തവളയുടെത് പോലുള്ള തലയും വലിയ ഉരുണ്ട കണ്ണുകളും കയ്യിൽ മാരകമായ രശ്മികള്‍ പുറപ്പെടുവിക്കുന്ന ആയുധം, ഇഡ്ഡലി പാത്രത്തിന്റെ അടപ്പ് പോലെയുള്ള വലിയ ആകാശയാനത്തിലാണ് വരവ്. ഭൂമിയെ നശിപ്പിക്കുകയാണ് ലക്ഷ്യം- പറഞ്ഞുവരുന്നത് അന്യഗ്രഹ ജീവികളെക്കുറിച്ചാണ്. അന്യഗ്രഹജീവി കഥകൾക്ക് നല്ല മാർക്കറ്റായതു കൊണ്ട് പടച്ചുവിടുന്ന കഥകളെല്ലാം ഏകദേശം ഇതേപോലെയിരിക്കും.
ഏതായാലും ശാസ്ത്രകൽപ്പിത സിനിമകളിലേതു പോലെയല്ലെങ്കിലും ഭൂമിക്കപ്പുറം ഏതെങ്കിലും ഗ്രഹത്തിൽ ജീവനുണ്ടാകാമെന്ന് ഗവേഷകരിൽ ചിലർക്കെങ്കിലും അഭിപ്രായമുണ്ട്. പക്ഷേ ആ ജീവന്‍ മനുഷ്യനോളമോ ചിലപ്പോള്‍ അതിനേക്കാളോ ബൗദ്ധികവികാസം പ്രാപിച്ചവരാണെന്നതിൽ തെളിവൊന്നുമില്ല. എന്തിനവർ മാറിനിന്ന് ഭൂമിയെ നിരീക്ഷിക്കണമെന്നും എന്തിന് അപ്രതീക്ഷിത സന്ദർശനം നടത്തി ആളുകളെ പേടിപ്പിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരവുമില്ല.
നിലവിൽ ഈ ഭൂമിയിൽ ജീവിക്കുന്ന നാം ആണ് ഇപ്പോൾ അറിയപ്പെടുന്ന അന്യഗ്രഹ സഞ്ചാരികൾ, ഭൂമിയില്‍നിന്ന് പ്രകാശവര്‍ഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവിടെ ജീവന്റെ അടയാളങ്ങളോ അല്ലെങ്കിൽ ജീവൻ നിലനിൽക്കാനുള്ള സാഹചര്യമോ ഉണ്ടോ എന്ന അന്വേഷണങ്ങളിലാണ് ഗവേഷകർ. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതും ചൊവ്വയില്‍ പര്യവേഷണ പേടകങ്ങൾ ഇറക്കിയതുമെല്ലാം ആ അന്യഗ്രഹയാത്രയുടെ ഭാഗമായാണ്. എന്നാൽ അഭിമാനകരമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ഈ യാത്രകളൊന്നും ഒന്നുമായിട്ടില്ലെന്ന അഭിപ്രായവും ഗവേഷകർക്കുണ്ട്.
ഇപ്പോളിതാ സിലിക്കോൺവാലിയിലെ ശതകോടീശ്വരൻ ഏറ്റവുമടുത്ത നക്ഷത്രത്തിലേക്ക് “യാത്രക്കൊരുങ്ങുകയാണ്”. കൂട്ടിന് പ്രശസ്ത ഗവേഷകൻ സ്റ്റീഫൻ ഹോക്കിങും. അതെ ബ്രേക്ക്ത്രൂ പ്രൈസ് എന്ന ശാസ്ത്രലോകത്തെ ഏറ്റവും വിലയേറിയ സമ്മാനം നൽകുന്ന യൂറി മില്ലറാണ് ബ്രേക്ക്ത്രൂ സ്റ്റാർഷോട്ട് എന്ന് പേരിട്ട പ്രോജക്ട് ആരംഭിച്ചിരിക്കുന്നത്. ഒപ്പം ഫെയ്സ്ബുക്ക് മേധാവി സുക്കർബർഗും പിന്നെ ഒരുകൂട്ടം ഗവേഷകരും.
ഹോക്കിങ്ങും മില്‍നറും സംയുക്തമായി അവതരിപ്പിച്ച ബ്രേക്ക്ത്രൂ ഇനീഷേറ്റീവിന്റെ ഭാഗമാണ് ഈ പദ്ധതിയും. നമുക്ക് അയൽക്കാർ ആരെങ്കിലും ഉണ്ടോയെന്ന് അറിയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സൂര്യന്റെ സ്വാധീനവലയം ഭേദിച്ച് അടുത്തുള്ള നക്ഷത്രത്തിലെത്തുകയാണ് ലക്ഷ്യം. സൗരയൂഥത്തോട് ഏറ്റവും അടുത്തുള്ള ആല്‍ഫ സെന്‍േറാറി എന്ന നക്ഷത്രയൂഥത്തെ കീഴടക്കാനായി 100 മില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് ഇവർ തയ്യാറാക്കിയത്.
എങ്ങനെ പോകും?
ശാസ്ത്രകൽപ്പിത സിനിമകളിൽ വമ്പൻ സ്പേസ്ക്രാഫ്റ്റുകളിൽ മറ്റൊരു ഗ്രഹത്തിലേക്ക് ശൂ… എന്ന് എത്തുന്നത് കാണിക്കാമെങ്കിലും നമ്മുടെ ടെക്നോളജി അത്രയൊന്നും വികാസം പ്രാപിച്ചിട്ടില്ല. 4.37 പ്രകാശവർഷം അകലെയാണ് ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം സ്ഥിതി ചെയ്യുന്നത്.
എളുപ്പത്തിൽ പറഞ്ഞാൽ നാം ഇപ്പോൾ ആകാശത്ത് നോക്കിയാൽ കാണുന്ന പ്രോക്സിമ സെന്റോറിതന്നെ 4.37 വര്‍ഷം മുമ്പത്തെയാണെന്ന് അർഥം. മൂന്ന് നക്ഷത്രങ്ങളടങ്ങിയതാണ് ആല്‍ഫാ സെന്‍േറാറി – ആല്‍ഫ സെന്‍േറാറി എ, ആല്‍ഫ സെന്‍േറാറി ബി എന്നീ ഇരട്ട നക്ഷത്രങ്ങളും പിന്നെ പ്രോക്സിമ സെന്‍േറാറി എന്ന നക്ഷത്രവും.
ഇവിടേക്ക് ഒരു സ്റ്റാമ്പിനേക്കാൾ അൽപ്പം വലിപ്പംകൂടിയ ഒരു സ്പേസ്ക്രാഫ്റ്റ് അയയ്ക്കാനാണ് ലക്ഷ്യം. നാനോ ഉപകരണങ്ങളാവും അതിലുണ്ടാവുക, ക്യാമറയും ആശയവിനിമയ മാർഗങ്ങളും ഫോട്ടോൺ ത്രസ്റ്ററും നാവിഗേഷനുമൊക്കെ നാനോ ചിപ്പിനുള്ളിലുണ്ടാവും. ബഹിരാകാശത്തിലെത്തി കഴിഞ്ഞാൽ ഈ സ്പേസ്ക്രാഫ്റ്റിനെ ചലിപ്പിക്കുന്നത് ജ്വലനമായിരിക്കില്ല, മൂന്നടി നീളമുള്ള ലേസർ സെയിൽ ആയിരിക്കും (കപ്പൽപായ് പോലെ).
ലേസർ സെയിൽ?
40 ലക്ഷം കോടി കിലോമീറ്റര്‍ അകലെയാണ് ഈ നക്ഷത്രം. പാരമ്പര്യമായി തുടര്‍ന്നുപോരുന്ന വിക്ഷേപണ രീതികള്‍ ഇതിന് പര്യാപ്തമല്ല. 30,000 വര്‍ഷത്തോളമെടുക്കും നിലവിലുള്ള സാങ്കേതിവിദ്യയിൽ ആ നക്ഷത്രത്തിലെത്താൻ. ഇത് പരിഹരിക്കാനാണ് പ്രകാശത്തിന്റെ 20 ശതമാനമെങ്കിലും വേഗത്തിൽ സഞ്ചരിക്കാനുള്ള മാർഗം നോക്കുന്നത്. 100 ബില്യൺ വാട്ട് ലേസർ കിരണമാണ് ഈ നാനോക്രാഫ്റ്റിനെ തള്ളി നീക്കുന്നത്. ഭൗമാന്തരീക്ഷത്തിലാവും ഇതിന്റെ നിയന്ത്രണം.
ഈ പദ്ധതി യാഥാർഥ്യമാവുകയാണെങ്കിൽ ഏകദേശം 20 വര്‍ഷത്തിനുള്ളിൽ ആൽഫ സെന്റോറിയിലെത്താനാകും. പിന്നെ ഈ നാനോക്രാഫ്റ്റ് ചിത്രങ്ങളെടുത്തശേഷം ഭൂമിയിലേക്ക് ലേസർ സന്ദേശങ്ങളായി അയക്കും. ഏത് ചെറിയ വസ്തുവിൽ തട്ടിയാലും പരീക്ഷണം പരാജയമാകുമെന്നതാണ് ഗവേഷകരെ ഭയപ്പെടുത്തുന്നത്. പക്ഷേ ബഹിരാകാശം അത്ര തിരക്കില്ലാത്തതാണെന്നത് പ്രതീക്ഷ നൽകുന്നുണ്ട്. കൂട്ടിയിടിയുണ്ടാകാനുള്ള സാധ്യത തുലോം കുറവാണ്.
എന്തൊക്കെ തയ്യാറെടുപ്പുകൾ
ഭൂമിയിൽനിന്ന് ലേസര്‍കിരണങ്ങൾ വിക്ഷേപിക്കാനാവുന്ന ഉപകരണം, വര്‍ഷങ്ങൾ സഞ്ചരിക്കാനുള്ള ഊർജ്ജം, നാനോക്രാഫ്റ്റുകളെ ബഹിരാകാശത്ത് എത്തിക്കാനായി ഒരു മദർഷിപ്പ് ഇവയാണ് ഈ പ്രോജക്ടിന് ആവശ്യമായി വരുന്നത്.
പദ്ധതിയുടെ തലച്ചോറുകൾ
സ്റ്റീഫൻ ഹോക്കിങ്, യൂറി മിൽനർ, ഫെയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗ് എന്നിവരാണ് ഈ നക്ഷത്ര യാത്രയ്ക്ക് കളമൊരുക്കുന്നത്. മാത്രമല്ല പെറ്റ് വാർജൻ (ഡയറക്ടർ ഓഫ് നാസ Ames റിസേർച്ച് സെന്റർ), അവി ലോബ് (ഹവാർഡ് യൂണിവേഴ്സിറ്റി), സ്റ്റീവൻ ചൂ (നൊബേൽ പ്രൈസ് ജേതാവ്), ജിം ബെൻഫോർഡ് ( പ്രസിഡന്റ് ഓഫ് മൈക്രോവേവ് സയൻസ്), ബ്രൂസ് ഡ്രെയിൻ, അൻ ഡ്രുയെൻ, ഫ്രീമാൻ ഡെയ്സൺ, ലൂ ഫ്രൈഡ്മാൻ, റോബർട്ട് ഫുഗേറ്റ്, ഗിയാൻകാർലെ ഗെന്റ, ഒലിവർ ഗയോൺ, മെ ജെമിസൺ, പെറ്റ് ക്ലൂപർ, ലോറൻസ് ക്രോസ്, ജെഫ് ലാൻഡിസ്, കെൽവിൻ ലോംഗ്, ഫിലിപ് ലൂബിൻ, ഗ്രെഫ് മാറ്റ്ലോഫ്, ക്ലെയർ മാക്സ്, കായ നോബുയോകി, കെവിൻ പാർകിൻ, മേസൺ പെക്ക്, സോള്‍ പെൾമട്ടർ, റോൾഡ് സാഗ്ദീവ്, ടണർ എന്നിങ്ങനെ നിരവധി ഗവേഷകരാണ് ഈ പ്രൊജക്ടിന് പിന്നിൽ പ്രവർത്തിക്കുന്നത്.