എല്ലാ തിങ്കളാഴ്ച്ചയും ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ബിപിൻ ചൗധരിക്കതൊരു ശീലമായി- ന്യൂ മാർക്കറ്റിൽ കാളീച്ചരന്റെ പുസ്തകക്കടയിൽ പോയി കുറച്ച് പുസ്തകങ്ങൾ വാങ്ങുക- ക്രൈം നോവലുകൾ, ഡിക്റ്ററ്റീവ് പുസ്തകങ്ങൾ, ത്രില്ലറുകൾ. അഞ്ചണ്ണമെങ്കിലും വാങ്ങിക്കണം- എന്നാലേ ഒരാഴ്ച്ചക്കു മതിയാവൂ. ഏതാണ്ട് ഒരു ഒറ്റയാനാണ് ബിപിൻ ചൗധരി, കൂട്ടുകാരധികമില്ല. വെറുതെ വർത്ത്മാനം പറഞ്ഞ് സമയം കളയുന്ന ശീലവുമില്ല. ആരെങ്കിലും വന്നാൽ അവർക്ക് ബിപിന്റെ സ്വഭാവമറിയുമെങ്കിൽ കാര്യം പറഞ്ഞു വേഗം സ്ഥലം വിടും. അല്ലാ- വർത്തമാനങ്ങൾ നീളാനാണ് ഭാവമെങ്കിൽ, ബിപിൻ സ്ഥിരം പല്ലവി പുറത്തെടുക്കും. തനിക്ക് 8 മണിക്ക് പ്രാതൽ കഴിക്കണം- ഡോക്ടറുടെ നിർദ്ദേശമാണ്. പ്രഷറും, ഇപ്പോൾ കുറേശ്ശ ഷുഗറും കണ്ടു തുടങ്ങി. അങ്ങിനെ പറഞ്ഞാൽ വന്നവർ സ്ഥലം വിടും. പിന്നെ ഒരു പുസ്തകവുമെടുത്ത് സ്വന്തം ലോകത്തിലേക്ക് യാത്രയവുകയായി ബിപിൻ ചൗധരി. ഈ രീതി തുടങ്ങിയിട്ട് കുറേ വർഷങ്ങളായി.
ഇന്ന് ബിപിൻ ബാബുവിന് ‘കാളീചരൻ’ കടയിൽ വെച്ച് ഒരു പ്രത്യേക അനുഭവമുണ്ടായി. ഒരാൾ തന്നെത്തന്നെ ശ്രദ്ദിക്കുന്നില്ലെ എന്ന് ഒരു സംശയം. സംശയം കുറേ കഴിഞ്ഞപ്പോൾ ശരിയാണെന്ന് ബോദ്ധ്യമായി.
‘എന്നെ ഓർമ്മയില്ല്, അല്ലേ!’
ബിപിൻ ബാബു ആകെ വല്ലാതെയയി. മനസ്സിൽ കുറേ പരതി നോക്കിയിട്ടും ഇങ്ങനെയൊരാളെ ഓർമ്മ കിട്ടുന്നില്ല.
‘പക്ഷെ താങ്കൾ വളരെ തിരക്കു പിടിപ്പുള്ള ആളല്ലേ? പെട്ടെന്നൊന്നും മനസ്സിലായെന്നു വരില്ല!’
‘നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ?’
-ബിപിൻ ബാബുവിന്റെ സംശയം ഉണർന്നു.
‘ഒരാഴ്ച്ച അടുപ്പിച്ച് നമ്മൾ എല്ലാ ദിവസവും കണ്ടിട്ടുണ്ട്. ഇടപഴകിയിട്ടുമുണ്ട്. ഞാനാണ് താങ്കളെ റാഞ്ചിയിലെ വെള്ളച്ചാട്ടം കാണിക്കാൻ കൊണ്ടുപോയത് – 1958-ൽ. ഞാനാണ് പരിമൾ ഘോഷ്.’
‘റാഞ്ചി.. !’
ഇപ്പോൾ ബിപിൻ ബാബുവിന് ബോദ്ധ്യമായി. തന്നെ ഇയാൾ അറിയില്ല. ആള് മാറിയതാവാം. താൻ ഇതുവരെ റാഞ്ചിയിൽ പോയിട്ടില്ലല്ലോ. പലതവണ പോകണമെന്ന് ആഗ്രഹിച്ചതാണെങ്കിലും.
ബാബു ചിരിച്ചുകൊണ്ട് പറഞ്ഞു-
‘താങ്കൾക്ക് എന്നെ മനസ്സിലായിട്ടില്ല!’
‘ബിപിൻ ബാബുവിനെ അറിയില്ലെന്നോ!’
