്തുക്കളും ഒക്കെ ആയി ഞാൻ ഒരു പൊടി സാഹിത്യകാരനായി വിഹരിക്കവെ ആണ് ഇങ്ങിനി വരാത വണ്ണം പിരിഞ്ഞു പോയെന്നു കരുതിയിരുന്ന ഒരു ബാല്യകാല സുഹൃത്ത്‌ രമേഷ് എന്റെ മുന്നിൽ അവതരിക്കുന്നത്. കല്യാണം കഴിഞ്ഞു ഒരു ഇടത്തരം ജോലിയുമായി ബാംഗ്ലൂർ സെറ്റിൽ ചെയ്തു എന്ന് കേട്ടിരുന്നു.

അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍ കോളിന് പുറകെ വന്നിറങ്ങിയത് പക്ഷെ ആ ഇടത്തരക്കാരൻ അല്ലായിരുന്നു. കോടികളുടെ കണക്കുകൾ ഫോണിൽ പറയുന്ന, പൈസ വാരി വാരി കണ്ണിൽ കാണുന്നിടത്തെല്ലാം എറിയുന്ന ഒരു കോടീശ്വരൻ. സുരേഷ് ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ,”കൊടീശ്വരൻ”.

എടോ രവീ, താൻ ഇറങ്ങി നിക്കെടോ, ഞാൻ ദാ വരുന്നു, എന്നായിരുന്നു രമേഷ് വിളിച്ചു പറഞ്ഞത്. കുറച്ചു നേരം കഴിഞ്ഞപ്പോൾ അതാ ഒരു വെളുത്ത ഇന്നോവ. രണ്ടടി പൊക്കമുള്ള ഡ്രൈവർ ചാടി ഇറങ്ങി ഡോർ തുറന്നപ്പോൾ, അഴകിയ രാവണനിലെ മമ്മൂട്ടിയെ പോലെ അതാ ഇറങ്ങി വരുന്നു രമേഷ്. കടിച്ചു പിടിക്കാൻ പൈപ്പ് ഇല്ലെന്നു മാത്രം.

വീട്ടിൽ ഒരു ബെർമുടയും ഇട്ടു നിന്ന എന്നെ രമേഷ് അതേ വേഷത്തോടെ പൊക്കി താജ് വിവാൻടയിൽ കൊണ്ട് പോയി. ട്രീറ്റൊട് ട്രീറ്റ്. തീറ്റയും കുടിയും മേളം തന്നെ. അതിനിടയിൽ രമേഷ് പറഞ്ഞു –

ഡോ താൻ ഫോണ്‍ വിളിയെടോ നമ്മുടെ കൂടെ പണ്ട് ഗോലി കളിച്ചു നടന്ന എല്ലാവന്മാരെയും, എല്ലാർക്കും എന്റെ ട്രീറ്റ്.

അങ്ങനെ ഇപ്പൊ അവന്മാര് സുഖിക്കണ്ട എന്ന് ഉള്ളിൽ തീരുമാനിച്ച അസൂയാലുവും കുശുംബനും ആയ ഞാൻ ഇല്ലാത്ത സങ്കടം കാരണം ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു –

അതിനു എന്റെ കയ്യിൽ അവരുടെ ആരുടേയും നമ്പർ ഇല്ലല്ലോ രമേഷ്

എന്നാൽ വേണ്ട നമുക്ക് ജീവിതം അടിച്ചു പൊളിക്കാം, അത് ഉറപ്പിക്കാൻ വേണ്ടിയാവണം രമേഷ് അവിടെ ഇരുന്ന ഒരു മേശ ഒരു കാര്യവും ഇല്ലാതെ അടിച്ചു പൊളിച്ചു(അപ്പൊ തന്നെ അതിന്റെ വിലയും കൊടുത്തു)

അങ്ങനെ പാർട്ടി പുരോഗമിക്കവേ രമേഷ് പറഞ്ഞു – ഡോ താൻ ഒരു ബുക്ക്‌ എഴുതി അല്ലെ?

ഞാൻ നാണത്തോടെ തലയാട്ടി, അതെ ഒന്നല്ല രണ്ട്, താൻ അറിഞ്ഞു അല്ലെ

പിന്നേ, ഞാൻ വായിച്ചു സംഭവം. അടിപൊളി, അതിനു തനിക്ക് അവാർഡും ഒക്കെ കിട്ടി അല്ലെ.

