ക്യാമ്പിലെത്തിയ ഞങ്ങൾ ആ പട്ടാളക്കാരുമായി കുറേ സംസാരിച്ചു. ബീഹാറിൽ നിന്നുള്ള ആളാണു. അവിഡെ നിന്നും കാണാവുന്ന ദൂരത്തിൽ വലിയൊരു മലയ്ക്കപ്പുറത്താണത്രെ LOC. അതിനപ്പുറത്തേക്ക് പാക്കിസ്താൻ. താഴെ ഒഴുകുന്ന സുരു നദി പാകിസ്താൻ അധിനിവേശ കാശ്മീരിൽ എത്തുമത്രെ. ആഹാ, അവർക്ക് പാസ്സ്പോർട്ടും വിസയൊന്നുംകൂടാതെ രണ്ടു രാജ്യത്തിലും ഒഴുകി നടക്കാം. എന്നെങ്കിലും ഒരു കാലം വരുമോ പുഴകളേ പോലെ അതിർത്തികളില്ലാതെ ജീവിക്കാൻ. ഭൂമിയിൽ മനുഷ്യനൊഴിച്ച് മറ്റേതൊരു ജീവികൾക്കും ലോകത്തെവിടെ വേണേലും പോകാം. മനുഴ്യൻ മാത്രം വിഡ്ഡികൾ, അതിരുകളുണ്ടാക്കി സ്വന്തം സ്വാതന്ത്ര്യം കളഞ്ഞുകുളിക്കുന്ന മണ്ടന്മാർ. ദൈവമേ മനുഷ്യനാണോ നീ ഏറ്റവും കുറച്ചു ബുദ്ധി നൽകിയത്?
ആ പട്ടാളക്കാരൻ കുറേ കഥകൾ പറഞ്ഞു തന്നു. താഴെ ഗൈഡ് ആയി വരാമെന്നു പറഞ്ഞാ ആൾക്കാരൊക്കെ എങ്ങനെയാണു ജീവിക്കുന്നതെന്നു ചോദിച്ചപ്പോൾ അവരൊക്കെ കാണുന്നപോലെയല്ല, ഇന്ത്യാ ഗവണ്മെന്റ് ഒത്തിരി ആനുകൂല്യങ്ങൾ നൽകുന്നുണ്ടത്രെ. അവരുടെയൊക്കെ വീടുകളിലെല്ലാം തന്നെ ഒരു 4 വീലർ കാർ തീർച്ചയായും ഉണ്ടെന്നും… പലവിധത്തിലുള്ള സബ്സിഡികളും അവർക്ക് ലഭിക്കുന്നുണ്ടുപോളും. അതൊരു പുതിയ അറിവായിരുന്നു. എന്തായാലും ഇത് കേട്ട് നമ്മൾക്ക് അസൂയയായി. ജോലി ഒന്നും ചെയ്യാതെ വെറുതെ ഇരുന്ന് സൊറ പറയൽ മാത്രം. നമുക്കിങ്ങനയൊക്കെ പറയാം, അവർ പക്ഷെ പ്രക്കൃതിയോട് മല്ലിട്ടും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയുടെ ഇരയായും ജീവിക്കുന്നവരാണ്. എന്നിട്ടും എല്ലാവരും സന്തോഷവാന്മാർ തന്നെ. കാശ്മീരിൽ കിട്ടുന്ന രുചിയേറിയ ഭക്ഷണങ്ങൾതന്നെ അവരുടെ സന്തോഷത്തിനു ഒരു തെളിവല്ലേ.. താമസ സൗകര്യമായാൽ തന്നെയും, ചിലവധികമില്ല എന്നുതന്നെ ഇതുവരെ നമ്മുടെ അനുഭവം. ടൂറിസ്റ്റുകളെ പിഴിയാറില്ലാത്തതോ അറിയാത്തതോ.. ഊട്ടിയിലും മറ്റും ടൂറിസ്റ്റുകളെ കൊന്നുകൊലവിളിക്കും. ചൂടുകാലം കഴിയുന്നതുവരെ മാത്രം അവർ ഈ മല നിരകളിൽ താമസിക്കും. തണുപ്പുതുടങ്ങിയാൽ അടിവാരത്തിലേക്ക് ഇറങ്ങും. അവിടെ അവരുടെ വീടുകൾ കണ്ടാൽ പണ്ടു യുദ്ധം നടന്നത്തിന്റെ ബാക്കിപത്രമാണോയെന്ന് തോന്നിപ്പോകും., പക്ഷെ അല്ല, താൽകാലികമായ്തുകൊണ്ട് അങ്ങനെ തൊന്നിയതാ, പട്ടാളക്കാരൻ വിശദീകരിച്ചു.
നമ്മുടെ വളരെ കഷ്ടപ്പെട്ട് സെൽഫി എടുക്കുന്നതു കണ്ട പട്ടാളക്കാരൻ ചേട്ടൻ തോക്ക് താഴെ വച്ചു എന്റെ ക്യാമറയിൽ നമ്മുടെ ഫോട്ടോസ് എടുത്തു തന്നു. പുള്ളീടെ കൂടെ ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ സ്നേഹപൂർവ്വം നിരസിച്ചു. ആ വലിയ മനസ്സിനു നന്ദിപറഞ്ഞു നമ്മൾ തിരിച്ചിറങ്ങി. കാർഗിൽ ടൗണിലെത്തുമ്പോഴേക്കും സമയം 5 മണിയാകാറായി. ടൗൺ പകൽ വെളിച്ചത്തിൽ എന്നാണു കാണുന്നത്. യുദ്ധത്തിന്റെ അവശേഷിപ്പുകൾ പോലത്തന്നെ ഒരു ചരിത്രമുറങ്ങുന്ന നഗരം. ഫോട്ടോകളിലൂടെ കണ്ട ഇറാഖീ ചിത്രങ്ങൾ ഓർമ്മ വരുന്നു. കടത്തിണ്ണകളിൽ അന്തിപ്പൊൻവെട്ടം ആസ്വദിച്ചുകൊണ്ട് പല നിറാങ്ങളിലുള്ള കോട്ടുകളും തൊപ്പിയും ധരിച്ച് ആൾക്കാർ. നന്നായി വിശക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന ചിലർ പറഞ്ഞതനുസരിച്ച് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. നല്ല രുചി. ആ സമയമായതുകൊണ്ടാവാം ഹോട്ടലിൽ നമ്മൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
സമയമേറേയായി., ഹോട്ടലിൽ ഇരുന്നുകൊണ്ട് നമ്മൾ ചർച്ച തുടങ്ങി. ഇന്നിനി യാത്ര വേണോ, നമുക്ക് സംശയം. തലേന്നു താമസിച്ച ഹോട്ടലിലേക്ക് മടങ്ങണോ? എന്തായാലും റോഡ് നല്ലതല്ലേ. അധികം ചിന്തിക്കാതെ ഇറങ്ങിയാലോ. പ്ലാൻ ചെയ്യാനുള്ള കഴിവില്ലാത്തതുകൊണ്ടായിരിക്കാം നമ്മുടെ പ്ലാനിങ്ങെല്ലാം ഇങ്ങനെയായിരുന്നു. എല്ലാം പെട്ടെന്ന്. അത്ര ശരിയല്ലായിരിക്കാം. പക്ഷെ അങ്ങിനയേ പറ്റിയുള്ളൂ.. പ്ലാൻ ചെയ്ത് പോയാൽ, ഒരു ചെറിയ മാറ്റം എല്ലാം തകിടം മറിക്കും. മറ്റൊന്നും നോക്കണ്ടാ., കഴിവതും ഇന്നുതന്നെ ലേഹ് എത്താൻ ശ്രമിക്കാം.
പോകാൻ നേരം വളരെ മനോഹരമായൊരു കാഴ്ച്ച സമ്മാനിച്ചു കാർഗിൽ. വൈകീട്ടത്തെ സ്വർണ്ണത്തിലുള്ള വെളിച്ച്ചവും, ഒരു വലിയ മലയുടെ നിഴൽകാരണമുള്ള ഇരുട്ടും ഒരുമിച്ചപ്പോൾ എന്റെ ക്യാമറയ്ക്ക് അതൊപ്പിയെടുക്കാനുള്ള് കഴിവില്ലാതെപോയി. നേരിൽ കാണുമ്പോൾ ഫോട്ടോയേക്കാളും ഭംഗിയുണ്ടതിനു..
