വലിയ ജ്യോതിഷ വിശ്വാസികളല്ലെങ്കിലും, കാര്യത്തോടടുത്തപ്പോൾ അല്പസ്വല്പം നോക്കി പോകാമെന്നു കരുതി. 27 നായിരുന്നു ഞങ്ങൾ കണ്ട നല്ല ദിവസവും സമയവും. എസ്.ടി.ഡി. ബൂത്ത് നടത്തുന്ന ചേട്ടനും വലിയ ദൈവ വിശ്വാസിയായിരുന്നു, അദ്ദേഹത്തിന്റെ കണക്കിലെ നല്ല ദിവസം 26 ആയിരുന്നു. വിശ്വാസം അല്ലേ എല്ലാം. പണ്ടു കോയമ്പത്തൂർ പഠിക്കുന്ന കാലത്തായിരുന്നുവെന്ന് തോന്നുന്നു എസ്.ടി.ഡി. ബൂത്ത് അവസാനമായി ഉപയോഗിച്ചത്, ഈയിടെ എസ്.ടി.ഡി. ബൂത്ത് കണി കാണാൻ പോലുമില്ല. ആ വിഷമവും തീർന്നു കിട്ടി.
ഇന്ത്യയുടെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ പലകാര്യത്തിലും ജമ്മു കുറച്ചു വർഷങ്ങൾ പിറകോട്ടാണെന്നു തോന്നും. ഒരു സൈബർ കഫെയിൽ കയറിയതും ഇക്കൂട്ടത്തിൽ പെടുത്താം. 26 നു രാവിലെ സൈബർ കഫെയിൽ കയറിയത്, പോകേണ്ട റൂട്ടിനെക്കുറിച്ചൊന്നു ഒന്നുകൂടി നോക്കാനും, മെയിൽ ചെക്ക് ചെയ്യാനുമായിരുന്നു. വലിയമ്മയുടെ വീട്ടിലായിരുന്നു ഞാൻ ജീവിതത്തിൽ ആദ്യം കണ്ട വെളുത്ത വലിയ പെട്ടി കമ്പ്യൂട്ടർ. അതെങ്ങനെ ഇവിടെ എത്തി? ഇഴഞ്ഞു നീങ്ങുന്ന ഇന്റർനെറ്റും. തോൽവി സമ്മതിക്കാൻ റോഷൻ തയ്യാറായിരുന്നില്ല. ഞാനെന്തായാലും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ലോകത്തേക്ക് മടങ്ങി. റൂമിൽ പോയി കിടക്കാൻ എന്തു രസം. അല്പസ്വല്പം ഷോപ്പിങ്ങുകൾ കഴിഞ്ഞു റൂമിലെത്തിയപ്പോൾ റോഷനെ കണ്ടില്ല. കീ എന്റെ കയ്യിലായതുകൊണ്ട് ആശാൻ എന്നെ തപ്പി നടക്കുകയായിരിക്കുമെന്നു കരുതി പുറത്തേക്ക് വീണ്ടുമിറങ്ങി. എവിടെയും കാണാത്തതുകൊണ്ട് കഫേയിലേക്ക് തന്നെ പോയി നോക്കി. റൂട്ടിന്റെ പ്രിന്റ് എങ്ങനെയോ ഒപ്പിച്ചിട്ട്, കടക്കാരനെ കമ്പ്യൂട്ടറും പഠിപ്പിച്ച് അവിടെത്തന്നെ ഉണ്ടായിരുന്നു ആശാൻ.
