മുതുകുളം രാഘവൻ പിള്ള ഹൃദയം പൊട്ടി മരിച്ച കഥ..
ഞാൻ ആദൃം കണ്ട സിനിമ ഓടയിൽനിന്ന്. അന്നു ഞാൻ പത്തിൽ പഠിക്കുകയാണു. മലയാളം രണ്ടാം പാഠപുസ്തകം അന്നു കേശവദേവിന്റെ ഓടയിൽ നിന്നാണു. അതു കൊണ്ടു സ്കൂളിൽ നിന്നു ഞങ്ങളുടെ സർ കുട്ടികളെ കൊണ്ടൂ പോവൂക ആയിരുന്നു. അതിൽ സതൃനൂം കെ ആർ വിജയയും ആണു നായികാനായകന്മാർ.
ഇതു എന്തിനു പറയുന്നു എന്നു വച്ചാൽ എന്റെ ഫെയ്സ്ബുക്ക് സൂഹൃത്തുക്കളായ കെ പി സൂകൂമാരനെ പോലെ ഉൾളവരുടെ ചില തെറ്റിദ്ധാരണകൾ നീങ്ങാൻ വേണ്ടി ആണ്. അവർ അവരൂടെ കോടതിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപല്ല കുറ്റക്കാരൻ എന്നു തീർത്തും വിശ്വസിക്കുന്നു. എന്നാൽ ഞാനോ?
പത്തിൽ പഠിക്കുമ്പോൾ അകലെ നിന്നു കണ്ട സിനിമയെ പിന്നീടു വളരെ അടുത്തു നിന്നു കാണാനും അനുഭവിക്കാനും എനിക്കു കഴിഞ്ഞു.
1971 ജൂൺ മാസത്തിലാണു സതൃന്റെ മരണം. അതോടെ മലയാള സിനിമ തകർന്നു എന്നു എല്ലാവരും വിധിച്ചൂ. സതൃനു ക്യാൻസർ ആയിരുന്നു. ആ രോഗത്തിന്റെ പിടിയിൽ വേദന കടിച്ചു പിടിച്ചു കൊണ്ടു അദ്ദേഹം സെറ്റിൽ വന്നൂ അഭിനയിച്ച കഥ കേട്ടിട്ടൂണ്ടു. വെളുത്ത കത്രീന അങ്ങനെ പുർത്തിയാക്കിയ പടം ആണു.
സിനിമ ഒരു നദിയുടെ ധാര ആണ്. ഒരാൾ വിട്ടുപോയതു കൊണ്ടു അതിന്റെ ഒഴുക്കിനു കോട്ടം സംഭവിക്കുന്നില്ല. മലയാള സിനിമ പിന്നെയും മുന്നോട്ടു പോയി. കോടമ്പക്കത്തും ചുറ്റൂപാടുമായി അതു പാറി നടന്നു. പിന്നെ ‘സ്വാമീസ് ലോഡ്ജിലും’ നസീർ, മധു, കെ പി ഉമ്മർ, ജി കെ പിള്ള, അടൂർ ഭാസി, ജോസ്പ്രകാശ് തുടങ്ങിയ താരനിര അതിനോടൊത്തു ഒഴൂകി.
1981 ഞാൻ പട്ടാളം വിട്ടു പത്രപ്രവർത്തകനായി രംഗത്തു വരുമ്പോഴും അതു കോടമ്പക്കത്തു തന്നെ വിലസുക ആയിരുന്നു. എന്റെ കൺമുന്നിലുടെ ആണു അതു പതുക്കെ പതുക്കെ കേരളത്തിലേക്കു വരുന്നതു.
ചെന്നെയിൽ ആയിരൂന്നപ്പോൾ അതിൽ ചതിയും കള്ളത്തരങ്ങളൂം ഒന്നുമില്ലായിരുന്നു. പണം മുടക്കുന്നവൻ മാർവാഡിയോ അല്ലെങ്കിൽ ചെട്ടിയോ ആയിരുന്നു. അവർക്കു പണം മുടക്കുക, ലാഭം കൊയ്യുക എന്നതിൽ കവിഞ്ഞു സ്വല്പം വൃഭിചാരവും മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ സിനിമയുടെ അകത്തേക്കു കയറൂമായിരുന്നില്ല. അതു സംവിധായകന്റേയും അഭിനേതാക്കളുടെയും രംഗമായി നിലനിന്നു. ഒരു പാടു അടിയൊഴുക്കുകൾ അവിടെയും ഉണ്ടായി. ധാരാളം ആത്മഹത്യകൾ നടന്നു. പക്ഷേ അതൊന്നും ആ ധാരയെ ബാധിച്ചില്ല. ഇടയ്ക്കു ചില മോഹങ്ങളും മോഹഭംഗങ്ങളും കണ്ടു.ആ കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നു ആദ്യം മുതൽ മലയാള സിനിമയെ കൈപിടിച്ചു നടത്തിയവരിൽ ഒരാളുടെ മരണം ആണ്.
