(അ) ഹിതം

തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ… തനിക്ക്?

അവൾ തളർന്നു വാടി കൊഴിഞ്ഞ പോലെ ഇളം നീലവിരിപ്പിട്ട കിടക്കയുടെ ഓരത്തേക്കൊതുങ്ങി ചേർന്നു കിടക്കുകയായിരുന്നു.. അവളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് പ്രശാന്ത് ചോദിക്കുമ്പോൾ ഒരിളം ചിരി വല്ലാത്തൊരു അർത്ഥം പുരണ്ടവളുടെ അധരത്തിൽ വിങ്ങി നിന്നിരുന്നു.

സുകന്യയുടെ ഗന്ധം ഇവിടെ തങ്ങി നിൽക്കുന്നുണ്ടോ എന്ന മറുചോദ്യത്തിൽ പ്രശാന്ത് ഒന്നു ചെറുതായി ഞെട്ടാതിരുന്നില്ല..

അലമാരയിലെ ഇനിയും ചേർത്തടക്കാത്ത ഒരു പാളി വാതിലിനിടയിലൂടെ സുകന്യയുടെ ചേല തുമ്പുകളുടെ നിറങ്ങളും, പനിനീർ ഗന്ധമുള്ള സെന്റിന്റെ മണവും അവിടെ പരന്ന പോലെ അയാൾക്ക് തോന്നി.

അവൾ ഇളം നിറമുള്ള പുതപ്പിനുള്ളിൽ പിന്നെയേറെ നേരം നിശ്ബ്ദയായിരുന്നു.

അവളുടെ നേർത്ത കൈവിരൽ കൈകൾക്കുള്ളിലൊതുക്കിക്കൊണ്ടയാൾ പറഞ്ഞു…

സുകന്യ ഒരുപാട് വേദനിച്ചാ കടന്നു പോയത്…

അവസാന നാളിലവൾ എന്നോട് വേറെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു.. ഞങ്ങളുടെ ജീവിതത്തിലെ ആറു വർഷം തീർത്തും സന്തോഷം നിറഞ്ഞതൊന്നുമായിരുന്നില്ല..

ആദ്യ വർഷം തന്നെ തല്ലി പിരിയുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു..

രണ്ടാം വർഷമാണ് സുകന്യയിൽ ക്യാൻസറിന്റെ മുകുളങ്ങൾ വളർന്നതറിഞ്ഞത്..

ഒടുവിൽ ഈ കിടക്കയിൽ കിടന്നാ അവൾ ഒരു പുനർവിവാഹത്തിനായി എന്നെ നിർബന്ധിച്ചത്..

അയാൾ ചരിഞ്ഞു കിടന്നവളുടെ നെറ്റിയിൽ വിയർപ്പോടെ നനഞ്ഞ മുടിയിഴകൾ മാടിയൊതുക്കി കൊണ്ടു ചോദിച്ചു..

ഇനിയും ശ്യാമക്കൊരു തീരുമാനമെടുത്തൂടെ.

ഒരുമിച്ചൊരു ജീവിതയാത്ര…..?

ഒരിക്കലും ശ്യാമയെ ഈ വീട്ടിലേക്ക് കൊണ്ടുവരാൻ ഞാനഗ്രഹിച്ചിട്ടില്ലായിരുന്നു..

തെറ്റായി പോയി…

ശ്യാമേ ഒരവിഹിത ബന്ധത്തിനായി ഞാൻ ശ്യാമയെ ഇങ്ങോട്ടു കൊണ്ടുവന്നതായി തോന്നിയിട്ടുണ്ടോ?

ശ്യാമയുടെ ചുണ്ടിൽ പഴയ ആ ചിരി തന്നെ തിണർത്തു കിടന്നു..

ഇടക്കെപ്പോഴോ അയാളോട് ശ്യാമ ചോദിച്ചു.

അടുക്കള കാട്ടി തന്നാൽ ഒരു കാപ്പിയിട്ടു തരാം…

അയാൾ പുകച്ച സിഗററ്റിന്റെ ഗന്ധം കിടപ്പുമുറി വിട്ട്.. ശ്യാമ മേൽക്കഴുകി ശുദ്ധം വരുത്തിയ ബാത്ത് റൂം കതകിനപ്പുറം വിട്ടു ജാലകം വഴി പുറത്തേക്കിഴഞ്ഞു മാഞ്ഞു പോയി…

ബാൽക്കണിയിലെ ഇളം വെയിലാറി തുടങ്ങിയിരിക്കുന്നു..

കാപ്പി കപ്പുകൾ ടീ പോയ്ക്ക് മേൽ പരസ്പരം പരിചയമില്ലാത്ത പോലെ അപരിചിതത്വത്തിന്റെ അതിർ രേഖ അളന്നു മുറിക്കുമ്പോഴാണ് ദൂരെ തുണിമില്ലിലെ സൈറൻ മുഴങ്ങിയത്..

കാപ്പി കുടിക്കൂ… എന്നിത്തിരി തിടുക്കപ്പെട്ടു പറഞ്ഞു കൊണ്ട് ശ്യാമ വേഗം കാപ്പി വലിച്ചു കുടിച്ചു..

ഞാനിറങ്ങട്ടെ, വൈകീട്ടത്തെ അവസാന ട്രെയിൻ പോയാൽ ഇനിയും ഒരുപാട് വൈകും വീട്ടിലെത്താൻ…

ചുളിഞ്ഞ സാരിയുടെ ഞൊറിവുകൾ കൈകൾ കൊണ്ട് ഉഴിഞ്ഞു ശരിയാക്കി ബാഗ് തോളിലേക്ക് വലിച്ചിട്ടവൾ അയാളെ നോക്കി പറഞ്ഞു.

സ്റ്റേഷൻ വരെ വരണ്ട. വഴിയിൽ പരിചയക്കാരെ ആരേലും കണ്ടെന്നു വരും, ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം..

ശ്യാമേ….. എന്നോട് വെറുപ്പുണ്ടോ? അയാൾ വീണ്ടും അവളുടെ കൈകൾ കവർന്നു.

ഇല്ല പ്രശാന്ത്..

നമ്മൾ രണ്ടു പേരും കാലത്തിന്റെ രണ്ടു ഇരകളാണ്…
വിധികൊണ്ട് സ്വയം നഷ്ടപ്പെടാൻ വിധിക്കപ്പെട്ട രണ്ടു പേരാണ് നമ്മൾ.

വിഭാര്യനെന്ന പേരിൽ പ്രശാന്തിൽ നിന്നും ഈ തെറ്റും മാഞ്ഞു പോയിടാൻ എളുപ്പമാണ്..

പക്ഷെ വിവാഹിതയായ ഒരു ഭാര്യയെന്ന എനിക്ക് ഈ തെറ്റ് തെറ്റു തന്നെയാണ്.

പക്ഷെ കളങ്കം എന്നത് മനസ്സിനോ, ശരീരത്തിനോ ബാധിക്കാത്തക്കാലം ഞാൻ അവിഹിതമെന്ന പട്ടം ചുമക്കണോ, വേണ്ടയോ എന്ന അന്വേഷണത്തിലാണ്..

ഞാൻ ഇറങ്ങട്ടെ പ്രശാന്ത്… നേരം വൈകിക്കുന്നില്ല.

അവളുടെ ചിരിക്കൊരു മാറ്റവും ഇല്ലായിരുന്നു..

പ്രശാന്ത് വാതിൽ ചാരുവരെ അവളെ അനുഗമിച്ചു..

ഒന്നൂടെ ആ നെറ്റിയിൽ ഒന്നു ചുണ്ടമർത്താൻ അയാൾക്കാഗ്രഹമുണ്ടെങ്കിലും വല്ലാത്തൊരു ഭയം ഇപ്പോഴാണ് പ്രശാന്തിനെ ചൂഴ്ന്നു നിന്നത്…

വീട്ടിലെ ഒതുക്കുക്കല്ലുകൾ കയറുമ്പോഴെ അവളുടെ മനസ്സിൽ ഭയം നാമ്പിട്ടു കഴിഞ്ഞിരുന്നു..

വഴിയോരത്തെ ഇരുട്ടിലൂടെ ഭൂമിയുടെ ഇരുണ്ടൊരു കോണിലേക്കെന്നപോലവൾ പാതി തളർന്ന കാലുകൾ വലിച്ചു വെച്ച് കൂടിയ നെഞ്ചിടിപ്പോടെ ആയാസപ്പെട്ടു പാതിയോടിയ പോൽ നടന്നു തീർത്തതിന് ശേഷമാണ് മുറ്റത്തെത്തിയത്.

അകത്തെ വെളിച്ചത്തിന്റെ നിഴലുകൾ വാർന്നു വീഴുന്ന’ഉമറകോണിലേക്ക് വന്നു വീഴുന്ന ശബ്ദരേഖകളുടെ കർക്കശ്യം അവൾ തിരിച്ചറിഞ്ഞു.

അയാൾ അവളുടെ ഭർത്താവ് ആയിരുന്നു.

കുറുകി കൂടിയ കണ്ണുകളും, ഇടുങ്ങിയ നെറ്റികളും, തൊലിയടർന്നതുപോൽ വിളറി നിൽക്കുന്ന സിഗരറ്റ് മണം പുരണ്ട ചുണ്ടുകളും അയാളുടെ കൂസലില്ലായ്മയും അകമുറികളിൽ നിന്നും പൊട്ടിച്ചിരികളെ തുരത്തിയോടിച്ചു പകരമവിടെ ഭയപ്പാടിന്റെയും, മൃദു ശബദങ്ങളുടേയും അലങ്കാരമില്ലായ്മയെ പ്രതിഷ്ഠിച്ചു.

അന്നും തറയിലൊരു പാത്രം ഊക്കോടെ തല്ലിയലച്ചു വീണു.

നായിന്റെ മോളെ രാത്രി എട്ടുമണി വരെ നീ എവിടെയായിരുന്നൂടീ…..

അവളുടെ മനസ്സിലിപ്പോൾ ഭർത്താവിന്റെ സ്ഥിര അട്ടഹാസങ്ങൾ ഒന്നും വന്നു വീണില്ല എന്നു മാത്രമല്ല ശരീരം വല്ലാതെ പല വിധ
സംഘർഷങ്ങളുടെ ലാവാപ്രവാഹത്താൽ ചുട്ടുപൊള്ളികൊണ്ടിരുന്നു.

അത് മനസ്സിലേക്ക് പടരാൻ തുടങ്ങിയപ്പോൾ അവൾ പിൻതിരിഞ്ഞുകൊണ്ടടുക്കളയിലേക്ക് നീന്തി.

അടുക്കളയിലെ ആഴത്തിൽ ചൂടാറാൻ മറന്ന അടുപ്പു പോൽ അവളുടെ ഉള്ളം കനച്ചു നിന്നിരുന്നു.

കാൽപാദങ്ങളിൽ കുറേ നാളായി കാണുന്ന നീരിനെ വകവെക്കാതെ അടുക്കളയിലെ ജോലിയിലേക്കുഴറി തിരിഞ്ഞു.

ഇതിനകം ഭർത്താവ് പൂമുഖത്തെ വാതിലടച്ചു ടീവിയുടെ ശബ്ദം കുറച്ചു ആക്രോശം തുടങ്ങി കഴിഞ്ഞിരുന്നു. അതെന്നത്തേയും പതിവായതിനാൽ അവൾക്കിന്നതിലൊരു സ്വകാര്യ സന്തോഷം തോന്നാതിരുന്നില്ല. അടുക്കളയിലെ മിക്സി, പാത്രങ്ങൾ എന്നിവ ഒച്ചവെപ്പിച്ചു കൊണ്ടവൾ അത്താഴത്താനുള്ളതൊരുക്കാൻ തുടങ്ങി.

വാക്കുകൾ മരിച്ചു കഴിഞ്ഞ വീട്ടിലാണവൾ താമസിക്കുന്നതെന്നവൾ അന്ന് മറന്നു പോയിരുന്നു. ഒരേ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചു പ്രസവിച്ചു രണ്ടു വർഷം വളർത്തിയപ്പോഴും അയാൾ ഭർത്താവുദ്യോഗത്തിന്റെ ഒരു ഭാഗമായ സംശയത്തിന്റെ പെരുംക്കെട്ടുകൾ പേറി അകത്തുലാത്തുകയും പൊട്ടിത്തെറിക്കുകയും പതിവാക്കിയതുകൊണ്ടാണ് ശ്യാമ കുഞ്ഞിനെ സ്വന്തം അമ്മയെ ഏല്പിച്ചത്. കുഞ്ഞിനെ നോക്കി വീട്ടിലിരിക്കണം എങ്കിൽ സൊസൈറ്റിയിലെ ജോലി ഒഴിവാക്കുകയേ നിവൃത്തിയുള്ളൂ.

ഒരു ഫ്ലെക്സ് ബോർഡ് കമ്പനിയിൽ ഇടക്ക് മാത്രം പണിക്ക് പോകുന്ന വിജയനെ വിശ്വസിച്ച് കുടുംബം മുന്നോട്ട് കൊണ്ടു പോകാനുമാകില്ല.. അയാളുടെ ഭാഷയിൽ കുഞ്ഞിനെ നിന്റെ അഴിഞ്ഞാട്ടത്തിന് തടസ്സമായത് കൊണ്ടല്ലേടീ നിന്റെ തള്ളയെ ഏല്പിച്ചത് എന്നതാണ്..

എല്ലാ വഴക്കിനിടക്കും അവളുടെ അവിഹിതവും, തോന്യാസവും കേറിവരും. പലപ്പോഴും കുപ്പി പാത്രങ്ങൾ പൊട്ടിച്ചിതറുന്നതിനാൽ അവൾ വീട്ടിലെ എല്ലാ പാത്രങ്ങളും സ്റ്റീലോ, പ്ലാസ്റ്റിക്കോ ആക്കി മാറ്റിയിരുന്നു..

പലവട്ടം ഫ്യൂസുരുക, മോട്ടോർ കേടാക്കുക, പാത്രങ്ങൾ ഉടക്കുക എന്നീ കലാ പരിപാടികൾ കുഞ്ഞായ സച്ചി കാണേണ്ട എന്നു കൂടി കരുതിയാണ് ശ്യാമ അവനെ മാറ്റിയതും.

ഒരിക്കലടിതെറ്റിയൊരു പാത്രം വന്നു വീണു നെറ്റി പൊട്ടിയതിന് മേൽ പ്ലാസ്റ്റർ ഒട്ടിച്ചു ഓഫീസിലെത്തിയപ്പോഴാണ്
പ്രശാന്തൻസാറുൾപ്പെടുന്നവർ ഒച്ചവെച്ചത്.

“എന്തിനാ ശ്യാമേ…. നീയിങ്ങനെ സഹിക്കുന്നത്, ഒന്നുകിൽ മോനെ എടുത്തൊരു വാടക വീട്ടിലേക്ക് മാറ്, ഇല്ലെങ്കിൽ സ്വന്ത വീട്ടിലേക്ക് പോയി നിൽക്ക്.”

ശ്യാമ ചിരിച്ചു ഇതൊക്കെ തന്റെ ജീവിതത്തിന്റെ ഭാഗമായി ഏറ്റെടുത്തു കൊണ്ടു തന്നെ അവൾ മുന്നോട്ടു പോയി.

പക്ഷെ സച്ചിയെ കൂടെ നിർത്താൻ, അവന്റെ കുഞ്ഞി പരാതികൾക്ക് അറുതി വരുത്താനാണ് ശ്യാമ ഒരു വാടക വീടിനെക്കുറിച്ചന്നു ചിന്തിച്ചത്. അതിനായാണ് പ്രശാന്തിനോട് ഒരു സഹായത്തിനായി അഭ്യർത്ഥിച്ചതും.

വലിയ വാടകയില്ലാത്ത ഒരു വീട് തപ്പി തരാമോ പ്രശാന്ത്… മോനെ കൂടെ നിർത്താനാണ്. അമ്മ കൂടെ കുറച്ചു നാൾ വന്നു നിൽക്കും കുറച്ചു നാളെങ്കിലും എന്റെ മോന് എന്റൊപ്പം നിൽക്കാനാണ്. എന്റെ വീട്ടിൽ പോയി നിന്നാൽ പ്രശാന്തിന് അറിയാലോ.. നേരത്തിന് ഓഫീസിലെത്താൻ കഴിയില്ല. അത്രേം ദൂരത്താണ് തറവാട്.

നോക്കാടോശ്യാമേ… ഞങ്ങളൊക്കെ കൂടെയില്ലേ…

പ്രശാന്തിന്റെ ആശ്വാസവും പ്രതീക്ഷയും, അന്വേഷണവും ഒരു പോലെ പ്രതിഫലിച്ചത് ഒരു രണ്ടു മുറി വീട് ചൂണ്ടിക്കാട്ടികൊണ്ട് അവളോടിപ്രകാരം പറഞ്ഞപ്പോഴാണ്,

‘നോക്കൂ.. ഇതാ ശ്യാമക്ക് മോന്റൊപ്പം കഴിയാനൊരു കുഞ്ഞു വീട്.’

ഇത്തിരി പാത്രങ്ങളും ഒരു സ്റ്റവും, മാറാൻ കുറച്ചു തുണികളുമായി സച്ചിയെന്ന സ്വപനത്തെ സ്വാതന്ത്ര്യത്തോടെ നെഞ്ചോട് ചേർക്കാനായി ശ്യാമ പുതിയ താവളത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുമ്പോഴൊക്കെയും പ്രശാന്ത് ഓരോരോ സഹായവുമായി കൂടെ നിന്നിരുന്നു.

ഒക്കെ ശര്യാവും ശ്യാമേ എന്നോ, ഇനിയുമെന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കണേ എന്നോ ഉളള ആശ്വാസവാക്കും, നെഞ്ചിൽ തട്ടിയ സത്യസന്ധമായ നന്മയും സൂക്ഷിച്ചു പ്രശാന്ത് കൂടെയുണ്ടായിരുന്നു.

വീടൊന്ന് വെള്ളപൂശണ്ടടോ, ഞാൻ രണ്ടാളെ വിടുന്നുണ്ട് ട്ടോ… ഇതു പറഞ്ഞയാൾ മുൻവശത്തെ ജനവാതിൽ പാളി ഇളകിയത് ആണിയടിച്ച് സൂക്ഷമതയോടെ ഉറപ്പിക്കുന്നത് നോക്കി ശ്യാമ നിന്നു.

ആർത്തട്ടഹാസങ്ങളും അസ്ലീല വാക്ധോരണികളും പൊട്ടിതെറികളും കൊണ്ട് വൈവശ്യം പൂണ്ടു നിന്ന വീട്ടിലെ ഇരുട്ടിൽ കൂടി
അസഹ്യതയുടെ പഴുതാരകൾ ശ്യാമയുടെ ശരീരത്തിൽ അറപ്പോടെ ഇഴഞ്ഞു നടക്കുന്നതവളപ്പോൾ ഓർത്തു.

ഒന്നുചേർത്തു പിടിക്കാൻ മറന്നകരങ്ങളേയും, ഓടി തളർന്നു അണച്ചു വരുമ്പോൾ മുഖമണക്കാൻ ഒരു വിരിമാറും ശ്യാമ എന്നും കൊതിച്ചിരുന്നു.

സന്ധ്യ കനക്കുമ്പോൾ വീട്ടിലേക്കുള്ള യാത്രാ വഴികളിലൊക്കെ ശ്യാമയുടെ നെഞ്ചിടിപ്പിന്റെ അസുര താളം ഉച്ചത്തിലുച്ചത്തിൽ മുഴങ്ങികൊണ്ടിരുക്കുക പതിവാണ്.

കാരണമൊന്നും വേണ്ട വലിയ വഴക്കുകൾക്ക് ആരംഭം കുറിക്കാൻ..

നിലത്ത് പാറി നടക്കുന്ന ഒരു മുടിയിഴ മതി അന്നയാൾക്ക് കലഹഹേതുവാകാൻ. അല്ലെങ്കിൽ വിളമ്പിയ അത്താഴത്തിലെ ഒരു കല്ല് മതി.

എന്തിനാണയാൾ അത്രയും കോപിഷ്ടനാവുന്നതെന്ന് ശ്യാമക്കിനിയും മനസ്സിലായിട്ടില്ല. അദ്ദേഹത്തിന്റെ കണ്ണിനു താഴെ ക്രൗര്യം ഞൊറിഞ്ഞ അലുക്കുകൾ ഏതു നേരവും വലിഞ്ഞു മുറുകി കൊണ്ടിരിക്കും. പ്രണയത്തിന്റെ വശ്യമോ, സ്നേഹത്തിന്റെ സുതാര്യതയോ കടന്നു വരാത്തൊരിടത്ത് കൂടിയ ഹൃദയമിടിപ്പിന് കൂട്ടിരിക്കുന്ന ഒരാൾ മാത്രമായി ശ്യാമ മാറിയിട്ട് വർഷമേറെയായിരിക്കുന്നു..

ജോലി കഴിഞ്ഞെത്തി അടുക്കളയുടെ ഇരുട്ടിലൊളിക്കുന്ന അവൾ പണിയില്ലെങ്കിലും അവിടെ തന്നെ സ്വയം തിരക്കുണ്ടാക്കി ഒറ്റക്കാവുകയാണ് സാധാരണ ചെയ്യാറ്.

ഇന്നും അതിനൊരു മുടക്കവുമില്ല…

അകത്തു നിന്നും അയാളുടെ പിറുപിറുക്കലും കുറ്റപ്പെടുത്തലും, ആക്രോശങ്ങളും, എന്തൊക്കയോ വലിച്ചെറിയുന്ന ഒച്ചകളും കേട്ടുകൊണ്ടുതന്നെ ശ്യാമ യാന്ത്രികമായി ആഹാരം മേശ പുറത്ത് വെച്ച് അകത്തെ മുറിയിലെ സ്വന്തം ഇടത്തിന്റെ ഇരുട്ടിൽ കട്ടിലിലെ ഇത്തിരിയിടത്തിലേക്ക് മനസ്സൊതുക്കി വെച്ചു കട്ടിലേക്ക് ചാരി കിടന്നു..

അപ്പോഴും അയാൾ അവൾക്ക് നേരെയുള്ള അവിഹിത കഥകളുടെ ഭാണ്ഡക്കെട്ടുകൾ അഴിച്ചു പരതുന്നതു കേട്ട് ഇത്തവണ ശ്യാമ ആദ്യമായി ഒന്നു മനസ്സുതുറന്നു ചിരിച്ചു….

ഹിതമായൊരു ചിരിയിൽ അവളന്ന് പൂത്തും, തളർത്തും സ്വയം വസന്തമായി മാറി.

About Mahitha Bhaskaran

മുപ്പതു വര്‍ഷമായി ഗള്‍ഫില്‍ വീട്ടമ്മയാണ് കവിതകളും കഥകളും എഴുതുന്നു ആദ്യം ഗള്‍ഫ് വോയ്സ് എന്ന മാസികയില്‍ ആണ് എഴുതി തുടങ്ങിയത് പന്നീട് പല ഓണ്‍ ലൈന്‍[സോഷ്യല്‍ മീഡിയ കളില്‍ ]എഴുതി സജ്ജീവമായി എഴുത്തിലേക്ക്‌ തിരിഞ്ഞു.ഒരു കവിതാസമാഹാരം പുറത്തിറക്കി രണ്ടാമത്തെ കഥാ സമാഹാരം ജനുവരിയില്‍ പുറത്തിറങ്ങുന്നു. യു ഏ ഈ ലാണ് [ദുബായ് ] കുടുംബത്തോടൊപ്പം താമസം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

2 comments

  1. ഹിതമായൊരു ചിരിയിൽ അവളന്ന് പൂത്തും, തളർത്തും സ്വയം വസന്തമായി മാറി. ശ്യാമ മനസ്സിൽ കൊണ്ടു. ഇഷ്ട്ടം

  2. പ്രതീഷ് subramanian

    മനോഹരമായ കഥ

Leave a Reply to പ്രതീഷ് subramanian Cancel reply

Your email address will not be published. Required fields are marked *