കലാപഭൂമിയില്‍
ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍.
വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും
ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍.
സിറിയ, അഫ്ഗാന്‍,
ഇറാഖ്,കാശ്മീര്‍..
പിന്നെയും പകപുകയുന്ന
പലമണ്ണില്‍ നിന്നവര്‍,
പകച്ച മുയല്‍ക്കുഞ്ഞുങ്ങളെപ്പോല്‍
പരസ്പ്പരം നോക്കുന്നു.
നമുക്കൊളിച്ചുകളിക്കാമെന്നവര്‍
തമ്മില്‍ കൂട്ടുകൂടുന്നു.!!!
അല്ലെങ്കിലും യുദ്ധഭൂമിയിലെ കളിയെന്നാല്‍
ഒളിച്ചുകളി മാത്രമല്ലേ..!!
യുദ്ധകാഹളങ്ങള്‍ക്ക് മേലെ
അവരെണ്ണിത്തുടങ്ങുന്നു.
ഒന്ന്… രണ്ട്.. മുന്ന്..
അമ്പതെന്നെണ്ണും മുന്‍പേ
ഒളിയിടങ്ങള്‍ക്കായി പരക്കംപായുന്ന
കുഞ്ഞുകാലടികള്‍..
ആരും കാണാമറയായി
നെറ്റിതൊടുന്നൊരു,
തോക്കിന്‍ കുഴലിന്‍ ചെറുവട്ടം…
അമ്പത്…. സാറ്റ്…
എണ്ണിതീര്‍ന്നു തിരിഞ്ഞു നോക്കുമ്പോള്‍,
തോക്കിന്‍കുഴലില്‍ ഒളിഞ്ഞിരുന്നു
കൂട്ടുകാരന്‍ ചിരിക്കുന്നു.
‘ചുണയുണ്ടേല്‍ കണ്ടുപിടി’..
യുദ്ധഭൂമികളിലിപ്പോഴും
ഏറ്റം ചെറിയ വൃത്താകാരത്തില്‍,
കുരുന്നുകള്‍ ഒളിച്ചുകളിക്കുന്നു.
അമ്പത്….. സാറ്റ്..