
വണ്ടി കിട്ടിയ ആവേശം സ്റ്റേഷനിൽ വച്ചുതന്നെ തീർക്കുകയായിരുന്നു ഞങ്ങൾ. പക്ഷേ അതു വീണ്ടും മറ്റൊരു വൻ കുരുക്കിലേക്കായിരുന്നു. ഗേറ്റ് പാസ് ക്ലിയർ ചെയ്താൽ മാത്രമേ വണ്ടി തുറക്കാൻ പറ്റുകയുള്ളൂവെന്ന് അതുവഴി വന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളെ ഭീഷണിപ്പെടുത്തി. അവർക്കു ഞങ്ങൾ അപ്രതീക്ഷിതമായികിട്ടിയ ഒരു ബിരിയാണിയായിരുന്നു. വിലപേശലിന്റെ അവസാനം കൊടുക്കേണ്ടതുകൊടുത്ത് ഒഴിവാക്കി. പിന്നെ ഒന്നിനും നിന്നില്ല. സ്ഥലം എത്രയും പെട്ടെന്നു കാലിയാക്കി വണ്ടി റോഡിലെത്തിച്ചു. പെട്രോൾ ഇല്ലാത്തതുകാരണം ഉരുട്ടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. താഴെ റോഡിനടുത്തുണ്ടായിരുന്ന പൊലീസുകാരൻ ഞങ്ങളിൽ താൽപര്യം കാണിച്ചു. ഭാഗ്യവശാൽ ഇത്തവണ കാശു പിടുങ്ങാനായിരുന്നില്ല. പെട്രോൾ ബങ്കിലേക്കുള്ള വഴി പറഞ്ഞുതന്ന അദ്ദേഹം സ്നേഹം മൂത്ത് ഞങ്ങളെ വിട്ടില്ല. മുറി ജമ്മുവിലെടുക്കേണ്ടെന്നും ശ്രീനഗറിലേക്കുള്ള വഴിയിൽ പാട്നി ടോപ്പില് നല്ല മുറി കിട്ടുമെന്നും ഇന്നുതന്നെ അവിടേക്കുവച്ചു പിടിക്കാനും അദ്ദേഹം നിർദേശിച്ചു. പക്ഷേ 27നായിരുന്നു യാത്ര തുടങ്ങാന് തീരുമാനിച്ചിരുന്നത്. ഒരു ദിവസം ജമ്മുവിൽ വിശ്രമം. ബാക്കിയുള്ള ഒരുക്കങ്ങൾക്കും അൽപസ്വൽപം വിശ്രമത്തിനുമായി ഒരു ദിവസം.അങ്ങനെയായിരുന്നു മുൻ നിശ്ചയം. അതിൽനിന്നു മാറുവാൻ താൽപര്യമില്ലാതിരുന്നതിനാൽ ആ ചേട്ടനോടു നന്ദി പറഞ്ഞു വണ്ടി ഉന്തൽ തുടർന്നു. വലിയ യാത്രക്കായുള്ള ചെറിയൊരു ഉന്തൽ. അതുവഴി പോയ രണ്ടു ചെത്തുപിള്ളേർ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്ന. അല്പം മുന്നോട്ടു പോയ ശേഷം അവർ വണ്ടി നിർത്തി ഞങ്ങളുടെ അടുത്തേക്കു തിരിച്ചു വന്നു.”കേരളത്തിൽനിന്നാണല്ലേ? ” ചോദ്യം ഹിന്ദിയിലായിരുന്നു. അതേയെന്നു മറുപടി നൽകി. ഈയിടെ കേരളത്തിൽ വന്നിരുന്നെന്നും മലയാളികൾ വളരെ സഹായ മനസ്തിതിയുള്ളവരാണെന്നും അവർ പറഞ്ഞു. എന്തായാലും അവരെ അന്നു സഹായിച്ച മല്ലു ചേട്ടന്മാർക്കു നന്ദി, ദൈവത്തിനും. റോഷൻ ഒരു ബോട്ടിലുമായി അതിൽ ഒരു പയ്യന്റെ കൂടെ പെട്രോൾ കൊണ്ടുവരാനായി പോയി. ഒരാൾ എന്റെ കൂടെയും. നമ്മൾ ഭയങ്കര കമ്പനിയായി. എന്റെ ഹിന്ദി കേട്ട് അവനു മനസിലായിക്കാണും, അവൻ ഇതുവരെ പഠിച്ചതൊന്നും ഹിന്ദിയല്ലെന്ന്. പോകാൻ നേരം അവരുടെ കോൺടാക്ട് നമ്പർ ഷെയർ ചെയ്തു. കാരർഗിൽ ആണ് നാടെന്നു അവർ പറഞ്ഞു. പോകുന്ന വഴിയിൽ കാർഗിൽവരെ എന്തുസഹായം വേണമെങ്കിലും വിളിച്ചുകൊള്ളാനും പറഞ്ഞശേഷം ആ സ്നേഹിതർ വിട പറഞ്ഞു. ബജറ്റിൽ ഒതുങ്ങുന്ന ഒരു ഹോട്ടൽതപ്പി ഇറങ്ങി. ബാച്ച്ലർ ട്രിപ് ആയിരുന്നതിനാൽ ഹോംവർക്ക് ഒന്നും നടത്തിയിരുന്നില്ല. ഒരു ടെന്റ് കയ്യിലുണ്ട്. സ്ലീപിങ് ബാഗും. ഒന്നും കിട്ടിയില്ലെങ്കിൽ അതുണ്ടല്ലോയെന്ന ആശ്വാസമായിരുന്നു. പലരും പറഞ്ഞതനുസരിച്ച് റസിഡൻസി റോഡിലേക്കെത്തി.ഒരു വലിയഅമ്പലത്തെരുവായിരുന്നു അത്. ഒരറ്റത്ത് ശ്രീരാമ ക്ഷേത്രവും (രഘുനാഥ് മന്ദിർ). വിമാനത്താവളത്തിലെ ആ അമ്മാവൻ ഈ സ്ഥലമാണു പറഞ്ഞുതന്നതെന്നു പിന്നീടു മനസിലായി. ജമ്മു കശ്മീർ ടൂറിസ്റ്റ് ഗസ്റ്റ് ഹൗസിൽ ഞങ്ങൾ വണ്ടി നിർത്തി. വാടക തിരക്കി മടങ്ങിയപ്പോഴാണ് ഒരു പഴയകെട്ടിടം ശ്രദ്ധയിൽപ്പെട്ടത്. ഒന്നു തിരക്കാമെന്നു കരുതി കയറി. വാടക 500 രൂപ. സന്തോഷത്തോടെ മുറികാണുവാനായി മുകളിലേക്കു കയറി.


