ദുർമന്ത്രവാദം കൊണ്ട് രാജകുമാരന്മാരെ സ്വന്തം വരുതിയിലാക്കി അടിമപ്പണി ചെയ്യിക്കുന്ന മന്ത്രവാദികളെ മുത്തശ്ശികഥകളിൽ കേട്ടുകാണും. ജൈവലോകത്തുമുണ്ട് ഇതുപോലെ ഒരു മന്ത്രവാദി. ആമസോൺ മഴക്കാടുകളിലൽ കാണപ്പെടുന്ന ഒഫിയോകോർഡിസെപ്സ് യൂണിലാറ്ററാലിസ്(Ophiocordyceps unilateralis) എന്ന പൂപ്പലാണ് ഈ വിരുതൻ മന്ത്രവാദി. ശാസ്ത്രീയമായി അസ്കോമൈസെടെസ്(Ascomycetes) എന്ന സഞ്ചികളിൽ വിത്തുല്പാദിപ്പിക്കുന്ന ഇനം പൂപ്പലുകളാണ് ഇവ. സ്വന്തമായി ഭക്ഷണം പാകം ചെയ്യാനാവാത്ത(Heterotrophs) സസ്യജീവിവർഗമാണ് പൂപ്പലുകൾ അഥവാ കുമിളുകൾ. അതിനാൽ തന്നെ ഇവയെ സസ്യം എന്ന വിഭാഗത്തിൽ ഉൾക്കൊള്ളിക്കുന്നതിനെക്കുറിച്ച് വലിയ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. ഇവക്ക് മറ്റു ജീവികളിൽ പരാദമായോ(Parasites) അല്ലെങ്കിൽ അവയുടെ മൃതശരീരത്തിലോ(saprophytes) മാത്രമേ ജീവിക്കാൻ കഴിയുകയുള്ളൂ. ഇതിൽ പരാദ കുമിൾ വിഭാഗത്തിൽ വരുന്നവയാണ് നമ്മുടെ പൂപ്പൽ ഒഫിയോകോർഡിസെപ്സ്. ഇവയുടെ പ്രത്യുല്പാദനത്തിന് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ ഭൂനിരപ്പിൽ നിന്നും ഏകദേശം 25 മുതല് 30 സെന്റിമീറ്റർ വരെ ഉയരത്തിലും 94-95% അന്തരീക്ഷ ഈർപ്പത്തിലും(Humidity) 20-30OC അന്തരീക്ഷ ഊഷ്മാവിലും ആണ്. എന്നാൽ ചലനശക്തി(Motility) ഇല്ലാത്തതിനാൽ ഇത്തരം ഒരു അനുയോജ്യ സ്ഥലത്ത് എത്തിച്ചേരുക എന്നത് ഇവയെ സംബത്തിച്ചിടത്തോളം അസാധ്യമാണ്.

അതിനാൽ തന്നെ ചലനശേഷി ഉള്ളതും എല്ലായിടത്തും കാണുന്നതുമായ മറ്റൊരു ജീവിയെ ഉപയോഗപ്പെടുത്തുവാൻ ഈ പൂപ്പലുകൾ പരിണമിച്ചു. ഉറുമ്പുകളാണ് ആ പാവം ജീവികൾ. കാമ്പോനോട്ടസ് ലിയോനാർഡി(Camponotus leonardi) എന്നാണ് ഒഫിയോകോർഡിസെപ്സിന്റെ ഇരയാകുന്ന ഈ ഉറുമ്പുകളുടെ ശാസ്ത്രീയ നാമം. ഒഫിയോകോർഡിസെപ്സിന്റെ ചെറിയ വിത്തുകൾ(Spores) കാമ്പോനോട്ടസ് ഉറുമ്പിന്റെ ശരീരത്തിൽപറ്റിപിടിക്കുന്നിടത്തുനിന്നാണ് കഥ ആരംഭിക്കുന്നത്.
