രതൻ ബാബുവും അജ്ഞാതനായ ആ മനുഷ്യനും – ഭാഗം ഒന്ന്

rathan babu

ട്രെയിനിൽ നിന്നിറങ്ങി പ്ലാറ്റ് ഫോമിൽ നിന്നപ്പോൾ രതൻ ബാബുവിന് പറയാനാവാത്ത ഒരു നിർവൃതി അനുഭവപ്പെട്ടു. ഈ സ്ഥലം തന്നെ കുറേക്കാലമായി വിളിക്കുകയായിരുന്നു. സ്റ്റേഷനു പുറത്തു നിൽക്കുന്ന കാറ്റാടി മരത്തിൽ ഒരു ചുവന്ന പട്ടം കുടുങ്ങിക്കിടക്കുന്നു. രണ്ടുമൂന്നു ചാവാലിപ്പട്ടികൾ സ്റ്റേഷനു പുറത്തു അലയുന്നു. അധികം തിരക്കില്ലാത്ത ഈ സ്റ്റേഷൻ അനുഗ്രഹിക്കപ്പെട്ട സ്ഥലമായി ബാബുവിനു തോന്നി.

ഒരു ലെതർ സൂട്ട്കെയ്സും ഹോൾഡാളും – ചെറിയ ലഗ്ഗേജ്.  അന്യരുടെ സഹായം ആശ്രയിക്കേണ്ട. പതുക്കെ പുറത്തുകടന്നു. ആദ്യം കണ്ട റിക്ഷാക്കാരനെ വിളിച്ചു. കള്ളിഷർട്ടുകാരൻ ഓടിവന്ന് ലഗ്ഗേജും തൂക്കി രതൻ ബാബുവിനോട് ചോദിച്ചു.

‘എങ്ങോട്ടാണ്, സർ?’

‘ന്യൂ മഹാമായ’ ഹോട്ടൽ.

യാത്ര എന്നും രതൻ ബാബുവിന് ഹരമായിരുന്നു. തരംകിട്ടുമ്പോഴൊക്കെ കൽക്കത്തയ്ക്ക് പുറത്ത് കറങ്ങാൻ ബാബു ശ്രദ്ധിച്ചിരുന്നു. ഒരു കൃത്യമായ ജോലിയുള്ളയാളാണ് രതൻ ബാബു. ജിയോളജിക്കൻ സർവ്വേ ഡിപ്പാർട്ട്മെന്റിൽ സീനിയർ ക്ലാർക്ക്. പൂജ ഒഴിവും മറ്റു ഒഴിവുദിനങ്ങളും ചേർത്ത് ഒരു നീണ്ട ഒഴിവുകാലം എന്നും രതൻ ബാബുവിന്റെ വർഷാന്ത്യത്തിലെ ഉത്സവമാണ്. പലപ്പോഴും തൊട്ടടുത്തിരുന്നു ജോലിചെയ്യുന്ന കേശവ് ബാബുവിനോട് ചോദിക്കാനാഞ്ഞതാണ്. എന്നിട്ടും , ഇത്തവണ ചോദിക്കുക്കതന്നെ ചെയ്തു – ‘താങ്കൾ കുറേയൊക്കെ എന്നെപ്പോലെയാണ്. ആരേയും ആശ്രയിക്കാത്ത പ്രകൃതം. എങ്കിൽ ഇത്തവണത്തെ ഒഴിവുകാലം ഒരുമിച്ചായിക്കൂടെ?’

കേശവ് ബാബു കൈയിലെ പേന ചെവിയിൽ തിരുകി. രണ്ടു കൈകളും കൂട്ടിത്തിരുമ്മി, ചിരിച്ചുകൊണ്ട് പറഞ്ഞു. ‘നമുക്ക് രണ്ട് പേർക്കും സാമ്യതയുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. രതന് ആരും കേൾക്കാത്ത, ഒന്നും കാര്യമായി കാണാനില്ലാത്ത, നല്ല ഹോട്ടലോ താമസസ്ഥലമോ ഇല്ലാത്ത കാട്ടുമുക്കല്ലേ ഇഷ്ടം? ഞാൻ അടുത്തു തന്നെ ‘ഹരിണാഭി’യിലേക്ക് പോവുന്നു. അവിടെ, അളിയന്റെ അടുത്തേക്ക്!