മുതുകുളം രാഘവൻ പിള്ള..
അദ്ദേഹം ഒന്നും സമ്പാദിച്ചില്ല. കുറേ സ്നേഹബന്ധങ്ങളല്ലാതെ. ഒടുവിൽ ചെന്നൈ നഗരം വിട്ടു സ്വന്തം നാട്ടിൽ വന്നപ്പോഴാണു ജീവിതം വാ പിളർന്നതു. ഒടുവിൽ അദ്ദേഹം അവസാന കൈ നോക്കാൻ തീരുമാനിച്ചു മുതുകുളത്തുണ്ടായിരുന്ന ഒരു തുണ്ടു ഭൂമി വിറ്റു ഒരു പടം പിടിക്കാൻ തീരുമാനിച്ചു.
സിനിമയിൽ ഒരുപാടു നല്ല സുഹൃത്തുക്കളുണ്ടു. അവരെല്ലാം തന്നെ ഗുരുവിന്റെ സ്ഥാനത്തു കാണുന്നവരാണു. അവരിൽ പ്രത്യാശയും അർപ്പിച്ചു വസ്തു വിറ്റു കിട്ടിയ പണവുമായി അദ്ദേഹം ചെന്നൈക്കു വണ്ടികയറി. അന്നു സുപ്പർസ്റ്റാറിനെ പോലെ മലയാള സിനിമയിൽ വാഴുകയാണൂ നസീർ. അദ്ദേഹത്തിന്റെ അടുത്തേക്കാണൂ ആദൃം പോയതു.
“സഹായിക്കണം” – അദ്ദേഹം പറഞ്ഞു. അദ്ദേഹമാണു വിതരണക്കാരനെ കണ്ടെത്തിയതു. വിതരണക്കാരനു ഒരു ഡിമാന്റേ ഉള്ളൂ. നായിക അന്നത്തെ ഒരു പ്രമുഖ നടി ആയിരിക്കണം. പിന്നെ അടൂർ ഭാസിയും. അന്നു മലയാള സിനിമയിലെ ബോക്സു ഓഫീസു ഘടകങ്ങളാണു ഇതു രണ്ടും.
അങ്ങനെ നടിയെ കാണാൻ മുതുകുളം എത്തി. നല്ല സ്വീകരണം. അതു കണ്ടപ്പോൾ മനസു നിറഞ്ഞു. തന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചു.
“സഹായിക്കണം.. അവശേഷിച്ചതും വിറ്റു പെറുക്കി വന്നിരിക്കുകയാണു..”
“പിന്നെന്താ ചേട്ടാ.. നിങ്ങളെ സഹായിച്ചില്ലെങ്കിൽ പിന്നെ ആരെയാണു ഞങ്ങൾ സഹായിക്കുക”
“എന്റെ കയ്യിൽ കാശൊന്നും ഇല്ല”
“അതിനു ഞാൻ കാശു ചോദിച്ചില്ലല്ലോ?”
അവരുടെ മറുപടി കേട്ടു മനസ്സു തണുത്തു. 15 ദിവസത്തെ കാൾഷീറ്റും കൊടുത്തു. അതുമായി നേരെ അടുർഭാസിയുടെ വീട്ടിൽ വന്നു. അദ്ദേഹത്തോടും കാര്യം പറഞ്ഞു സഹായിക്കാൻ. അദ്ദേഹവും തയ്യാറായി. അവരുടെ കാൾഷീറ്റുമായി നസീറിന്റെ അടുത്തു വന്നു. അദ്ദേഹം അതിനനുസരിച്ചു കാൾഷീറ്റു കൊടുത്തു. അങ്ങനെ ആദൃത്തെ കടമ്പ കഴിഞ്ഞു.
