കെപ്ലർ ദൂര്‍ദര്‍ശിനി അവസാനിപ്പിച്ചിടത്തുനിന്ന് ടെസ് വീണ്ടും ആരംഭിക്കുകയാണ്. 2017 ആഗസ്തില്‍ വിക്ഷേപിക്കുന്ന ടെസ് (Transiting Exoplanet Survey Satellite – TESS) സൗരയുഥത്തിനു വെളിയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ തെരഞ്ഞുപിടിക്കുന്നതിനുവേണ്ടി നാസ രൂപകല്‍പ്പന ചെയ്ത ബഹിരാകാശ ദൂരദർശിനിയാണ്. മൂന്നുവര്‍ഷം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച കെപ്ലർ സ്പേസ് ക്രാഫ്റ്റ് രണ്ടായിരത്തില്‍പ്പരം അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും ഭൂമിയുമായി അടുത്ത സാദൃശ്യം ഉള്ളവയാണ്. എന്നാല്‍ കെപ്ലറിനെ അപേക്ഷിച്ച് കൂടുതല്‍ നവീനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ടെസ് അന്യഗ്രഹങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെപ്ലർ സ്പേസ് ക്രാഫ്റ്റ് സ്വീകരിച്ച സംതരണരീതി ഉപയോഗിച്ചുതന്നെയാണ് ടെസ് അന്യഗ്രഹവേട്ട നടത്തുന്നത്. നക്ഷത്രബിംബത്തിനും ദൂര്‍ദര്‍ശിനിക്കും ഇടയിലൂടെ ഗ്രഹങ്ങളെപ്പോലെയുള്ള അതാദ്യ ദ്രവ്യപിണ്ഡങ്ങള്‍ കടന്നുപോകുമ്പോള്‍ നക്ഷത്രശോഭയിലുണ്ടാകുന്ന കുറവ് കണക്കുകൂട്ടി ഗ്രഹത്തിന്റെ ഭൌതികസവിശേഷതകള്‍ അനാവരണം ചെയ്യുന്ന രീതിയാണിത്. കെപ്ലർ ദൂരദര്‍ശിനിയില്‍നിന്നു വ്യത്യസ്തമായി ഇങ്ങിനെ കണ്ടെത്തുന്ന ഗ്രഹങ്ങളുടെ പിണ്ഡം, വലുപ്പം, സാന്ദ്രത, ഭ്രമണപഥം, അന്തരീക്ഷഘടന എന്നിവയെല്ലാം കണ്ടെത്തുന്നതിന് ടെസിനു കഴിയും. അതുവഴി ഇത്തരം ഗ്രഹങ്ങള്‍ വാസയോഗ്യമാണോ, അവിടെ ജീവന്റെ തുടിപ്പുകള്‍ നിലനില്‍ക്കുന്നുണ്ടോ എന്നും കണ്ടെത്താന്‍ കഴിയും.
നാസ, മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗൂഗിള്‍ എന്നീ സംരംഭങ്ങളാണ് ടെസ് പദ്ധതിക്ക് മുതല്‍മുടക്കു നടത്തിയത്. 87 മില്യണ്‍ യു.എസ്. ഡോളറാണ് പദ്ധതിയുടെ ചെലവ്. ഫാല്‍ക്കണ്‍ 9വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ടെസ് സ്പേസ്ക്രാഫ്റ്റിന്റെ ഭാരം 350 കിലോഗ്രാമാണ്.
400 വാട്ട് പവറാണ് ടെസ് ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷമാണ് പേടകത്തിന്റെ പ്രവര്‍ത്തന കാലാവധി. ഭൂമിയില്‍നിന്നു പേടകത്തിലേക്കുള്ള കുറഞ്ഞ ദൂരം 1,08,000 കിലോമീറ്ററും കൂടിയ ദൂരം 3,73,000 കിലോമീറ്ററുമാണ്. 13.7 ദിവസംകൊണ്ട് സ്പേസ്ക്രാഫ്റ്റ് ഭൂമിക്കുചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കും.
2006ലാണ് ടെസ് പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തില്‍ ഗൂഗിള്‍, കാവ്ലി ഫൌണ്ടേഷന്‍ എന്നീ സ്ഥാപനങ്ങളാണ് മുതല്‍മുടക്കു നടത്തിയത്. പിന്നീട് 2010ല്‍ എം.ഐ.ടി.യും, നാസയും ഈ പദ്ധതിയില്‍ പങ്കാളികളായി. 2013 നാസയുടെ മീഡിയം എക്സ്പോറര്‍ ദൗത്യമായി ടെസ് പദ്ധതി അംഗീകരിക്കപ്പെട്ടു. ചാര്‍ജ്–കപ്പിള്‍ഡ് ഡിവൈസ് എന്നറിയപ്പെടുന്ന ഡിറ്റക്ടറുകളും നാല് വൈഡ്–ആംഗിള്‍ ടെലസ്കോപ്പുകളുമാണ് ടെസിലെ പ്രധാന ഘടകങ്ങള്‍. ടെസ് ശേഖരിക്കുന്ന വിവരങ്ങള്‍ രണ്ടാഴ്ചകൂടുമ്പോള്‍ ഗ്രൗണ്ട് സ്റ്റേഷനിലേക്കയക്കും. സംതരണവിദ്യ ഉപയോഗിച്ച് കണ്ടെത്തുന്ന ഗ്രഹങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉയര്‍ന്ന ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുന്ന ഗാമാ റേ ബസ്റ്റ്പോലെയുള്ള പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ഉള്‍പ്പെടും.
ഏറ്റവും വ്യക്തമായ ചിത്രങ്ങളെടുക്കുന്നതിനുവേണ്ടി ഇതുവരെ മറ്റൊരു ബഹിരാകാശപേടകവും ഉപയോഗിച്ചിട്ടില്ലാത്ത ഭ്രമണപഥമാണ് 2:1 lunar resonant orbit ടെസിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഏറ്റവുമധികം വര്‍ത്തുളമായ പാതയാണിത്. ടെസിലെ ക്യാമറകള്‍ ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കുന്നതിനും ഈ ഭ്രമണപഥം സഹായിക്കും. ഭ്രമണപഥത്തിന്റെ ഏറിയ പങ്കും ഭൂമിയുടെ കാന്തികമണ്ഡലമായ വാന്‍ അലന്‍ ബെല്‍റ്റിന് വെളിയിലായതുകൊണ്ട് വികിരണങ്ങളുടെ അപകടത്തില്‍നിന്നു ടെസിന് രക്ഷനേടാന്‍ കഴിയും.
സമ്പാദനംഅഹ്‌ലുദേവ് വി.സി.