ഉവ്വാ.

ഞാൻ ഒക്കെ ആണ് അതിലെ കഥാപാത്രങ്ങൾ അല്ലെ

അതെ

ആ ബുക്ക് വായിച്ചു ഞാൻ കരഞ്ഞും ചിരിച്ചും മരിച്ചു

എന്നിട്ട്?

എന്നിട്ട് മൂന്നാം നാൾ പുനർജനിച്ചു. രമേഷ് അടുത്ത പെഗ് വിഴുങ്ങി.

ഡോ, താൻ ഇത് വരെ എഴുതിയതൊക്കെ എഴുതി പക്ഷെ ഇനി മേലിൽ ഒറ്റ ബുക്ക് പോലും എഴുതിപോകരുത് – രമേഷ് ഒരൊറ്റ അലർച്ച.

ങേ എഴുതണ്ടേ? അതെന്താ

വേണ്ടെന്നേ…

അതെന്താ ഞാൻ ബുക്ക് എഴുതിയാല്…” നാഗവല്ലിയെ പോലെ കണ്ണ് തുറിച്ച് ഞാൻ ചോദിച്ചു.

വേണ്ടെന്നു പറഞ്ഞില്ലേ…

അതെന്താ അല്ലിക്ക് ആഭരണം എടുക്കാൻ ഞാൻ കൂടെ പോയാല്…. – എനിക്ക് ദേഷ്യം കാരണം ഡയലോഗ് തെറ്റി.

ഫിറ്റ്‌ ആയിരുന്ന രമേഷിനും പറഞ്ഞ എനിക്കും കണ്ഫ്യൂഷൻ ആയി..

താൻ ആഭരണം എടുക്കാൻ പൊക്കൊ കുഴപ്പമില്ല, ആരാ അല്ലി? സെറ്റപ്പാ?, രമേഷ് ഒരു കണ്ണ് അടച്ചു കാണിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.

ഞാൻ പറഞ്ഞു, “എതല്ലി? അല്ലിയെ എനിക്കറിയില്ല, അത് പോട്ടെ ഞാൻ ബുക്ക് എഴുതണ്ട എന്ന് താൻ എന്തിനാ പറഞ്ഞത്??”

ങാ അതെ അതെ, താൻ ഇനി ബുക്ക് ഒരിക്കലും എഴുതരുത്.

പിന്നെ?

താൻ ഇനി സിനിമയുടെ തിരക്കഥ എഴുതിയാൽ മതിയെടോ, തിരക്കഥ എഴുതിയാൽ മതി.

ഞാൻ കണ്ണ് തള്ളി, തിരക്കഥയോ? അതൊക്കെ ഇനി തിരക്കിട്ട് എപ്പോ എഴുതും? അതുമല്ല ഞാൻ ഒക്കെ എഴുതിയാൽ പടം പിടിക്കാൻ പ്രൊഡ്യൂസർ വേണ്ടേ.

ച്ഛേ ലജ്ജാവഹം, രമേഷ് ചാടി എണീറ്റു. ദാണ്ടേ നില്ക്കുന്നു പ്രൊഡ്യൂസർ.

എവിടെ? എവിടെ? ഞാൻ ചുറ്റും നോക്കി.

ഡോ, ഡോ ഇങ്ങോട്ട്, ഇങ്ങോട്ട് നോക്കാൻ, ഈ ഞാൻ തന്നെ പ്രൊഡ്യൂസർ എന്ന്. താൻ സിനിമ എഴുതെടോ, ഞാൻ എടുക്കും ആ സിനിമ, എടുത്തു പൊക്കും. എന്നിട്ട് നമ്മൾ ഒരുമിച്ചു പണ്ട് ശ്രീകുമാർ തീയറ്ററിൽ പോയി തള്ളി സിനിമ കണ്ട പോലെ ഇതും നമ്മൾ കാണുമേടോ കാണും. ങീ ഹീ ഹീ

രമേഷ് എന്നെ കെട്ടിപ്പിടിച്ചു ഒരൊറ്റ കരച്ചിൽ.

അപ്പോൾ ഞാനും വികാരാധീനൻ ആയി. ഞാൻ പറഞ്ഞു എഴുതാം, രമേഷ് ഞാൻ എഴുതാം.

എഴുതുമോ? എടൊ താൻ എഴുതുമോ?