-പുരികമുയർത്തി നാവു കടിച്ചുകൊണ്ട് അയാൾ പറഞ്ഞു:
ഇപ്പോഴും താങ്കൾ തെറ്റ് ആവർത്തിക്കുന്നു. ഞാൻ ഇന്നുവരെ റാഞ്ചിയിൽ പോയിട്ടില്ല.’
അയാൾ ഉറക്കെ ചിരിക്കാൻ തുടങ്ങി.
‘എന്താണ് ബാബു നിങ്ങൾ പറയുന്നത്?’
‘നിങ്ങൾ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും വീണതും കാലൊടിഞ്ഞതും ഞാൻ അയോഡിൻ കൊണ്ടുവന്നതും എല്ലാം നിങ്ങൾ മറന്നുവോ? പിറ്റേ ദിവസം ‘നേതാർ ഹട്ടി’ ലേക്ക് പോവാനും ഞാനല്ലേ ടാക്ഷി കാർ ഏല്പിച്ചുതന്നത്. എന്നിട്ട് താങ്കൾക്ക് പോവാൻ കഴിഞ്ഞില്ലല്ലോ, കാലിലെ വേദന കാരണം. താങ്കൾക്കിതൊന്നും ഓർമ്മയില്ലെ? താങ്കൾക്ക് പരിചയമുള്ള ഒരാൾകൂടിയുണ്ടായിരുന്നു റാഞ്ചിയിൽ – മി. ദിനേശ് മുഖർജി. ഹോട്ടലിലെ ഭക്ഷണം ഇഷ്ടമില്ലാത്തതുകൊണ്ട് താങ്കൾ ഒരു ബംഗ്ലാവിലാണ് താമസിച്ചിരുന്നത്. മി. ദിനേശ് മുഖർജിയുടെ കൂടെ അദ്ദേഹത്തിന്റെ സഹോദരിയും ഉണ്ടായിരുന്നു. നിങ്ങൾ അന്ന് വലിയ വാഗ്വാദം തന്നെയുണ്ടായി. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുന്നതിനെ കുറിച്ച് – ഇനിയും പറയാം – താങ്കളുടെ തോളിൽ ഒരു നീളൻ സഞ്ചിയുണ്ടായിരുന്നു – നിറയേ പുസ്തകങ്ങളുമായി. ശരിയല്ലേ?’
ബിപിൻ ബാബു പുസ്തകങ്ങളെ ശ്രദ്ധിച്ചുകൊണ്ട് പതുക്കെ ചോദിച്ചു – ’58 ലെ ഏതു മാസമാണ്?’
‘പൂജയ്ക്ക് തൊട്ടുമുൻപ് – ഒക്ടോബറിൽ’ –
‘ക്ഷമിക്കണം സുഹൃത്തേ, 58-ലെ പൂജാ അവധിക്ക് ഞാൻ കാൻപൂരിലായിരുന്നു, ഒരു സുഹൃത്തിനോടൊപ്പം.’ ബിപിൻ ബാബു പോകാനൊരുങ്ങിയെങ്കിലും, അയാൾ വീണ്ടും തുടർന്നു –
‘വളരെ അത്ഭുതമായിരിക്കുന്നു, ബാബു ഒരു ദിവസം താങ്കളുടെ ബംഗ്ലാവിലെ വരാന്തയിലിരുന്ന് എന്നോട് പറഞ്ഞത് – താങ്കൾക്കു കുട്ടികളില്ലെന്നും, പത്തുവർഷം മുൻപ് ഭാര്യ മരിച്ചുവെന്നും താങ്കളുടെ ഒരേയൊരു സഹോദരൻ മാനസിക രോഗിയായി മരിച്ചുവെന്നും, അതുകൊണ്ടുതന്നെ താങ്കൾക്ക് റഞ്ചിയിലെ മെന്റൽ ഹോസ്പിറ്റൽ കാണേണ്ടെന്നും ഒക്ക്’ ; ബിപിൻ ബാബു തിരഞ്ഞെടുത്ത പുസ്തകങ്ങളുടെ വില കൗണ്ടറിൽ കൊടുത്ത് പോകുമ്പോഴും അയാൾ വിശ്വാസം വരാതെ അങ്ങിനെ തന്നെ നിന്നു.