പതുക്കെ രതൻ ബാബുവിനും സ്വയം മനസ്സിലായി തുടങ്ങി – താനൊരു പ്രത്യേകതരക്കാരനാണ്. ഇഷ്ടാനിഷ്ടങ്ങൾ ഒരിക്കലും മറ്റുള്ളവരുടേതുപോലെയല്ല. ഒരു നല്ല സുഹൃത്തിനെ കണ്ടെത്തുകയെന്നത്, അതുകൊണ്ടുതന്നെ നടക്കാത്ത കാര്യമാണ്. സാധാരണ മനുഷ്യർ പോകുന്ന സ്ഥലങ്ങളൊന്നും രതൻ ബാബുവിന്റെ അജണ്ടയിലില്ല – പുരിയിലെ കടൽക്കരയോ, ജഗന്നാഥ് ക്ഷേത്രമോ, ഡാർജിലിംഗിൽ  നിന്ന് കാണാൻ കഴിയുന്ന കാഞ്ചൻ ജംഗയോ, ഹസാരി ബാഗിലെ വനങ്ങളോ, റാഞ്ചിയിലെ വെള്ളച്ചാട്ടമോ ഒന്നും തന്നെ സാധാരണക്കാരനെപ്പോലെ രതൻ ബാബുവിനെ ആകർഷിച്ചിട്ടില്ല.

അതുതന്നെയാണ് ബാബുവിന്റെ പ്രത്യേകതയും – എല്ലാതവണയും റെയിൽവേ ടൈം ടേബിൾ നോക്കി ഏതെങ്കിലുമൊരു സ്റ്റേഷൻ – പരിചയമില്ലാത്തത് കണ്ടെത്തും. ആരും ബാബുവിനോട് ചോദിക്കാറില്ല – ഈ സ്റ്റേഷൻ എന്തുകൊണ്ട്? ഇവിടെ എന്താണ് വിശേഷം? ഇതുവരെ കേൾക്കാത്ത സ്ഥലം കാണാനും എന്തെങ്കിലുമൊക്കെ പുതുതായി കണ്ടെത്താനുമാണ് ബാബുവിന്റെ താല്പര്യം – ഒരുപക്ഷെ, മറ്റുള്ളവർക്ക് ഇതൊരു വിശേഷമായി തോന്നില്ല. ‘രാജഭക്താ’യിലെ വലിയ ചുരുളൻ ആൽവൃക്ഷം, ‘മഹേഷ് ഗഞ്ചി’ലെ കുങ്കുമപ്പൂവിന്റെ ഫാക്ടറിയുടെ അവശിഷ്ടങ്ങൾ, ‘മോയ്ന’യിൽ കിട്ടുന്ന അപൂർവ്വതരം മധുരബർഫി… അങ്ങിനെ പോകുന്നു രതൻ ബാബുവിന്റെ അത്ഭുതങ്ങൾ. ഇത്തവണ ടാറ്റാനഗറിനു പതിനഞ്ചുമൈൽ ദൂരെയുള്ള ‘ഗിനി’ നഗരമാണ് തെരെഞ്ഞെടുത്തത്. അങ്കിൾ മിത്ര പറഞ്ഞാണ് അറിഞ്ഞത്. ന്യൂ മഹാമായ ഹോട്ടലും മിത്രാജിയുടെ കണ്ടെത്തൽ തന്നെ.

രതൻ ബാബുവിന് ഹോട്ടലും തനിക്ക് കിട്ടിയ മുറിയും ഇഷ്ടമായി. കിഴക്കുവടക്കായി വലിയ ജനാലകൾ. പുറത്തെ കാഴ്ചകൾ കാണാൻ ഇവ ധാരാളം. ‘പഞ്ച’ യെന്ന റൂം ബോയ്. നല്ല ഉത്സാഹമുള്ളവൻ. ഭക്ഷണം വളരെ ചുരുങ്ങിയ രീതിയിലാണ്. അധികം വിഭവങ്ങളില്ല. പക്ഷെ, രതൻ ബാബു നേരത്തെ പഞ്ചയോട് പറഞ്ഞു വെച്ചു – തനിക്ക് ചപ്പാത്തിയും ചോറും മീൻ കറിയും പിന്നെ കുറച്ചു പച്ചക്കറിയും പരിപ്പുകറിയും മതിയെന്ന്. ആഹാരത്തിന്റെ നിബന്ധനകളൊക്കെ മാനേജറെ അറിയിച്ചശേഷം ഒരു ചായകുടിച്ച് ബാബു നടക്കാനിറങ്ങി. അത് പതിവുള്ളതാണ്. ഏത് അപരിചിതമായ സ്ഥലത്ത് ചെന്നുപെട്ടാലും രതൻ നടക്കാനിറങ്ങും. നാലുമണി കഴിഞ്ഞു. സയാഹ്നസവാരിക്ക് പറ്റിയ സമയം.

