ശ്രീനഗറിലെ സാഹസങ്ങൾ

Decorated boats at Dal Lake
Decorated boats at Dal Lake

വൈകിട്ട് 6.30 മണിയോടുകൂടി മനസ്സിലെ ആ ഭയമിതാ മുന്നിൽ. ബനിൽഹാലിലെ ജവഹർ ടണൽ. ആദ്യമായിട്ടാണ് ടണലിലേക്ക് വണ്ടിയോടിക്കുന്നത്.ട്രെയിനിൽ കൊങ്കണിലെ ടണൽ മാത്രമായിരുന്നു മുൻപരിചയം. ഇരമ്പിയിരമ്പി വണ്ടികൾ, മലതുരന്നുള്ള ടണൽ 3 കിലോമീറ്ററോളം ഇരുട്ട് പരത്തി. ഇടയ്ക്കിടെ എമർജൻസി എക്സിറ്റ് ഉണ്ട്.കഷ്ടിച്ച് ഒരു ട്രക്കിനു മാത്രം പോകാനുള്ള സിംഗിൾ ലൈൻ വഴി. ഒാവർടേക്കിങ്ങ് പാടില്ല; പറ്റുകയുമില്ല. എന്തായാലും വിചാരിച്ചത്ര ഭയപ്പെടുത്തിയില്ല. ടണൽ തീർന്നതും അങ്ങു ദൂരെ ഞങ്ങൾ
ക്കായി ആദ്യകാഴ്ചയൊരുക്കി മഞ്ഞുപുതച്ച ഒരു വലിയ പർവ്വതം. അതെ, ജീവിതത്തിൽ ആദ്യമായിട്ടാണ് മഞ്ഞുമല നേരിൽ കാണുന്നത്. നിർത്തണോയെന്ന് സംശയിച്ചില്ല.വളരെ ചെറിയ ഒരു മഞ്ഞുപാളിയായിരുന്നെങ്കിലും, ആദ്യ കണിയുടെ ആവോളം ഫോട്ടോകൾ എടുത്തു.

സമയമേറേ ആയി. നമ്മുടെ നാട്ടിലെ നീണ്ടുനിവർന്നു കിടക്കുന്ന വഴികൾ താണ്ടുവാ നുള്ള കണക്ക് ഇവിടെ നടപ്പില്ലെന്നും മനസ്സിലായി. ജമ്മു – സോന്മാർഗിലെ 415 കി.മീ ആയിരുന്നു ആദ്യദിവസം കവർ ചെയ്യാനായി പദ്ധതി ഇട്ടിരുന്നത്. അഥവാ പറ്റിയില്ലെങ്കിൽ 324 കി.മി. ദൂരെയുള്ള ശ്രീനഗർ. രാവിലെ 8നു പുറപ്പെട്ടിട്ട് ശ്രീനഗർ തന്നെ എത്തുന്നില്ല. ബനിഹാലിൽ നിന്നു ഇനിയുമുണ്ട് 115 കിലോമീറ്ററോളം. വരുന്നിടത്തുവച്ചു കാണാം. ബഡ്ജറ്റും, സമയവും കുറവായതുകൊണ്ടാണ് ഈ ധൃതി.

ബനിഹാലിൽ നിന്നു നമ്മളെത്തുന്നത് ഖ്വാസികുണ്ട്-ലേക്കാണ്. കാശ്മീർ വാലിയുടെ തുടക്കം ഇവിടെ നിന്നാണ്. വളഞ്ഞുപുളഞ്ഞുള്ള യാത്രയ്ക്ക് ശ്രിനഗർ വരെ താൽകാലിക ശമനം. വളവുകൾ കുറഞ്ഞ് , സുന്ദരമായ റോഡാണിവിടെ മുതൽ.പക്ഷേ, ട്രാഫിക്കിനു ഒരു പഞ്ഞവുമില്ല. നേരമേറേയായി. കാഴ്ച്ചകളെല്ലാം തണുത്തു വിറച്ചു ഇരുട്ടിലൊളിച്ചു. ഈ മാസങ്ങളിൽ രാത്രിയുടെ നീലം കുറവാണ് .കാശ്മീരിലും  സൂര്യൻ വളരെ ആത്മാർത്ഥമായി പണിയെടുക്കുന്ന സീസൺ. അതിരാവിലെ 5 മണിയോടുകൂടി വരുകയും, വൈകീട്ട്  8 മണിവരെ  ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് വൈകിട്ട് 7 മണിയായിട്ടും ഒത്താൽ സോന്മാർഗ് പിടിക്കാമെന്ന തോന്നലുണ്ടായത്. 8 മണിക്ക് ശേഷം കാര്യത്തിന്റെ ഗൗരവം ഞങ്ങൾക്ക്  ബോധ്യപ്പെട്ടുതുടങ്ങി. സൂര്യേട്ടൻ പോയതോടെ കിടുകിടാ വിറപ്പിച്ച് തണുപ്പെത്തിയിരിക്കുന്നു. ഹാൻഡ് ഗ്ലൗസ് ഉണ്ടായിട്ടും കൈകൾ മരവിച്ചുതുടങ്ങി. സോന്മാർഗ് അപ്രാപ്യയമായി തുടങ്ങി, വിചാരിച്ച ലക്ഷ്യമെത്താൻ പറ്റാത്തത് ഒരു വിഷമം തന്നെയാണ്.  സോന്മാർഗ് വളരെ സുന്ദരമാണ്. രാത്രിയിൽ പോയി കാഴ്ചകൾ നഷ്ടപ്പെടുത്തേണ്ടതുണ്ടോ? ഇങ്ങനെയൊക്കെ പരസ്പരം പറഞ്ഞു ആശ്വസിക്കുക തന്നെ. ബൈക്കിനേക്കാൾ വേഗത്തിലോടുന്ന സമയം. 8 മണികഴിഞ്ഞ് , 2 മിനിട്ടിൽ എന്നപോലെ 10 മണിയും കടന്നു. റോഡ് ഇനിയും കിടക്കുന്നു. ഖ്വാസികുണ്ട് കഴിഞ്ഞ് അധിക ദൂരമായിട്ടില്ല. ഇന്നെങ്കിലും ശ്രീനഗറിൽ എത്തിയാൽ മതിയായിരുന്നു.

പോകുന്ന വഴിയിലുടനീളം ക്രിക്കറ്റ് ബാറ്റ് ഫാക്റ്ററികൾ. കാശ്മീർ ക്രിക്കറ്റ് ബാറ്റുകളുടെ നാടാണ്. ചായക്കടയിൽ പോലുമുണ്ട് ക്രിക്കറ്റ് ബാറ്റുകൾ വില്പനയ്ക്ക്. ശ്രീനഗറിന് 50 കി.മി. മുൻപുള്ള ഒരു ചായക്കടയിൽ കയറി ചായ ഓർഡർ ചെയ്തു. ഞങ്ങൾ രണ്ടും നല്ല ഫിറ്റ് ആയിരുന്നു. ബോധം പോയപോലെ. ഒരു പരിധി കഴിയുമ്പോൾ ബൈക്ക് ഓടിക്കൽ ഒരു ലഹരിയാണ്. നമ്മുടെ ഉള്ളിലുറങ്ങുന്ന ലഹരിയെ തട്ടി ഉണർത്തും. വെറുതെ കള്ളു കുടിച്ച് കാശുകളയണ്ട ആവശ്യമില്ല. എല്ലാ കുടിയന്മാരും ഈ രഹസ്യം അറിഞ്ഞാൽ നമ്മുടെ നാട്ടിലെ ബീവറേജ് പൂട്ടിപ്പോകും!

തണുപ്പേറിവരുന്നു ,സമയവും. 12 മണിയോടുകൂടി വെൽക്കം ടു ശ്രീനഗർ ബോർഡ് കണ്ടു. അകത്ത് കയറി അല്പം മുന്നോട്ട് പോയതും നമ്മുടെ പിറകെ ഒരു ബൈക്കുകാരൻ വന്നു. എന്നോട് റൂം വേണോയെന്നു ചോദിച്ചു. ഞാൻ റോഷനെ നോക്കി.വേണ്ട എന്നായിരുന്നു അവന്റെ അഭിപ്രായം. പുള്ളി മറ്റ് ആൾക്കാരെ തപ്പി പോയി. അപ്പോഴേക്കും അതാ വേറെ ഒരുത്തൻ.അവന്റെ വരവു കണ്ടപ്പോഴേ ഒരു ചെറിയ പന്തികേട് . റൂം വേണ്ടെന്ന് എത്ര പറഞ്ഞിട്ടും പോകുന്നില്ല. വിടാതെ ഫോളോ ചെയ്യുകയാണ്. വണ്ടിക്ക് എന്തെങ്കിലും പ്രശ്നമുള്ളതുകൊണ്ടോ അതോ ഒരു സൗണ്ട് എഫക്ടിനു വേണ്ടിയൊണോ എന്നറിയില്ല അവന്റെ പണ്ടാരം പിടിച്ച ബൈക്ക് റേസ് ചെയ്തുകൊണ്ടിരിക്കുന്നു. ഇതു ഞങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. കിലുക്കത്തിലെ നിശ്ചലും ജോജിയുമൊക്കെ എന്ത് നല്ല മനുഷ്യർ. `വെൽക്കം ടു ഊട്ടി നൈസ് ടു മീറ്റ് യൂ’. അത്രമാത്രമേ പറയൂ.പുള്ളിക്കാരനു ഒരേ നിർബന്ധം അവന്റെ കൂടെ പോകണമെന്ന്. ആർക്കറിയാം, പോയി കത്തികാട്ടി ഉള്ളതൊക്കെ കൊണ്ടു പോവാനായിരിക്കുമെന്ന്. എത്ര പറഞ്ഞിട്ടും പോകുന്നില്ലെന്നായപ്പോൾ, റോഷൻ പെട്ടെന്ന് വഴിയിൽ കണ്ട സർദാർജിമാരുടെ അടുത്ത് വണ്ടി നിർത്തി കാര്യം പറഞ്ഞു.

നമ്മളൊക്കെ പരിഹസിക്കുന്ന സർദാർജിമാർ, അഭയം തേടിയവരെ ഒരിക്കലും കൈവിടില്ലത്രെ. അനുഭവം സാക്ഷി.ആ സത്യം ഞങ്ങൾക്കും ബോധ്യപ്പെട്ടു. നല്ല പുളിച്ച സർദാർജി തെറി കേട്ടതോടെ നിശ്ചലും, അവന്റെ ബൈക്കും നിശ്ചലമായി. അവന്റെ വണ്ടി സ്റ്റാർട്ട് ആകുന്നില്ല. ഗസ്റ്റിനോട് നന്നായി പെരുമാറാൻ അറിയാത്ത ഇവന്മാരൊക്കെ എങ്ങനെ ഈ ജോലി ചെയ്യുന്നു. ഇനിയെന്തെങ്കിലും പ്രശ്നമുണ്ടായാൽ , വിളിക്കാനായി നമ്പറും തന്ന് ആ നല്ല മനുഷ്യർ ഞങ്ങളെ യാത്രയാക്കി. പാവം മിസ്റ്റർ നിശ്ചൽ! അപ്പോഴും ബൈക്ക് കിക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഒരുപക്ഷെ വണ്ടിയുടെ പ്രശ്നം കാരണമായിരിക്കും അവൻ ആ രീതിയിൽ റേസ് ചെയ്തത്.എങ്കിലും ഗസ്റ്റിനോട് ഈ തരത്തിൽ പെരുമാറരുതെന്ന് അവനും പഠിക്കേണ്ടതു തന്നെ.

അർധരാത്രി ഏതൊക്കെയോ ഹോട്ടലിൽ കയറി താരിഫ് ചോദിച്ചറിഞ്ഞു. ബാച്ചിലർ ട്രിപ്പിന്റെ ഗുണം, എവിടേയും എങ്ങനേയും കിടക്കാമെന്ന ധൈര്യം തന്നെ. ഒടുവിൽ അന്നത്തേക്ക് വേണ്ട ഹോട്ടൽ ഞങ്ങൾ കണ്ടുപിടിച്ചു.സാമാന്യം നല്ല വൃത്തിയും വെടിപ്പുമുള്ള ഹോട്ടൽ. വാടക കുറവാണ്. സീലിങ്ങിനു ഉയരം ഇല്ല എന്നത് ഞങ്ങൾ അത്ര ശ്രദ്ധിച്ചില്ല. പൊടിയിൽ കുളിച്ച ബാഗുകൾ തുടച്ചു വൃത്തിയാക്കി. നല്ല ഗംഭീരമായൊരു കുളിയും കഴിഞ്ഞു. ജമ്മുവിൽ നിന്നും ശ്രീനഗർ വരെയുള്ള ഒരുപാട് പൊടി കളയാൻ സാധാരണ കുളി പോരായിരുന്നു. നൊയമ്പു കാലമായതുകൊണ്ട് അർധരാത്രിയിലും ഭക്ഷണം കിട്ടി. ഇത്തവണയും ഭക്ഷണംചതിച്ചില്ല. കുക്കിനു നന്ദി.

രാവിലെ ഞാൻ അല്പം നേരത്തേ ഉണർന്നു. ഭാര്യയുമായി ഫോണിൽ സംസാരിച്ച് ഹോട്ടൽ ലോബിയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് റോഷൻ ഒരു വെപ്രാളത്തിൽ എന്നെ വിളിച്ചത്. അടുത്തുപോയി എന്തു പറ്റിയെന്നു ചോദിക്കുമ്പോൾ, പാതി ബോധത്തിൽ എന്തൊക്കെയോ പുലമ്പുകയായിരുന്നു. കയ്യിൽ ചോര.എഴുന്നേറ്റയുടൻ ഒന്നു സ്ട്രെച്ച് ചെയ്തതാണത്രെ. തുണി ഉണങ്ങിക്കിട്ടാനായി ഇട്ട ഫാനിൽ കയ്യിടിച്ചു. സീലിങ്ങ് വളരെ താണതായിരുന്നല്ലോ. ഒരുനിമിഷം സ്തംഭിച്ചു പോയ ഞാൻ ഉടൻ താഴെ റിസപ്ഷനിലേക്ക് ഓടി. അപ്പോഴേക്കും പിറകെ റോഷനും ഉണ്ടായിരുന്നു. ഷർട്ട് പോലും ഇടാൻ മറന്നാ ആശാന്റെ വരവ്. റിസപ്ഷനടുത്തുള്ള ഹോട്ടലിന്റെ ഭാഗമായ റസ്റ്റോറന്റിൽ അവൻ ഇരുന്നു. ഒരു ബോധവുമില്ലാതെ ആശാൻ എന്തൊക്കെയോ പറയുന്നു.. തലകറങ്ങുന്നെന്നു പറഞ്ഞപ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിപ്പിച്ചു.കൂടെഞാനും കുടിച്ചുപോയി.എനിക്കാകെ കൺഫ്യൂഷൻ ആയി. വേദനയാണോ അതോ ഉറക്കപ്പിച്ചിൽ പേടിച്ചുപോയതാണോ.കാണാൻ അത്ര സീരിയസ് ആയി ഒന്നുമില്ല.. ഒടുവിൽ ബോധ്യമായി, കൈവിരലിലെ എല്ലിനു നല്ല അടിയായിരുന്നു കിട്ടിയത്.

titanic view point
titanic view point

അവിടെയുണ്ടായിരുന്ന നേപ്പാളിചെറുക്കൻ ഞങ്ങളേയും കൂട്ടി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോയി. കാഷ്വാലിറ്റിയിൽ ഒരു ചെറുപ്പക്കാരൻ ഡോക്ടർ. അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു അയാൾക്ക്. രോഗികളെ നോക്കി മടുത്തുവെന്ന് തോന്നുന്നു. ഒരു താല്പര്യവുമില്ല ആരിലും. യാന്ത്രികമായി കുറിപ്പടികൾ എഴുതുന്നു, തിരിച്ചയക്കുന്നു. ഇടയ്ക്കാരോടോ ദേഷ്യപ്പെടുന്നുമുണ്ടായിരുന്നു. റോഷനെ കാണിച്ചതും ഒന്നു തൊട്ടു നോക്കുകയോ, എന്തു പറ്റിയെന്ന് അന്വേഷിക്കുകയോ ചെയ്യാതെ അപ്പുറത്തുള്ള ഒരു റൂം കാണിച്ച് അങ്ങോട്ട് പോയ്ക്കോളാൻ പറഞ്ഞു. കയ്യിൽ കത്തിയും കോടാലിയുമായി അവിടൊരു അമ്മാവൻ ഞങ്ങളെ കാത്തിരുപ്പുണ്ടായിരുന്നു. അയാൾ തന്റെ പണി തുടങ്ങി. 5 മിനിട്ട് കഴിഞ്ഞപ്പോഴേക്കും റോഷന്റെ കൈ കാണാനില്ല.. ഒരു വലിയ പഞ്ഞിക്കെട്ടും പ്ലാസ്റ്ററും. എന്നോട് പോയി ബില്ല് അടച്ചു രസീതുമായി വരാൻ പറഞ്ഞു.

അവന്റെ വെപ്രാളം നിന്നിട്ടില്ല. എല്ലിനെന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ എന്നായിരുന്നു ഞങ്ങളുടെ പേടി. ഡോക്ടറെ ഒന്നുകൂടി കണ്ടു. തലകറക്കം ഉണ്ടായതും അറിയിച്ച് അങ്ങോട്ട് ചോദിച്ചു, ഫ്രാക്ച്ചർ എന്തെങ്കിലുമുണ്ടോ എന്ന്. ഇത്തവണ ഒന്നു ചെറുതായി ഞങ്ങളെ മൈൻഡ് ചെയ്തു.ഒന്നുമില്ലെന്നും, മുറിവുണങ്ങാനും വേദന മാറാനുമുള്ള മരുന്നുകൾ എഴുതി ഒരു പ്രിസ്ക്രിപ്ഷൻ തന്നു. അയാൾ അടുത്ത പേഷ്യന്റിനെ നോക്കി തുടങ്ങി.

ഫാർമസിയിൽ പോയി മരുന്നു വാങ്ങിക്കുമ്പോൾ ഞങ്ങൾക്കൊരു കൺഫ്യൂഷൻ. വല്ല മിലിറ്ററി ഹോസ്പിറ്റൽ ഉണ്ടെങ്കിൽ അവിടെ കാണിക്കണോ, അതാകുമ്പോൾ ജെനുവിൻ ആയിരിക്കും. കൂടെ ആ വട്ടൻ ഡോക്ടറിനേ ക്കുറിച്ചുള്ള വേണ്ടാത്ത കുറേ സംശയങ്ങളും.ഒരു നല്ല ഡോക്ടർ ആണെങ്കിൽ ഒരു പക്ഷെ മരുന്നുപോലും വേണ്ടി വരില്ലായിരിക്കാം, സ്നേഹവും ധൈര്യവുമെല്ലാം തന്നെ മരുന്നായി മാറിയേക്കാം. ഇയാളൊക്കെ എങ്ങനെ ഡോക്ടർ ആയി? കാശുകൊടുത്തു വാങ്ങിയ ഡിഗ്രി ആയിരിക്കും. സത്യം പറഞ്ഞാൽ അതൊക്കെ തോന്നിപ്പോകും റോഷന്റെ കയ്യിലെ പഞ്ഞിക്കെട്ട് കണ്ടാൽ. ഭാഗ്യം വേറെ എവിടേയും മുറിവില്ലാത്തത്. ഉണ്ടായിരുന്നെങ്കിൽ അവനെ മൊത്തമായി പഞ്ഞിക്കിട്ടേനെ! റൂമിലെത്തി കയ്യിലെ പഞ്ഞിക്കെട്ടൊക്കെ അഴിച്ചു ദൂരെ കളഞ്ഞു, ഞാൻ നടുവേദനക്കായി കൊണ്ടുവന്നിരുന്ന മുറിവെണ്ണ ഇട്ടുകൊടുത്തു. അല്പം കഴിഞ്ഞപ്പോഴേക്കും വേദന ഒത്തിരി കുറഞ്ഞു. ഈ ബുദ്ധി എന്തേ നേരത്തേ തോന്നിയില്ല! ആയുർവേദം സിന്ദാബാദ്! ഇംഗ്ലീഷ് മരുന്നോ കഴിച്ചുമില്ല, അപ്പോൾ തന്നെ ദൂരെ കളയാൻ വിചാരിച്ചതാ.എങ്ങാനും ഒരാവശ്യം ഉണ്ടായാലോ എന്നു കരുതി എടുത്തുവച്ചു.

ട്രിപ്പ് തുടരണോ, അതോ റെസ്റ്റ് എടുക്കാനായി ഒരു ദിവസം കൂടി ശ്രീനഗറിൽ സ്റ്റേ ചെയ്യണോ എന്ന സംശയത്തിനു റോഷന്റെ മറുപടി, എങ്ങനേയും ഈ ശ്രീനഗറിൽ നിന്നും രക്ഷപ്പെടണംഎന്നായിരുന്നു. അവനു ആദ്യം തൊട്ടേ ശ്രീനഗറിനോട് തീരെ താല്പര്യം ഇല്ലായിരുന്നു. തലേന്നു രാത്രിയിലെ നിശ്ചലനും, ഇപ്പോഴത്തെ കൈ മുറിഞ്ഞതും വച്ചു നോക്കുമ്പോൾ ആർക്കായാലും ഉള്ള ദേഷ്യം കൂടും. ഉച്ചയോടുകൂടി പെട്ടിയും കിടക്കയും വണ്ടിയിൽ കെട്ടിവച്ചു. അപ്പോഴാണു അതു ശ്രദ്ധിക്കുന്നത് .എന്റെ വണ്ടിയുടെ കീഴെ എന്തൊക്കെയോ ഒഴുകി കിടക്കുന്നു.. ഓയിൽ ലീക്കേജ് ആണോ? ദൈവമേ.. വീണ്ടും ചെക്ക് ചെയ്തപ്പോഴാ എഞ്ചിൻ കൂളന്റ് ആണെന്നു മനസ്സിലായത്… കൂളന്റ് ഇല്ലാതെ വണ്ടി ഓടിച്ചാൽ ലേഹ് വരെ എത്തില്ല… അന്നാണെങ്കിൽ സൺഡേയും.. ശ്രീനഗറിൽ കെ.ടി.എം. ഷോറൂം ഇല്ല..

വണ്ടിയുടെ കാര്യത്തിൽ ഒരു മുറിവൈദ്യൻ ആണു റോഷൻ. അവനീയിടെ വാങ്ങിയ ജീപ്പിനും ഇതേ പ്രശ്നമുണ്ടായിരുന്നത്രെ.. ഡൽഹിയിൽ നിന്നു വാങ്ങിയ ജീപ്പ് ആശാൻ വഴിനീളെ മുള്ളിയും വെള്ളം ഒഴിച്ചും കഷ്ടപ്പെട്ട് കേരളത്തിലെത്തിച്ചിട്ടുണ്ട്. ഹോട്ടലിൽനിന്നും കിട്ടിയ വിവരം വച്ച് സൺഡേ ഓപ്പൺ ചെയ്യാറുള്ള ഒരു കടയിൽ പോയി റോഷൻ കൂളന്റുമായി വന്നു. അപ്പോഴേക്കും എന്നിലെ മുറിവൈദ്യൻ ഉണർന്നിരുന്നു. ലീക്കേജ് വന്ന സ്പോട്ട് കണ്ടുപിടിച്ചു, ഒരുവിധം ലീക്കിങ്ങ് നിർത്തിച്ചു. കൂളന്റ് നിറച്ച് ചക്രം വീണ്ടും കറങ്ങാൻ തുടങ്ങി. സോന്മാർഗിലേക്ക് 100ൽ ചില്ല്വാനം കി.മീ ദൂരം മാത്രമേയുള്ളു. അതുകൊണ്ടുതന്നെ ഇറങ്ങാൻ വൈകിയതിൽ വിഷമം തോന്നിയില്ല. ദാൽ തടാകത്തിനു സമീപത്തുകൂടെ ബൈക്ക് ഇരമ്പി.തടാകം നിറയെ വിനോദസഞ്ചാരികൾക്കായുള്ള അലങ്കാര നൗകകൾ. ഒരു നിമിഷം ആലപ്പുഴയെ ഓർത്തുപോയി. വണ്ടി ഒന്നു നിർത്തി, 5-6 ക്ലിക്ക് എടുത്തു. അധികം സമയം ചെലവഴിക്കാതെ സിനിമയിലൂടെയും, പത്രങ്ങളിലൂടെയും മാത്രം അറിഞ്ഞിരുന്ന ദാൽ തടാകത്തോട് ഞങ്ങൾ വിടപറഞ്ഞു. ശ്രീനഗറിലെ ഒരു പെട്രോൾ ബങ്കിൽ കയറി ഫുൾ ടാങ്ക് എണ്ണയുമടിച്ച് നിൽക്കുമ്പോൾ അവിടെയതാ ഒരു കാറിലെ ചെറുപ്പക്കാരൻ ഞങ്ങളെ ശ്രദ്ധിക്കുന്നതായി തോന്നി. ആവേശത്തോടെ ഗ്ലാസ് താഴ്ത്തി അദ്ദേഹം ചോദിച്ചു – “കേരളത്തിൽ നിന്നാണോ?” ഹോ!.. മലയാളികൾക്കെന്തൊരു വിലയാ ഈ നാട്ടിൽ, ഞാൻ അതിശയിച്ചു. സംസാരിച്ചു വന്നപ്പോഴാ മനസ്സിലായത്, പുള്ളിക്കാരൻ ജോലി ചെയ്യുന്നത്  ട്രിവാൻഡ്രത്താണത്രെ.ഇപ്പോൾ ലീവിനു നാട്ടിൽ വന്നതാണ്.

ശ്രീനഗറിന്റെ അകപ്പൊരുൾ തേടി << Prev | Next >> മഞ്ഞുമലകളുടെ സ്വപ്നഭൂമി

About Rahul Narasimh

ഞാൻ രാഹുൽ. ബാംഗ്ലൂരിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നു.മുൻപ് ബാംഗ്ലൂർ മിറർ, മലയാള മനോരമ, Myntra.com എന്നീ കമ്പനികളിൽ ജോലി ചെയ്തിരുന്നു. സ്വദേശം നീലേശ്വരം. യാത്രകളെ ഇന്ധനമാക്കി ജീവിക്കുന്നു.

Check Also

Lily at Sunlight

This photo was taken midday when the Lily was bathed in sunlight. The background turned …

Leave a Reply

Your email address will not be published. Required fields are marked *