വണ്ടി സ്റ്റാർട് ചെയ്തു, എവിടേയും ലൈറ്റ് ഇല്ല. വൈകീട്ട് കാർഗിലിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു, അന്നെന്തോ കാരണത്താൽ ഇലക്ട്രിസിറ്റി ഉണ്ടാകില്ലെന്നു. ഇവിടേയും അത് ബാധകമായിരിക്കും. രണ്ട് ഹോട്ടലുകൾ അടുത്തടുത്തായി കണ്ടപ്പോൾ വണ്ടി നിർത്തി. അവിടേയും ആരുമുണ്ടാകില്ലേ? ഏതു ഹോട്ടലിൽ പോകണമെന്ന് സംശയിക്കും മുന്നേ, അതിലൊരു ഹോട്ടലിൽ നിന്നും ഒരാൾ ലൈറ്റുമായി പുറത്തിറങ്ങി. അളിയാ.. ദൈവം, മനസ്സുപറഞ്ഞു. റൂം ഉണ്ട്. 1200 രൂപ. 700 രൂപയ്ക്ക് തരാമെന്നു പറഞ്ഞു. തണുപ്പായതിനാൽ രണ്ടു സൈഡിലും അതികം ബാർഗയിനിങ്ങ് വേണ്ടിവന്നില്ല.. ലാമയൂരിലേക്ക് കടന്നപ്പോൾ ആൾക്കാരുടെ സ്വഭാവം മാറി. ടിബറ്റൻ ലുക്സ്. ലോഡ്ജിൽ കറന്റ് ഇല്ലാത്തതിനാൽ ഒരു ചെറിയ എമർജൻസി ലാമ്പ് തന്നു. എത്ര തണുപ്പാണെങ്കിലും ബൈക്ക് യാത്ര കഴിഞ്ഞാൽ കുളിക്കണം. നമ്മൾ രണ്ടുപേരുടേയും ചീത്ത സ്വഭാവം. ഭാഗ്യത്തിനു ചൂടുവെള്ളം ഉണ്ടായിരുന്നു.
സമയം 12 കഴിഞ്ഞിരുന്നു. ഫോണിൽ നെറ്റ്‌വർക്ക് ഇല്ല. വീട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടാകും. റേഞ്ച് ഉണ്ടായിരുന്നേൽ ഒരു നാഴികയ്ക്ക് നാൽപ്പതുവട്ടം വിളിക്കുന്ന ആൾക്കാരാ. റോഷന്റെ വീട്ടുകാരും എന്റെ വീട്ടുകാരും ഡിസ്കസ് ചെയ്ത് ചെയ്ത് ഒരു തീരുമാനത്തിൽ എത്തട്ടേ, അല്ലാതെന്തു ചെയ്യാൻ പറ്റും. ഫോണില്ലാത്തതു ഒരു തരത്തിൽ ഒരു സുഖം തന്നെയുണ്ട്. യാത്രയിൽ മാത്രം ശ്രദ്ധിക്കാം. എത്രയോ കാലങ്ങൾക്ക് ശേഷമാണ് ഫോണുമായി ഇത്രയും അകലുന്നത്.
ലാമയൂരിലെ റൂമിൽ കിടക്കുമ്പോൾ ഏതോ വലിയൊരു ആപത്തിൽനിന്നും ജീവൻ തിരിച്ചു കിട്ടിയ പോലെയായിരുന്നു. ക്ഷീണമുണ്ടെങ്കിലും എനിക്കെന്തോ അധികനേരം ഉറങ്ങാൻ പറ്റിയില്ല. സമയം രാവിലെ 7 മണി ആകുന്നേയുള്ളൂ. ഞാൻ പുറത്തേക്കിറങ്ങി, ഒരു ചായക്കടയിൽ കയറി ചായ കുടിച്ചു. അവിടത്തെ ചേട്ടൻ എന്നോട് വിശേഷങ്ങളൊക്കെ ചോദിച്ചു തുടങ്ങി. കേരളമെന്നു കേട്ടപ്പോ ചേട്ടനു താല്പര്യമായി. ജമ്മു-കാശ്മീരിൽ പലർക്കും കേരളത്തോട് ഒരു പ്രത്യേക ബഹുമാനമുള്ളത് നേരത്തേയും തോന്നിയിരുന്നു. നമ്മുടെ സ്വന്തം സൗത്ത് ഇന്ത്യക്കാർക്കു തന്നെയാണോ കേരളത്തോട് പുച്ചം? ഞാൻ എന്റെ നാടിനടുത്തുള്ള കുശൽ നഗറിനേക്കുറിച്ചും അവിടെയുള്ള ബുദ്ധവിഹാറിനേക്കുരിച്ചൊക്കെ തട്ടിമുട്ടി പറഞ്ഞു.
റോഷൻ ഉറക്കമാണു. ഞാൻ ക്യാമറയുമായി പുറത്തേക്കിറങ്ങി. ലാമയൂർ ആണു ലഡാക്കിന്റെ തുടക്കം. ലാമയൂർമുതൽ ആൾക്കാരുടെ വേഷവും മുഖഛായയിലും രീതികളിലും പ്രകടമായ മാറ്റം. കാശ്മീരിലെപ്പൊലെയല്ല, ഇവിടത്തെക്കാർക്ക് കൃഷിയിൽ ഒന്നൂടെ താല്പര്യമുണ്ടെന്നു തോന്നുന്നു. സ്ത്രീകളും പുരുഷന്മാരും വയലുകളിൽ പണിയെടുക്കുന്നു. കാശ്മീരിൽ കൃഷിയുണ്ടായിരിക്കാം. പക്ഷെ ഇതുപോലെ അധ്വാനിക്കുന്ന ആൾക്കാരെ നമ്മൾ കണ്ടിരുന്നില്ല. ഒക്കെയും മടിപിടിച്ചു സൊറ പറഞ്ഞിരിക്കുന്നവർ.
ഇനി ലഡാക്കിലേക്ക് ഉദ്ദേശം 130 കി.മീ. റോഷൻ ഏഴുന്നേൽക്കാൻ വൈകി. നമ്മൾ കുളിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ചപ്പോഴേക്കും സമയം 1 ആകാറായിരുന്നു. ഹോട്ടൽ ചെക്കൗട്ട് ചെയ്ത് ബുദ്ധന്റെ അമ്പലത്തിലേക്കിറങ്ങി. വളരെ പ്രാചീനമായ് അമ്പലമാണു. അങ്ങോട്ട് പോകുമ്പോഴാ മനസ്സിലായേ, തലേന്ന് വഴിതെറ്റി പോകാനിരുന്ന റോഡ് ഈ അമ്പലത്തിലേക്കുള്ളതായിരുന്നു. അവിടിവടായി ചുറ്റിലും ഗുഹകളുമുണ്ട്. നമ്മൾ ചെല്ലുമ്പോൾ അമ്പലം തുറക്കുന്നേയുള്ളൂ, രാവിലേയും ഉച്ചയ്ക്കുമെല്ലാം സ്പെഷൽ ടൈമിംസ് ഉണ്ട്. അകത്ത് കടന്നപ്പോൾ ചുറ്റിലും ആനന്ദം പകരുന്ന കാഴ്ച്ചകൾ മാത്രം. വേണ്ടുവോളം ഫോട്ടോസ് എടുത്തു. അമ്പലത്തിനകത്തും മുകളിലുമടക്കം പോകാൻ പറ്റുന്നിടത്തുമൊക്കെ പോയി കണ്ടു.
2 മണി കഴിഞ്ഞപ്പോഴേക്കും അമ്പലത്തിൽ നിന്നുമിറങ്ങി. ബൈക്ക് സ്റ്റാർട് ചെയ്തു. ഇന്നെന്തായാലും ലേഹിൽ എത്തും. നമ്മൾ ഉറപ്പിച്ചു. അല്പദൂരം കഴിഞ്ഞപ്പോൾ മനസ്സിലായി, തലേന്നു രാത്രി റൂം എടുത്തില്ലായെങ്കിൽ നമുക്ക് നഷ്ടപ്പെടുക ഒരുപക്ഷെ നമ്മുടെ ജീവനുമാത്രമല്ല നമ്മുടെ ഭാവനകൾക്കും മുകളിൽ ആരേയും മോഹിപ്പിക്കുന്ന കാഴ്ച്ചകൾ. ഓരോ സ്ഥലവും വേറിട്ടതും ഒന്നിനൊന്നു മെച്ചവും. പലപ്പോഴും എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. എത്രയോ തവണ വണ്ടി നിർത്തി ഫോട്ടോസ് എടുക്കുകതന്നെ ചെയ്തു. റോഷനും ഇതൽപ്പം കൂടിപ്പോകുന്നുണ്ടോയെന്ന സംശയം. ഞാനെന്തു ചെയ്യാൻ. ലേഹിൽ എത്തിയില്ലെങ്കിലും വേണ്ട, കാഴ്ച്ചകളെന്നെ വിട്ടില്ല പലപ്പോഴും.
ലാമയൂർ വിട്ടതില്പിന്നെ ജനവാസമുള്ള സ്ഥലങ്ങളൊന്നും കണ്ടില്ല. പക്ഷെ ചില റിസോർട്ടുകൾ ഉണ്ടെന്നു തോന്നുന്നു. ഇന്ധസ് നദിയിൽ റാഫ്റ്റിങ്ങ് ചെയ്യുന്നത് കണ്ടു. നല്ല നീലയും പച്ചയും കലർന്ന നിറത്തിലുള്ള വെള്ളം. പ്യൂർ വാട്ടർ. അല്പദൂരം കഴിഞ്ഞപ്പോൾ ഒരു മിലിട്ടറി ക്യാമ്പ് കണ്ടു. നമ്മൾ അവിടെ നിർത്തി കാന്റീനിൽനിന്നും ചായ കുടിച്ചു. സ്വെറ്റ് ഷർട്സും ഗ്ളൗസുമൊക്കെ അവിടെ വിൽക്കുന്നുണ്ടായിരുന്നു. അടുത്തെങ്ങും ഒരു ടൗൺ പോലുമില്ലാത്തതായിരിക്കാം, ഇവിടത്തെ കാന്റീനിൽ പൊതുജനങ്ങൾക്കും കയറാം. റോഷന്റെ വിരലിലെ മുറിവ് ഉണങ്ങിയിട്ടില്ല, ഏതെങ്കിലും മിലിട്ടരറി ക്യാമ്പ് കാണുന്നെങ്കിൽ നിർത്തി ഹോസ്പിറ്റലിൽ കയറാമെന്നുണ്ടായിരുന്നു. അന്യേഷിച്ചപ്പോൾ അവിടെ ഒരു ക്ളിനിക്ക് ഉണ്ട്.
അവിടത്തെ ഒരു ഓഫിസിൽ കാര്യം പറഞ്ഞപ്പോൽ ഉടനെ ഒരു നല്ല മനുഷ്യൻ നമ്മളെ ക്ളിനിക്കിലേക്ക് കൊണ്ട് പോയി. ഒരു പട്ടാളക്കാരനാണു നോക്കിയത്. കയ്യിൽ തൊലിപോയതല്ലാതെ മറ്റു കുഴപ്പമൊന്നുമില്ല. കൈ ക്ളീൻ ചെയ്ത് പ്ലാസ്റ്റർ ഇട്ടും അവനപ്പോഴാണു സമാധാനമായത്. തിരിച്ചു ചെന്നിട്ട് വേണം എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ ഇന്റർവ്യൂ അറ്റന്റ് ചെയ്യാം. സൈനികർക്ക് നന്ദിപറഞ്ഞ് നമ്മൾ വണ്ടി സ്റ്റാർട്ട് ചെയ്തു.
വണ്ടി ലക്ഷ്യസ്ഥാനത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നു. വളവുകൾ കുറഞ്ഞു, കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന റോഡുകൾ. ലേഹ് എത്താറായത്തിന്റെ ലക്ഷ്യം. വണ്ടികൾ രണ്ടും സന്തോഷത്തോടെ ചേരിപിരിഞ്ഞു. ഇടയ്ക്കെപ്പോഴോ റോഷനെ കാണുന്നില്ല. ഞാൻ റോഡ്സൈഡിൽ പാർക്ക് ചെയ്ത് കാത്തിരുന്നു. റേഞ്ച് വന്നതുകാരണം വീട്ടുകാരോട് ഫോണിൽ സംസാരിച്ചു വച്ചു. എന്നിട്ടും റോഷൻ വന്നില്ല. അത്ര പന്തിയല്ലല്ലോ.. വണ്ടി സ്റ്റാർട്ട് ചെയ്ത് തിരികെ പോന്നു, ഇത്തിരികഴിഞ്ഞപ്പോൾ ആശാൻ വരുന്നുണ്ട്. ചോദിച്ചപ്പോൾ, നമ്മൾ പോകാമെന്നു കരുതിയ മാഗ്നറ്റിക്ക് ഹില്ല് അല്പം പിന്നിൽ കഴിഞ്ഞത്രെ. എന്നെ പിറകിൽനിന്നും വിളിച്ചെങ്കിലും ഞാൻ കേട്ടില്ലായിരുന്നും. എനിക്കും ഉണ്ടായിരുന്നു മാഗ്നറ്റിക്ക് ഹിൽ കാണാനുള്ള പൂതി. വണ്ടി തിരിച്ചു വിട്ടു. ഇനി വീണ്ടും ഇതിനായി ഇവിടെ വരണ്ടല്ലോ.