ചെറിയ നഗരമാണ് ‘ഗിനി’. തലങ്ങും വിലങ്ങുമുള്ള റോഡുകൾ. ഒരു റോഡിലൂടെ നടന്നപ്പോൾ നല്ലൊരു കുളക്കരയിലെത്തി. കുളത്തിൽ നിറയേ വെള്ളത്താമരകൾ. വിദേശികളും സ്വദേശികളുമായ അനേകം പറവകൾ – കൊറ്റികൾ, പൊന്മാൻ, വിരുന്നുവന്ന ക്രെയിൻ വിഭാഗക്കാർ. കുറേ നേരം കുളക്കരയിൽ ചിലവാക്കി. പിറ്റേ ദിവസം വ്യത്യസ്തമായ റോഡ് തിരഞ്ഞെടുത്തു ഒരു മാറ്റത്തിന്. മരം കൊണ്ടു പണിത ചെറിയ പാത. അടിയിൽക്കൂടി റെയിൽപ്പാത. കിഴക്കുഭാഗത്ത് റെയിൽവേ സ്റ്റേഷൻ. പടിഞ്ഞാറുഭാഗത്ത് അറ്റമില്ലതെ നീണ്ടുകിടക്കുന്ന റെയിൽപ്പാത. പാലത്തിനു മുകളിൽ നിന്നപ്പോൾ വേദാന്തം മനസ്സിലേക്ക് കടന്നുവന്നു. ജീവിതത്തിന്റെ ഒരിക്കലും കൂട്ടിമുട്ടാത്ത യാത്രയുടെ പാതകൾ. ആലോചനയിൽ മുഴുകിനിന്ന ബാബു തൊട്ടടുത്ത് ശരീരം മുട്ടിയുരുമ്മിനിന്ന ആ മനുഷ്യനെ ആദ്യം ശ്രദ്ധിച്ചില്ല. കണ്ടുകഴിഞ്ഞപ്പോൾ ശരിക്കുമൊന്നു ഞെട്ടി.

ദോത്തിയും ഷർട്ടും വേഷം. കണ്ണട. തവിട്ടുനിറത്തിലുള്ള കാൻവാസ് ഷൂ. ആകെ ഒരു പന്തികേടുപോലെ. പക്ഷെ എവിടെയോ കണ്ട പരിചയവും തോന്നുന്നു. എത്ര പ്രായമായിക്കാണും? അൻപത്. അൻപത്തഞ്ച്… അപരിചിതൻ കൈകൂപ്പി തൊഴുതുനിന്നപ്പോൾ തിരിച്ച് തൊഴാനായി രതൻ ബാബു ഒരുങ്ങി. അപ്പോഴാണ് തന്നെ അലട്ടിയിരുന്ന ആ സത്യം ബോദ്ധ്യമായത്. തൊട്ടുമുമ്പിൽ തന്റെ തന്നെ പ്രതിബിംബമെന്നു തോന്നിക്കുന്ന മനുഷ്യൻ! പലതവണ കണ്ണാടിക്കുമുന്നിൽ കണ്ടിട്ടുള്ളതാണ് മെലിഞ്ഞുകൂർത്ത ഒറ്റത്താടി, രണ്ടായി പകുത്തുനിർത്തിയ തലമുടി, നന്നായി ഒരുക്കിയ ചീകിയ മീശ, കട്ടി പുരികങ്ങൾ, എല്ലാം തന്റേതുപോലെത്തന്നെ. കുറച്ച് നിറം തെളിഞ്ഞതാണെന്നൊഴിച്ചാൽ ഒരു മാറ്റവുമില്ല.

ആ മനുഷ്യൻ സംസാരിച്ചു തുടങ്ങിയപ്പോൾ അതും രതൻ ബാബുവിൽ ഞെട്ടലുളവാക്കി. പണ്ട് അടുത്ത വീട്ടിലെ പയ്യൻ സുശാന്തോ തന്റെ ശബ്ദം ടേപ്പ് ചെയ്ത് കേൾപ്പിച്ചിരുന്നത് ഓർമ്മ വന്നു. ആ ശബ്ദവും ഇപ്പോൾ കേൾക്കുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല. ‘എന്റെ പേര് മണിലാൽ മജ്ജുംദാർ’. ‘രതൻ ലാൽ’ – ‘മണിലാൽ’. അത്ഭുതംകൊണ്ട് മരവിച്ച രതൻ ബാബുവിനു സംസാരിക്കാനാവുന്നില്ല.

