ഇക്കിള്‍ കളയാന്‍ പലരും പലതരം വഴികള്‍ പറയാറുണ്ട്. ഉദാഹരണത്തിന് പഞ്ചസാര കഴിക്കുക, വെള്ളം കുടിക്കുക, ശ്വാസം പിടിച്ചുവക്കുക.. അങ്ങനെ വളരെ വ്യത്യസ്ഥവും രസകരവുമായ രീതികള്‍. ഇവ ശരിക്കും ഇക്കിള്‍ കളയുമോ? കളയുമെങ്കില്‍ എന്തുകൊണ്ട്? ശാസ്ത്രിയമായി നമുക്ക് ചെയ്യാന്‍പറ്റുന്ന ഏറ്റവും ഫലപ്രദമായ വഴി ഏതാണ്?
ഇതിനുത്തരം കണ്ടെത്തണെങ്കില്‍ എന്തുകൊണ്ടാണ് ഇക്കിള്‍ ഉണ്ടാകുന്നതെന്ന് പഠിക്കണം. അതിന് ആദ്യം Diaphragm എന്താണ് എന്ന് മനസ്സിലാക്കണം. സസ്തനജീവികളുടെ ഉദരവും ശ്വാസകോശവും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു പേശിയാണ് Diaphragm. നമ്മള്‍ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍ Diaphragm താഴേക്ക് ചുരുങ്ങുന്നതുമൂലം ഒരു negative pressure ഉണ്ടാകുകയും (അതായത് സമര്‍ദ്ദം കൂറയുകയും), ശ്വാസകോശത്തിലേക്ക് വായു വലിച്ചെടുക്കുപെടുകയും ചെയ്യും. ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ ചുരുങ്ങിയ Diaphragm അയയുകയും പൂര്‍വ്വസ്ഥിതിയിലേക്ക് വരുകയും ചെയ്യും. ഈ ശ്വസന പ്രക്രിയ അനുക്രമമായി ആണ് നടക്കുന്നത്.
ഇക്കിള്‍ ഉണ്ടാകുന്നത് Diaphragm ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെ താളം തെറ്റുമ്പോള്‍ ആണ്. ഒരോ Spasm(കോച്ചിപിടിക്കല്‍) ഉണ്ടാകുമ്പോഴും ശ്വാസനാളവും (larynx) സ്വരനാളപാളിയും (vocal cords) പൊടുന്നനെ അടഞ്ഞുപോകും. അതു കാരണം പെട്ടന്ന് വായു ഉള്ളിലേക്ക് വലിക്കുന്നു, അതുണ്ടാക്കുന്ന അസ്വാസ്ഥ്യം ആണ് ഇക്കിള്‍ ശബ്ദം ഉണ്ടാക്കുന്നത്. ഈ spasm തുടരുന്നത് വരെ നമ്മുക്ക് ഇക്കിള്‍ ഉണ്ടായികൊണ്ടിരിക്കും. ഭൂരിഭാഗം ഇക്കിളുകളും പ്രത്യക്ഷത്തില്‍ ഒരു കാരണവും കൂടാതെ ആണ് ഉണ്ടാകുക, അവ കുറച്ചു മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോകുകയും ചെയ്യും. 48 മണിക്കൂറില്‍ കൂടുതല്‍ നിക്കുന്ന ഇക്കിളിനെ persistent(സ്ഥിരമായ) ഇക്കിള്‍ എന്നും 2 മാസത്തില്‍ കൂടുതല്‍ നിന്നാല്‍ intractable(വഴങ്ങാത്ത) ഇക്കിള്‍ എന്നും വേര്‍തിരിച്ചിരിക്കുന്നു.
പെട്ടെന്ന് മാറുന്ന ഇക്കിളുകള്‍ ഉണ്ടാകാന്‍ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ പലതും കണ്ടെത്തിയിട്ടുണ്ട് – ആര്‍ത്തിപിടിച്ചു കഴിക്കല്‍, എരിവുള്ള ആഹാരം കഴിക്കല്‍, മദ്യപാനം, സോഡ കുടിക്കല്‍, നല്ല ചൂടോ തണുത്തതോ ആയ ഭക്ഷണം കഴിക്കല്‍, പെട്ടന്ന് വികാരഭരിതന്‍ ആകുകയോ ക്ഷോഭം കോള്ളുന്നതുമൊ ഒക്കെയാണ് ഉദാഹരണങ്ങള്‍. സ്ഥിരമായി നിക്കുന്ന ഇക്കിളുകള്‍ ഉണ്ടാകുന്നത് Phrenic Nerveന്റെയോ Vagus Nerve-ന്റെയോ തകരാറുകൊണ്ടാകാം (Diaphramന്റെ ചലനം നിയന്ത്രിക്കുന്ന രണ്ട് ഞരമ്പുകള്‍ ആണ് ഇവ).