മറ്റേതൊരു പൊടിയെയും പോലെ ഈ വിത്തുകൾ ഒട്ടിപിടിച്ചത് കാമ്പോനോട്ടസ് ഉറുമ്പുകൾ അറിയുകയേ ഇല്ല, അവ തങ്ങളുടെ ദൈനംദിന ജോലികളിൽ മുഴുകി ഇരിക്കുകയാവും. ഏതാനും മണിക്കൂറുകൾക്കകം ഈ വിത്തുകൾ പൊട്ടി മുളക്കുകയും വിത്തിൽ നിന്നും ചെറിയ പൂപ്പൽ നാരുകൾ(Hyphae) കാമ്പോനോട്ടസിന്റെ പുറത്ത് മുഴുവൻ പടരുകയും ചെയ്യും. അതിനു ശേഷം ഈ ചെരുനാരുകൾ കാമ്പോനോട്ടസിന്റെ പുറം കവചം(Exoskeleton) തുളച്ച് ശരീരത്തിന് അകത്ത് കയറി അവിടെ വളരാന് തുടങ്ങും. ഈ സമയത്തൊക്കെ ഇതൊന്നുമറിയാതെ തന്റെ ദൈനംദിന ജോലികളിൽ വ്യാപ്രിതനായിരിക്കും കാമ്പോനോട്ടസ് ഉറുമ്പ്. ശരീരത്തിൽ പടരുന്ന നാരുകൾ കാമ്പോനോട്ടസിന്റെ തലച്ചോറിൽ എത്തുന്നതോടെ കഥ പരിസമാപ്തിയിലേക്ക് നീങ്ങും. അപ്പോഴേക്കും ഒഫിയോകോർഡിസെപ്സ് അതിന്റെ വളർച്ച പൂർത്തിയാക്കുകയും പ്രത്യുല്പാദനത്തിന് തയ്യാറാവുകയും ചെയ്തിരിക്കും. ഇനിയാണ് ഒഫിയോകോർഡിസെപ്സ് പൂപ്പൽ അതിന്റെ മന്ത്രവാദം ആരംഭിക്കുന്നത്. തലച്ചോറിൽ എത്തുന്ന പൂപ്പൽ നാരുകൾ, ഇപ്പോഴും അറിയപ്പെടാത്ത ചില രാസപദാർഥങ്ങൾ അവിടെ പുറപ്പെടുവിക്കും. അതോടെ ഒഫിയോകോർഡിസെപ്സ് പൂപ്പലിന്റെ ആക്ഞാനുവർത്തിയായ ഒരു അടിമയായി കാമ്പോനോട്ടസ് ഉറുമ്പ് മാറുന്നു.
ഇനി കാമ്പനോട്ടസ് ഉറുമ്പിന്റെ ചിന്തകൾ ചലനങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് പൂപ്പലയിരിക്കും. പിന്നെ നേരത്തേ സൂചിപ്പിച്ച, കുമിളിന് അനുയോജ്യമായ കാലാവസ്ഥയുള്ള സ്ഥലം തേടി കാമ്പോനോട്ടസ് ഉറുമ്പ് അലയാൻ തുടങ്ങും. അങ്ങനെ അനുയോജ്യമായ താപനിലയും ഈർപ്പവും ഉള്ള സ്ഥലം കിട്ടിയാൽ അവിടെ ഉള്ള ഏതെങ്കിലും ഒരു കുറ്റിച്ചെടിയിലൽ കാമ്പോനോട്ടസ് കയറും, കുമിളിന്റെ പ്രതുല്പാധനത്തിന് ഏറ്റവും അനുയോജ്യമായ, തറയിൽ നിന്നും ഏകദേശം 25 – 30 സെന്റിമീറ്റർ ഉയരത്തിൽ ഉള്ള ഒരു ഇലയിൽ കടിച്ചു തൂങ്ങും, തീർന്നു! പിന്നെ കാമ്പോനോട്ടസിന് അനങ്ങാൻ കഴിയില്ല, അവിടെ കിടന്ന് മരിക്കുകയും ചെയ്യും.