ഹോട്ടൽ ബിൽഡിങ്ങിൽ പാതി വഴിയിൽ പണി നിർത്തിവച്ചിരിക്കുന്ന ഒരു ഭാഗത്താണ് ഞങ്ങൾ വണ്ടി പാർക്ക് ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ അതൊരു വർക്ക്‌ഷോപ്പ് ആയി മാറി. അല്പസ്വല്പം പെയിന്റിങ്ങും, ലഗ്ഗേജ് കയറ്റിവയ്ക്കാനുള്ള പണികളും റോഷന്റെ 10 വർഷം പഴക്കമുള്ള വണ്ടിയെ ഒന്നു ഗ്ലൂക്കോസ് കയറ്റി ഉഷാറാക്കി. അവൻ മുംബൈയിൽ നിന്ന് വാങ്ങിയ മ്യൂസിക് പ്ലെയർ ബൈക്കിൽ പിടിപ്പിച്ചു. നാളെയാണ്.. നാളെയാണ്… ഒരു ലോട്ടറി വണ്ടിപോലെ സംഗതി പാടിത്തുടങ്ങി. ചുറ്റും ലോഡ്ജിലെ ആൾക്കാർ കൂടി. ഹ.ഹാ.. റോഷൻ ബൻ ഗയാ സെന്റർ ഓഫ് അട്രാക്ഷൻ. കണ്ടവർ കണ്ടവർ കാണാത്തവരെ വിളിച്ച് കാണിക്കുന്നു. കാര്യങ്ങൾ ചോദിക്കുന്നു. ആകെ കൂടി ഗള്ളിവർ ഇൻ ലില്ലിപ്പുട്ട്. എനിക്ക് വേണ്ടിയും ആശാൻ വാങ്ങിയിരുന്നു ഒരു മ്യൂസിക് പ്ലെയർ, പക്ഷെ വണ്ടി ഓടിക്കുമ്പോൾ കാറ്റിന്റെ സംഗീതത്തോടായിരുന്നു താല്പര്യക്കൂടുതൽ, അതുകൊണ്ട് ഞാൻ അതിനു മെനക്കെട്ടില്ല.
ഒരു വിശ്രമ ദിനമായി രുന്നു എങ്കിലും, പണികളൊന്നും തീർത്തിട്ടും തീരുന്നില്ല. ബാഗ് നനയാതിരിക്കാനായി വലിയ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി അതിൽ ഇലാസ്റ്റിക് തുന്നിപ്പിക്കാൻ ഒരു കടക്കാരനെക്കൊണ്ട് എങ്ങനെയോ ഒരുവിധം സമ്മതിപ്പിച്ചിരുന്നു. വെൽക്രൗ ഉപയോഗിച്ചുള്ള കയറും തുന്നി ഉണ്ടാക്കിച്ചു. ഒക്കെ അന്നു തോന്നിയ ഐഡിയാസ് ആയിരുന്നു. അങ്ങനെ കാര്യങ്ങളൊക്കെ കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞപ്പോൾ സമയം 12 കഴിഞ്ഞു. രാത്രിയിൽ രണ്ടു ബൈക്കുകളും വച്ചു ഒരു പടവുമെടുത്ത് കിടക്കാനായി റൂമിൽ കയറി… ഇനി ആകെയുള്ളത് 3,4 മണിക്കൂർ മാത്രം. കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു. അതുകൊണ്ടായിരിക്കാം, ഇത്തവണ സൂര്യനുദിച്ചതു വളരെ പെട്ടെന്നായിരുന്നു. എണീറ്റ് ബോധം വരുമ്പോഴേക്കും റോഷൻ കുളിച്ചു റെഡിയായിക്കഴിഞ്ഞിരുന്നു. 5 മിനിറ്റു കൂടി ഉറങ്ങാൻ തോന്നി. ഇതിപ്പോ ജോലി ചെയ്യാനല്ലല്ലോ വന്നത്. ചുരുണ്ടുമൂടി തോന്നിയപോലെ കിടന്നാൽ എവിടെയുമെത്തില്ല, അതുകൊണ്ട് നല്ല കുട്ടിയായി വേഗം എണീറ്റു റെഡിയാവുകയേ രക്ഷയുള്ളു. മണി 7.30ആയപ്പോഴേക്കും ബാഗും സാമാനങ്ങളുമൊക്കെ ബൈക്കിൽ കെട്ടിവച്ചു. 8 മണി വരെയാണ് മുഹൂർത്തം. യാത്ര തുടങ്ങുന്നതിനു മുൻപ് അമ്പലത്തിൽ ഒന്നു പോകണമെന്നു ആഗ്രഹമുണ്ടായിരുന്നു. ലഗ്ഗേജ് കെട്ടിവച്ച് 8 മണിയോടെ ആ ഭാർഗവി നിലയത്തോട് ഞങ്ങൾ യാത്ര പറഞ്ഞു. ഒരുപക്ഷെ ഞങ്ങൾക്കായി കാത്തിരുന്ന ആ ഹോട്ടൽ അടുത്ത തവണ അവിടെയുണ്ടാകണമെന്നില്ല.
അകത്തു കയറിയപ്പോഴേക്കും അയ്യപ്പാസ് ഓർമ്മവന്നു. തൊഴുതിട്ടും തീരാത്ത ദൈവങ്ങൾ, രാമായണവും, അതിലെ മുഴുവൻ കഥാപാത്രങ്ങളും അവരുടെയൊക്കെ മാനേജർമാരായി പൂജാരികളും. എല്ലായിടത്തും സ്പെഷൽ ചാർജാണെങ്കിൽ സ്പെഷൽ ട്രീറ്റ്മെന്റ്, വേണ്ടെങ്കിൽ ഒന്നു പോടാപ്പാ ലൈനിലാണ് പൂജാരികൾ. എന്നാൽ അനുഗ്രഹിച്ചേക്കണേ, എല്ലാവരേയും കാണാൻ നിന്നാൽ ” ലക്ഷ്മി അമ്മ ” കോപിക്കും, പോക്കറ്റ് കാലിയാകും. അമ്പലത്തിനടുത്തുള്ള ഹോട്ടലിൽ ഭക്ഷണവും കഴിഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു. വേഷവിധാനങ്ങൾ കൊണ്ട് എല്ലാ ദൂരയാത്രക്കാർക്കും കിട്ടുന്ന ശ്രദ്ധ നമുക്കും കിട്ടിത്തുടങ്ങി. അതെ ഞങ്ങൾ ഭയങ്കര സംഭവമാണെന്ന തോന്നൽ (വെറും തോന്നൽ മാത്രം) . ഇനി ആ തോന്നലാണ് അടുത്ത ഏതാനം ദിവസത്തെ കഷ്ടപ്പാടിൽ നമ്മളെ തളർത്താതിരിക്കുക.
ബൈക്ക് നേരെ വിട്ടു. ഹൃദയം പിടച്ചുതുടങ്ങി; എന്തൊക്കെയായിരിക്കും നമ്മെ കാത്തിരിക്കുക? സന്തോഷവും ഭയവും ഒരുപോലെ. ശ്രീനഗർ റോഷനു തീരെ ഇഷ്ടമല്ല.അവനു കിട്ടിയ അറിവുകളിൽ ശ്രീനഗറിലെ ആൾക്കാർ വിശ്വസിക്കാൻ തീരെ കൊള്ളാത്തവർ ആയിരുന്നു. അതുകൊണ്ട്, സോന്മാർഗിൽ എങ്ങനേയും എത്തുക എന്നതായിരുന്നു ലക്ഷ്യം. .. വണ്ടി ഒരു 4 ലൈൻ റോഡിൽ എത്തി. ശ്രിനഗറിലേക്കുള്ള ദിശയിലേക്ക് വണ്ടി തിരിച്ചു. ആദ്യം കണ്ട പെട്രോൾ ബങ്കിൽനിന്നും ഫുൾ ടാങ്ക് എണ്ണയടിച്ചു. റോഡ് ഗംഭീരം. ഇത്ര നല്ല റോഡാണോ ശ്രീനഗറിലേക്ക് ?! എന്നാൽ രക്ഷപ്പെട്ടു…..
കാഴ്ചകൾ ഓരോന്നായി മുന്നിൽ വരാൻ തുടങ്ങി. ഫോട്ടോഗ്രാഫറായതുകൊണ്ട്, എല്ലാം കടിച്ചമർത്തി. വരുന്ന ഓരോ കാഴ്ചയും ഫോട്ടോയെടുക്കാൻ നിന്നാൽ നടന്നുപോകുന്നതായിരിക്കും കൂടുതൽ നല്ലതെന്ന ബോധ്യം.
40 കി.മി, അത്രയേ ഉണ്ടായിരുന്നുള്ളൂ 4 ലൈൻ റോഡിന്റെ ആയുസ്സ്. വഴിമാറി സിംഗിൾ ലൈൻ ആയി, വാഹനങ്ങൾ തലങ്ങും വിലങ്ങും. ഞങ്ങൾ രണ്ടുപേരും നല്ല കോർഡിനേഷനോടെയാണ് വണ്ടി ഓടിക്കുന്നത്, മൊബൈൽ ഫോൺ പോലുമില്ലാത്തതിനാൽ, ഒരു അണ്ടർസ്റ്റാന്റിങ്ങിൽ പോയില്ലേൽ 8ന്റെ പണി കിട്ടും. ആദ്യമൊക്കെ ഒരു വിഷമം തോന്നിയെങ്കിലും, മനുഷ്യർ മറന്നുപോയ പഴയ(പുതിയ) രീതികൾ പഠിക്കുകയാണെന്ന് മനസ്സിലായി.
വഴിനീളെ , തീർത്തിട്ടും തീരാത്ത ട്രക്കുകൾ, കാർ, ബസ്, ബൈക്കുകൾ……ആകെക്കൂടി ഒരു റാലി പോലെ. കയറ്റിറക്കങ്ങളായതുകൊണ്ട്, ട്രക്കിന്റേയും ബസ്സിന്റേയും പുക ഒരു നിമിഷത്തേക്ക് നമ്മളേ അന്ധന്മാരാക്കും. അത്രക്കു നിറമായിരുന്നു ആ കറുത്ത പുകയ്ക്കെല്ലാം. ഇവരൊക്കെ ഡീസൽ തന്നെയാണോ ഉപയോഗിക്കുന്നത്? പോരാത്തതിന് കഴിഞ്ഞ ദിവസങ്ങളിലെ മഴകാരണം ഉണ്ടായ പൊടിയും…. പൊടിയും പുകയും ഇത്രയും കാണുന്നതു തന്നെ ഇതാദ്യം. പലപ്പോഴും ഒരു ഊഹത്തിലായിരുന്നു വണ്ടി ഓടിച്ചത് തന്നെ. റോഡ് കാണാൻ പറ്റില്ലെങ്കിൽ എന്തുചെയ്യും. നമ്മുടെ നാടിലെ റോഡിലെ ഓരോ കുഴിയും എത്ര വലിയവന്മാരാണെന്ന് തോന്നിപ്പോയി. എല്ലാം ആപേക്ഷികമാണല്ലോ. ഇന്നാട്ടിലൊക്കെ വരുന്നവർ കുറച്ചുകാലത്തേക്കെങ്കിലും സ്വന്തം നാടിനെ കുറ്റം പറയില്ല. ചുറ്റിലും കൊടുമുടികൾ മാത്രം. എത്ര തവണ റോഡ് പണിചെയ്താലും ഇവിടത്തെ സമയവും കാലവും നിമിഷനേരം കൊണ്ട് എല്ലാരേയും തോൽപ്പിക്കും. മനുഷ്യൻ നിസ്സഹാനായിപ്പോകും. പ്രകൃതിയോടെന്ത് യുദ്ധം?
അഹങ്കാരമൊക്കെ അൽപ്പം കുറയാൻ തുടങ്ങി. വിചാരിച്ച പോലെ എളുപ്പമല്ല, കാര്യങ്ങൾ. എത്ര വണ്ടികളെ തോൽപ്പിച്ചു മുന്നേറിയാലും, മുന്നിലെ ദൂരത്തെ മാത്രം ബഹുമാനിക്കാനേ പറ്റുന്നുള്ളൂ. റോഷനു വണ്ടി മെല്ലെ ഓടിക്കാൻ അറിയില്ല. എന്നിട്ടെന്താ… തീരണ്ടേ… ജവഹർ ടണൽ ആയിരുന്നു മനസ്സിലെ ആദ്യ ഭയം. അതു അൽപ്പം റിസ്ക് ആണെന്നാണ് കേട്ടത്. വഴി തെറ്റിയാൽ ചിലപ്പോൾ പാക്കിസ്ഥാനിലെത്തുമത്രെ… ഈശ്വരാ .. ഭജ്രങ്കി ബായിജാൻ ഇറങ്ങിയിട്ടില്ല. ഉദമ്പൂർ ജില്ലയിലെ ഒരു ഹിൽസ്റ്റേഷനായ പാട്നി ടോപ്പിലേക്ക് 8 കി.മി കൂടി.ഒരു ചെറിയ ടൗൺ…ഒരു ടീ ബ്രെയ്ക്. കയ്യിലെ വെള്ളവും തീർന്നു… ചുമ്മാ അവിടെ കണ്ട മൊബൈൽ ഷോപ്പിൽ കയറി സിം അന്വേഷിച്ചു, വോഡാഫോൺ ആണ് കണക്ഷൻ, ആക്റ്റിവേഷൻ ആയ സിം ആണെന്നു തോന്നുന്നു, മൊബൈലിൽ ഇടേണ്ട താമസം സിം ആക്റ്റിവേറ്റ് ആയി. ട്രിപ്പിൽ ആദ്യമായി ഞങ്ങളുടെ ഫോണിനു ജീവൻ ലഭിച്ചു. ഐ.ഡി. പ്രൂഫ് എന്തിനാണാവോ?എങ്കിലും കൊടുത്തു. ശ്രീനഗർ വിട്ടാൽ സിം വർക്ക് ആവില്ലെന്നും കടക്കാരൻ വിവരം തന്നു. ഇവിടെ വില്പനക്കുള്ള സിം കാർഡ്സ് എല്ലാം ടൂറിസ്റ്റുകൾക്കായി നേരത്തേ ആക്റ്റിവേറ്റ് ചെയ്തു വച്ചിട്ടുള്ളതാണെന്നു തോന്നുന്നു. ആദ്യമൊക്കെ നമ്മുടെ നാട്ടിൽ കിട്ടിയിരുന്നപോലെ.
ഉച്ചയോടുകൂടി പാട്നി ടോപ്പ് എത്തിയെങ്കിലും വിശപ്പില്ലാത്തതിനാൽ അടുത്ത ടൗണിലെത്തി ഊണു കഴിക്കാമെന്നു തീരുമാനിച്ചു. വണ്ടികൾ ചീറിപ്പാഞ്ഞു. സുന്ദരിയായ ഒരു യക്ഷിയേപ്പോലെ ഭൂമി കൂടുതൽ കൂടുതൽ സുന്ദരവും, ഭയാനകവുമാകുന്നു. മിക്കതും ശ്രീനഗറിലേക്കുള്ള വണ്ടികളായതിനാൽ ട്രാഫിക്ക് പലതവണ ഞങ്ങളെ വലച്ചു. പാട്നി ടോപ്പിൽ നിന്നും 40 കി.മി. പിന്നിട്ടപ്പോൾ അടുത്ത ടൗൺ ആയ രംഭാനിലെത്തി. ടൗൺ എന്നു പറയാൻ പറ്റില്ല. അത്യാവശ്യം രണ്ടോ മൂന്നോ കടകളും ഹോട്ടലുകളും മാത്രം. സൈറ്റ് സീയിങ്ങ് സ്പോട്ട് ആണ്. അങ്ങു ദൂരെ നാം പിന്നിട്ട വഴികളെ കാണിച്ചുതന്നു രംഭാൻ… മുന്നിൽ കണ്ട ഹോട്ടലിൽ നിർത്തി ഊണുകഴിക്കാമെന്നുവച്ചു. റോഷൻ അവന്റെ ഫേവറിറ്റ് ഡിഷ് ആലുപ്പൊറോട്ട ഓർഡർ ചെയ്തു. എനിക്കാണേൽ ചോറു തിന്നാൻ കൊതി മൂത്ത് രജ്മ മീൽസ് ഓർഡർ ചെയ്തു. രുചികരമായ ഭക്ഷണം. ജമ്മു കാശ്മീരിൽ ഇതുവരെ കിട്ടിയതിലും വളരെ നല്ല ഭക്ഷണമായിരുന്നു. വിശപ്പായതുകൊണ്ടാണ് എല്ലാം രുചികരമെന്ന് പറഞ്ഞു വിലകുറച്ചു കാണിക്കാൻ എന്തായാലും താല്പര്യമില്ല. വിശപ്പു മൂത്ത് എത്രയോതവണ നമ്മുടെ നാട്ടിലെ ഹോട്ടലിൽ കയറി വയറും വായും ചീത്തയാക്കിയിട്ടുണ്ട്.. അവിടത്തെ സുന്ദരമായ കാഴ്ചകൾ ക്യാമറയിലാക്കുമ്പോഴേക്കും റോഷൻ ഒരു വെയിറ്ററെ കൊന്നു കൊലവിളി തുടങ്ങി. ഹിന്ദി തോടാ തോടാ ആയതുകൊണ്ട് എന്റെ ശല്യം ആ പാവത്തിനുകിട്ടിയില്ല. വീട്ടുകാരേയും സുഹൃത്തുക്കളേയും നമ്മൾ ജീവനോടെയുണ്ടെന്നറിയിച്ച്, മനോഹരമായ കാഴ്ചകളും ഭക്ഷണവും തന്ന രംഭാനോട് നന്ദിയോടെ വിടപറഞ്ഞു.
PART II >> ലേഹ് ലദ്ദാഖിന്റെ വിളികേട്ട് ജമ്മു സമ്മാനിച്ച സമ്മിശ്ര അനുഭവങ്ങൾ…..
One comment
Pingback: ശ്രീനഗറിലെ സാഹസങ്ങൾ | ചേതസ്സ്