ഇനി ഏറ്റവും പ്രധാനമായ ഭാഗത്തേക്ക് കടക്കാം. എങ്ങനെ ഇക്കിള്‍ മാറ്റാം? അതിന് നമുക്ക് നമ്മുടെ ഞരമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി diaphragm അയച്ചു പഴയ താളത്തിലേക്ക് കൊണ്ടുവരുകയാണ് ചെയ്യണ്ടത്. അതിന് രണ്ട് വഴികള്‍ ആണ് ഉള്ളത്. ഒന്ന് Vagus nerve-നെ ഉത്തേജിപ്പിക്കുകയോ ശ്രദ്ധ തിരിക്കുകയോ ചെയ്യുക എന്നതാണ്. പഞ്ചസാര കഴിക്കുമ്പോള്‍ സംഭവിക്കുന്നത് അതാണ്. പഞ്ചസാര തൊണ്ടവഴി താഴേക്കിറങ്ങുമ്പോള്‍ vagus nerveന്റെ ശ്രദ്ധ ഒരല്പം diaphragm കോച്ചിപിടിപ്പിക്കുന്നതില്‍ നിന്ന് മാറി തൊണ്ടയിലേക്കാകുന്നു. ഇനി മറ്റൊരു വഴി എന്നത് നമ്മുടെ രക്തത്തിലെ CO2 (കാര്‍ബണ്‍ ഡയോക്സൈഡ്) അളവ് കൂട്ടുകയാണ്. കേള്‍ക്കുമ്പോള്‍ വിചിത്രം എന്ന് തോന്നാമെങ്കിലും രക്തത്തിലെ CO2 അളവാണ് നമ്മുടെ ശ്വാസക്രമം നിയന്ത്രിക്കുന്നത്. CO2 അളവ് കൂടുമ്പോള്‍ നാഡീവ്യൂഹത്തില്‍ നിന്നും Diaphragm-ത്തിലേക്കും Lungs-ലേക്കും ശ്വസന പ്രക്രിയ ശരിയാക്കാന്‍ വേണ്ട നിര്‍ദ്ദേശം പോകും. നമ്മള്‍ ചെയ്യുന്ന ഏറെകുറെ എല്ലാ സൂത്രങ്ങളുടെയും പിന്നിലെ ശാസ്ത്രം ഇതാണ്. ഉദാഹരണത്തിന് വെള്ളം ഒരുപാട് കുടിക്കുമ്പോളും, ശ്വാസം പിടിച്ചുവക്കുമ്പോളും, മൂക്കും വായും പൊത്തിപിടിച്ച് വായില്‍ നിന്നു വരുന്ന വായു ശ്വസിക്കുമ്പോളും ഒക്കെ സംഭവിക്കുന്നത് രക്തത്തിലെ CO2 അളവ് കൂടുകയാണ്.
ഇനി ഇതില്‍ ഏതാണ് ഏറ്റവും ഫലപ്രദം എന്ന് ചോദിച്ചാല്‍, ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഫലപ്രദം എന്ന് പറയുന്ന രീതി ശ്വാസം പിടിച്ചുവക്കലാണ്, അതുകഴിഞ്ഞാല്‍ ഒരുപാട് വെള്ളം കുടിക്കലും ആണ്. ഈ സൂത്രങ്ങളുടെ എല്ലാം രഹസ്യം മനസിലാക്കിയ സ്ഥിതിക്ക്, അടുത്ത തവണ ഇക്കിള്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് ഏറ്റവും ഫലപ്രദം എന്ന് തോന്നുന്ന രീതി കണ്ടുപിടിച്ച് എല്ലാവരുമായും പങ്കുവക്കുമല്ലോ അല്ലേ?
സമ്പാദകൻ : അഹ്ലുദേവ്