ചന്ദ്രനിലെത്തുന്നതിനു മുന്‍പ് മനുഷ്യന് പരിചയമുള്ള ഒരേ ഒരു അഭൗമ വസ്തുവായിരുന്നു ഉല്‍ക്കാശിലകള്‍. സൗരയൂഥത്തെയും ഭൂമിയെയും സംബന്ധിച്ച ഒട്ടേറെ പഠനങ്ങള്‍ക്ക് ഉല്‍ക്കാശിലകള്‍ പ്രയോജനപ്പെടുന്നു.
ആകാശവിസ്മയങ്ങളില്‍ എന്നും മനുഷ്യനെ ഏറെ ആകര്‍ഷിച്ചിട്ടുള്ളവയാണ് ഉല്‍ക്കാപതനങ്ങള്‍. പൊട്ടിവീഴുന്ന നക്ഷത്രങ്ങളെ കുറിച്ച് അങ്ങനെ നിരവധി കഥകളും വിശ്വാസങ്ങളും രൂപം കൊണ്ടു. ചിലയിടങ്ങളില്‍ ഇതിനെ തിന്മയുടെ പ്രതീകങ്ങളായാണ് കണ്ടിരുന്നതെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ നന്മയുടെ പ്രതീകങ്ങളായാണ് കണ്ടത്. ഇന്ത്യയില്‍ ഗ്രഹണകാരണമായിട്ടുള്ള രാഹുവിന്റെ ചില ഭാഗങ്ങള്‍ പൊട്ടി ഭൂമിയിലേക്കു വീഴുന്നതാണ് ആകാശത്തിലൂടെ പറന്നിറങ്ങുന്ന അഗ്നിശകലങ്ങള്‍ എന്നാണു വിശ്വസിച്ചിരുന്നത്. എന്നാല്‍ കാലിഫോര്‍ണിയയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ വിശ്വാസപ്രകാരം ചന്ദ്രന്റെ കുഞ്ഞുങ്ങളാണത്രെ ഇവ. പ്രാചീന ചൈനക്കാര്‍ ഫലപുഷ്ടിയുടെയും ഉര്‍വരതയുടെയും അടയാളങ്ങളായി കണ്ട് ഉല്‍ക്കാശിലകള്‍ ഉപയോഗിച്ച് കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിച്ചിരുന്നുവത്രെ. ചില രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ ബന്ധുക്കള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരുന്നതാണ് കൊള്ളിമീനുകളായി കാണുന്നത് എന്നാണത്രെ കരുതിയിരുന്നത്. എന്നാല്‍ ആസ്ട്രേലിയയിലെ ചില ഗോത്രവര്‍ഗ്ഗക്കാര്‍ മരിച്ചുപോയ തങ്ങളുടെ ശത്രുക്കള്‍ അഗ്നിദണ്ഡുമായി അക്രമിക്കാന്‍ വരുന്നതായി കരുതി ഭയപ്പെട്ടു. ഇതെല്ലാം തന്നെ പ്രകൃതിപ്രതിഭാസങ്ങളില്‍ അത്ഭുതപ്പെടുകയും ഭയപ്പെടുകയും ചെയ്തിരുന്ന ആദിമമനുഷ്യന്റെ ഭാവനയില്‍ വിരിഞ്ഞവയാണ്. എന്നാല്‍ ആധുനികശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ ഉല്‍ക്കകളെ കുറിച്ചുള്ള ശരിയായ അറിവുകള്‍ നാം നേടിയെടുത്തു. സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ശകലിത പദാര്‍ത്ഥങ്ങളാണ് ഉല്‍ക്കകള്‍ എന്ന് ഇന്നു നമുക്കറിയാം. ഇവയില്‍ പലതും സൂര്യനെ വലംവെച്ചു കടന്നുപോയ വാല്‍നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളാണ്. നിക്കലും ഇരുമ്പുമാണ് ഉല്‍ക്കകളിലെ പ്രധാന ഘടകങ്ങള്‍. ഏതെങ്കിലുമൊരു ധൂമകേതു സൂര്യനെ സമീപിക്കുമ്പോള്‍ സൗരവികിരണങ്ങളേറ്റ് ധൂമകേതുവില്‍നിന്ന് ധൂളിയും ഹിമവും പുറത്തേക്കു തെറിക്കും. വാല്‍നക്ഷത്രത്തിന്റെ വാല്‍ മുളയ്ക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍, ധൂമകേതു സൂര്യനില്‍നിന്ന് അകലുമ്പോള്‍ വാല്‍ അപ്രത്യക്ഷമാകും. ബഹിരാകാശത്തില്‍ ലക്ഷക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ വാലായി പ്രത്യക്ഷപ്പെട്ട പൊടിപടലങ്ങളെ അവിടെ ഉപേക്ഷിച്ചാണ് ധൂമകേതു പോകുന്നത്. പിന്നീട് ഏതെങ്കിലുമൊരു അവസരത്തില്‍ ഈ പാതയിലൂടെ ഭൂമി സഞ്ചരിക്കുമ്പോള്‍ വ ഭൂമിയുടെ ആകര്‍ഷണവലയത്തിനുള്ളില്‍ പെടുകയും ഈ പൊടിപടലങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുകയും അന്തരീക്ഷത്തിന്റെ ഘര്‍ഷണം കാരണം തീപിടിക്കുകയും ചെയ്യും. ഈ പ്രതിഭാസമാണ് ഉല്‍ക്കാവര്‍ഷമെന്നും കൊള്ളിമീന്‍ എന്നും നക്ഷത്രങ്ങള്‍ പൊഴിയുന്നത് എന്നുമെല്ലാം അറിയപ്പെടുന്നത്. ഭൂമിയോടും സൗരയൂഥത്തോടുമൊപ്പം രൂപം കൊണ്ട ഛിന്ന ഗ്രഹങ്ങളുടെ പരസ്പര സംഘട്ടനം കൊണ്ടും ഉല്‍ക്കകള്‍ ഉണ്ടാകാം എന്ന നിഗമനവുമുണ്ട്. ഇങ്ങനെ ഭൂമിയിലേക്കു വലിച്ചെടുക്കപ്പെടുന്ന ശിലാശകലങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായുള്ള ഉരസല്‍ മൂലം ചൂടുപിടിക്കുകയും ചെറിയ ഉല്‍ക്കകള്‍ അന്തരീക്ഷത്തില്‍ വെച്ചുതന്നെ കത്തിയെരിഞ്ഞുപോകുകയും ചെയ്യുന്നു. എന്നാല്‍ വലിയ ഉല്‍ക്കകള്‍ പൂര്‍ണ്ണമായി കത്തിനശിക്കാതെ ഭൂമിയില്‍ വന്നുപതിക്കും. ഉല്‍ക്കകള്‍ സൂര്യനുചുറ്റും വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ വ്യത്യസ്ത വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഏറ്റവും വേഗമുള്ളവ സെക്കന്‍ഡില്‍ 42 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ്. ഭൂമി സൂര്യനെ വലംവയ്ക്കുന്നത് സെക്കന്‍ഡില്‍ 29.6 കിലോമീറ്റര്‍ വേഗത്തിലാണ്. ഇക്കാരണത്താല്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഉല്‍ക്കകള്‍ക്ക് സെക്കന്‍ഡില്‍ 71 കിലോമീറ്റര്‍വരെ വേഗമുണ്ടാവും. അതേസമയം ഒട്ടുമിക്ക ഉല്‍ക്കകളുടെയും വേഗം വളരെ കുറവും ഭൗമാന്തരീക്ഷത്തിന്റെ ശ്യാനതാബലം മൂലം (Viscous Force) ആ വേഗം തന്നെ മന്ദീഭവിച്ച്, ഘര്‍ഷണം ഉണ്ടാകാതെയും കത്താതെയും വെറും പൊടിയായി ഭൂമിയില്‍ പതിക്കുന്നതും സാധാരണമാണ്. ഇങ്ങനെ ഓരോ ദിവസവും ദശലക്ഷക്കണക്കിന് ഉല്‍ക്കകള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നുണ്ട്. അവയില്‍ ചിലതിന് ഒരു തരിയോളം മാത്രമെ വലുപ്പമുണ്ടാകു. ഉല്‍ക്കകള്‍ അന്തരീക്ഷത്തില്‍വച്ച് കത്തുമ്പോള്‍ വ്യത്യസ്ത വര്‍ണങ്ങളാണ് ഉണ്ടാകുന്നത്. അവയില്‍ അടങ്ങിയിട്ടുള്ള രാസമൂലകങ്ങളുടെ സവിശേഷതകളാണ് ഇങ്ങനെ വ്യത്യസ്ത നിറത്തില്‍ ജ്വലിക്കാന്‍ കാരണം. ചിലകാലങ്ങളില്‍ ആകാശത്ത് ചില പ്രത്യേക ദിശകളില്‍ നിന്ന് ഉല്‍ക്കാവര്‍ഷങ്ങള്‍ കാണപ്പെടും. ഒരു മണിക്കൂറില്‍ അന്‍പതിലേറെ ഉല്‍ക്കകള്‍ വീതം പതിക്കുന്ന പെഴ്സിഡ് വര്‍ഷവും ജെമിനിഡ് വര്‍ഷവും ആകര്‍ഷകമായ കാഴ്ചകളാണ്.
ഉല്‍ക്കകള്‍ ഒട്ടുമിക്കവയും അന്തരീക്ഷത്തില്‍ വെച്ച് കത്തിത്തീര്‍ന്നുപോകും എന്ന് പറഞ്ഞല്ലോ. പക്ഷേ, ചിലത് പൂര്‍ണ്ണമായും കത്തി നശിക്കാതെ ഭൂമിയിലേക്ക് നിപതിക്കുന്നു. ഇവയാണ് ഉല്‍ക്കാശിലകള്‍ അഥവാ ഉല്‍ക്കാദ്രവ്യം എന്നറിയപ്പെടുന്നത്.1947 ഫെബ്രുവരി 12 ന് സൈബീരിയയിലെ ഉസൂരിയിലുണ്ടായ ഉല്‍ക്കാപതനത്തിന്റെ ഭാഗമായി അവിടെ ഏതാണ്ട് നൂറ്റി ഇരുപതോളം ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഈ പ്രദേശത്തുനിന്നും കണ്ടെടുത്ത 1745 കിലോഗ്രാം ഭാരമുള്ള സിഖോട്ട് – ആലിന്‍ ആണ് ഗവേഷണാര്‍ത്ഥം പരീക്ഷണശാലയില്‍ സൂക്ഷിച്ചിരിക്കുന്ന ഉല്‍ക്കാശിലകളില്‍ ഏറ്റവും വലുത്. ഈ ഉല്‍ക്കാപതനത്തിന് കാരണമായ മാതൃശില അന്തരീക്ഷത്തിലൂടെ നന്നേ താണവിതാനങ്ങളോളം വലിയ ശബ്ദത്തോടെ സഞ്ചരിച്ച് പെട്ടെന്ന് അനേക കഷണങ്ങളായി പൊട്ടിച്ചിതറുകയാണുണ്ടായത്.
സമ്പാദകൻ:- അഹ്‌ലുദേവ്