അനുയോജ്യമായ കാലാവസ്ഥയിൽ എത്തിപ്പെട്ടതോടെ ഒഫിയോകോർഡിസെപ്സ് കുമിൾ എത്രയും പെട്ടെന്ന് അതിന്റെ പ്രത്യുല്പാദന പ്രക്രിയ ആരംഭിക്കും. കാമ്പോനോട്ടസ് ഉറുമ്പിന്റെ തല തുളച്ച് ഒഫിയോകോർഡിസെപ്സിന്റെ വിത്തുവാഹകം (Sporangium) പുറത്തുവരികയും ധാരാളം ചെറു പൊടി പോലെയുള്ള വിത്തുകൾ (Spores) കാറ്റത്ത് വിതറുകയും ചെയ്യും. ഈ വിത്തുകളെല്ലാം അടുത്ത കാമ്പോനോട്ടസ് ഇരയേയും കാത്ത് കിടക്കും. ഒരു കാമ്പോനോട്ടസ് കോളനിക്കടുത്താണ് ഇതെങ്കിൽ ധാരാളം ഇരകളെ കിട്ടുകയും ചെയ്യും. ആയിരക്കണക്കിന് ഒഫിയോകോർഡിസെപ്സ് സ്പീഷീസുകൾ ജീവലോകത്ത് ഉണ്ട്. ഇവ ഓരോന്നും ഓരോ തരം ഷട്പദങ്ങളെ തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കുന്നവയാണ്.
പരിണാമ പ്രക്രിയ ഒരുതരം ആയുധ മത്സരമാണ്. വേട്ടക്കാരനും (Predator) ഇരയും (Prey) തമ്മിലുള്ള ആയുധമത്സരം. ശത്രുവിനെതിരെ മികച്ച ആയുധമുള്ളവ നിലനില്ക്കും. ഈ ആയുധ മത്സരത്തിൽ പിടിച്ചു നില്ക്കാൻ പറ്റാത്ത ജീവികൾ ഒടുങ്ങുകയും ചെയ്യും. എന്നാൽ ജീവിവർഗങ്ങൾ അത്ര പെട്ടെന്ന് ഒരിക്കലും കീഴടങ്ങാറില്ല. അവ പുതിയ ആയുധങ്ങൾ വികസിപിച്ചുകൊണ്ടേയിരിക്കും. നമ്മുടെ കഥയിലെ ഇരകളായ കാമ്പോനോട്ടസ് ഉറുമ്പുകളും അതുപോലെ തന്നെ. അവ അത്ര പെട്ടെന്ന് തോറ്റുകൊടുക്കാൻ തയ്യാറല്ല. സ്വന്തം കോളനിയിലെ ഏതെങ്കിലും അംഗത്തിന്റെ മേൽ ഒഫിയോകോർഡിസെപ്സ് ബാധിച്ചു എന്നത് കാമ്പോനോട്ടസ് കോളനിയിലെ ജോലിക്കാർ ഉറുമ്പുകള് മനസിലാക്കാൻ തുടങ്ങി.

അങ്ങനെ ബാധിച്ചു എന്ന് മനസിലായാൽ ഉടനെ തന്നെ ആ ഉറുമ്പിനെ കോളനിയിൽ നിന്നും വളരെ ദൂരെ കൊണ്ടുപോയി ഉപേക്ഷിക്കാൻ തുടങ്ങിയതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ രീതിയിൽ ഏതാനും ചില അംഗങ്ങളെ നഷ്ട്പെടുമെങ്കിലും ആ കോളനിയിലെ മറ്റു അംഗങ്ങളെ പൂപ്പൽ ബാധിക്കാതെ സംരക്ഷിക്കാൻ സാധിക്കും. അതുപോലെ തന്നെ ഒഫിയോകോർഡിസെപ്സിനെ തന്നെ പരാദിക്കുന്ന മറ്റൊരു പരാദപ്പരാദത്തെ ഇപ്പോൾ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഇനി ഈ വെല്ലുവിളികളെ ഒഫിയോകോർഡിസെപ്സ് എങ്ങനെ മറികടക്കും എന്ന് കാത്തിരുന്ന് തന്നെ കാണണം.
സുരേഷ് കുട്ടി, സോജൻ ജോസ് എന്നിവർ ചേർന്ന് എഴുതിയത്.
സമ്പാദകൻ:- അഹ്‌ലുദേവ്