എഴുതാം. ചെട്ടികുളങ്ങരയിലെ ജീവിതം ഞാൻ സിനിമ ആക്കാം, ഞാൻ ഒരു കലക്ക് കലക്കും.

അയ്യട, അതങ്ങ് പള്ളീൽ പറഞ്ഞാൽ മതി.

രമേഷ് ചാടി എണീറ്റു.

ങേ, ഞാൻ കണ്ണ് തള്ളി. അപ്പൊ എഴുതണ്ടേ?

എഴുതണം, പക്ഷെ ഞാൻ പറയുന്നത് എഴുതണം. ചെട്ടികുളങ്ങരയും കുന്തവും ഒന്നും വേണ്ട.

പിന്നെ എന്തര്? ഞാൻ അറിയാതെ തനി തിരുവനന്തപുരംകാരൻ ആയി.

“TAKEN” സിനിമ താൻ കണ്ടിട്ടുണ്ടോ?

ഉണ്ടല്ലോ. അടിപൊളി, ഇന്ന് സെക്കണ്ട് ഷോക്ക് പോവാം?

ശേ, അതല്ലടോ. താൻ ആ സിനിമ മലയാളത്തിൽ മോഹൻലാലിനെ വെച്ച് എഴുതണം. തനിക്കു അത് പറ്റും. എന്റെ വലിയ ആഗ്രഹം ആണ്..

പറ്റുകയോക്കെ ചെയ്യും, പക്ഷെ അത് വേണോ? നമുക്ക് ജീവിതഗന്ധി ആയ… ചെട്ടികുളങ്ങരയിലെ…

കുന്തം, തന്റെ ഒരു കുട്ടികുളങ്ങര, ചെട്ടികുളങ്ങരയെ പറ്റി ഒരക്ഷരം ഇനി മിണ്ടിപ്പോകരുത്‌. നമുക്ക് TAKEN മതി. അത് ഞാൻ ആഗ്രഹിച്ചു പോയെടോ, ആഗ്രഹിച്ചു പോയി.

ശെരി TAKEN എങ്കിൽ TAKEN. ഞാൻ അപ്പോൾ തന്നെ ആ കഥാബീജം മോഹൻലാലിനു വേണ്ടി ഉടച്ചു വാർത്ത് ഒരു ചെടിച്ചട്ടിയിൽ നട്ടു. രണ്ട് പെഗ് ബ്രാണ്ടി അതിനു മൂട്ടിൽ ഒഴിക്കുകയും ചെയ്തു. അങ്ങനെ രമേഷ് തിരികെ പോയി.

പക്ഷെ പോയ ശേഷവും എന്നും രമേഷ് വിളിക്കും. കഥയുടെ ഇല വന്നോ, പൂ വന്നോ, വേര് വന്നോ, അങ്ങനെ ഓരോരോ ചോദ്യങ്ങൾ. ഞാൻ വികസിപ്പിച്ചു കൊണ്ട് വന്ന കഥ പറയും, രമേഷ് കുറെ മാറ്റങ്ങൾ പറയും. അങ്ങനെ ഞാൻ തിരക്കഥ എഴുതാൻ തുടങ്ങി.

ഇടയ്ക്കു ഒരു ദിവസം വൈകിട്ട് വെൽ മിസ്റ്റർ പെരേരാ എന്ന് വിളിച്ച് ഒരു പൈപ്പും കടിച്ചു പിടിച്ചു വീണ്ടും വന്നല്ലോ രമേഷ്. ഞങ്ങൾ വീണ്ടും താജിൽ പോയി, ട്രീറ്റൊട് ട്രീറ്റ്.

ഇടയ്ക്കു അവൻ പറഞ്ഞു. ഡോ ഞാൻ രണ്ടു വണ്ടി ബുക്ക്‌ ചെയ്തു.

ഓഹോ ഏതെല്ലാം, ആൾട്ടോയും നാനോയും ആയിരിക്കും അല്ലെ? ഞാൻ ചോദിച്ചു.

അല്ല, പോടോ അവിടുന്ന്, ഒരു ജാഗ്വാർ, പിന്നെ മറ്റേതു പൊർഷെ കെയ്ൻ.

ഞാൻ അസൂയ കാരണം ഇരുന്നിരുന്ന കസേര ഇരുട്ടത്ത്‌ ആരും കാണാതെ രണ്ടു കൈ കൊണ്ടും മാന്തിപ്പൊളിച്ചു, മുന്നിലിരുന്ന ഫോർക്കും സ്പൂണും വളച്ചൊടിച്ചു റാ എന്ന് പറയുന്ന അക്ഷരം പോലെ ആക്കി.

ഞാൻ പറഞ്ഞു. അതൊക്കെ വൃത്തികെട്ട കാറുകൾ അല്ലെ? ഇടക്കൊക്കെ തള്ളേണ്ടി വരും, കാണാനും നാനോയുടെ ആ ലുക്കും ഇല്ല എന്നാണ് കേട്ടത്.

അതൊക്കെ വിവരമില്ലാത്ത വല്ലവനും പറയുന്നതായിരിക്കും.. രമേഷ് പറഞ്ഞു.

കുറച്ചു കഴിഞ്ഞ് ആ അസൂയ കഷ്ട്ടപ്പെട്ടു വിഴുങ്ങി ഒരു ഗ്ലാസ്‌ ഐസ് വാട്ടർ കുടിച്ച ശേഷം ഞാൻ പറഞ്ഞു, രമേഷ് എനിക്ക് വലിയ ആഗ്രഹം ആണ് ജാഗ്വാർ ഓടിക്കാൻ, ഒന്ന് തരുവോ…. പ്ലീസ്.

തുറന്ന വായിൽ നിന്നും കൊതി കാരണം ഇറ്റു വീഴുന്ന തുപ്പൽ വകവെക്കാതെ ഞാൻ പ്രതീക്ഷയോടെ രമേഷിനെ നോക്കി.

അപ്പോൾ രമേഷ് പറഞ്ഞു. അത് മാത്രം നടക്കില്ല, ജാഗ്വാർ എനിക്ക് സ്വന്തം ഭാര്യയെ പോലെ ആണ്, താൻ പൊർഷെ വേണമെങ്കിൽ ഓടിച്ചോ. മറ്റേതു തരില്ല.

ഒരു തവണ താ രമേഷ്. ഞാൻ വീണ്ടും ചുണ്ട് കൂർപ്പിച്ചു.

ഇല്ലെടോ, തരില്ല തരില്ല തരില്ല. താൻ ചോദിക്കരുത്, പൊർഷെ താൻ വേണമെങ്കിൽ ഒരു മാസം ഇവിടെ ഓടിച്ചോ.

ശെരി, സമ്മതിച്ചു പക്ഷെ ജാഗ്വാർ ഞാൻ കേറി ഇരുന്നു ഗിയർ ഒക്കെ ഇട്ടു നോക്കും. ഹോണ്‍ ഒക്കെ അടിക്കും, ഓക്കേ?

അത് രമേഷ് മനസില്ലാ മനസോടെ സമ്മതിച്ചു. കാർ ബുക്ക്‌ ചെയ്തു എന്ന് പറഞ്ഞപ്പോൾ ആണ് ഈ സംഭാഷണം എന്ന് ഓർക്കണം.

അന്ന് രമേഷ് പോകുന്ന പോക്കിൽ അവിടെ നിന്ന സകല ഹോട്ടൽ ജോലിക്കാർക്കും സെക്യൂരിട്ടിക്കും ഒക്കെ ആയിരം രൂപ വീതം കൊടുത്തു.

അത് കണ്ടു മൂന്നു തവണ സെക്യൂരിറ്റിയുടെ തൊപ്പി അടിച്ചു മാറ്റി വെച്ച് ഞാൻ പല പല തൂണുകൾക്കു പുറകിൽ മറഞ്ഞു നിന്ന് കൈ നീട്ടിയെങ്കിലും എല്ലാ തവണയും രമേഷ് എന്നെ കണ്ടു പിടിച്ചു. പക്ഷെ ഭാഗ്യത്തിന് പറഞ്ഞത് ഇങ്ങനെ ആണ് –

ഡോ തന്റെ പഴയ തമാശ നമ്പരുകൾ ഇത് വരെ മാറിയിട്ടില്ല അല്ലെ.

അങ്ങനെ കാലക്രമേണ ഞാൻ മോഹൻലാലിന് വേണ്ടി സിനിമ എഴുതുന്ന കാര്യം കസിന്സിന്റെ ഇടയിൽ ഫ്ലാഷ് ആയി. ഞാൻ തന്നെ ആണ് എല്ലാവരോടും പറഞ്ഞത്. എന്താണ് ഇപ്പൊ പരിപാടി എന്ന് ഏതോ കസിൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു –

ഒരു ബുക്ക്‌ പകുതി എഴുതി, പിന്നെ ഒരു ചെറിയ സിനിമ.

ഓഹോ ആരെ വെച്ച്?

നമ്മടെ ആ പയ്യൻ മോഹൻലാലിനെ വെച്ച്.

ഉടനെ അവരെല്ലാവരും എണീറ്റ്‌ നിന്ന് ഒരേ സ്വരത്തിൽ പറഞ്ഞു, ഇതാ വരുന്നു എളിമയുടെ ആൾ രൂപം.

ഞാനും എണീറ്റ് തിരിഞ്ഞു നോക്കി, എവിടെ? ആരാണ് ആ എളിമയുടെ ആൾ രൂപം.

അപ്പോൾ അല്ലെ മനസിലായത് ഞാൻ തന്നെ ആണ് ആ രൂപം, കാരണം മോഹൻലാലിനെ ഒക്കെ വെച്ച് സിനിമ എഴുതുന്നു, എന്നിട്ട് ചെറിയ സിനിമ എന്ന് പറയുന്നു.

അങ്ങനെ TAKEN മലയാളത്തിൽ വളർന്നു, പൂവായി കായായി…. പക്ഷെ രമേഷ് വിളിക്കുന്നില്ല. അനക്കമേ ഇല്ല. മൊബൈൽ എപ്പോഴും ഓഫ്‌. ഇനി വിദേശ പര്യടനം വല്ലതും? ഒടുവിൽ ഞാൻ വീട്ടിലെ നമ്പറിൽ വിളിച്ചു. ആരോ എടുത്തു, ഞാൻ ചോദിച്ചു –

രമേഷ്?

രമേഷ് ഇല്ലല്ലോ ആരാണ്?

ഞാൻ രവി, ഫ്രെണ്ട് ആണ് TAKEN വെച്ച് ഒരു മലയാളം സിനിമ ഞാൻ എഴുതുന്നു രമേഷിന് വേണ്ടി. അത് പൂർത്തി ആയി, പറയാൻ വേണ്ടി വിളിച്ചതാ.

അപ്പോൾ അയാൾ ചോദിച്ചു, ഏതു സിനിമ വെച്ച്?

നമ്മടെ TAKEN ഇല്ലേ അത് വെച്ച്.

ഓ ശെരി, ശെരി.

അല്ല, രമേഷ് എവിടെ എന്ന് പറഞ്ഞില്ല.

ഹി ഈസ്‌ ആൾസോ റ്റെയ്ക്കണ്‍

ങേ? എന്ന് വെച്ചാൽ?

TAKEN ബൈ പോലീസ്, ഫ്ലാറ്റ് ഉണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞു കാശു വാങ്ങി മുങ്ങി, അത് തന്നെ കാര്യം

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. നിശബ്ദമായി ആ TAKEN മരം മുറിച്ചു കഷണങ്ങൾ ആക്കി അടുപ്പിൽ വെച്ചു. പണ്ടാരോ പറഞ്ഞ പോലെ, എന്തൊക്കെ ആയിരുന്നു, ജഗ്വാർ പോർഷെ TAKEN മോഹൻലാൽ മലപ്പുറം കത്തി… ഒടുവിൽ പടം എടുക്കാൻ വന്ന രമേഷ് TAKEN ഇൻസൈഡ്.

About Ajoy Kumar

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് അവാർഡ് ജേതാവ്. 'അങ്ങനെ ഒരു മാമ്പഴക്കാലം', 'കൽക്കണ്ട കനവുകൾ' എന്നിവ പ്രധാന കൃതികൾ. ബി കോം ബിരുദധാരി,അനിമേറ്റര്‍, കാര്‍ട്ടൂണിസ്റ്റ്,ഇന്ത്യയിലെ ആദ്യ 3ഡി അനിമേഷന്‍ മുസിക്‍ ആല്‍ബം നിര്‍മാണത്തില്‍ പ്രധാനപങ്കുവഹിച്ചു,

Check Also

പുരുഷകേസരിയുടെ പ്രസവം

എനിക്ക് എന്റെ ഭാര്യയുടെ പ്രസവം കാണണം ണം ണം ണം ണം ണം ണം (ണം എല്ലാം എക്കോ ആണ്) …

Leave a Reply

Your email address will not be published. Required fields are marked *