കയ്യിലിരുന്ന കാശിൽ ഒരു ഭാഗം കൊടുത്തു സ്റ്റുഡിയോ ബുക്കു ചെയ്തു. കഥയും തിരക്കഥയും തയ്യാറായി. പടത്തിനു പേരും ഇട്ടു.
‘ഒരു ജാതി ഒരു മതം’
ഷുട്ടിംഗു തുടങ്ങേണ്ട ദിവസവും എത്തി.
നസിർ കാലേകൂട്ടി വന്ന് മേക്കപ്പിട്ടു ഇരുപ്പായി. നായികയും അടൂർ ഭാസിയും വന്നില്ല. ഉച്ചവരെ കാത്തു കാണാതെ ആയപ്പോൾ നസീറിനെയും മറ്റുള്ളവരെയും വച്ചു സീനെടുത്തു.
അന്നു രാത്രി വീണ്ടും നായികയുടെ വീട്ടിലേയ്ക്ക് ഓടി. അവിടെ ചെന്നപ്പോൾ വാച്ചർ അകത്തേക്കു കടത്തി വിട്ടില്ല.
“മാഡം ഇല്ല സാർ”
സംസാരിച്ചു കൊണ്ടു നില്ക്കുമ്പോൾ മാഡം വന്നു. കാറിന്റെ ഹോൺ കേട്ട ഉടനെ വാച്ചർ മുതുകുളത്തെ തള്ളി മാറ്റി. ഗേറ്റിൽ കാറു നിറുത്തി മുതുകുളത്തോടു പറഞ്ഞു..
“രണ്ടു ദിവസം കുടി എനിക്കു സാവകാശം വേണം. ചെയ്തുചൊണ്ടിരിക്കുന്ന പടം പുർത്തിയാക്കണം. പിന്നെ ചേട്ടന്റെ വർക്കു കഴിഞ്ഞേ മറ്റു കാരൃമുള്ളു” – അവരെ വിശ്വസിച്ചു അദ്ദേഹം മടങ്ങി.
എന്തിനു ഏറെ പറയുന്നു. 20 ദിവസത്തെ സ്റ്റുഡിയോ ആണു ബുക്കു ചെയതതു ആ ദിവസം ഒന്നും ജയഭാരതിയും അടൂർഭാസിയും വന്നില്ല. നസീർ മേക്കപ്പും ചെയ്തു മണിക്കുറുകളോളം അവരെ കാത്തിരുന്നു. അവസാനം അതിരാവിലെ നടിയുടെ വീട്ടിലെത്തി.
ദൂരെ നിന്നു അദ്ദേഹം രണ്ടാം നിലയുടെ മട്ടുപ്പാവിൽ അവർ ഇരിക്കുന്നതു കണ്ടു. പക്ഷേ അവർ മുതുകുളത്തെ കണ്ടതും മാറിക്കളഞ്ഞു.
“ഇല്ല സാർ അവർ കേരളത്തിൽ പോയി” – വാച്ചർ പറഞ്ഞു.
അതു കേട്ടകൊണ്ടു വളരെ നിരാശയോടെ അദ്ദേഹം തിരിച്ചു സ്റ്റുഡിയോവിലേക്കു പ്രാഞ്ചി പ്രാഞ്ചി നടന്നു. അദ്ദേഹം സറ്റുഡിയോവരെ ഒരു വിധം എത്തി. നെഞ്ചത്തു കൈ വച്ചു അവിടെ കുഴഞ്ഞു വീണു.
ഹൃദയം പൊട്ടി ആ കലാകാരൻ അവിടെ മരിച്ചു.
മലയാള സിനിമയിലെ ആദൃത്തെ ചതി, വഞ്ചന.. അതും ഗുരുതുലൃനായ ഒരു മനുഷൃനോടു.
അങ്ങനെ രണ്ടു പേരുടെ വഞ്ചന കൊണ്ടു മുതുകുളം രാഘവൻ പിള്ള വിട പറഞ്ഞു.
നല്ലതങ്ക മുതൽ ഇങ്ങോട്ടു മലയാള സിനിമയുടെ ചരിത്രത്തിൽ തനതായ സ്ഥാനം അടയാളപ്പെടുത്തിയ ആ കലാകാരന്റെ ഓർമ്മകൾക്കു മുമ്പിൽ ഞാൻ ഈ കുറിപ്പു സമർപ്പിക്കുന്നു.
Previous >> തിലകൻ അങ്ങനെയും പറഞ്ഞു…