മുന്നിലെ കാഴ്ചകളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ പറ്റിയിരുന്നെങ്കിൽ. യാത്രയിൽ പലപ്പോഴും മനസ്സിൽ തൊന്നിയത്. ഭൂമിയുടെ രൂപം തന്നെ പല തരത്തിലാണല്ലോ ഹിമാലയത്തിൽ. കാർഗിൽ വിട്ടു കുറേ നേരത്തേക്ക് മരുഭൂമിയിലെത്തിയപോലെ. മണലാരണ്യങ്ങൾ കൊണ്ടു ചിത്രം വരച്ചിരിക്കുന്ന കൊടുമുടികൾ. ഇവിടാണല്ലോ തെണ്ടികൾ യുദ്ധം ചെയ്ത് നശിപ്പിക്കുന്നത്. സമാധാനത്തിന്റെയും ശാന്തിയുടേയും സൂപ്പർമാർക്കറ്റിലെ തുരപ്പൻ എലികൾ, നമ്മളടക്കം യുദ്ധക്കൊതിയന്മാരാരായാലും.
നേരം ഇരുട്ടുന്നതോടെ തണുപ്പ് അസഹനീയമായിത്തുടങ്ങി. ഉള്ളിലെ ധീരതയൊക്കെ കിടുകിടാ വിറച്ചുതുടങ്ങി. 100 കി.മീ. പിന്നിട്ടതേയുള്ളൂ.. ഒന്നോ രണ്ടോ തീരെ ചെറിയ ടൗണുകളൊഴിച്ച് എല്ലാം ഭീകരമാംവിധം വിജനം. പിന്നിട്ട ടൗണുകളെല്ലാംതന്നെ താമസ സൗകര്യം ഇല്ലാത്തവയാണ്. സമയം 8 മണി കഴിഞ്ഞു, പടച്ചോനേ കാത്തോൾനേ ചാറ്റൽ മഴ പെയ്യുന്നുണ്ടോ എന്നു സംശയം. അല്ലാ സത്യം തന്നെ, ചാറ്റലും മാറി പെരുമഴയാകുന്നു.. തണുപ്പിൽ തരിച്ചുപോയ കൈകൾ ശരീരത്തിൽതന്നെ ഉണ്ടെന്നുറപ്പിക്കാൻ കണ്ണുകൊണ്ടു നോക്കേണ്ട അവസ്ഥ. ഭാഗ്യം കാഴ്ച ഇതുവരെ മരവിച്ചിട്ടില്ല.
മഴ കൂടി വരുന്നു. ഇടയ്ക്കെപ്പോഴോ ബാഗിലുള്ള എക്സ്ട്രാ സോക്സുകളും കയുറകളും എടുക്കാനായി വണ്ടി നിർത്തി. കൊടും തണുപ്പിൽ ഭദ്രമായി കെട്ടിവച്ച ബാഗ് തുറക്കുക എന്നത് ശ്രമകരം തന്നെ.
അതുവഴി വന്ന ഒരു കാർ സഹായമെന്തെങ്കിലും വേണോയെന്നു ചോദിച്ചു. ഒരുപാടു നന്ദിയുണ്ട് ഭീകരന്മാർ മാത്രമേ ഈ സ്ഥലങ്ങളിൽ ഉണ്ടാകുള്ളൂവെന്ന നമ്മുടെ തെറ്റിദ്ധാരണ മാറ്റിയതിനു. വണ്ടിക്ക് പ്രശ്നമൊന്നുമില്ലെന്നറിയിച്ചപ്പോൾ അവർ പോയി. അപ്പോഴാ ഓർത്തേ ഒരു വലിയ കാര്യം ചോദിക്കാൻ വിട്ടുപോയത്. അടുത്തെവിടെയെങ്കിലും ലോഡ്ജ് ഉണ്ടോയെന്നു. വിട്ടുപോയതായിരിക്കില്ല, അപ്പോഴും ലേഹിലേക്ക് എങ്ങെനെയെങ്കിലും പോകണമെന്നായിരുന്നു കണക്കുകൂട്ടൽ. ചൂടുള്ള സൈലൻസറിൽ കൈവച്ചിട്ടും അറിയുന്നില്ല. കൈ അറിയുന്നില്ലന്നേയുള്ളൂ, ഗ്ലൗ ഉരുകി മണം വന്നപ്പോൾ പണി പാളിയത് മനസ്സിലായി. എന്തോ ഭാഗ്യം, ഇത്തിരി നേരംകൂടി വച്ചിരുന്നേൽ, പൊള്ളിയ കയ്യുമായി വരാമായിരുന്നു.