തിരികെപ്പോയപ്പോൾ മെയിൻ ഹൈവേയിൽ തന്നെയായിരുനുന്നു മാഗ്നറ്റിക്ക് ഹിൽ. വണ്ടി വെറുതെ ഓൺ ചെയ്തുവച്ചാൽ തന്നെ നീങ്ങുമെന്നാണു ആ സ്ഥലത്തിന്റെ പ്രത്യേകതയായി കേട്ടിരുന്നത്. ഒത്തിരിപ്പേർ പരീക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. പക്ഷെ അവിടെ അന്നതെ ദിവസം ആർക്കും ഒന്നും തോന്നിയില്ല. ഒന്നും നടന്നുമില്ല, എന്നിരുന്നാലും മാഗ്നറ്റിക്ക് ഹിൽ ഒരു തട്ടിപ്പല്ല. ശാസ്ത്രമാണു. ഒരുപക്ഷെ ആ സ്ഥലം ഇതായിരിക്കില്ല. ആരോ വെറുതെ റോഡിൽ എഴുതിയതായിരിക്കാം മാഗ്നറ്റിക്ക് ഹിൽ എന്നു. വേറേ ബോർഡുകൾ ഒന്നും തന്നെയില്ലായിരുന്നു.
പിന്നീട് വിശദാംശങ്ങൾ ചോദിച്ചറിയാമെന്നു തീരുമാനിച്ച് ലേഹിലേക്ക് യാത്ര തുടർന്നു. സമയം വൈകീട്ട് 6 മണികഴിയുന്നു. സൂര്യന്റെ സ്വർണ്ണം പൂശിയപോലെ കണ്ണെത്താദൂരത്തോളം മണൽത്തരികൾ. ഒത്തിരി വർഷങ്ങളായി ജപിക്കുന്നപേരിതാ നമ്മളെ സ്വാഗതം ചെയ്തുകൊണ്ട് മുന്നിൽ. “വെൽക്കം ടു ലേഹ്” ജൂൺ 27നു ജമ്മുവിൽ നിന്നും യാത്ര തിരിച്ച നമ്മൾ ജൂലായ് 1നു ലേഹിൽ എത്തുന്നു. ക്യാമറ റോഡ്സൈഡിൽ സെറ്റ് ചെയ്ത് ടൈമറുവച്ച് വേണ്ടുവോളം ഫോട്ടോസ് എടുത്തു.
ഇനി പെട്ടെന്നുചെന്നു റൂം കണ്ടുപിടിക്കണം. ലേഹ് ടൗണിൽ പലസ്ഥലത്തും റൂം അന്യേഷിച്ചെങ്കിലും ഇവിടെ എല്ലാം കൂടിയാ റേറ്റ്സ് ആണു. ലേഹ് ഒരു ചിലവേറിയ പട്ടണംതന്നെ. വഴിയിൽ ഒരു സുഹൃത്തിനോട് ചീപ്പ് ആയ ഹോട്ടൽസ് വല്ലതുമുണ്ടോ എന്നന്യേഷിക്കുന്നതിനിടെ റോഷനു നാട്ടിൽ നിന്നും കാൾ. കാൾ കട്ട് ചെയ്തതും ആശാൻ തുള്ളിച്ചാടുന്നു. എയർ ഇന്ത്യ എക്സാമിൽ അവൻ സെലക്ട് ആയി. ഇനി മെഡിക്കൽ ചെക്കപ്പ് മാത്രം. ലേഹിൽ കാലുകുത്തിയ ഉടൻ കേട്ടു നല്ലൊരു വാർത്ത. കൈ ഫാനിൽ തട്ടി മുറിഞ്ഞപ്പോൾ അവനാകെ ഉണ്ടായിരുന്ന വിഷമം ഈ മെഡിക്കൽ ടെസ്റ്റിനെക്കുറിച്ചായിരുന്നു. അവനേറേ ആഗ്രഹിച്ച ജോലി. വേറൊന്നുംകൊണ്ടാല്ല, ബീമാനത്തിൽ കയറിയ, ഇടയ്ക്കിടെ പൈലറ്റിനെ സോപ്പിട്ട് ബീമാനം ഓടിക്കാലോ.. അതിന്റെ കൂടി കുറവേ അവനുള്ളൂ… 🙂