ബഹിരാകാശ ഗവേഷണ രംഗത്ത് നാസയുടെ നേട്ടങ്ങൾ അസൂയാവഹമാണ്. എന്നാൽ നേട്ടങ്ങളിലേക്കുള്ള യാത്രയിൽ പല ദുരന്തങ്ങൾക്കും നാസ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്.
- 1962 ജൂലൈ 22 ന് അമേരിക്കയുടെ മറൈനർ – 1 ബഹിരാകാശ വാഹനം വിക്ഷേപണ തറയിൽ നിന്നു കുതിച്ചുയർന്നു. വ്യാഴത്തിലേക്കായിരുന്നു ലക്ഷ്യം. അതുവരെ എല്ലാം കൃത്യമായി പ്രവർത്തിച്ചു. എന്നാൽ വിക്ഷേപണം കഴിഞ്ഞ് റോക്കറ്റിന്റെ വഴി തെറ്റി. അതു കൊണ്ട് തന്നെ ബഹിരാകാശ വാഹനം നശിപ്പിച്ചു കളയേണ്ടി വന്നു.
- ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയ നീൽ ആംസ്ട്രോങ് 1966 മാർച്ച് 16ന് ജമിനി – 8 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആദ്യ യാത്ര. യാത്രക്കിടയിൽ വാഹനം നിയന്ത്രണം വിട്ട് കറങ്ങാൻ തുടങ്ങി. പരിശീലന സമയത്ത് ലഭിച്ച അറിവുകൊണ്ട് അദ്ദേഹം സ്വന്തം ജീവനും വാഹനവും രക്ഷപെടുത്തി. യാത്രാ പദ്ധതി വെട്ടിക്കുറച്ച് അദ്ദേഹം ഭൂമിയിലേക്ക് മടങ്ങി. പിന്നീട് അപ്പോളൊ -11 ൽ അദ്ദേഹം ചന്ദ്രനിലെത്തി.
- 1967 ജനുവരി 27ന് ബഹിരാകാശ പരീക്ഷണങ്ങളിലെ ആദ്യത്തെ ആൾനാശം കേപ് കെന്നഡി വിക്ഷേപണ തറയിൽ സംഭവിച്ചു. അപ്പോളൊ – 1 ബഹിരാകാശത്തേക്ക് കുതിക്കും മുമ്പ് തറയിൽ വച്ച് തന്നെ അഗ്നിക്കിരയായി. വിർജിൻ ഗ്രിസാം, റോജർ ഷാഫെ, എഡ്വോർഡ് വൈറ്റ് എന്നീ സഞ്ചാരികൾ ആ ദുരന്തത്തിൽ മരിച്ചു. ചന്ദ്രനിലിറങ്ങാനുള്ള പരീക്ഷണത്തിന്റെ മുന്നോടിയായിരുന്നു അപ്പോളൊ-1.
- അപ്പോളൊ- 13, 1970 ഏപ്രിൽ 13 ന് ചന്ദ്രനിലേക്ക് പറന്നുയരുകയായിരുന്നു. പാതി വഴി പിന്നിട്ടപ്പോൾ ഓക്സിജൻ സംഭരണി പൊട്ടിതെറിച്ചു. യാത്രികനായ കമാൻഡർ ജയിംസ് ലോവൽ ഭൂമിയിൽ ഹൂസ്റ്റൺ മിഷൻ കൺട്രോളിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഭൂമിയിൽ തിരിച്ചെത്തി.
- 1986 ജനുവരി 28ന് ചലഞ്ചർ സ്പേസ് ഷട്ടിൽ വിക്ഷേപണത്തിന് 73 സെക്കന്റുകൾക്ക് ശേഷം പൊട്ടിതെറിച്ചു. റോക്കറ്റിന്റെ സുരക്ഷാവലയം തകർന്നതായിരുന്നു ദുരന്തകാരണം. ഏഴ് യാത്രികർ ആ ദുരന്തത്തിൽ മരിക്കുകയുണ്ടായി. ലോകമെമ്പാടും വേദനിച്ച ഒരു ദുരന്തമായിരുന്നു അത്. ചലഞ്ചറിലെ യാത്രക്കാരിൽ ഒരു സ്കൂൾ ടീച്ചറും ഉണ്ടായിരുന്നു – ക്രിസ്റ്റ് മക് ആലിഫ്. ദുരന്തമുണ്ടായിരുന്നില്ല എങ്കിൽ ശാസ്ത്രജ്ഞയല്ലാത്ത ബഹിരാകാശത്തെത്തുന്ന ആദ്യ യാത്രക്കാരിയാവുമായിരുന്നു അവർ.
- 2003 ഫെബ്രുവരി 1, പതിനേഴു ദിവസത്തെ ബഹിരാകാശ വാസത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങവേ ടെക്സസ് നഗരത്തിനു മുകളിൽ വച്ച് കൊളംബിയ വാഹനം പൊട്ടിതെറിച്ചു. അന്നു മരണപ്പെട്ട ഏഴ് പേരിൽ ഇന്ത്യൻ വംശജയായ കൽപന ചൗളയും ഉണ്ടായിരുന്നു.
സമ്പാദകൻ:- അഹ്‌ലുദേവ്