ഹോട്ടൽ രാജേഷ്, ഭാർഗവിനിലയം പോലൊരു കെട്ടിടം. പഴയ നഷ്ടപ്രതാപങ്ങൾ അങ്ങിങ്ങായി ഒളിച്ചിരിക്കുന്ന പോലെ. ചുമരുകൾ വൃത്തിയില്ലാത്തതാണെങ്കിലും നല്ല വലുപ്പമുള്ള മുറി. ബൈക്ക് പാർക്ക് ചെയ്യാനും സൗകര്യം. ബാഗുകൾ മുകളിൽ കയറ്റി, കുളിച്ചു, ഭക്ഷണം കഴിക്കാനായി ഇറങ്ങി. അവിടവിടെയായി പലപല ചെറു ഭക്ഷണശാലകളിൽ റൊട്ടികൾ ചുട്ടെടുക്കുന്നു. രാത്രി പത്തുമണി കഴിഞ്ഞുകാണും. വയറുനിറയെ ആലുപറാത്തയും കറിയും കഴിച്ചു. എസടിഡി ബൂത്തുകൾ അന്വേഷിച്ചിറങ്ങി. അമ്പലത്തിനടുത്തായി ഒരുമൂലയിൽ പഴയൊരു പരിചയക്കാരനെപ്പോലെ എസടിഡി ബൂത്തുകാരൻ നമ്മളെ സ്വാഗതം ചെയ്തു.എന്റെ വീടിനടുത്തുള്ള ഒരുചേട്ടനെപ്പോലുണ്ടായിരുന്നു കക്ഷിയെ കാണാൻ. റയിൽവേ സ്റ്റേഷനിലെ ഫോൺവിളിയുടെ ക്ഷീണം മാറിയിട്ടില്ല. ഇയാളും അതിനായിരിക്കുമോ ഒരുക്കമെന്ന പേടിയുണ്ടായിരുന്നു. വിചാരിച്ചപോലല്ല, നല്ല മനുഷ്യൻ. കൃത്യമായ ബിൽതുക മാത്രമേ വാങ്ങിയുള്ളൂ. ഒട്ടും വൈകാതെ മൂപ്പര് നമ്മുടെ ഉദ്ദേശ്യമൊക്കെ ചോദിച്ചറിഞ്ഞു. മക്കളേ,നിങ്ങൾ ഇവിടെ നിർത്തിക്കോ, ജമ്മുകശ്മീർ വെള്ളപ്പൊക്കത്തിലായിരുന്നു ഞങ്ങൾ എത്തിയ ദിവസം. റോഡുകളെല്ലാം ഭാഗികമായി തടസ്സപ്പെട്ടു കിടക്കുന്നു.മാത്രമല്ല ജവഹർ ടണൽ വഴി ശ്രീനഗറിലേക്കുള്ള വഴി ജമ്മുക്കാർ കാറിൽ പോലും പോകാൻ മടിക്കുമത്രേ.എത്രയോ തവണശ്രീനഗറിലേക്കു കാറിൽ പോയിട്ടുള്ള അദ്ദേഹത്തിന്റെ ഒരു പരിചയക്കാരൻ കഴിഞ്ഞ ദിവസം അപകടത്തിൽ കൊല്ലപ്പെട്ടു. കൊള്ളാം സ്നേഹ സമ്പന്നനായ ആ ചേട്ടന് ഞങ്ങൾ പോത്തുകളാണെന്നു മനസ്സിലായിരുന്നില്ല. പോത്തുകളോട് വേദമോതിയിട്ടെന്തുകാര്യം.എങ്കിൽപ്പിന്നെ അതിരാവിലെ നാലുമണിക്കു പുറപ്പെടണമെന്നായി.പക്ഷേ ഞങ്ങൾ അല്പസ്വല്പം ജ്യോതിഷമൊക്കെ നോക്കിയിരുന്നു. അതുപ്രകാരം നല്ല സമയം നോക്കി ഏഴുമണിക്കെന്നു തീരുമാനിച്ചു. ശുദ്ധനായ ആ ചേട്ടനും ഒരുപാടു നന്ദി, കലർപ്പില്ലാത്ത ആസ്നേഹത്തിന്.



യാത്ര തുടരുക.