ആധുനിക വൈദ്യശാസ്ത്രം മാറാരോഗമായി പരിഗണിക്കുന്ന ഒന്നാണ് രക്താതിമര്‍ദ്ദം. എന്നാല്‍ പല രോഗങ്ങളുടെയും മുന്നോടി ആയാണ് ബി.പി. ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രക്താതിമര്‍ദ്ദത്തിന് കാരണഭൂതമായ ഘടകങ്ങളെ ശരീരത്തില്‍നിന്ന് ഇല്ലായ്മ ചെയ്യുന്നതിലൂടെയും, ആഹാര വിഹാരങ്ങളെ ക്രമീകരിച്ച് ചിട്ടയായ ജീവിതചര്യ പാലിക്കുന്നതിലൂടെയും, ത്രിദോഷശമനങ്ങളായ ഔഷധ സേവയിലൂടെയും ഈ രോഗത്തെ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാമെന്ന് ആയുര്‍വേദശാസ്ത്രം വിവക്ഷിക്കുന്നു. ജീവനുള്ളിടത്തോളംകാലം ഹൃദയം സങ്കോചിക്കുകയും വികസിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗത്തും രക്തം ചെന്നെത്തുന്നത് ഈ പ്രവര്‍ത്തനം കൊണ്ടാണ്. ഹൃദയം സങ്കോചിക്കുമ്പോള്‍ രക്തം ധമനികളിലേക്ക് ശക്തമായി പ്രവഹിക്കുന്നു. ഹൃദയം വികസിക്കുമ്പോള്‍ രക്തം ഹൃദയത്തിലേക്ക് തിരിച്ചെത്തുന്നു. ഈ പ്രക്രിയയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. രക്തം ഹൃദയത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ (ഹൃദയം വികസിക്കുമ്പോള്‍) സിരകളിലെ മര്‍ദ്ദം കുറഞ്ഞിരിക്കും. ഇതിനെ വികാസമര്‍ദ്ദം എന്നു പറയുന്നു. ഹൃദയം സങ്കോചിക്കുമ്പോള്‍ രക്തത്തെ ധമനികളിലേക്ക് തള്ളിവിടാന്‍ കൂടുതല്‍ ശക്തി പ്രയോഗിക്കേണ്ടിവരും. ആയതിനാല്‍ ആ സമയം രക്ത സമ്മര്‍ദ്ദം കൂടിയിരിക്കും. ഇതിനെ സങ്കോചമര്‍ദ്ദം എന്നു പറയുന്നു.
ഒരു വ്യക്തിയുടെ ആരോഗ്യവസ്ഥയിലെ ബി.പി. 120-80mmHg എന്നാതാണ് സാമാന്യ നിയമം.140-90mmHg വരെയുള്ള വ്യതിയാനവും രോഗവസ്ഥയായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ പരിധിയില്‍ നിന്നുമുള്ള വര്‍ദ്ധനവിനെ രക്താതിമര്‍ദ്ദം എന്ന രോഗാവസ്ഥയായി പരിഗണിക്കാം. രക്തക്ഷയ (രക്തകുറവ്) ജന്യമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം ആവശ്യമുള്ള അളവില്‍നിന്നും കുറഞ്ഞിരിക്കുകയാണ് പതിവ്. സങ്കോചമര്‍ദ്ദം (Systolic Pressure) 110-നും വികാസമര്‍ദ്ദം (Diastolic Pressure) 70-നുതാഴെയുമായി കാണപ്പെട്ടാല്‍ അതിനെ ന്യൂനരക്തമര്‍ദ്ദം(Low Blood Pressure) എന്നു പറയുന്നു.
BP എന്ന ചുരുക്കപ്പേരിലാണ് രക്തസമ്മര്‍ദ്ദ പ്രവണതയെ സാധാരണയായി വിളിക്കുന്നത്. BP ക്രമം വിട്ട് വര്‍ദ്ധിച്ചാലും കുറഞ്ഞാലും ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളായ ഹൃദയം, വൃക്കകള്‍, മസ്തിഷ്കം, നേത്രങ്ങള്‍ എന്നിവയ്ക്ക് നാശം ഉണ്ടാകും. രക്തസഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രധാന വില്ലന്‍ കൊളസ്ട്രോൾ(കൊഴുപ്പ്) ആണ്. കൊഴുപ്പ് രക്തധമനികളെ ചുരുക്കുകയും രക്തസഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നു. അപ്പോള്‍ ഹൃദയപേശികള്‍ക്ക് വലിപ്പം കൂടുന്നു. ഇങ്ങനെ വികസിക്കുന്ന ഹൃദയത്തിന് കൂടുതല്‍ പ്രാണവായുവും പോഷണവും നല്‍കാന്‍ കൂടുതല്‍ രക്തം ആവശ്യമാണെങ്കിലും അതു ലഭ്യമാക്കാന്‍ സാധ്യമാകാതെ വരുമ്പോള്‍ നെഞ്ചുവേദന ആരംഭിക്കും. നെഞ്ചുവേദന വര്‍ദ്ധിച്ചാല്‍ ഹൃദയം സ്തംഭിക്കും. ഇത് മൂലം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുക, ഒരു വശമോ രണ്ട് വശമോ തളരുക, കണ്ണുകള്‍ക്ക് പെട്ടെന്ന് കാഴ്ച ഇല്ലാതാവുക തുടങ്ങിയവയൊക്കെ സംഭവിക്കാം. ഇത്തരം ഒരു സ്ഥിതിയിലായിരിക്കും പലരെയും ആശുപത്രിയില്‍ എത്തിക്കുന്നത്.
BP-യുടെ ക്രമാതീതമായ വര്‍ദ്ധനവ് മൂലംസംഭവിക്കുന്നത്
- തലച്ചോറിലേക്കുള്ളസൂക്ഷ്മധമനികള്‍പൊട്ടുക.
- രക്തസ്രാവം.
- രക്തം കട്ടപിടിക്കല്‍.
- മേല്‍പ്പറഞ്ഞവ മൂലം ഉണ്ടാകുന്ന പക്ഷാഘാതം.
- വൃക്കകളുടെ പ്രവര്‍ത്തനമാന്ദ്യം.
- കണ്ണിലെ സൂക്ഷ്മധമനികള്‍പൊട്ടി കാഴ്ചശക്തി നഷ്ടപ്പെടുക.
സമ്പാദകൻ :- അഹ്ലുദേവ് വി.സി.