‘താങ്കൾ താമസിക്കുന്ന ‘ന്യൂ മഹാമായ’യിൽ അല്ലേ? എന്നെ ഒരു പക്ഷെ അറിയില്ലായിരിക്കും. പക്ഷെ നമ്മൾ ഇതിനുമുമ്പ് കണ്ടിട്ടുണ്ട്. കഴിഞ്ഞവർഷം ‘ദുലിയാനിൽ.’

‘നിങ്ങൾ – അവിടെ?’

‘അതെ, സർ. പൂജാ ഒഴിവിന് എവിടെയെങ്കിലും പോവുകയെന്നത് എന്റെയൊരു ആവേശമാണ്. കൂട്ടുകാർ ആരും കൂടെയില്ലാതെ തനിച്ച്. ഇത്തവണ എന്റെ സുഹൃത്താണ് ഈ സ്ഥലം പറഞ്ഞുതന്നത്  ‘ഗിനി’. നല്ല സ്ഥലം അല്ലേ?

രതൻ ബാബു നിന്നു പക്യ്ക്കുകയാണ്. ഒരു വല്ലാത്ത വിശ്വാസക്കുറവും വെപ്രാളവും. തലയാട്ടിക്കൊണ്ട് ബാബു സമ്മതിച്ചു.

‘താങ്കൾ അപ്പുറത്തുള്ള കുളം കണ്ടിരുന്നുവോ? ആ പക്ഷികളെ ഇതിനു മുൻപ് കണ്ടിട്ടേയില്ല’ – മണിലാൽ ബാബു പറഞ്ഞു.

‘ശരിയാണ് എനിക്കും ഇതുതന്നെ തോന്നി.’

സ്വരം വീണ്ടെടുത്ത് രതൻ ബാബു പറഞ്ഞു. പെട്ടെന്ന് ഒരു ‘ഭും’ ശബ്ദം. ട്രെയിൻ  പാലത്തിനടിയിലൂടെ പോകുന്ന ശബ്ദമാണ്. ട്രെയിനിന്റെ മുൻവശത്തെ വെളിച്ചം അത്ഭുതത്തോടെ അവർ രണ്ടുപേരും ചേർന്നു നിന്ന് നോക്കി. ചെറിയ കുലുക്കത്തോടെ ട്രെയിൻ കടന്നുകഴിഞ്ഞപ്പോൾ രണ്ടുപേരും ഒരുപോലെ മറ്റേവശത്തേക്ക് ഓടിച്ചെന്ന് അവിടെനിന്നും താഴേക്ക് നോക്കി, ട്രെയിൻ കണ്ണിൽനിന്നും മായുംവരെ. രതൻ ബാബുവിന് താാനൊരു ബാലനായി മാറിയതുപോലെ. ‘എന്തൊരത്ഭുതം, ഇപ്പോഴും ട്രെയിൻ പോകുന്നത് കാണുമ്പോൾ ആദ്യമായി കാണുന്നതുപോലെ, അല്ലേ രതൻ ബാബു?’ – മണിലാൽ ബാബു ചോദിച്ചു.

മടക്കയാത്രയിൽ മണിലാൽ ബാബുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടി. മൂന്നുദിവസമായി ‘ഗിനി’യിൽ വന്നിട്ട്. ‘കലിക’ ഹോട്ടലിലാണ് താമസം. കൽക്കത്തയിൽ തന്നെ ഒരു കച്ചവടസ്ഥാപനത്തിലാണ് ജോലി. ശമ്പളത്തേക്കുറിച്ച് അറിയാൻ ഉത്കണ്ഠ ഉണ്ടായിരുന്നുവെങ്കിലും രതൻ ബാബു ചോദിച്ചില്ല. മനസ്സു വായിച്ചതുപോലെ, പക്ഷെ മണിലാൽ പറഞ്ഞു. നാനൂറ്റി മുപ്പത്തിയേഴു രൂപയാണ് മാസ ശമ്പളം. എങ്ങിനെ ഇത് സംഭവിക്കും? കൃത്യം ഇതേ തുകയാണ് രതനും മാസാമാസം കൈപ്പറ്റുന്നത്. രണ്ട് പേർക്കും പൂജാ ബോണസ് കിട്ടിയതും ഒരേ സംഖ്യ തന്നെ. ഇതൊരു വലിയ സമസ്യയായി രതൻ ബാബുവിനു തോന്നി – തന്റെ കാര്യങ്ങളൊക്കെ അണുവിട വിടാതെ ഇയാൾ കണ്ടെത്തിയിരിക്കുന്നു. മറ്റുള്ളവരോട് ഇടപഴകുന്നതിലും സംസാരിക്കുന്നതിലും വളരെ പുറകിലാണ് രതൻ ബാബു. എന്നിട്ടും ചെറിയ സംഗതികൾ പോലും വിശദാംശങ്ങളോടെ ഇയാൾ മനസ്സിലാക്കിയിരിക്കുന്നു. ശമ്പളത്തിന്റെ കാര്യം പോകട്ടെ, അത് അറിയാൻ വലിയ പ്രയാസമില്ല. പക്ഷെ, ആഹാര രുചികൾ എന്തൊക്കെ, ഏതുപത്രം വായിക്കുന്നു; ഏതുതരം സിനിമ കാണുന്നു; കായിക വിനോദങ്ങൾ എന്തൊക്കെ ഇതൊക്കെ അയാൾ പറയുന്നത് ചേരുംപടി ചേരുന്നു. ഇതൊന്നും മണിലാൽ ബാബുവിനോട് പറഞ്ഞില്ല, അങ്ങനെ പറയാൻ കഴിയില്ലല്ലോ. സ്വന്തം സ്വഭാവരീതികളാണ് ഇതൊക്കെ എന്നു പറയുകപോലും ചെയ്യാനാവാതെ രതൻ ബാബു ഒരു സാക്ഷിയായി മൗനം പൂണ്ടു.

‘മഹാമായ’ ഹോട്ടലിനു താഴെയെത്തിയപ്പോൾ മണിലാൽ ചോദിച്ചു.

‘ഇവിടെ എന്തൊക്കെയാണ് ഭക്ഷണം?’

‘നല്ല മീൻകറി കിട്ടും. പിന്നെ ചപ്പാത്തി തുടങ്ങിയവയും.’

‘ഞാൻ താമസിക്കുന്ന സ്ഥലത്ത് ജഗന്നാഥ് ഹോട്ടലിൽ ഭക്ഷണം ഇതിനേക്കാൾ നന്നായിരിക്കും എന്ന് തോന്നുന്നു. ചോളം കൊണ്ടുള്ള കറി വളരെ വിശേഷപ്പെട്ടതാണ്. ഇന്നു രാത്രിയിലെ ഭക്ഷണം അവിടെ ആക്കിയാലോ?’ – മണിലാൽ ചോദിച്ചു.

‘എനിക്കു വിരോധമില്ല. എട്ടുമണിയോടെ കാണാം അല്ലെ?’

മണിലാൽ പോയശേഷം രതൻ ബാബു റോഡിൽ കുറേ ദൂരം വെറുതെ ആകാശത്തേക്ക് നോക്കി നടന്നു. വിശാലമായ ആകാശം. നക്ഷത്രം നിറഞ്ഞ ആകാശത്തിൽ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്കു നീളുന്ന ‘നക്ഷത്രപാത.’ അങ്ങിനെ നോക്കിനിന്നപ്പോൾ രതൻ ബാബുവിനു ജീവിതത്തിൽ പുതിയ അർത്ഥങ്ങൾ ഉണ്ടാവുന്നതുപോലെ തോന്നി. ഇതുവരെ തനിക്കനുയോജ്യനായ ഒരു സുഹൃത്തിനേയും കാണാനായിട്ടില്ല. പക്ഷെ ‘ഗിനി’യിൽ വന്നശേഷം തനിക്കൊരു സുഹൃത്തിനെ കിട്ടിയിരിക്കുന്നു. എല്ലാംകൊണ്ടും തന്റെ തനിപ്പകർപ്പുതന്നെ. പുറമേനിന്നു കാണുമ്പോഴുള്ള ചെറിയ നിറവ്യത്യാസം മാറ്റിനിർത്തിയാൽ, ഇരട്ടകളാണന്നേ ആരും പറയൂ. പക്ഷെ ഒരു സുഹൃത്തായി അംഗീകരിക്കാൻ തക്കവണ്ണം തങ്ങൾ അടുത്തുകഴിഞ്ഞുവോ? അറിയില്ല. കുറച്ചുകൂടെ പരസ്പരം അറിഞ്ഞുകഴിഞ്ഞാലേ അതു പറയാനാവൂ .

തുടരും..

About Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *