മിഡ് ബ്രെയിൻ ആക്ടിവേഷൻ – നൂതന തട്ടിപ്പ്

corrected-fimage

തട്ടിപ്പുകാരുടെ പറുദീസയായ കേരളത്തില്‍ ഒടുവിലായി അരങ്ങേറുന്ന തട്ടിപ്പുപ്രസ്ഥാനമാണ് മിഡ് ബ്രെയിന്‍ ആക്ടിവേഷന്‍. “പ്രബുദ്ധരായ” കേരളീയരില്‍ അനേകര്‍ ഇതിനു വശംവദരാവാന്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു. അല്‍പ്പം വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് ഇതില്‍ കൂടുതല്‍ വീഴുന്നത് എന്നതാണ് കൗതുകകരം.

അവകാശവാദം എന്തെന്നാല്‍ മസ്തിഷ്കത്തിന്റെ ഭാഗമായ “മിഡ് ബ്രെയിന്‍” ചില കിടുപിടി വിദ്യകളിലൂടെ ഉദ്ദീപിപ്പിച്ച് ചെറുപ്രായത്തിലുള്ള കുട്ടികളെ അതിബുദ്ധിമാന്മാരും “അതുക്കും മേലെ” അമാനുഷികശക്തി ഉള്ളവരും ആക്കുമത്രേ! പോരാതെ ഈ വിദ്യ “ശാസ്ത്രീയവും” ആണത്രെ. ഇത്രേം പോരെ മലയാളികള്‍ വശംവദരാകാന്‍.

വിദേശരാജ്യങ്ങളില്‍ കുറച്ചുകാലമായി നടന്നുപോരുന്ന ഈ തട്ടിപ്പു പ്രോഗ്രാം അടുത്തകാലത്തായി വിപുലമായ സംവിധാന സജ്ജീകരണങ്ങളോടെ ഇന്ത്യയിലും അതോടൊപ്പം കേരളത്തിലും എത്തിയിരിക്കുന്നു.

നാള്‍ക്കുനാള്‍ അനേകം സെന്ററുകളാണ് മുളച്ചുപൊന്തുന്നത്. പല പ്രമുഖ ടിവി ചാനലുകളും വാര്‍ത്താമാധ്യമങ്ങളും ഇത് വിശ്വസനീയമായ ഒന്നാണെന്നു ധരിച്ച് ഇതുസംബന്ധമായ വാര്‍ത്തകളും ഇതിന്റെ ലൈവ് പ്രകടനവുമൊക്കെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ ഇതിനു പിന്നിലെ തട്ടിപ്പ് പൊതുജനത്തിനു മുന്നില്‍ അനാവരണംചെയ്യുന്നവിധത്തില്‍ ചില പരിപാടികള്‍ നടന്നു. തട്ടിപ്പ്  പൊളിയുകയും ചെയ്തു.

ഈ പശ്ചാത്തലത്തില്‍ മിഡ് ബ്രെയിന്‍ ആക്ടിവേഷന് എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ എന്നുള്ള സംശയം ഇനിയും ബാക്കിനില്‍ക്കുന്നവര്‍ക്കുവേണ്ടി അതിനു പിന്നില്‍ അവതരിപ്പിക്കപ്പെടുന്ന കപടശാസ്ത്രത്തെ വിശദീകരിക്കാന്‍ ശ്രമിക്കാം. മിഡ് ബ്രെയിന്‍ ആക്ടിവേഷന്‍കാര്‍ക്ക് പൊതുവായി ചില രീതികളും അവകാശവാദങ്ങളും ഉണ്ടെങ്കിലും ഇവരെല്ലാം പലതരത്തിലാണ് ഈ തട്ടിപ്പ് അവതരിപ്പിക്കുന്നത്. ഇത് എങ്ങനെ സാധ്യമാവുന്നു എന്നതിനും വിവിധ വിശദീകരണങ്ങളാണ് പലരും നല്‍കുന്നത്. മിഡ് ബ്രെയിന്‍ ആക്ടിവേഷന്‍ അവകാശവാദങ്ങള്‍ ഓരോന്നായി പരിശോധിച്ചാല്‍.

1. ഇത് ലോകമെമ്പാടുമുള്ള ഒരു പ്രസ്ഥാനമാണെന്നതാണ് ഇതിനു വിശ്വാസ്യതയുണ്ടെന്നു തെളിയിക്കാന്‍ ചിലര്‍ മുന്നോട്ടുവയ്ക്കുന്ന വാദം. ഒരുകാര്യം ശരിയാണ്. ഇതൊരു രാജ്യാന്തര തട്ടിപ്പാണ്, ഇതിന്റെ വേരുകള്‍ കേരളത്തിലും ആഴ്ന്നുതുടങ്ങി എന്നതാണ് വസ്തുത.

2. ഇത് ശാസ്ത്രമാണ്/ ഈ രീതി ശാസ്ത്രീയം ആണെന്നാണ് പ്രധാന വാദം. എന്നാല്‍ ഇതിനു ശാസ്ത്രീയ അടിത്തറ ഒന്നുമില്ല. ചില സത്യങ്ങള്‍, കുറേ അര്‍ധസത്യങ്ങള്‍, കുറെ കാലഹരണപ്പെട്ട ആശയങ്ങള്‍, ശാസ്ത്രവുമായി ബന്ധപ്പെട്ട് പണ്ടേ പ്രചരിച്ചുപോന്ന ചില മിഥ്യാധാരണകള്‍ (Myths) എന്നിവ വക്രീകരിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ദുരുപയോഗം ചെയ്യുന്ന കപടശാസ്ത്രം (Pseudo Science) മാത്രമാണ് മിഡ് ബ്രെയിന്‍ ആക്ടിവേഷന്‍.ശാസ്ത്രത്തിന്റെ മുക്കും മൂലയും ചുരണ്ടി സാങ്കേതികപദങ്ങള്‍ അടര്‍ത്തിയെടുത്ത് വളരെ തന്ത്രപരമായി ശാസ്ത്രീയം എന്ന രീതിയില്‍ സാമാന്യജനത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ഇതിന് “തട്ടിപ്പ് ശാസ്ത്രത്തില്‍’ കവിഞ്ഞ ഒരു ശാസ്ത്രീയതയും ഇല്ല.

ഉദാഹരണത്തിന് മിഡ് ബ്രെയിന്‍, പിനിയല്‍ ഗ്ലാന്റ്, ബ്രെയിന്‍ വേവ്സ്, ന്യൂറോണ്‍ ഇത്യാദി ശാസ്ത്രീയപദങ്ങള്‍ ഉപയോഗിച്ചുള്ള വാചാടോപം ശ്രദ്ധിക്കുക. മെഡിക്കല്‍ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ആളുകള്‍ക്ക് ഈ പറഞ്ഞത് മനസ്സിലായില്ലെങ്കിലും എന്തോ വലിയ ശാസ്ത്രമാണെന്നു തോന്നും.

3. സാധാരണഗതിയില്‍ തലച്ചോറിന്റെ കേവലം 10 ശതമാനം മാത്രമേ മനുഷ്യര്‍ ഉപയോഗിക്കുന്നുള്ളു. എന്നാല്‍ അതിനെ കൂടുതല്‍ ഉദ്ദീപിപ്പിച്ച് ബാക്കിയുള്ള പ്രവര്‍ത്തനക്ഷമതകൂടി കൈവരിക്കാന്‍ ഈ പ്രോഗ്രാമിലൂടെ സാധിക്കുകയും അങ്ങനെ അസാധാരണ കഴിവുകള്‍ കുട്ടികള്‍ക്ക് ലഭിക്കുകയും ചെയ്യും.

maxresdefault (2)തലച്ചോറിന്റെ 10 ശതമാനം മാത്രമാണ് മനുഷ്യര്‍ ഉപയോഗിക്കുന്നത് എന്ന പ്രസ്താവന പഴകിപ്പതിഞ്ഞ ഒരു മിഥ്യാധാരണയുടെ പുനരാവര്‍ത്തനം മാത്രമാണ്. ഇതിന് ഒരു ശാസ്ത്രീയ അടിത്തറയും ഇല്ല.തലച്ചോറിന്റെ 100 ശതമാനം ഭാഗങ്ങളും പ്രവര്‍ത്തനക്ഷമവും അതതിന്റെ ധര്‍മം നിറവേറ്റുന്ന അവസ്ഥയിലുമാണെന്നത് നിസ്സംശയം തെളിയിക്കപ്പെട്ട കേവല ശാസ്ത്രസത്യമാണ്. ബ്രെയിന്‍ മാപ്പിങ് പഠനവും മറ്റും മസ്തിഷ്കത്തിലെ ഓരോരോ ഭാഗത്തിന്റെയും പ്രവര്‍ത്തനം നിരീക്ഷിച്ചു രേഖപ്പെടുത്തുന്നു.

ന്യൂറോ ഇമേജിങ്ങ് പോലുള്ള ആധുനിക ശാസ്ത്രശാഖ PET scan, Functional MRI എന്നിവ ഉപയോഗപ്പെടുത്തി ഉറങ്ങുമ്പോള്‍പോലും മസ്തിഷ്കത്തിന്റെ ഓരോ ഭാഗങ്ങളിലും എന്തെങ്കിലും പ്രവര്‍ത്തനം നടക്കുന്നുവെന്നത് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ തെളിയിച്ചിട്ടുണ്ട്. മസ്തിഷ്ക പരിക്കുകളും തകരാറുകളും സംഭവിക്കുമ്പോള്‍ ഏതൊരു ഭാഗത്തിന് തകരാര്‍ സംഭവിച്ചാലും അതുമായി ബന്ധപ്പെട്ട അപാകങ്ങള്‍ പ്രകടമാവുന്നതു കാണാം. പലപ്പോഴും നേരിയ കേടുപാടുകള്‍പോലും വളരെ സാരമായ ദോഷങ്ങള്‍ പ്രത്യക്ഷത്തില്‍ ഉണ്ടാക്കുകയും ചെയ്യും.

4. സാധാരണഗതിയില്‍ ഒരു വ്യക്തിയുടെ തലച്ചോറിന്റെ ഒരു അര്‍ധഗോളമാണ് കൂടുതല്‍ പ്രവര്‍ത്തനക്ഷമം. എന്നാല്‍ ഈ ആക്ടിവേഷനിലൂടെ രണ്ട് അര്‍ധഗോളങ്ങളും ഒരേപോലെ പ്രവര്‍ത്തനസജ്ജമാവുമത്രെ! തലച്ചോറിന്റെ രണ്ട് അര്‍ധഗോളങ്ങളില്‍ ഒന്നുമാത്രമാണ് കൂടുതല്‍ പ്രവര്‍ത്തനക്ഷമം എന്നതൊക്കെ കാലഹരണപ്പെട്ട ചില മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ ദുര്‍വ്യാഖ്യാനം മാത്രമാണ്. മുമ്പ് കരുതിയിരുന്നു മസ്തിഷ്കത്തിന്റെ ഒരു അര്‍ധഗോളം ചിന്തകള്‍, തീരുമാനം എടുക്കാനുള്ള കഴിവ് തുടങ്ങിയവ കൂടുതലായി കൈകാര്യംചെയ്യുമ്പോള്‍ മറുഭാഗം വികാരങ്ങളെയും സര്‍ഗാത്മകതയും കൈകാര്യം ചെയ്യുന്നുവെന്ന്. (A person who is “left-brained” is often said to be more logical, analytical, and objective, while a person who is “right-brained” is said to be more intuitive, thoughtful, and subjective).

ഈ തിയറിയെ മനഃശാസ്ത്രം മസ്തിഷ്ക പ്രവര്‍ത്തനങ്ങളുടെ പാര്‍ശ്വവല്‍ക്കരണം അഥവാ liberalization of brain function എന്നു വിളിച്ചിരുന്നു. എന്നാല്‍ വൈദ്യശാസ്ത്ര പഠനങ്ങള്‍ ഇത് അടിസ്ഥാനരഹിതമായ മുദ്രകുത്തലാണെന്ന് തെളിയിച്ചതാണ്. രണ്ട് അര്‍ധഗോളങ്ങളും രണ്ടുതരം പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാവുന്നു. മറിച്ചുള്ള വിശ്വാസം അതിശയോക്തിപരം ആണെന്നാണ് കണ്ടെത്തലുകള്‍.

5. ചിലതരം മസ്തിഷ്ക തരംഗങ്ങള്‍വഴി പീനിയല്‍ഗ്രന്ഥിയെ ഉദ്ദീപിപ്പിക്കുന്നതിലൂടെയാണ് മിഡ് ബ്രെയിന്‍ ആക്ടിവേഷന്‍ സാധ്യമാവുക. ഇതോടെ കുട്ടിയുടെ മൂന്നാം കണ്ണ് തുറക്കുകയും അതീന്ത്രിയ ജ്ഞാനം സാധ്യമാവുകയും ചെയ്യുന്നുവത്രെ! മസ്തിഷ്കതരംഗങ്ങള്‍ ഉണ്ടാക്കുന്നത് ചിലതരം സംഗീതവും ചില വ്യായാമക്രിയകളും വഴിയാണത്രേ! പീനിയല്‍ഗ്രന്ഥി എന്നത് അന്തസ്രാവി ഗ്രന്ഥി Endocrine Gland ആണ്. ഉറക്കത്തിന്റെ ക്രമം നിയന്ത്രിക്കുന്ന മെലാട്ടോണിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുകയാണ് പീനിയല്‍ ഗ്രന്ഥിയുടെ പ്രാഥമിക ധര്‍മം. ഇതിനെയാവട്ടെ ബാഹ്യ/ആന്തരിക തരംഗങ്ങള്‍വഴി ഉത്തേജിപ്പിക്കാനുള്ള ഒരു മാര്‍വവും ശാസ്ത്രം ഇന്നേവരെ കണ്ടെത്തിയിട്ടില്ല.

6. Brainwave Entrainment or “brainwaves synchronization,” മ്യൂസിക്കിലൂടെ ബ്രെയിന്‍ തരംഗങ്ങള്‍ മുഖേന ഇത് സാധ്യമാക്കാന്‍ കഴിയും അത്രേ. അതും അല്ലെങ്കില്‍ ട്രെയിനര്‍ കോസ്മിക് എനെര്‍ജി പകര്‍ന്നു നല്‍കി ഇത് സാധ്യമാക്കും അത്രേ. ബ്രെയിന്‍ വേവ് എന്നത് തലച്ചോറിന്റെ പ്രവര്‍ത്തന സമയത്ത് ഉണ്ടാവുന്ന നേരിയ വൈദ്യുത പ്രവര്‍ത്തനം (electrical activtiy) ആണ്. ഇതിന്റെ സാന്നിധ്യം വിശകലനം ചെയ്യുക പ്രത്യേക ഉപകരണം ഉപയോഗിച്ച് ഇ.ഇ.ജി. (Eletcro Encephalo Graphy) എന്ന മാര്‍ഗത്തിലൂടെ പുറമെനിന്നാണ്. മസ്തിഷ്കത്തിനുള്ളിലുള്ള നേരിയ വൈദ്യുത പ്രവര്‍ത്തനമാണ് ഇത്. നേരെമറിച്ച് പുറത്തു നിന്ന് ഉല്‍പ്പാദിപ്പിച്ചു തലച്ചോറിനു ഉള്ളിലേക്ക് പ്രവഹിപ്പിക്കാവുന്ന ഒന്നല്ല ബ്രെയിന്‍ വേവ് എന്നിരിക്കെ ഇത്തരം തരംഗങ്ങള്‍ ഉപയോഗിച്ച് മിഡ് ബ്രെയിന്‍ ആക്ടിവേറ്റ് ചെയ്യുന്നു എന്നതും സംഗീതം ഉപയോഗിച്ച് ബ്രെയിന്‍ വേവ് ഉണ്ടാക്കാം എന്നുപറയുന്നതും ശുദ്ധ അസംബന്ധമാണ്.കോസ്മിക് എനര്‍ജി എന്നതൊക്കെ വൈദ്യശാസ്ത്രവുമായി പുലബന്ധംപോലും ഇല്ലാത്തതും തട്ടിപ്പുകാരുടെ സ്ഥിരം പ്രയോഗങ്ങളില്‍ ഒന്നുമാത്രവുമാണ്.

അതീന്ദ്രീയ ജ്ഞാനം കിട്ടുന്നത് വഴി കണ്ണുകള്‍ കൊണ്ടല്ലാതെ കാഴ്ച സാധ്യമാവും.

Midbrain-Activation17. അതീന്ദ്രീയ ജ്ഞാനം കിട്ടുന്നത് വഴി കണ്ണുകള്‍ കൊണ്ടല്ലാതെ കാഴ്ച സാധ്യമാവും. കണ്ണ് കെട്ടിക്കൊണ്ടുപോലും സ്പര്‍ശനം, ഗന്ധം, കേള്‍വി എന്നിവ ഉപയോഗിച്ച് വസ്തുക്കളെ കാണാനും അവയുടെ നിറം അറിയാനും കഴിയുമത്രെ. കുട്ടിയുടെ ബുദ്ധിശക്തി, ഏകാഗ്രത ഓര്‍മ എന്നിവ വര്‍ധിക്കും, എന്നിങ്ങനെ തുടങ്ങി കുട്ടികളെ അതിമാനുഷികശക്തി ഉള്ളവരാക്കും എന്ന രീതിയിലുള്ള അവകാശവാദങ്ങളാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. കാഴ്ച എന്നത് കണ്ണുകളുടെയും കേന്ദ്ര നാഡിവ്യവസ്ഥയുടെയും വളരെ സങ്കീര്‍ണമായ പ്രവര്‍ത്തനഫലമായി അനുഭവേദ്യം ആവുന്ന ഒന്നാണ്.

സാധാരണഗതിയില്‍ കണ്ണിനുള്ളില്‍ റെറ്റിനയില്‍ പതിക്കുന്ന രശ്മികള്‍ സന്ദേശങ്ങളായി ഒപ്ടിക് നാഡിമുഖേന മസ്തിഷ്കത്തിനുള്ളിലെ “വിഷ്വല്‍ പാത്ത് വേ” എന്നറിയപ്പെടുന്ന നാഡിവ്യവസ്ഥയുടെ പല ഭാഗങ്ങളിലൂടെ കടന്ന് ഒടുവില്‍ സെറിബ്രല്‍ കോര്‍ട്ടെക്സിന്റെ ഭാഗമായ വിഷ്വല്‍ കോര്‍ട്ടെക്സിലും വിഷ്വല്‍ അസോസിയേഷന്‍ കോര്‍ട്ടെക്സിലും എത്തി കാഴ്ചയുടെ ഈ സന്ദേശങ്ങള്‍ വിശകലനം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് ഒരു വ്യക്തിക്ക് കാഴ്ച അനുഭവവേദ്യമാവുന്നത്. ഈ സങ്കീര്‍ണ പ്രക്രിയയില്‍ ഏതെങ്കിലും ഭാഗത്തിന് നേരിയ വ്യതിയാനങ്ങള്‍ ഉണ്ടായാല്‍ പോലും അത് കാഴ്ച്ചയെ ബാധിക്കും.

ഇതില്‍ മിഡ്ബ്രെയിന്റെ ഭാഗങ്ങള്‍ നിര്‍വഹിക്കുന്ന ജോലി പ്രധാനമായും ഈ സന്ദേശങ്ങള്‍ക്ക് ചാലകമായി വര്‍ത്തിക്കുക മാത്രമാണ്. മിഡ് ബ്രെയിന്‍ എന്ന് പേരിട്ടുവിളിക്കുന്ന ഭാഗങ്ങള്‍ ഫോര്‍ ബ്രെയിനെക്കാള്‍ വലുപ്പത്തില്‍ താരതമ്യേന ചെറുതാണ്. മസ്തിഷ്കത്തിന്റെ അര്‍ധ ഗോളങ്ങളുടെ തുടര്‍ച്ചയായി വരുന്ന തണ്ടുപോലെ ആകൃതിയിലുള്ള ഭാഗമാണിത്. മസ്തിഷ്കത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് സന്ദേശങ്ങള്‍ റിലെ ചെയ്യാന്‍ ഉപയോഗപ്പെടുത്തുന്ന ഒരു ഭാഗമാണിത്.കുറച്ചുകൂടി വിശദമായി അപഗ്രഥിച്ചാല്‍ കണ്ണുകളുമായി ബന്ധപ്പെട്ട് മിഡ് ബ്രെയിന്‍ ബന്ധപ്പെട്ടിരിക്കുന്നത് രണ്ടു കാര്യങ്ങളിലാണ്.

സുപ്പീരിയര്‍ കോളിക്കുലസ് superior colliculus എന്ന ഭാഗം കണ്ണുകളുടെ ചലനത്തെ നിയന്ത്രിക്കുന്നതില്‍ ഭാഗഭാക്കാണ്. പ്രീ-ടെക്ടം pretectum എന്ന ഭാഗം വെളിച്ചത്തിന് അനുസൃതമായി കൃഷ്ണമണികളുടെ വലുപ്പം നിയന്ത്രിക്കുന്നതില്‍ പങ്കുവഹിക്കുന്നു. ഇവയില്ലാതെ കാഴ്ച എന്ന പ്രക്രിയ മിഡ് ബ്രെയിന്‍ ഉദ്ദീപനംവഴി ഒരുകാരണവശാലും സാധ്യമാവില്ല. പ്രത്യേകിച്ചും മറ്റ് ഇന്ദ്രിയങ്ങളിലൂടെ. അതായത് സ്പര്‍ശനം, മണം തുടങ്ങിയവ മറ്റു നാഡീ വ്യവസ്ഥവഴിയാണ് കടന്നുപോവുന്നത് ഇത് സെറിബ്രല്‍ കോര്‍ട്ടെക്സില്‍ എത്തുന്നുമില്ല. മിഡ് ബ്രെയിന്‍ ഉത്തേജനം എന്നത് മിഥ്യയാണ്. മിഡ് ബ്രെയിന്റെ ഏതെങ്കിലും ഭാഗം എന്തെങ്കിലും കാരണത്താല്‍ ഉത്തേജിതം ആയാലും കാഴ്ച എന്ന പ്രക്രിയ ഒരുകാരണവശാലും സാധ്യമാവുന്നതല്ല.

മിഡ് ബ്രെയിന്‍ ആക്ടിവേഷന്‍കാര്‍ പറയുന്നത് ഇത് ശാസ്ത്രം ആണെന്നാണ്. പക്ഷെ, ശാസ്ത്രമോ വൈദ്യശാസ്ത്രമോ ഇതിനെ അംഗീകരിക്കുന്നില്ല. എന്നുമാത്രമല്ല, ശാസ്ത്രസത്യങ്ങള്‍ക്ക് നിരക്കുന്നതല്ല ഇവരുടെ സിദ്ധാന്തങ്ങളെന്നും കാണണം. മറ്റൊരു മാര്‍ഗത്തിലൂടെ കാഴ്ച സാധ്യമാവുമെങ്കില്‍ എന്തുകൊണ്ട് അന്ധതയ്ക്കു പരിഹാരമായി ശാസ്ത്രം ഈ മാര്‍ഗം ഉപയോഗിച്ചേനെ (അന്ധത ബാധിച്ച 35 ലക്ഷംപേര്‍ ഇന്ത്യയില്‍ ഉണ്ട്). ഈ പറഞ്ഞ രീതിയില്‍ ബ്രെയിന്‍ ആക്ടിവേറ്റ് ചെയ്ത് കൂടുതല്‍ മിടുക്കന്മാരാക്കാമായിരുന്നുവെങ്കില്‍ ഭിന്നശേഷി ഉള്ള അനേകം വ്യക്തികളുടെ ചികിത്സക്ക് അത് ശാസ്ത്രം ഉപയോഗപ്പെടുത്തിയേനെ.

തുടരും….

( കേരള സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനാണ് ലേഖകന്‍ )

Courtesy : Athuldev – Scientism

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *