കാറപകടങ്ങളില്‍ യാത്രക്കാരുടെ ആഘാതം കുറയ്ക്കുക എന്നതാണ് എയര്‍ബാഗ് ചെയ്യുന്ന പ്രധാന സേവനം. എങ്ങനെയാണ് ഈ ജോലി എയര്‍ബാഗ് ഏറ്റെടുത്തു നടത്തുന്നത്? ഏതെല്ലാം തരത്തിലുള്ള എര്‍ബാഗുകള്‍ നിലവിലുണ്ട്? എന്താണ് എയര്‍ബാഗിന്റെ ചരിത്രം? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തുന്നു ഇവിടെ.
ഹ്രസ്വചരിത്രം
എയര്‍ബാഗിന്റെ ചരിത്രം തുടങ്ങുന്ന കാലത്ത് നമ്മള് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ചൂടിലേക്ക് കടക്കുകയാണ്. 1940കളുടെ തുടക്കം. വാള്‍ട്ടര്‍ ലിന്‍ഡറര്‍ എന്ന ജര്‍മന്‍ എന്‍ജിനീയര്‍ക്കും ജോണ്‍ ഡബ്ല്യു ഹെട്രിക് എന്ന അമേരിക്കന്‍ എന്‍ജിനീയര്‍ക്കും ഈ സാങ്കേതികതയുടെ മാതൃത്വം അവകാശപ്പെടാവുന്നതാണ്. 1951 ഒക്ടോബര്‍ ആറിനാണ് വാള്‍ട്ടര്‍ തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റ് അവകാശപ്പെട്ടത്. ഇതേ വര്‍ഷം ഓഗസ്റ്റ് 18ന് ഹെട്രിക് സമാനമായ സാങ്കേതികതയുടെ പേറ്റന്റ് സ്വന്തമാക്കിയിരുന്നു.
ലിന്‍ഡറര്‍ അവതരിപ്പിച്ച സാങ്കേതികതയ്ക്ക് ചില പോരായ്മകളുണ്ടായിരുന്നു. എയര്‍ബാഗ് പുറത്തുവരുന്നതിന് സമയമെടുക്കുന്നു എന്നതായിരുന്നു പ്രശ്നം. ഹെട്രിക്കിന്റെ എര്‍ബാഗ് ഡിസൈന്‍ പക്ഷേ ഏറ്റെടുക്കാന്‍ നിക്ഷേപകരുണ്ടായില്ല. ഇദ്ദേഹത്തിന്റെ പേറ്റന്റ് പില്ക്കാലത്ത് കാലാവധി പിന്നിടുകയും ഫോഡ് ഈ വഴിക്ക് ചില നിക്ഷേപങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്തു.
എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതിന്റെ വേഗത കൂട്ടുക എന്നതായിരുന്നുവല്ലോ പ്രശ്നം. ഈ പ്രശ്നത്തിനു പരിഹാരവുമായി അലന് കെ ബ്രീഡ് എന്ന സാങ്കേതികവിദഗ്ധന്‍ എത്തിച്ചേര്‍ന്നു. ഇദ്ദേഹം അവതരിപ്പിച്ച മെക്കാനിക്കല്‍ സെന്‍സറുകള്‍ കൂട്ടിയിടി നടന്ന് 30 മില്ലിസെക്കന്‍ഡു കൊണ്ട് എര്‍ബാഗിനെ പുറത്തെത്തിക്കാന്‍ ശേഷിയുള്ളതായിരുന്നു. ഈ സാങ്കേതികത ക്രൈസ്ലിനു വിറ്റു അലന്. 90കളുടെ തുടക്കത്തിലാണ് എര്‍ബാഗുകള്‍ അമേരിക്കന്‍ കാര്‍വിപണിയില്‍ കാര്യമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്.
പോരായ്മകള്‍ നിരവധിയുണ്ടായിരുന്നുവെങ്കിലും 70കളില്‍ത്തന്നെ കാറുകളില്‍ എയര്‍ബാഗ് ഉപയോഗിച്ചു തുടങ്ങിയിരുന്നു. അക്കാലത്ത് സീറ്റ് ബെല്‍റ്റ് ഉപയോഗം വളരെ കുറവായിരുന്നു. ഫോഡ് തങ്ങളുടെ ചില മോഡലുകളില്‍ എയര്‍ബാഗ് കൊണ്ടുവന്നു. പിന്നാലെ ജനറല്‍ മോട്ടോഴ്സും ഇത് സാങ്കേതികതയുമായി വിപണിയിലെത്തി. അക്കാലത്ത്, ചില അപകടങ്ങളില്‍ എയര്‍ബാഗ് വില്ലനായി വന്നു. എയര്‍ബാഗിനെക്കുറിച്ച് ചില മുന്‍വിധികള്‍ രൂപപ്പെടാന്‍ ഈ അപകടങ്ങള്‍ കാരണമായി. പിന്നീട് അമേരിക്ക അടക്കമുള്ള വികസിതവിപണികളില്‍ സീറ്റുബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കി. ഈ സന്ദര്‍ഭത്തില്‍ എയര്‍ബാഗ് പരീക്ഷണങ്ങള്‍ കുറഞ്ഞുവന്നു.
പലതരം എയര്‍ബാഗുകള്‍
നിലവില്‍ പലതരത്തിലുള്ള എയര്‍ബാഗുകള്‍ ഘടിപ്പിക്കപ്പെടുന്നുണ്ട് കാറുകളില്‍. കാറിനകത്തിരിക്കുന്നയാളുടെ ഓരോ ശരീരഭാഗത്തെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ നിര്‍മിക്കപ്പെടുന്നത്. വഴിയിലൂടെ നടന്നുപോകുന്നയാള്‍ക്ക് സംരക്ഷണം നല്കുന്ന എയര്‍ബാഗ് പോലും വിപണിയിലുണ്ട് എന്നറിയുക!
1. ഫ്രണ്ടല്‍ എയര്‍ബാഗുകള്‍
1987ല്‍ പുറത്തിറങ്ങിയ പോഷെ 944 ടര്‍ബോ ആണ് ഡ്യുവല്‍ ഫ്രണ്ടല്‍ എയര്‍ബാഗ് ഘടിപ്പിച്ച് വിപണിയിലെത്തിയ ആദ്യവാഹനം. ഡ്രൈവര്‍ക്കും മുന്‍വശത്തിരിക്കുന്നയാള്‍ക്കും സംരക്ഷണം നല്‍കുന്നതായിരുന്നു ഇത്. സ്റ്റീയറിങ് വീലിലും ഡാഷ്ബോര്‍ഡിലുമായാണ് ഈ എയര്‍ബാഗുകള്‍ ഘടിപ്പിച്ചത്.
2. സൈഡ് എയര്‍ബാഗ്
വശങ്ങളില് നിന്നുള്ള ആഘാതത്തെ ചെറുക്കുകയാണ് സൈഡ് എയര്‍ബാഗുകള്‍ ചെയ്യുന്നത്. രണ്ടുതരം സൈഡ് എയര്‍ബാഗുകളുണ്ട്. ഇവയിലൊരെണ്ണം സീറ്റിലാണ് ഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ടോര്‍സോ എയര്‍ബാഗ് എന്നു പറയും. ഡ്രൈവര്‍ക്കും ഡോറിനും ഇടയിലാണ് ഈ എര്‍ബാഗിന്റെ സ്ഥാനം. മറ്റൊരു സൈഡ് എയര്‍ബാഗായ കര്ട്ടന് എയര്‍ബാഗിനെക്കുറിച്ച് അടുത്ത താളില്‍ വിവരിക്കുന്നു.
3. കര്ട്ടന് എര്‍ബാഗ്
ഈ എയര്‍ബാഗ് കാറിന്റെ വശങ്ങളിലായി റൂഫില്‍ ഘടിപ്പിക്കുന്നു. ആഘാതം സംഭവിക്കുമ്പോള്‍ ഒരു കര്ട്ടന് പോലെ പുറത്തുവന്ന് പ്രതിരോധം സൃഷ്ടിക്കുന്നു ഇത്തരം എയര്‍ബാഗുകള്‍. ബ്രെയിന്‍ ഇന്‍ജുറി അടക്കമുള്ള പരിക്കുകളില്‍ നിന്നും കര്ട്ടന് എയര്‍ബാഗുകള്‍ സംരക്ഷണം നല്കുന്നു.
4. നീ എയര്‍ബാഗ്
കാല്‍മുട്ടുകള്‍ക്ക് സംരക്ഷണം നല്കുന്നു ഈ എയര്‍ബാഗുകള്‍. നീ എര്‍ബാഗ് ആദ്യമായി ഉപയോഗിക്കുന്നത് കിയ നിര്‍മിച്ച ഒരു കാറിലാണ്, 1996ല്‍. സ്റ്റീയറിങ് വീലിനു താഴെയാണ് നീ എര്‍ബാഗുകള്‍ സ്ഥിതി ചെയ്യുന്നത്. രണ്ടായിരാമാണ്ടിനു ശേഷമാണ് നീ എര്‍ബാഗുകള്‍ വാഹനങ്ങളില്‍ സാധാരണമായിത്തുടങ്ങിയത്.
5. റിയര്‍ കര്ട്ടന് എയര്‍ബാഗുകള്‍
പിന്നില്‍ നിന്നുള്ള ഇടിയുടെ ആഘാതം കുറയ്ക്കുവാന്‍ റിയര്‍ കര്ട്ടന് എയര്‍ബാഗുകള്‍ സഹായിക്കുന്നു. 2008 മുതല്‍ ഇത്തരം എര്‍ബാഗുകള്‍ വിപണിയില്‍ സാധാരണമായിത്തുടങ്ങി.
6. പെഡസ്ട്രിയന്‍ എയര്‍ബാഗ്
കാറുകളിലെ സുരക്ഷാസംവിധാനങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന വോള്‍വോയാണ് ആദ്യമായി പെഡസ്ട്രിയന്‍ എയര്‍ബാഗ് അവതരിപ്പിക്കുന്നത്. കാല്‍നടയാത്രക്കാരെ ലക്ഷ്യമാക്കിയുള്ള ഈ എയര്‍ബാഗ് സംവിധാനം യൂറോ എന്‍സിഎപിയുടെ അംഗീകാരം നേടിയിട്ടുണ്ട്.
7. മോട്ടോര്‍സൈക്കിള്‍ എയര്‍ബാഗ്
മോട്ടോര്‍സൈക്കിള്‍ എയര്‍ബാഗുകളും സാധാരണമായി വരികയാണിപ്പോള്‍. 2006ല്‍ ഹോണ്ട തങ്ഹളുടെ ഒരു മോഡലില്‍ ഇത്തരം എര്‍ബാഗുകള്‍ ഘടിപ്പിച്ച് നിരത്തിലിറക്കി. റൈഡിങ് സ്യൂട്ടുകളില്‍ എയര്‍ബാഗ് ഘടിപ്പിച്ച് വിപണിയിലെത്തിക്കുന്നുണ്ട് ചില കമ്പനികള്‍. നിലവില്‍ മിക്ക റേസര്‍മാരും ഇത്തരം റൈഡിങ് സ്യൂട്ടുകള്‍ ഉപയോഗിക്കുന്നുമുണ്ട്. സ്യൂട്ടിനകത്തുള്ള ഒരു സെന്‍സര്‍ ആഘാതത്തെ തിരിച്ചറിയുകയും എയര്‍ബാഗ് പ്രതിരോധം നടപ്പാക്കുകയും ചെയ്യുന്നു.
എയര്‍ബാഗ് നിര്‍മാതാക്കള്‍
ഈയിടെ, സമ്മര്‍ദ്ദോപാധികള്‍ ശരിയായി പ്രവര്‍ത്തിക്കാത്ത എയര്‍ബാഗ് വിപണിയിലെത്തിച്ച് ലോകത്തെമ്പാടുമുള്ള കാര്‍നിര്‍മാതാക്കള്‍ക്ക് പണി നല്‍കിയിരുന്നു തകാറ്റ എന്ന ജാപ്പനീസ് കമ്പനി. ഇന്ത്യയിലും തകാറ്റ എര്‍ബാഗ് മൂലം നിരവധി തിരിച്ചുവിളികള്‍ നടന്നിട്ടുണ്ട്. ലോകത്തിലെ എണ്ണംപറഞ്ഞ എര്‍ബാഗ് നിര്‍മാണ കമ്പനികളിലൊന്നാണ് തകാറ്റ. ഓട്ടോലിവ്, ഡൈസല്‍, ടിആര്‍ഡബ്ല്യു തുടങ്ങിയ പ്രമുഖ കമ്പനികള്‍ വേറെയുമുണ്ട്.
എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതെങ്ങനെ?
നിരവധി സെന്‍സറുകള്‍ മുഖാന്തിരം വാഹനത്തിലേല്‍ക്കുന്ന ഓരോ ആഘാതത്തിന്റെയും സ്വഭാവം മനസ്സിലാക്കുന്നു എയര്‍ബാഗ് കണ്ട്രോള് യൂണിറ്റ് അഥവാ എസിയു. ആഘാതത്തിന്റെ തോത് മനസ്സിലാക്കിയാണ് എയര്‍ബാഗ് പുറതുവരേണ്ടതുണ്ടോയെന്ന് എസിയു തീരുമാനിക്കുന്നത്. എസിയുവിന്റെ തീരുമാനം വരുന്നതോടെ ഒരു വാഹനത്തില്‍ തയ്യാര്‍ ചെയ്തുവെച്ചിട്ടുള്ള ഗാസ് കണ്ടെയ്നറില്‍ നിന്ന് എയര്‍ബാഗുകളിലേക്ക് ഗാസ് പ്രവഹിക്കുന്നു. മില്ലിസെക്കന്‍ഡുകള്‍ക്കുള്ളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കും. ഈ പരിപാടിക്കുശേഷം, പുറത്തുവന്ന എയര്‍ബാഗുകളിലെ ഗാസ് പതുക്കെ ഒഴിയുവാനുള്ള സംവിധാനവുമുണ്ട്. എയര്‍ബാഗ് പുറത്തുവന്നു കഴിഞ്ഞാല്‍ പുതിയ സംവിധാനം സ്ഥാപിക്കുകയല്ലാതെ മാര്‍ഗമൊന്നുമില്ല. ഇതിന് കുറഞ്ഞത് 40,000 രൂപയെങ്കിലും ചെലവ് വരും.
എയര്‍ബാഗ് അപകടങ്ങള്‍
യാത്രക്കാരുടെ ജീവന് സംരക്ഷണം നല്കുന്ന എയര്‍ബാഗുകള്‍ ചിലപ്പോഴൊക്കെ വില്ലനായി മാറാറുമുണ്ട്. എയര്‍ബാഗിന്റെ പെട്ടെന്നുള്ള പുറത്തുവരലിന്റെ ആഘാതം ചിലര്‍ക്ക് പരിക്കേല്‍പ്പിക്കാറുണ്ട്. കുട്ടികള്‍ക്ക് ഇത് മരണകാരണമാകാറുമുണ്ട്. എയര്‍ബാഗുള്ളതുകൊണ്ട് സീറ്റ്ബെല്‍റ്റിടാത്ത ബുദ്ധിമാന്മാരുണ്ട്. ഇവരുടെ കാര്യം അപകടം നടന്നതിനു ശേഷം പറയാം.
എയര്‍ബാഗ് പുറത്തുവരാന്‍ പലപ്പോഴും ചെറിയ കാരണം മതിയാവും. (വലിയ കാരണമുണ്ടായിട്ടും എയര്‍ബാഗ് പുറത്തുവരാതിരുന്ന റിപ്പോര്‍ട്ടുകള്‍ ധാരാളം വരാറുണ്ട്!) എസ്യുവികള് ഓഫ് റോഡിങ്ങിനായി ഇറക്കുമ്പോള്‍ സംഭവിക്കാനിടയുള്ള തട്ടലും മുട്ടലും എയര്‍ബാഗിന് പുറത്തുവരാനുള്ള ടെന്‍ഡന്‍സി സൃഷ്ടിക്കുന്നു. അനാവശ്യമായി ഈ സാധനം പുറത്തുവന്നാലുള്ള ചെലവ് ആലോചിക്കുന്നവര്‍ എയര്‍ബാഗ് ലോക്ക് ചെയ്തിടാറുണ്ട്. ഇങ്ങനെ ചെയ്താല്‍ സംഗതി പുറത്തുവരില്ല.
വായനക്കാരാ…, വായനക്കാരീ…,
എയര്‍ബാഗിന്റെ പ്രാധാന്യം ഇന്ത്യക്കാരന് ബോധ്യപ്പെടുന്നില്ല എന്നാണ് ഗ്ലോബല്‍ എന്‍.സി.എ.പി. അടക്കമുള്ളവരുടെ വിമര്‍ശനം. സത്യത്തില്‍ ഇത് ബോധ്യപ്പെടാത്തത് നമുക്കല്ല, നമ്മുടെ പോക്കറ്റിനാണെന്ന് യു.കെ.യില്‍ കിടക്കുന്ന ഗ്ലോബല്‍ എന്‍.സി.എ.പി.ക്ക് മനസ്സിലാവില്ലായിരിക്കാം. എങ്കിലും അവരുടെ വിമര്‍ശനത്തെ തള്ളിക്കളയുന്നതില്‍ അര്‍ത്ഥമില്ല. കുറച്ച് തുക അധികം ചെലവാക്കിയാണെങ്കിലും എയര്‍ബാഗുള്ള കാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുക.
Courtesy Santheep’s blog