യാത്രയാക്കുന്നു കുളിർ
പൊഴിയും ഹേമന്തമേ ഇനി
സ്നേഹതാപത്തിൻ ഗ്രീഷ്മം
അത്യുഷ്ണം, കണിക്കൊന്ന,
പൂട്ടുതട്ടാത്ത പാടം,
തരിച്ച മണ്ണിൻ മാറിൽ
കൂട്ടിയിട്ടതാം ചാരം
ചാണകപ്പൊടീ ഗന്ധം,
കാറ്റ് പായ് നിവർത്തുന്ന
സന്ധ്യകൾ; ചകോരങ്ങൾ
പൂത്ത മാവുകൾ നിറ
വയറും താങ്ങി കാണാം..
ഉണക്കം തട്ടി, തെങ്ങിൻ
തലപ്പിൻ കൈ മുഷ്ടികൾ
ഉയർത്തി വിരൽ ചൂണ്ടി
പ്രതിഷേധിക്കും കാലം…
കായ തൂങ്ങിയാടുന്ന
പൂമരങ്ങളെ നോക്കി
മേനിതൻ മിഴിവായ
കൊന്നകൾ ചിരിയ്ക്കയായ്
കുളക്കോഴികൾ, പ്രാക്കൾ,
കൊറ്റികൾ, തിരയുന്ന
തിരക്കേറിയ പാടത്തി –
ന്നിനി വിശ്രമമായ്…
മകര കൊയ്ത്തും കാത്തു
മയങ്ങീ പാടം മെല്ലെ
തകര പാട്ടക്കൊട്ടിൽ
പറന്നു പോം തത്തകൾ…
ഒരിക്കൽ കൂടി പടി
ഇറങ്ങും ഹേമന്ത മേ,
നിനക്കായിതാ എന്റെ
വന കന്യകൾ നൽകും,
നനുത്ത സീൽക്കാരങ്ങൾ,
മർമ്മരം, ഇലപൊഴി-
ഞ്ഞടർത്തി സഗദ്ഗദ
മുണർത്തും യാത്രാമൊഴി!!