ബ്രെയ്ക്കെവിടെ ബ്രെയ്ക്കെവിടെ..
ശ്രീനിവാസന്റെ ഈ ഡയലോഗ് എല്ലാവർക്കും ഓർമ കാണും. പോളിടെക്നിക്ക് കഴിഞ്ഞ ആളുകൾക്ക് വരെ ഡ്രൈവിങ് പഠിക്കുമ്പോൾ ക്ലച്ചും, ബ്രെയ്ക്കും മാറിപ്പോവും. ക്ലച്, ബ്രെയ്ക്ക്, ആക്സിലറേറ്റർ, പിന്നെ സെന്റർമിറർ, സൈഡ് മിറർ, സിഗ്നൽ, ലൈൻ.. ഹോ.. ആകെ വട്ടു പിടിക്കും. എന്നാൽ 5-6 മാസം കഴിഞ്ഞാൽ ഈ ആളുകൾ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വണ്ടി ഓടിക്കും. “practice makes perfect”
എന്താണ് ഇതിന്റെ ശാസ്ത്രം?
നമ്മളിപ്പോൾ ഒരു പുതിയ കാര്യം ചെയ്തു പഠിക്കുമ്പോൾ.. അതിപ്പോ ഡ്രൈവിങ് ആയാലും, ചെസ്സ് ആയാലും, കമ്പ്യൂട്ടർ ഗെയിം ആയാലും ശരി, തലച്ചോറിന്റെ ആന്തരീക ഘടനയിൽ പുതിയ ന്യൂറോൺ കണക്ഷനുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. നമ്മുടെ തലച്ചോർ ഏതാണ്ട് 25 വയസ്സു വരെ വളരെ ഫ്ലക്സിബിൾ ആയിരിക്കും. അതിനു ശേഷം ആണ് ഉറയ്ക്കുന്നതു. അതുകൊണ്ട് 25 വയസ്സുവരെ ഉള്ള പ്രായത്തിൽ പല കാര്യങ്ങളും എളുപ്പത്തിൽ പഠിക്കാം. ഉദാഹരണത്തിന് ഭാഷ പഠിക്കുവാൻ ഇളം പ്രായം ആണ് നല്ലതു. എന്നുവെച്ചു പ്രായമായവർക്ക് ഭാഷ പഠിക്കുവാൻ പറ്റില്ല എന്നല്ല. എളുപ്പം എന്നാണു കണ്ടുവരുന്നത്.
നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ നമ്മുടെ തലച്ചോറിന്റെ പല ഭാഗങ്ങൾ ചേർന്നാണ് കാര്യങ്ങൾ നിയന്ത്രിക്കുക. കാഴ്ചയ്ക്കു ഒരു ഭാഗം, കാഴ്ചയെപ്പറ്റി പറഞ്ഞാൽ നിറം ഒരു ഭാഗം, ആകൃതി മറ്റൊരു ഭാഗം, കൈകാൽ ചലിപ്പിക്കാൻ മറ്റൊരു ഭാഗം, തീരുമാനം എടുക്കാൻ മറ്റൊരു ഭാഗം. ഇങ്ങനെ തലച്ചോറിന്റെ പല ഭാഗങ്ങൾ ചേർന്നാണ് ഒരു കാര്യം ചെയ്യുക. ഇതൊക്കെ തലച്ചോറിലെ ന്യൂറോൺ കണക്ഷനുകൾ വഴി ആണെന്ന് അറിയാമല്ലോ.. അല്ലേ. നമ്മൾ ഒരു പുതിയ കാര്യം മനസ്സിലാക്കുമ്പോൾ പുതിയ ന്യൂറോൺ കണക്ഷനുകൾ തലച്ചോറിൽ സൃഷ്ടിക്കുന്നുണ്ട്. അതുപോലെ ഡ്രൈവിങ് പഠിക്കുമ്പോഴും പുതിയ ന്യൂറോൺ കണക്ഷനുകൾ സൃഷ്ടിക്കുന്നു. ഏതൊക്കെ ഭാഗങ്ങളാണ് അതിനു ആവശ്യമുള്ളത് എന്നതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ തലച്ചോർ പുതിയ സെറ്റ് കണക്ഷനുകൾ സൃഷ്ടിക്കുന്നു. ഓരോ ദിവസവും നമ്മൾ പരിചയമാവുന്നതിന്റെ അടിസ്ഥാനത്തിൽ ഈ ന്യൂറോൺ കണക്ഷനുകൾ കൂടുതൽ കൂടുതൽ ഉള്ളിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നതു. പ്രാക്ടീസിന് അനുസരിച്ചു അവ ദൃഡമാവുകയും ചെയ്യുന്നു. മൈഎലിനേഷൻ എന്നാണ് ഇതിനെ പറയുക.
ഒരിക്കൽ ദൃഡമായാൽ പിന്നെ ആ കണക്ഷനെ തെറ്റിക്കുവാൻ ആണ് പ്രയാസം.
ഉദാ: സൈക്കിൾ ചവിട്ടു പഠിക്കുമ്പോൾ ബാലൻസ് ഇല്ലാതെ വീണിട്ടുള്ള ഒരാൾ.. സൈക്കിൾ ചവിട്ട് പഠിച്ച ശേഷം ബാലൻസ് ഇല്ലാതെ വീഴുവാൻ ശ്രമിച്ചാലും പറ്റില്ല! 🙂
സമ്പാദകൻ:- അഹ്‌ലുദേവ്