ബിപിൻ ബാബുവിന്റെ കാർ ‘ലൈറ്റ് ഹൗസ്’ സിനിമാ ഹാളിന് മുമ്പിൽ സുരക്ഷിതമായി പാർക്കു ചെയ്തിട്ടുണ്ട് – പോകുമ്പോൾ ഡ്രൈവർ സീതാറാമിനോട് പറഞ്ഞു –
‘നമുക്ക് ഗംഗയുടെ തീരത്തുകൂടി പോകാം.’ സ്ട്രാൻഡ് റോഡിലൂടെ പോകുമ്പോൾ ബിപിൻ ബാബു വെറുതെ അപരിചിതനു വേണ്ടി സമയം കളഞ്ഞതിൽ വിലപിച്ചു. താൻ ഒരിക്കലും റാഞ്ചിയിൽ പോയിട്ടില്ല. അതും അയാൾ പറഞ്ഞ സംഭവം ഒരിക്കലും നടന്നതല്ല. തനെ ഓർമ്മയിൽ ഏഴയലത്ത് വരുന്ന കാര്യങ്ങളല്ല അവ. ഏതാണ്ട് ആറോ ഏഴോ കൊല്ലങ്ങൾക്കുമുമ്പുള്ള കാര്യമാണ്. മാത്രമല്ല നല്ല ഓർമ്മശക്തിയുള്ള ആളാണ് ബിപിൻ ബാബു.
അല്ലെങ്കിൽ ബുദ്ധിഭ്രംശം സംഭവിച്ചുകാണും. പെട്ടെന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ മറക്കുക. അതെങ്ങനെ സംഭവിക്കാൻ? താൻ ഒരു വലിയ കമ്പനിയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനാണ്. ഇന്നുപോലും അരമണിക്കൂറിലേറേ വളരെ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് കമ്പനിയിൽ മീറ്റിങ്ങിൽ സംസാരിച്ചതാണ്. എന്നിട്ടും ആ മനുഷ്യൻ എത്ര കൃത്യമായാണ് സമർത്ഥിക്കുന്നത്. തന്റെ ചുമലിൽ തൂങ്ങുന്ന സഞ്ചി, ഭാര്യയുടെ മരണം, സഹോദരന്റെ ദാരുണമായ അന്ത്യം… എല്ലാം ശരിതന്നെ. പക്ഷെ, റാഞ്ചിയിൽ താൻ പോയിട്ടില്ല. അതൊരു കരുതിക്കൂട്ടിയിള്ള നുണയാവാനെ തരമുള്ളൂ. 1958 ഒക്ടോബറിൽ താൻ ഹരിദാസ് ബാഗ്ചിയുടെ കാൻപൂരിലെ വീട്ടിലാണ്. ഹരിദാസിന് താൻ എഴുതുകപോലുമുണ്ടായില്ല. അതുകൊണ്ട് ആ ദിവസത്തെ സംഭവത്തിന് തെളിവ് നൽകാൻ തന്റെ പക്കലൊന്നുമില്ല. പക്ഷെ ഇവിടെ തെളിവിന്റെ കാര്യമൊന്നും തന്നെ ഉദിക്കുന്നില്ലല്ലോ – 58-ലെ ഒക്ടോബറിൽ എന്തെങ്കിലും ക്രൈം സംഭവിക്കുക. എന്നിട്ട് ആ തെളിവിലേക്കായി.. ഛെ, ഇവിടെ അതൊന്നും പ്രശ്നമാവുന്നതേയില്ല. താൻ റാഞ്ചിയിൽ പോയിട്ടില്ല – റാഞ്ചി കണ്ടിട്ടില്ല. അതുമാത്രമാണ് സത്യം.
ഗംഗയിലെ കാറ്റ് തഴുകി കടന്നുപോയി. താനേറ്റവും സന്തോഷിക്കേണ്ട സമയമാണെങ്കിലും ഉള്ളിലെവിടെയോ ചെറിയ നൊമ്പരം അനുഭവപ്പെടുന്നു. ‘ഹോസ്റ്റിംഗ്സി’നടുത്തെത്തിയപ്പോൾ വെറുതെ വലത് കാൽമുട്ടിൽ തൊട്ടുനോക്കാൻ ബിപിൻ ബാബുവിനു തോന്നി. ഒരിഞ്ചു നീളത്തിൽ പഴയൊരു മുറിപ്പാട് കാലിലുണ്ട്. ചെറുപ്പത്തിലെപ്പോഴോ വീണതാണ്. എത്ര ശ്രമിച്ചിട്ടും അത് എന്നാണെന്ന് ഓർത്തെടുകാൻ കഴിയുന്നില്ല. ബിപിൻ ബാബു പെട്ടെന്ന് ദിനേശ് മുഖർജിയെക്കുറിച്ച് ഓർത്തു. ദിനേശ് ആ സമയത്ത് റാഞ്ചിയിലുണ്ടായിരുന്നുവെന്നാണല്ലോ പറഞ്ഞത്. ദിനേശിനോട് നേരിട്ട് ചോദിക്കുകയാവും ഉത്തമം. അയാൾ ‘ബേനു നന്ദൻ’ സ്ട്രീറ്റിലാണ് താമസം. വളരെയടുത്ത്. ഇപ്പോൾ തന്നെ ദിനേശിന്റെയടുത്തേക്ക് പോയാലോ? പക്ഷെ ഒരിക്കലും റാഞ്ചിയിൽ പോയിട്ടില്ലെന്നിരിക്കെ അങ്ങിനെ ചോദിച്ചാൽ എന്തായിരിക്കും ദിനേശിന്റെ പ്രതികരണം? തനിക്ക് ചെറിയ ‘അസുഖം’ തുടങ്ങിയെന്ന് വ്യാഖ്യാനിക്കാനും മടിക്കില്ല, ദിനേശ്. മറ്റുള്ളവരെ കളിയാക്കുന്നതിൽ സമർത്ഥനാണല്ലോ ദിനേശ്.
തണുത്ത നാരങ്ങാനീര് കഴിച്ചുകൊണ്ട് തന്റെ ശീതീകരിച്ച കിടപ്പുമുറിയിൽ ബിപിൻ ബാബു ശാന്തനായി ഇരുന്നു. ഒരു വല്ലാത്ത ശല്യമായി അയാൾ മനസ്സിൽ നിൽക്കുന്നു. അല്ലെങ്കിലും ചിലർ അങ്ങിനെയാണ്. ഒന്നും ചെയ്യാനില്ലെങ്കിൽ മറ്റുള്ളവരുടെ മേൽ കുതിരകയറുക! അത്താഴം കഴിഞ്ഞ് ഒരു പുതിയ പുസ്തകമെടുത്ത് കിടക്കയിൽ അമർന്ന് ബിപിൻ ബാബു എല്ലാം മറന്നു.
അടുത്ത ദിവസം ബിപിൻ ബാബുവിന്റെ മനസ്സിൽ അധികവും സ്ഥലം പിടിച്ചിരിക്കുന്നത് തലേദിവസത്തെ കുഴയ്ക്കുന്ന സംഭവം തന്നെ എന്ന് അയാൾ തിരിച്ചറിഞ്ഞു. അത് മനസ്സിൽനിന്നും പോകുന്നില്ല. ഇത്രയൊക്കെ തന്നെക്കുറിച്ചറിയാമെങ്കിൽ റാഞ്ചിയാത്ര മാത്രം എങ്ങനെ അയാൾക്ക് തെറ്റ് പറ്റും?
ഉച്ചയൂണു കഴിഞ്ഞ ഉടൻ ബാബു തീരുമാനിച്ചു – ദിനേശ് ബാബുവിനെ വിളിക്കുകതന്നെ. ടെലിഫോണിലൂടെയാവുമ്പോൾ മുഖത്തെ ജാള്യത കാണാതെയെങ്കിലും കഴിക്കാമല്ലോ –
രണ്ട് – മൂന്ന് – അഞ്ച് – ആറ് – ഒന്ന് – ഏഴ്
‘ഹലോ’
‘ഇത് ദിനേശാണോ? ഞാൻ ബിപിൻ;
‘ഹലോ, എന്തൊക്കെയുണ്ട്?’
‘എനിക്ക് ദിനേശിന്റെ ഓർമ്മയെ ഒന്ന് അളക്കണം. 1958 ലെ സംഭവമാണ്.’
‘1958! അതെന്തു സംഭവം?’
‘ആ വർഴം മുഴുവൻ താങ്കൾ കൽക്കത്തയിൽ തന്നെയുണ്ടായിരുന്നോ? ആദ്യം അതാണ് എനിക്കറിയേണ്ടത്!’
‘ഒരു നിമിഷം നിൽക്കൂ? ഞാനൊന്ന് ഡയറി നോക്കട്ടെ’
കുറച്ചുനേരത്തെ മൗനം. ബിപിൻ ബാബുവിന് ഹൃദയമിടിപ്പ് കൂടുന്നുണ്ടോ എന്നു സംശയം. കുറച്ച് വിയർക്കുന്നുണ്ടോ?
‘ഹലോ’
‘യെസ് പറയൂ’ –
‘എനിക്കതു കിട്ടി – ഞാൻ രണ്ടുതവണ കൽക്കത്തയ്ക്കു പുറത്തായിരുന്നു.’
‘എവിടെ’
‘ആദ്യം ഫെബ്രുവരിയിൽ കൃഷണ നഗറിനടുത്ത് ഒരു സുഹൃത്തിന്റെ മകന്റെ കല്യാണത്തിന്. സുഹൃത്തിനെ താനറിയില്ല. പക്ഷെ രണ്ടാമത്തേത് റാഞ്ചിയിലേക്കായിരുന്നു യാത്ര. താനും കൂടെയുണ്ടായിരുന്നു. പക്ഷെ – എന്താ, ഈ അന്വേഷണവും മറ്റും?’
‘ഒന്നുമില്ല, ഒന്നറിയാന്വേണ്ടി മാത്രം. താങ്ക്സ്!’ ബിപിൻ ബാബു പെട്ടെന്ന് ഫോൺ താഴെവച്ചു. ആകെ തളരുന്നതുപോലെ. ശരീരം മുഴുവൻ ഒരു വിറയൽ ഓടിക്കയറി. ആഹാരം പാത്രത്തിൽ ഇരിപ്പുണ്ടെങ്കിലും വിശപ്പുതോന്നുന്നില്ല. ഉച്ചകഴിഞ്ഞപ്പോൾ ബിപിൻ ബാബുവിന് ഇരിപ്പുറയ്ക്കാതെയായി. ജോലി ചെയ്യാൻ കഴിയുന്നില്ല. കഴിഞ്ഞ 25 വർഷങ്ങളിൽ ഇതാദ്യമായാണ്. താൻ കഴിവുറ്റ ഒരു ജീവനക്കാരനാണെന്ന് എല്ലാവരും സമ്മതിക്കും. ഏതു സന്നിഗ്ദ്ധഘട്ടത്തിലും മനസ്സാനിദ്ധ്യം വിടാത്തയാളാണ് ബിപിൻ ബാബു. ഉത്തരം കിട്ടാത്ത ഏതു കീറാമുട്ടിക്കും ബിപിൻ ബാബുവിന് പരിഹാരമുണ്ട്. പക്ഷെ ഇന്ന് താൻ പരാജയം സമ്മതിച്ചിരിക്കുന്നു.
രണ്ടരമണിയാവുമ്പോഴേക്കും ബിപിൻ മുറിയിലെത്തി. വാതിൽ ചാരി കിടക്കയിൽ കയറിക്കിടന്നു. അപകടം സംഭവിച്ചാൽ ഇങ്ങിനെയൊക്കെ നടക്കാറുണ്ട്. പെട്ടെന്ന് ഓർമ്മ നശിക്കും. പക്ഷെ ഇത് വളരെ വ്യത്യസ്തമാണല്ലോ – എല്ലാം ഓർമ്മയുണ്ട്, ഒരു സംഭവമൊഴിച്ച്. അതും വളരെ പ്രാധാന്യമുള്ള ഒരു സംഭവം. റാഞ്ചിയിലേക്ക് പോകാൻ എന്നും മനസ്സുകൊതിച്ചതാണ്. അവിടെ പോയി എന്നത് മാത്രമല്ല, കുറേയൊക്കെ സംഭവങ്ങളുണ്ടാക്കി അവിടെ താമസിച്ചതും, ഒക്കെ മറക്കുക- അത് സാധാരണ സംഭവമല്ലല്ലോ. ഏഴു മണിയായപ്പോൾ ഒരു വി. ഐ. പി. സന്ദർശകൻ, സേഥ് ഗിരിധരപ്രസാദ് തന്നെ കാണുവാൻ വന്നു കാത്തു നിൽക്കുന്നതായി റൂം ബോയ് വന്നു പറഞ്ഞു. നേരത്തേ സമയമെടുത്ത് കാണാൻ വന്നതാണ്. പക്ഷെ ബിപിൻ ബാബുവിന് പുറത്തിറങ്ങാൻ തോന്നുന്നില്ല. തീരെ സുഖമില്ലെന്ന് പറഞ്ഞയച്ചു.
ഏഴരക്ക് ഒന്നു മയങ്ങിയപ്പോൾ വീണ്ടും വാതിലിൽ മുട്ട്. ഇത്തവണ ചുനി ബാബുവാണ്.
‘സർ, ബാബു പറയുന്നു, ഇത് വളരെ അർജന്റാണെന്ന്. ബിപിൻ ബാബുവിനറിയാം. ഇത്ര അടിയന്തരകാര്യം എന്താണെന്ന്. ചുനി ലാൽ ബാബു തന്റെ ബാല്യകാല സുഹൃത്താണ്. ഇപ്പോൾ ജോലിയൊന്നുമില്ല. എങ്ങിനെയെങ്കിലും ഒരു ജോലി തരമാക്കണം. അതാണാവശ്യം. എന്തൊരു ബോറ്. ഇന്ന് മാത്രമല്ല, ഇനി കുറേ ദിവസത്തേക്ക് തന്നെ കാണാൻ വരേണ്ടെന്ന് ബിപിൻ പറഞ്ഞയച്ചു. മുറിയിൽ നിന്നും അയാൾ പുറത്തിറങ്ങിയതും ബിപിൻ ആലോചിച്ചു. 1958- ലെ കാര്യങ്ങളൊക്കെ കുറേ ചുനി ബാബുവിനറിയാമായിരിക്കും ചോദിക്കുന്നതിൽ ഒരു വിരോധവുമില്ല. ചുനി ബാബു പോകാൻ തുടങ്ങുകയായിരുന്നു. ബിപിനെ നേരിൽ കണ്ടപ്പോൾ ആശയുടെ ചെറിയ നാളം കണ്ണുകളിൽ വിടർന്നു. അധികം ചുറ്റിവളയാതെ ബിപിൻ ബാബു നേരിട്ട് കാര്യം പറഞ്ഞു.
‘ചുനി – നിനക്ക് നല്ല ഓർമ്മശക്തിയുണ്ടെന്നാണല്ലോ, വെപ്പ്. ഒന്നാലോചിച്ചുനോക്ക് – 1958-ൽ ഞാൻ റാഞ്ചിക്ക് പോവുകയുണ്ടായോ?’
’58-? അതോ അമ്പത്തൊമ്പതോ?’
‘നിനക്കുറപ്പുണ്ടൊ? ഞാൻ റാഞ്ചിയിൽ പോയിട്ടുണ്ടെന്ന്?’
ചുനിക്ക് ചെറിയ പരിഭ്രമമുണ്ടായി മുഖത്ത്.
‘എന്താ പെട്ടെന്ന് ഇങ്ങനെ തോന്നാൻ? എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ?’
‘ഞാൻ പോയതാണോ? നിനക്ക് വ്യക്തമായി ഓർമ്മയുണ്ടോ?’
ചുനി പെട്ടെന്ന് മുന്നിൽ കാണുന്ന സോഫയിലിരുന്നു.
‘ബിപിൻ, താനെന്താ ഇന്ന് വല്ലതും കഴിച്ചിട്ടുണ്ടോ? ഞാൻ കരുതുന്നത് തനിക്ക് നല്ല ഓർമ്മശക്തിയുണ്ടെന്നു തന്നെയാണ്. പഴയ കൂട്ടുകാരെ മുഴുവൻ ഓർത്തില്ലെങ്കിലും ഇതൊക്കെ തന്റെ ഓർമ്മയിലുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. റാഞ്ചി ട്രിപ്പ് താൻ മറന്നുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല!’
ചുനിയുടെ ചൂഴ്ന്ന നോട്ടാത്തിൽനിന്ന് ബിപിൻ ബാബു ഒഴിഞ്ഞു മാറി.
‘തനിക്ക് ഓർമ്മയുണ്ടോ, എന്റെ പഴയ ജോലി എന്തായിരുന്നുവെന്ന്?’
‘ഉവ്വ്. താൻ ഒരു ട്രാവൽ ഏജൻസിയിൽ ആയിരുന്നുവല്ലോ’
‘അപ്പോൾ താൻ അതു മാത്രം മറന്നു – ഞാനല്ലേ തനിക്ക് റാഞ്ചിയിലേക്ക് റിസർവേഷൻ ശരിയാക്കിത്തന്നത്.
ട്രെയിൻ കമ്പാർട്ട്മെന്റിൽ കറങ്ങാത്ത ഫാൻ ഇലക്ട്രീഷ്യനെ വിളിച്ചു നന്നാക്കി തന്നത് ഞാനല്ലേ? എന്തായാലും തനിക്കെന്തോ പറ്റിയിട്ടുണ്ട്. കാര്യമായിത്തന്നെ!’ ബിപിൻ ബാബു പറഞ്ഞു – ‘ഓ- ഒരു പക്ഷെ ജോലിക്കൂടുതൽ കൊണ്ടായിരിക്കാം! പറ്റുമെങ്കിൽ ഒരു സ്പെഷലിസ്റ്റിനെ കാണണം.!’
ഒന്നും പറയാതെ ചുനി ബാബു ഹോട്ടൽ വിട്ടിറങ്ങി. ഈ സന്ദർഭത്തിൽ അയാൾക്ക് ജോലിയെക്കുറിച്ച് ഒന്നു പറയാൻ തോന്നിയില്ല. പരേഷ് ചന്ദ ചെറുപ്പക്കാരനായ ഡോക്ടർ. ബിപിൻ ബാബുവിന്റെ ലക്ഷണങ്ങൾ കേട്ടപ്പോൾ ഡോക്ടർക്ക് അത്ഭുതം തോന്നി. ‘നോക്കൂ; ഡോക്ടർ – ഈ പ്രത്യേകതരം അസുഖത്തിൽ നിന്നും എനിക്ക് മോചനം വേണം. ഇതെന്റെ ഔദ്യോഗിക ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പറഞ്ഞറിയിക്കുക പ്രയാസം. സൈക്യാട്രി മെഡിസിൻ ഇന്ന് വളരെ വളർന്നുകഴിഞ്ഞല്ലോ. എവിടെനിന്നായാലും ഇത് മാറാനുള്ള മരുന്ന് ഡോക്ടർ എത്തിച്ചുതരണം. എത്ര ചിലവായാലും വേണ്ടില്ല. ഇനി വിദേശത്തുനിന്നു വരുത്തണമെങ്കിൽ അങ്ങിനെയും ആയിക്കൊള്ളൂ. പക്ഷെ ഈ അസുഖത്തിൽ നിന്നും എന്നെ മോചിപ്പിക്കണം.’
‘മി. ചൗദരി. ഇത്തരമൊരു കേസ് ആദ്യമായാണ് ഞാൻ കേൾക്കുന്നത്. തുറന്നുപറഞ്ഞാൽ എനിക്കൊരു ഉപായം തോന്നുന്നു. എന്തുകൊണ്ട് ശ്രമിച്ചുകൂടാ. എന്തായാലും ഇത് ശ്രമിക്കുന്നതു കൊണ്ട് തകരാറൊന്നും സംഭവിക്കാൻ പോകുന്നില്ല!’ ബിപിൻ ബാബു, ആകാംക്ഷയോടെ ഡോക്ടറുടെ അടുത്തേക്ക് നീങ്ങിയിരുന്നൂ.
‘എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. താങ്കൾ റാഞ്ചിയിൽ പോയിട്ടുണ്ടെന്നുതന്നെയാണ്. ഏതോ അജ്ഞാത കാരണംകൊണ്ട് താങ്കൾക്ക് ആ യാത്രയെക്കുറിച്ച് ഒന്നും തന്നെ ഓർത്തെടുക്കാൻ സാധിക്കുന്നില്ല. ഒരു യാത്ര റാഞ്ചിയിലേക്ക് പോയാൽ ഒരു പക്ഷെ, താങ്കൾക്ക് ഇതൊക്കെ ഓർമ്മവന്നെങ്കിലോ? ഇതല്ലാതെ എനിക്കൊന്നും ഇപ്പോൾ ചെയ്യാനില്ല. ഏതായാലും ഒരു ടോണിക്കും – അത് രക്തത്തിന്റെ ഓട്ടം ഒന്നുകൂടി ക്രമീകരിക്കും. ഒരു ട്രാൻസ്വലൈസറും കഴിക്കണം. ഉറക്കം തീരെ നഷ്ടപ്പെടുത്തരുത്. അത് ഈ അസുഖത്തെ കൂടുതലായി വഷളാക്കും.’ ഉറക്കഗുളികയും ഡോക്ടറുടെ ഉപദേശവും ഒരളവുവരെ ബിപിൻ ബാബുവിന് ഉപകരിച്ചു. രാവിലെ ഉണർന്നപ്പോൾ കുറേ ഉന്മേഷം തോന്നി. പ്രാതൽ കഴിഞ്ഞതും ഓഫീസിലേക്ക് വിളിച്ച് കുറേ ഉപദേശങ്ങൾ കൊടുത്തു. അന്ന് വൈകുന്നേരത്തെ ട്രെയിനിൽ തന്നെ റാഞ്ചിയിലേക്ക് ഒരു ടിക്കറ്റും ബുക്കുചെയ്തു.
രാവിലെ ട്രെയിനിറങ്ങിയതും ബിപിൻ ബാബുവിന് വീണ്ടും ബോദ്ധ്യമായി – താൻ ഇവിടം ഇതിനു മുൻപ് കണ്ടിട്ടില്ല്. സ്റ്റേഷനു പുറത്തിറങ്ങി ഒരു ടാക്സി വിളിച്ച് നഗരം മുഴുവൻ ഒന്ന് കറങ്ങി. നഗരത്തിലെ കെട്ടിടങ്ങളും അങ്ങാടിയും ഹോട്ടലുകളും മൊറബാദിക്കുന്നുനിരകളും ഒക്കെത്തന്നെ തനിക്ക് അപരിചിതങ്ങളാണ്. ഇതൊന്നും തന്നിൽ പരിചയത്തിന്റെ ഒരു കണികപോലും ഉണർത്തുന്നില്ല. ഇനി ‘ഹെയ്ദ്രു’ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയാലോ? ഇനി അതുംകൂടി പരീക്ഷിക്കാതെ മടങ്ങണ്ട. അവിടെ വെച്ചാണല്ലോ തനിക്ക് അപകടം ഉണ്ടായതായി ‘അയാൾ’ പറഞ്ഞത്. ഉച്ചയ്ക്കു ശേഷം ഒരു ടാക്സി വിളിച്ചു ബിപിൻ ബാബു വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയി.
ആ ദിവസം അഞ്ചുമണിയോടെ രണ്ടുമൂന്നു ഗുജറാത്തി ചെറുപ്പക്കാർ ബിപിൻ ബാബുവിനെ അബോധാവസ്ഥയിൽ വെള്ളച്ചാട്ടത്തിനടുത്ത് കരിങ്കൽക്കെട്ടിനടുത്ത് കണ്ടെത്തി. മുഖത്ത് വെള്ളം തെളിച്ച് ബോധം വന്നതും ബാബു ഉറക്കെ പറഞ്ഞു : ‘ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു.’ അടുത്ത ദിവസം രാവിലെ തന്നെ ബിപിൻ ബാബു കൽക്കത്തയിൽ തിരിച്ചെത്തി. തനിക്കെല്ലാം നഷ്ടമായതായി ബിപിൻ തിരിച്ചറിഞ്ഞു. തനിക്കുള്ള എല്ലാ കഴിവുകളും – ചുറുചുറുപ്പ്, ജോലിയോടുള്ള താല്പര്യം, ആത്മാർത്ഥത, തന്റെ കഴിവുകൾ, മനസ്സാന്നിദ്ധ്യം… താൻ റാഞ്ചിയിലെ തന്നെ മെന്റൽ ഹോസ്പിറ്റലിൽ എത്തിച്ചേരുമോ അവസാനം? വീട്ടിലെത്തിയ ഉടൻ ബാബു ഡോക്ടറെ ഫോണിൽ വിളിച്ച് ഉടൻ വരാൻ അഭ്യർത്ഥിച്ചു. തണുത്ത വെള്ളത്തിൽ ഒന്നു കുളിച്ച് ഐസ് ബാഗ് തലയിൽ വെച്ച് ബാബു ഒന്നു മയങ്ങി. ഉടനെ ഹോട്ടൽബോയ് ഒരു കത്തുമായി മുറിയിൽ വന്നു. ആരോ ലെറ്റർബോക്സിൽ ഇട്ടതാണ്. പച്ച കവറിൽ ചുവന്ന അക്ഷരങ്ങളിൽ ‘ബിപിൻ ബാബു’ എന്ന് എഴുതിയിരിക്കുന്നു. ഏറ്റവും മുകളിൽ ‘അർജന്റ് ആന്റ് കോൺഫിഡൻഷ്യൽ’ എന്നും. ബിപിൻ ബാബു കവർ പൊളിച്ച് കത്തെടുത്ത് നിവർത്തി വായിച്ചു.
“പ്രിയപ്പെട്ട ബിപിൻ,
എങ്ങിനെ തുടങ്ങണമെന്ന് എനിക്കറിയില്ല. പക്ഷെ ഇങ്ങനെയൊരു സുഹൃത്തിനെ തനിക്ക് എങ്ങിനെ സഹായിക്കാനായില്ല എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു. എന്റെ കൈയ്യിൽ പൈസയില്ല. പ്രായവും അറിവും എല്ലാംകൊണ്ടും ഞാൻ പരാശ്രയനാണ്. ഇതൊക്കെ തനിക്കറിയാവുന്നതല്ലേ? ആകെ എനിക്കുള്ളത് കുറച്ച് ഭാവനയണ്. അത് ഉപയോഗിച്ച് ഞാൻ നിനക്കൊരു ‘പണി’ തരാമെന്ന് കരുതി.
ന്യൂ മാർക്കറ്റിൽ നീ പരിചയപ്പെട്ട ആൾ – പരിമൾ ഘോഷ് – എന്റെ ഒരു പഴയ പരിചയക്കാരനാണ്. നന്നായി അഭിനയിക്കും. ഞാനയാൾക്കുവേണ്ടി ഒരിക്കൽ നാടകം തയ്യാറാക്കിയിട്ടുണ്ട്. പിന്നെ, ദിനേഷ് മുഖർജി. അയാൾക്ക് നിന്നെ പണ്ടുമുതലേ കണ്ടുകൂടാ. അയാളും എന്നെ സഹായിക്കാൻ മുന്നോട്ടു വന്നു. പിന്നെ നിന്റെ വലതുകാലിലെ മുറിപ്പാട് – നിനക്ക് തീർച്ചയായും ഓർമ്മയുണ്ടാകും – 1939-ൽ ചന്ദ്പാൽഘട്ടിൽ കയർ ഉടക്കി നീ വീണത്.
ഓ.കെ. നിനക്കു നല്ലതു വരട്ടെ. ഞാനെഴുതിയ ഒരു ചെറുനോവൽ പബ്ലിഷർക്ക് താല്പര്യമായിട്ടുണ്ട്. ചിലപ്പോൾ ഞാൻ രക്ഷപ്പെടും. അപ്പോൾ ഇനിയും കാണാം.”
സ്നേഹപൂർവം
ചുനിലാൽ