കാലാപാനി എന്ന സെല്ലുലാർ ജയിൽ

⚫ സിനിമയെ നെഞ്ചിലേറ്റിയ മലയാളിക്ക്‌ കാലാപാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ല. എങ്കിലും കാലാപാനിയുടെ ചരിത്ര പശ്ചാത്തലത്തിലേക്ക്‌ അൽപം സഞ്ചരിക്കാമല്ലേ. ജയിൽ പ്രവർത്തിച്ചിരുന്ന കാലത്ത്‌ കാലാപാനി എന്നറിയപ്പെട്ടിരുന്ന ഈ സെല്ലുല്ലാർ ജയിൽ സ്ഥിതി ചെയ്യുന്നത്‌ ഇന്ത്യയിലെ ആൻഡമാൻ ദ്വീപിലെ പോർട്ട്‌ ബ്ലയറിലാണ്.

⚫ കൊൽക്കത്തയിൽ നിന്ന് തെക്ക്‌ ആയിരം കിലോമീറ്റർ ദൂരത്താൺ ആൻഡമാൻ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്‌. 350ലധികം കി. മി. നീളത്തിൽ വ്യാപിച്ച്‌ കിടക്കുന്ന ദ്വീപ സമൂഹമാണ് അന്തമാൻ. ചെറുതും വലുതുമായ 180 ദ്വീപുകളുണ്ട്‌ അന്തമാനിൽ. തലസ്ഥാന നഗരമായ പോർട്ട്‌ ബ്ലയറിലാണ് കാലാപാനി സ്ഥിതി ചെയ്യുന്നത്‌. ഇംഗ്ലീഷ്‌ നാവികനായ ആർച്ച്‌ ബാൾഡ്‌ ബ്ലയറുടെ നാമമാണ് ഈ നഗരത്തിന് നൽകപ്പെട്ടിരിക്കുന്നത്‌.

⚫ 1896 ൽ നിർമ്മാണമാരംഭിച്ച്‌ 1906 ൽ പൂർത്തിയായ, ബ്രിട്ടീഷുകാർ പണി കഴിപ്പിച്ച ജയിലാണ്‌ കാലാപാനി. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ പാർപ്പിക്കാനായാണ്‌ ബ്രിട്ടീഷുകാർ ഇത്‌ നിർമ്മിച്ചത്‌. ഈ ജയിലിൽ 698 ജയിൽ അറകളുണ്ടായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ മനുഷ്യത്വമർഹിക്കാത്ത വിധം ക്രൂരമായി പീഡിപ്പിച്ചിരുന്നത് ഈ ഏകാന്ത തടവറയിലായിരുന്നു. സ്വാതന്ത്ര്യ സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സ്വാതന്ത്ര്യ സമര സേനാനികളെ കടൽ മാർഗ്ഗം ഇവിടെ എത്തിച്ച്‌ ഏകാന്ത ജയിൽവാസ പീഢനമേൽപ്പിച്ചിരുന്നു.

kalapani-cellls-new
Kalapani now as museum

⚫ സ്വാതന്ത്ര്യ സമര സേനാനികളുടെ സമരവീര്യം തകർക്കാനായി ബ്രിട്ടീഷുകാർ തന്ത്രപൂർവ്വം നിർമ്മിച്ചതാണ് കാലാപാനി. ഈ ഏകാന്ത തടവറയിൽ എത്തപ്പെട്ടാൽ തടവുകാർ ഒരിക്കലും രക്ഷപ്പെടില്ല എന്ന് ബ്രിട്ടീഷുകാർക്കറിയാമായിരുന്നു. ആയിരം കിലോമീറ്ററുകളോളം കറുത്തിരുണ്ട ആർത്തലക്കുന്ന തിരമാലാകൾ മാത്രം. ജയിലിന്റെ പേരിനെ അനർത്ഥമാക്കുന്ന കറുപ്പു നിറം തോന്നിക്കുന്ന ഈ കടൽ ശരിക്കും കാലാപാനി തന്നെ.

⚫ ഏഴ്‌ ബ്ലോക്കിലേക്കും തിരിച്ചും പോകണമെന്നുണ്ടെങ്കിൽ പാറാവ്‌ മാളിക വഴി മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഏഴ്‌ ബ്ലോക്കുകളും മൊത്തം വരാന്തകളും ഈ പാറവ്‌ മാളികയിൽ നിന്ന് നോക്കിയാൽ കാണാവുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണം.

ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം സുരക്ഷിതമായ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്‌. ഓരോ ബ്ലോക്കിൽ നിന്ന് പുറത്ത്‌ കടക്കാനായി മൂന്ന് വീതം താഴ്‌ ഇട്ട്‌ പൂട്ടിയ കനം കൂടിയ മൂന്ന് വാതിലുകൾ കടക്കേണ്ടതായുണ്ട്‌. ഈ വാതിലുകളെയും പാറാവുകാരെയും കബളിപ്പിച്ച്‌ പുറത്ത്‌ കടക്കുക എന്നത്‌ ഒരിക്കലും സാധ്യമായിരുന്നില്ല.

⚫ കരിങ്കല്ല് കൊണ്ട്‌ പണിതിരിക്കുന്ന ജയിലിന്റെ മുൻവശം നീളത്തിൽ പരന്ന് കിടക്കുന്ന ജയിൽ കാര്യാലയങ്ങളാണ്. അകത്ത്‌ നടുവിലായി പാറാവ്‌ ഗോപുരം. മൂന്ന് നിലകളിലായി ഏഴ്‌ ബ്ലോക്കുകളായിരുന്നു ബ്രിട്ടീഷുകാർ പണി കഴിപ്പിച്ചത്‌. ഏകാന്ത തടവ്‌ വിധിക്കുന്ന 698 പേരെ താമസിപ്പിക്കാൻ പറ്റുന്ന 4.5 മീറ്റർ നീളവും 2.7 നീളവുമുള്ള 698 മുറികളാണ് ഈ ജയിലിനകത്തുള്ളത്‌ എന്നത്‌ തന്നെ ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. പുറമേ നിന്നുള്ള ശബ്ദം പോലും ശരിക്ക്‌ കേൾക്കാനവാത്ത വിധമാണ് ഈ ജയിലുകളുടെ നിർമ്മാണം. മൂന്ന് മീറ്റർ ഉയരത്തിൽ കാറ്റും വെളിച്ചവും കടക്കാനുള്ള ചെറിയൊരു വെന്റിലേറ്റർ മാത്രമുണ്ട്‌. തടവുകാർ പരസ്‌പരം കാണാതിരിക്കാൻ വേണ്ടി ഒരു സെല്ലിന്റെ മുൻവശത്ത്‌ മറ്റൊരു സെല്ലിന്റെ പിൻവശം എന്ന രീതിയിലാൺ ജയിൽ പണി കഴിപ്പിച്ചിരിക്കുന്നത്‌.

⚫ ഒരു നിലക്കും സമര വീര്യം തകർക്കാൻ പറ്റാത്ത സമര സേനാനികളെയാണ് ബ്രിട്ടീഷുകാർ ഇവിടെ എത്തിച്ചിരുന്നത്‌. പല സമര യോദ്ധാക്കളും ഈ ജയിലിൽ വെച്ച്‌ മരണം വരിച്ചിട്ടുണ്ട്‌. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന്നായി ഇറങ്ങി തിരിച്ചവരുടെ മനോവീര്യം കെടുത്താനുള്ള ഉദ്ദേശത്തിൽ ഇവിടെ എത്തിക്കപ്പെട്ട ധീര പോരാളികളെ ബ്രിട്ടീഷുകാർക്ക്‌ പല വിധത്തിലും ദ്രോഹിക്കാൻ സാധിച്ചുവെങ്കിലും മനോവീര്യവും ദേശക്കൂറും ചോർത്താൻ ബ്രിട്ടീഷുകാർക്ക്‌ സാധിച്ചില്ല.

⚫ തടവിലാക്കപ്പെട്ടവരെ കൊണ്ട്‌ ജയിലിനകത്ത്‌ ജോലിയും ചെയിപ്പിക്കുമായിരുന്നു. അന്തമാനിൽ സുലഭമായി ലഭിക്കുന്ന തേങ്ങയുടെ ചകിരി കൊണ്ട്‌ കയർ ഉണ്ടാക്കിക്കുകയും തേങ്ങയാട്ടി എണ്ണ എടുപ്പിക്കുകയും ചെയിതിരുന്നു. ഓരോരുത്തർക്കും ദിവസം നിശ്‌ചയിച്ച്‌ കൊടുത്തിട്ടുള്ള ജോലിയിൽ കുറവ്‌ വരുത്തിയാൽ ജയിൽ മുറ്റത്ത്‌ നിർത്തി പ്രാകൃതമായി ചാട്ടവാർ കൊണ്ട്‌ അടിച്ച്‌ ശിക്ഷിക്കുമായിരുന്നു. അസഹ്യയമായ പല പീഢനങ്ങളും ഇവിടെ നിത്യസംഭവമായിരുന്നു. ഇതിനെതിരെ വീറോടെ പ്രതികരിക്കുന്ന അതിശക്തരായ തടവുകാരെ തൂക്കിക്കൊല്ലുകയാണ്‌ നടപ്പ്‌.

⚫ അന്ത്യം വരെ നാടിന് വേണ്ടി പോരാടിയ ആ ധീരാത്മാക്കളുടെ സമരവീര്യ ആക്രോശങ്ങളും ക്രൂരപീഢനമേറ്റുള്ള ദീനരോദനങ്ങളും നിറഞ്ഞു നിന്നിരുന്ന ജയില്‍ ഇന്ന് ജയിൽ മ്യൂസിയമായി ഇന്ത്യാ ഗൺമന്റ്‌ നില നിർത്തിയിട്ടുണ്ട്‌.

സമ്പാദകൻ:- അഹ്‌ലുദേവ്

Check Also

ചില അവസാനങ്ങളും സുന്ദരമാണ്

നമ്മുടെയൊക്കെ ജീവിതത്തിലും നമ്മൾ മറ്റാരും കാണാതെ കൊണ്ടുനടക്കുന്ന ചില വേദനകളുണ്ടാകും… കാലത്താൽപോലും മായ്ക്കാൻ കഴിയാത്ത ചില നൊമ്പരങ്ങൾ… നേടാൻ കഴിയാത്ത …

Leave a Reply

Your email address will not be published. Required fields are marked *