മഴ ശമിക്കുന്ന മട്ടില്ല. ഫോണിൽ റേഞ്ചില്ല, വീട്ടുകാരോക്കെ ടെൻഷനടിച്ച് ഇരിക്കുന്നുണ്ടാവും. ഒന്നും ചെയ്യാനില്ല. സമയം 10 കഴിഞ്ഞിട്ടുണ്ടാവും. സമാധാനമായി ഒരു മിലിട്ടറി ചെക്ക്പോസ്റ്റെത്തി. അവിടേയും പേരുവിവരങ്ങൾ കൊടുക്കണമായിരുന്നു. അവിടത്തെ പട്ടാളക്കാരനോടു ലേഹ് വരെ ഇന്നു യാത്ര ചെയ്യാൻ പറ്റുമോയെന്നു ചോദിച്ചു, തണുപ്പ് കുറയുമോയെന്നും. ഹാ വേണേൽ പൊയ്ക്കോളൂ, ഉത്തരത്തിലൊരു ഒഴുക്കൻമട്ട്. എന്തു മണ്ടന്മാർ നമ്മൾ, തണുപ്പു കുറയാൻ കേരളത്തിലേക്കല്ലല്ലോ പോകുന്നത്, ലേഹ് ഇപ്പോൾ നമ്മളിരിക്കുന്നതിനും മുകളിലാണ്. ലോഡ്ജിന്റെ കാര്യം ചോദിച്ചപ്പോൾ, പേടിക്കണ്ട അടുത്ത ടൗണിൽ താമസ സൗകര്യം കിട്ടുമോയെന്നു പറഞ്ഞു.
മഴ കുറയുന്ന മട്ടില്ല, അടുത്ത ടൗണിൽ ലോഡ്ജെ എടുക്കാൻ തന്നെ തീരുമാനമായി. ഇല്ലായെങ്കിൽ നാട്ടിലേക്ക് പോകേണ്ടി വരില്ല, അത്രയ്ക്ക് തണുപ്പ്. കയ്യിൽ ടെന്റ് ഉണ്ടായിരുന്നെങ്കിലും, തണുപ്പിനെ ചെറുക്കാൻ ഒരുവഴിയുമില്ല. ഒരു മല ഇറങ്ങി വരുമ്പോഴുള്ള വഴി രണ്ടു വലിയ റോടുകളായി പിരിയുന്നത് കണ്ടു. ലൈറ്റ് ഇല്ലാത്തതിനാൽ ആദ്യം മനസ്സിലായില്ല. നമ്മൾ എടുത്ത വഴി തെറ്റിപ്പൊയി. വണ്ടി തിരിച്ച് നേരായ വഴിയിലേക്ക് തന്നെ പോന്നു, പട്ടാളക്കാരൻ പറഞ്ഞ സ്ഥലമായിരുന്നു അതു. ലാമയൂർ. അവിടം നിറയേ ബുദ്ധസ്തൂപങ്ങൾ ആയിരുന്നു. ആദ്യം കണ്ട ഹോട്ടലിൽ കയറി, റിസപ്ഷൻ തുറന്നുകിടപ്പുണ്ട്, പക്ഷെ ഒരു മനുഷ്യനേയും കാണുന്നില്ല. ഒന്നുരണ്ടു പ്രാവശ്യം വിളിച്ചു നോക്കി. ആരുമില്ല. പുറത്താണെങ്കിൽ നിറയേ ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നു. ഒരുപക്ഷെ റൂം എല്ലാം ഒക്യുപ്പൈഡ് ആയതുകൊണ്ടായിരിക്കാം റിസപ്ഷനിസ്റ്റ് വീട്ടിൽ പോയി കിടന്നു കാണും, തൊട്ടടുത്ത് വേറേ വല്ല ലോഡ്ജും കിട്ടുമോയെന്നു നോക്കാനായി പുറത്തേക്കിറങ്ങി. അഥവാ കിട്ടിയില്ലെങ്കിൽ ഇവിടത്തനെ തിരികെ വന്നു തുറന്നിട്ട ആ റിസപ്ഷനിൽ കിടക്കുകതന്നെ. തല്ലുകൊള്ളുകയാണെങ്കിൽ രാവിലെയല്ലേ, തൽക്കാലം തണുപ്പിൽ നിന്നും രക്ഷപ്പെടാലോ.
കാർഗിലിന്റെ മടിത്തട്ടിൽ << | >> ലാമയൂരിലെ കർഷകരും ബുദ്ധവിഹാരങ്ങളും