ഒന്ന്
ചെമ്പട്ടുശ്ശേരി തറവാട്ടിലെ മൂത്ത കാരണവർ ഒരിക്കൽ ഒരു യാത്ര പോയി. അദ്ദേഹം നാടായ നാടൊക്കെ കണ്ടു തിരിച്ചു ചെമ്പട്ടുശ്ശേരിയിൽ വന്നു കയറി. യാത്രയിൽ താൻ കണ്ട തറവാടുകളിൽ ആനയും പശുക്കളും ധാരാളം ഭൂസ്വത്തും ഉണ്ടായിരുന്നു, ഇതൊക്കെ ചെമ്പട്ടുശ്ശേരിക്കും ഉണ്ട്. പക്ഷെ ഒന്നു മാത്രമുണ്ടായിരുന്നില്ല, കുളം.
ചെമ്പട്ടുശ്ശേരിക്കും ഒരു കുളം വേണമെന്ന് കാരണവർ ആശകൂട്ടി. തന്റെ ആഗ്രഹം മറ്റുള്ള കാരണന്മാരുമായി പങ്കുവച്ചു. മറ്റുള്ള കാരണവന്മാരും സമ്മതം മൂളി, കുളം കുത്തണമെന്നു അവർ തിരുമാനമെടുത്തു .
കിഴക്കേ തൊടിയിൽ കുത്തിയാൽ മതിയെന്നും അവർ കണക്കുകൂട്ടി, പാടത്തിന്റെ വക്കായതുകൊണ്ട് വെള്ളം കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് അവർ പിറുപിറുത്തു.
തെങ്ങ്, തേക്ക്, കവുങ്ങ്, മാവ് എന്നീ പല ഫലവൃക്ഷങ്ങളാൽ കിഴക്കേ തൊടി സമൃദ്ധമായിരുന്നു. കുളം കുത്തി വെള്ളം കണ്ടു. അമ്മമാരും, അച്ഛന്മാരും അമ്മാമന്മാരും അമ്മായിമാരും, കുട്ടികളും കുളത്തിൽ കുളിച്ചു രസിച്ചു.
“മൂത്ത കാരണവർ ചെയ്ത പുണ്യ പ്രവർത്തി”യെന്ന് പല ബന്ധുക്കളും പറഞ്ഞു.
കുട്ടികൾ വാഴ പിണ്ടി പിടിച്ചും തേങ്ങകൾ കെട്ടിയും നീന്തൽ പഠിച്ചു. അവർ അടയ്കൾ വെള്ളത്തിൽ എറിഞ്ഞും ആമ്പൽ പൊട്ടിച്ചും കളിച്ചു നടന്നു. ഒരു സായാഹ്നത്തിൽ സൂര്യന്റെ രശ്മികൾ കുളത്തിൽ തറച്ചപ്പോൾ കുളം ചെമ്പിന്റെ നിറം പോലെയായി. അന്ന് കുട്ടികൾ കുളത്തിനെ “ചെമ്പക്കുളം” എന്ന് വിളിച്ചു തുടങ്ങി.
കാലചക്രത്തിന്റെ പ്രയാണത്തിൽ ചെമ്പകശ്ശേരിയുടെ പ്രതാപം മങ്ങി തുടങ്ങി. കാലം പോയപ്പോൾ പുതിയ കാരണവന്മാർ വന്നു. അവർ തറവാടിനു പുതിയ മുഖങ്ങൾ കൊടുത്തു . തെങ്ങുകളുടെയും കവുങ്ങുകളുടേയും മാവുകളുടെയും ഇടയിൽ ഒരു അത്ഭുതം പോലെ കുളം തിളങ്ങി നിന്നു.
അന്നത്തെ കുട്ടികൾ മുതിർന്നവരായി, ആരും കുളത്തിൽ കുളിക്കാതെയായി. എന്നാൽ തേക്കുകൾ ഇല പൊഴിച്ചു കുളത്തിനെ ചിരിപ്പിച്ചു. തെങ്ങുകൾ തേങ്ങ ഇട്ടു വെള്ളത്തിനെ കുലുക്കി, കവുങ്ങുകൾ അടക്കകൾ വീഴ്ത്തി കുളത്തിനെ രസിപ്പിച്ചു. വക്കുകൾ ഇടിഞ്ഞു പടവുകൾ വിണ്ടു കണ്ടു. നെല്ലി പടവുകൾ ദ്രവിച്ചു തുടങ്ങി.
തറവാടിന്റെ പട്ടികകൾക്കു ബലം ഇല്ലാതെയായി, ഓടുകൾ വീണുടഞ്ഞു, ചില്ലകൾ ആകാശത്തേക്ക് പടർന്ന മാവിന്റെ പല ശിഖകളും ഒടിഞ്ഞു തൂങ്ങി. ഒടിഞ്ഞു തൂങ്ങിയ തണ്ടുകൾ ആപത്ത് ഉണ്ടാക്കും എന്ന് കണ്ടപ്പോൾ മാവും വെട്ടിമാറ്റി.
ചെമ്പട്ടുശ്ശേരി ക്ഷയിച്ചു തുടങ്ങി.
രണ്ട്
പതിവുപോലെ അമ്മാളു കുളിക്കാൻ എത്തി. ചെമ്പട്ടുശ്ശേരിയിലെ കാര്യസ്ഥൻ ഗോപാലന്റെ പത്നിയാണ് അമ്മാളു. കുളത്തിൽ കാലുകൾ മുക്കി മീനുകളോട് കുശലം പറഞ്ഞ് അങ്ങനെ കുറേ നേരം നിന്നു. കുളിച്ചു വീട്ടിലെത്തിയപ്പോൾ ഗോപാലൻ ബീഡിയും വലിച്ചു ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുന്നു. ചെമ്പട്ടുശ്ശേരിക്ക് മങ്ങലേറ്റതുമുതൽക്ക് ഗോപാലന് വെറുതെ ഇരിക്കലാണ് പണി. ഇടക്ക് എല്ലാ പറമ്പിലും പാടത്തും പോയി കറങ്ങി നടക്കും. ഗോപാലന്റെ ഇരുത്തം കണ്ടപ്പോൾ അമ്മാളുവിനു ചിരി വന്നു.
“എന്താണാവോ ഈ ഇരുത്തത്തിന്റെ ഉദ്ദേശം” അമ്മാളു ഗോപാലനോട് ആരാഞ്ഞു .
ഗോപാലന്റെ മുഖത്ത് ഒരു സന്തോഷമുണ്ടായിരുന്നില്ല.
“ഒന്നുല്യാ അമ്മാളൂ”
“നമ്മുടെ ബാലൻ കുഞ്ഞ് വന്നിട്ടുണ്ടായിരുന്നു. തറവാട് ആർക്കോ വാടകയ്ക്കു കൊടുക്കാൻ പോവാണെന്ന് പറഞ്ഞു. ”
“പിന്നെ കിഴക്കേ തൊടി വെട്ടി നിരത്തി കുളം തൂർത്ത് അവിടെ റബ്ബർ വയ്ക്കാൻ പോവാണെന്നും പറഞ്ഞു. നാളെ കുളം തൂർക്കാൻ ആൾക്കാർ വരുമത്രേ”
ഇത്രയും പറഞ്ഞ് ബീഡി ആഞ്ഞൂതി പുക തുപ്പിക്കൊണ്ട് തന്റെ ആലോചനയിൽ തുടർന്നു ഗോപാലൻ.
കുളം തൂർക്കാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ അമ്മാളുവിന്റെ മനസ്സൊന്ന് കാളി. കുളിച്ചു വന്ന അമ്മാളു വിയർപ്പിൽ കുളിച്ചു. മനസ്സിൽ സങ്കടം വന്നു തട്ടി. ഗോപാലനോട് ഒന്നു പറയാതെ അവൾ നടന്നു.
സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും അവൾ കുളത്തിലേക്ക് ഓടും. കുറേ നേരം കുളത്തിലേക്ക് നോക്കിയിരിക്കും, കുളത്തിനോടും മരങ്ങളോടും കുശലം പറയും, മീനുകൾക്ക് അമ്പലത്തിലെ നിവേദ്യ ചോറ് കൊടുക്കും. ആ ബന്ധം ആഴമേറിയതായിരുന്നു.
ഇനി ചെമ്പക്കുളം ഓർമ്മയാവും.
മൂന്ന്
സൂര്യരശ്മികൾ തേക്കിൻ കൂട്ടത്തിനിടയിലൂടെ വന്ന് എത്തി നോക്കി. അമ്മാളു കുളത്തിനടുത്തേക്ക് നടന്നു. കൈയ്യിൽ നിവേദ്യച്ചോറുണ്ടായിരുന്നു. ഇനി നിവേദ്യം വാങ്ങണ്ടാ എന്ന് അവൾ തീരുമാനിച്ചിരുന്നു.
എവിടെയോ നിന്ന് വന്ന കാറ്റ് കവുങ്ങിൻ കൂട്ടത്തെ പിടിച്ചു കുലുക്കി, പിന്നീട് അത് ശമിച്ചു.
അമ്മാളു കുളത്തിനടുത്തെത്തി ചുറ്റും നോക്കി. പതിവുപോലെ നിവേദ്യ ചോറു എറിഞ്ഞു. മീനുകൾ വന്നില്ല, നിവേദ്യച്ചോർ വള്ളത്തിൽ പൊങ്ങി താണു.
തെങ്ങും മാവും കവുങ്ങും ശാന്തത പാലിച്ചു. ആ മൂകതയിൽ അമ്മാളു നിന്നു. തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കുളത്തിനെ നോക്കി അവൾ തിരിഞ്ഞു നടന്നു.
കുളം വിലാപത്തിലായിരുന്നു..
Nice one vishnu….