വിവർത്തനം : നന്ദകുമാർ ബി
“ഇംഗ്ലീഷിൽ ‘Duel’ എന്ന വാക്കിന്റെ അർത്ഥം അറിയാമോ?” – താരിണി അങ്കിൽ ചോദിച്ചു.
“അറിയാം” – നാപ്‌ല മറുപടി പറഞ്ഞു. – “Duel” എന്നാൽ ഇരട്ട, ചില സിനിമകളില്ലെ, ഇരട്ട റോളുകൾ അഭിനയിക്കുന്നവർ”
“ആ ‘Dual’ അല്ല.ഇത് ‘Duel’ ഒരക്ഷരത്തിന്റെ വ്യത്യാസമുണ്ട്. ‘A’ യ്ക്കു പകരം ‘E’ യാണ് ഇവിടെ. ‘Duel’ എന്നാൽ രണ്ടു വ്യക്തികൾ തമ്മിലുള്ള യുദ്ധം – ദ്വന്തയുദ്ധം.”
“ശരിയാണ്….” ഞങ്ങൾ ഒരുമിച്ച് ഒപ്പം പറഞ്ഞു.
“മുമ്പൊരിക്കൽ ദ്വന്തയുദ്ധത്തെക്കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്. അതെന്താണെന്നറിയാനുള്ള ആകാംക്ഷകൊണ്ട്. പതിനാറാം നൂറ്റാണ്ടിൽ ‘ദ്വന്തയുദ്ധം’ എന്ന ശൈലി ഇറ്റലിയിൽ നിന്ന് മറ്റു യൂറോപ്യൻ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരുന്നു. വാളുകൾ അന്ന് യോദ്ധാക്കളുടെ വേഷവിധാനത്തിന്റെ ഭാഗം തന്നെയായിരുന്നു. ‘ഉടവാൾയുദ്ധം’ എന്ന പേരിൽ ഈ വാൾപയറ്റ് പ്രസിദ്ധമായിരുന്നു, ആ കാലത്ത്. ആരെങ്കിലും മറ്റൊരാളെക്കൊണ്ട് അപമാനിക്കപ്പെട്ടാൽ ഉടനെ ഒരു ദ്വന്തയുദ്ധത്തിന് ക്ഷണിക്കുകയായി. യുദ്ധം ചെയ്യാനുള്ള കഴിവുണ്ടെങ്കിലും ഇല്ലെങ്കിലും ധീരതയുടെ ലക്ഷണമായി കരുതി യുദ്ധത്തിനുള്ള ആഹ്വാനം സ്വീകരിക്കുകയെന്നത് അന്നത്തെ പതിവായിരുന്നു.
“പതിനെട്ടാം നൂറ്റാണ്ടാവുമ്പോഴെക്കും വാളിനു പകരം തോക്ക് രംഗത്തുവന്നു. അങ്ങിനെ അനേകം മരണങ്ങളും സംഭവിച്ചു. മരണങ്ങൾ കൂടിയതോടെ തോക്കുകൊണ്ടുള്ള യുദ്ധം നിരോധിക്കാൻ നിയമം കൊണ്ടുവന്നു. പക്ഷെ ചില ഭരണകർത്താക്കൾ ഇത് നിർത്തലാക്കിയപ്പോൾ മറ്റു ചിലർ ഇത് തുടരാനും അനുവദിച്ചു.”
താരിണി അങ്കിൾ അല്പം കട്ടൻചായ കഴിച്ച് തൊണ്ട ശുദ്ധി വരുത്തി കഥ തുടർന്നു.-
“ദ്വന്തയുദ്ധത്തിന് കർശനമായ നിയമാവലിയുണ്ട്. രണ്ടുപേരും ഒരേ തരത്തിൽപ്പെട്ട ആയുധങ്ങൾ മാത്രമേ ഉപയോഗിക്കാവൂ, ഒരു ‘റഫറി’ നിർബന്ധമായും ‘യുദ്ധം’ നിരീക്ഷിക്കാൻ ഉണ്ടായിരിക്കണം; ഒരിക്കലും നിബന്ധനകളിൽ നിന്ന് രണ്ടുപേരും വ്യതിചലിക്കരുത്, രണ്ടുപേരും തമ്മിൽ കുറഞ്ഞത് പതിനാല് അടി ദൂരമുണ്ടായിരിക്കണം. പിന്നെ പിസ്റ്റൽ വലിക്കുന്നത് ‘റഫറി’ അല്ലെങ്കിൽ മൂന്നാാതൊരാളുടെ ആജ്ഞകേട്ടശേഷം മാത്രമേ ആകാവൂ.”
പതിവുപോലെ ഞങ്ങൾക്കെല്ലാവർക്കും ഉത്സാഹമായി. താരിണി അങ്കിളിന്റെ അറിവിന്റെ ഖനി തുറക്കപ്പെടുകയാണ്. താരിണി അങ്കിളിന്റെ ‘ജല്പനങ്ങൾ’ എന്നു തോന്നാവുന്ന ഈ കഥാകഥനത്തിൽ അറിവിന്റെ തലമാണ് ആദ്യം വിടരുന്നത്. കേൾക്കുമ്പോൾ ഞങ്ങൾക്ക് നീരസം തോന്നിയെങ്കിലും ഈ കഥനം കൊണ്ടെത്തിക്കുന്നത് രസകരമായ ചില അനുഭവകഥകളിലേക്കായിരിക്കും എന്ന് ഞങ്ങൾക്കറിയാം. ആകെ ഞങ്ങൾക്കു ചെയ്യാനുള്ളത് ക്ഷമയോടെ അങ്കിളിന്റെ വിശദീകരണങ്ങൾക്കായി കാത്തിരിക്കുക മാത്രമാണ്.
“നിങ്ങൾക്കറിയുമോ എന്നറിയില്ല, ആദ്യത്തെ വിഖ്യാതമായ ദ്വന്ദയുദ്ധം നടന്നത് കൽക്കത്തയിലാണ് – ഇരുനൂറു വർഷങ്ങൾക്കുമുമ്പ്” താരിണി അങ്കിൾ പറഞ്ഞു. നാപ്ലയ്ക്കറിയില്ല, അതുകൊണ്ട് ഞങ്ങൾക്കറിയില്ലെന്ന് പ്രത്യേകം പറയേണ്ടിവന്നില്ല.
“ദ്വന്ദയുദ്ധത്തിലെ ഒരു പങ്കാളി പേരുകേട്ട, പ്രസിദ്ധനായ ഒരാളാണ് – ഗവർണർ ജനറൽ വാറൻ ഹോസ്റ്റിംഗ്സ്. അയാളുടെ ശത്രുവാകട്ടെ വൈസ്രോയ് കൗൺസിലിലെ അംഗമായ ഫിലിപ്പ് ഫ്രാൻസിസ്. ഹോസ്റ്റിംഗ്സ് പരുഷമായ ഭാഷയിൽ ഫ്രാൻസിസിന് ഒരു കത്തെഴുതി. അതാണ് ദ്വന്ദയുദ്ധത്തിന് കാരണമായത്. ആലിപൂരിലെ നാഷണൽ ലൈബ്രറി നിങ്ങൾക്കൊക്കെ അറിയാവുന്നതല്ലെ- അതിന്റെ നടുമുറ്റത്തുവച്ചാണ് ‘യുദ്ധം’ നടന്നത്. ഫ്രാൻസിസ് യുദ്ധത്തിൽ പങ്കാളിയായതുകൊണ്ട് അയാളുടെ മറ്റൊരു സുഹൃത്ത് ‘റഫറി’യായി. പിസ്റ്റൽ സമ്പാദിച്ചുകൊടുത്തതും ആ സുഹൃത്തു തന്നെ. പിസ്റ്റൽ വലിച്ചത് അയാളുടെ ആജ്ഞ കേട്ടശേഷം. ഒരേസമയത്താണ് തോക്കിലെ വെടിയുണ്ട പൊട്ടിയത്. പക്ഷെ ഫിലിപ്പ് ഫ്രാൻസിസിനാണ് വെടിയുണ്ട കൊണ്ടത്. അയാൾ വെടിയേറ്റ് താഴെ വീണെങ്കിലും മുറിവ് സാരമല്ലാത്തതുകാരണം രക്ഷപ്പെട്ടു.”
“അത് ചരിത്രം.” നാപ്ല പറഞ്ഞു. “ഞങ്ങൾക്ക് ചരിത്രത്തിൽ താല്പര്യമില്ല. ഞങ്ങൾക്കൊരു കഥ പറഞ്ഞുതരൂ. ഇരുപതാം നൂറ്റാണ്ടിൽ ജീവിക്കുന്നകാരണം താങ്കൾക്ക് ഇതിലൊന്നും പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.”
“ഇല്ല, പക്ഷെ ഒരെണ്ണത്തിന് ഞാൻ ദൃക്സാക്ഷി ആയിട്ടുണ്ട്.”
‘ഉവ്വോ?’
ഒരു സിപ്പ് ചായകൂടി അകത്താക്കി വിലകൂടിയ ബീഡി കത്തിച്ച് താരിണി അങ്കിൾ കഥ തുടർന്നു-
“അന്ന് ലഖ്നൗവിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. ഒരു കൃത്യമായ ജോലി ഉണ്ടായിരുന്നില്ലെങ്കിലും അതിന്റെ ആവശ്യമില്ലതെ തന്നെ കഴിയാനുള്ള വരുമാനമാർഗ്ഗം എനിക്കുണ്ടായിരുന്നു. ആ സമയത്താണ് ‘റെയ്ഞ്ചർ ലോട്ടറി’ യിൽ ഒന്നരലക്ഷം ഭാഗ്യക്കുറിയടിച്ചത്. അതിന്റെ പലിശ മാത്രം മതിയായിരുന്നു എനിക്ക് സുഖമായി കഴിയാൻ. 1951-ലെ കാര്യമാണ് – എല്ലാ സാധനങ്ങൾക്കും വില കുറവായിരുന്ന കാലം. അഞ്ഞൂറുപയുണ്ടെങ്കിൽ സുഖമായി കഴിയാൻ പറ്റിയിരുന്ന കാലം. ‘ലാ-ടച്ച്’ റോഡിലെ ചെറിയ ബംഗ്ലാവിലായിരുന്നു താമസം. ‘പയനിയർ’ മാസികയ്ക്കുവേണ്ടി എന്തെങ്കിലും എഴുതും. പിന്നെ ‘ഹസ്രത് ഗഞ്ചിലെ’ സ്ഥിരം സന്ദർശകനായിരുന്നു ഞാൻ. അവിടെയാണ് പ്രസിദ്ധമായ ലേലങ്ങൾ നടന്നിരുന്നത്. നവാബുമാരടെയും രാജാക്കന്മരുടെയും പുരാതനമായ വസ്തുക്കൾ അവിടെ ലേലം ചെയ്യപ്പെട്ടിരുന്നു. അവിടെനിന്ന് കുറഞ്ഞ വിലയ്ക്ക് വിറ്റ് പണമുണ്ടാക്കാൻ എളുപ്പമായിരുന്നു. ഞാൻ അതിന്റെ ഡീലറായിരുന്നു. എന്റെ ഇരുപ്പുമുറി ചെറുതായിരുന്നുവെങ്കിലും അത് നിറയേ ഇത്തരം പുരാവസ്തുക്കൾകൊണ്ട് നിറഞ്ഞിരുന്നു.
“ഒരു ഞായറാഴ്ച്ച രാവിലെ ലേലം നടക്കുന്ന ഹാളിൽ ചെന്നപ്പോൾ അവിടെ മഹാഗണികൊണ്ടുണ്ടാക്കിയ ഒരു പെട്ടി കണ്ടു. ഒന്നര അടിയോളം നീളം, എട്ട് ഇഞ്ച് വീതി, മൂന്നിഞ്ച് ഉയരം വരുന്ന ഒരു പെട്ടി. അതിനകത്ത് എന്താണെന്ന് അറിയാൻ കഴിഞ്ഞില്ല. മറ്റു പലതും അവിടെ ഉണ്ടായിരുന്നെങ്കിലും എനിക്കാ മഹാഗണിപ്പെട്ടിയിൽനിന്ന് കണ്ണെടുക്കാനായില്ല. ബാക്കി കുറേ സാധനങ്ങളെല്ലാം ലേലം ചെയ്തുകഴിഞ്ഞു. മഹാഗണിപ്പെട്ടിയുടെ അവസരം വന്നു. ഞാൻ കാതുകൂർപ്പിച്ച് ഇരുന്നു. ലേലം ചെയ്യുന്നയാൾ പതിവുസംഗതികളെല്ലാം പറഞ്ഞു കാര്യത്തിലേക്ക് കടന്നു-
“ഇനി ഞാൻ നിങ്ങൾക്കുമുമ്പിൽ വളരെ ആകർഷകമായതും എന്തുകൊണ്ടും അതുല്യമായതുമായ ഒരു സാധനം പ്രദർശിപ്പിക്കാം. ഇതാ, ലേഡീസ് അന്റ് ജെന്റില്മെൻ – നൂറുകൊല്ലത്തിലധികം പഴക്കമുണ്ട് ഇതിന്. ജോസഫ് മാന്റൻ കമ്പനി നിർമ്മിച്ച ‘ദ്വന്ത്വ’ ത്തിന് ഉപയോഗിക്കുന്ന ഒരു ജോഡി പിസ്റ്റൽ ഇതിനകത്തുണ്ട്. താരതമ്യങ്ങളില്ലാത്ത ഒരു പുരാവസ്തു.”
“എനിക്ക് അതിനോട് വലിയ കൗതുകം തോന്നി. അത് കൈക്കലാക്കതെ എനിക്ക് സമാധാനകുണ്ടാകില്ല. എന്റെ മുന്നിൽ രണ്ടു യോദ്ധാക്കൾ നേരോടുനേർ നോക്കിനിൽക്കുന്നതും വെടിയുണ്ടകൾ തോക്കിൽനിന്നും പായുന്നതുമൊക്കെ ഞാൻ ഭാവനയിൽ കണ്ടു. മനസ്സ് ഭാവന പണിതുയർത്തുന്നതിനിടെ ഒരു ഗുജറാത്തി എഴുനൂറ്റി അമ്പതുരൂപ എന്ന് ഉറക്കെ പറയുന്നതു കേട്ടു. ഞാനത് ആയിരം രൂപയാക്കി. പിസ്റ്റൽ എനിക്ക് സ്വന്തമാവുകയും ചെയ്തു.”
വീട്ടിലെത്തിയ ഉടനെ പെട്ടി തുറന്നുനോക്കിയ ഞാൻ അത്ഭുതപ്പെട്ടു. പ്രതീക്ഷിച്ചതിലും ആകർഷകത്വം തോന്നുന്ന രണ്ടു തോക്കുകൾ. ഒരു ഗൺസ്മിത്തിന്റെ കരവിരുത് മുഴുവൻ പ്രകടമാക്കിയ ഒരു ജോഡി പിസ്റ്റലുകൾ! അതിൽ ‘ജോസഫ് മാന്റൻ’ കമ്പനിയുടെ പേരു കൊത്തിവച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലുണ്ടാായിരുന്ന പേരുകേട്ട ഗൺസ്മിത്ത് കമ്പനിയാണ് ‘ജോസഫ് മാന്റൻ’ കമ്പനി.
മൂന്നുമാസമായി ഞാൻ ലഖ്നൗവിൽ വന്നിട്ട്. ഞാൻ താമസിക്കുന്നതിനടുത്ത് കുറേ ബംഗാളികൾ ഉള്ളതായി അറിയാമെങ്കിലും ആരുമായും ഞാൻ അടുപ്പം പുലർത്താറില്ല. വൈകുന്നേരങ്ങളിൽ വീടിനകത്ത് വാതിലടച്ചിരുന്ന് എന്തെങ്കിലും എഴുതിയും ഗ്രാമഫോൺ പാട്ടുകൾ കേട്ടും ഞാൻ സമയം കഴിച്ചു. അങ്ങനെ ഒരു ദിവസം ഹോസ്റ്റിംഗ്സ്-ഫ്രാൻസിസ്
സംഘട്ടനത്തെക്കുറിച്ച് എഴുതാനിരുന്നപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്. ഒരു ഇടപാടുകാരനാണോ? എനിക്ക് ഇതിനകം തന്നെ പുരാവസ്തു വില്പനക്കാരുടെയിടയിൽ നല്ല പേരു ലഭിച്ചിരുന്നു.
ഞാൻ വാതിൽ തുറന്നു. നാല്പതിനോടടുത്ത് പ്രായമുള്ള ഒരു സാഹിബ്; കണ്ടാൽ കുറേക്കാലമായി ഇന്ത്യയിൽ തന്നെ താമസിക്കുന്ന ആളെന്നു തോന്നു. ആൾ ഒരു ആംഗ്ലോ ഇന്ത്യനുമാവാം..
“ഗുഡ് ഈവനിങ്ങ്”
ഞാൻ തിരുച്ചും അഭിവാദ്യം ചെയ്തു.
“ഒരു മിനിട്ട് എനിക്ക് സംസാരിക്കാമോ?” അയാൾ ചോദിച്ചു.
“വരു, അകത്തുവരൂ” ഞാൻ പറഞ്ഞു.
അയാളുടെ ഉച്ചാരണം തികച്ചും വിദേശിയമാണ്.
നീലക്കണ്ണുകളും തവിട്ടുമുടിയും തടിച്ച മീശയുമൊക്കെയായി കണ്ടാൽ നല്ലൊരു മാന്യൻ. വെളിച്ചത്തിൽ വിശദമായി കണ്ടപ്പോൾ അയാളുടെ ‘തറവാടിത്തം’ എനിക്ക് ബോദ്ധ്യപ്പെട്ടു. മദ്യം ഒന്നും തന്നെ തരാനില്ലെന്ന് ഞാൻ ക്ഷമ ചോദിച്ചു. കാപ്പിയോ ചായയോ എടുത്താലോ? സാഹിബ് ആഹാരം കഴിച്ചുവന്നതേയുള്ളുവെന്നും ഇനിയിപ്പോൾ ഒന്നും വേണ്ടെന്നും പറഞ്ഞു.പിന്നെ നേരെ വിഷയത്തിലേക്ക് കടക്കുകയും ചെയ്തു.
“ഇന്നു രാവിലെ ഞാൻ താങ്കളെ ‘ഹസ്രത്ഗഞ്ചിൽ’ കണ്ടിരുന്നു.”
“താങ്കളും അവിടെ ഉണ്ടായിരുന്നുവോ?” ഞാൻ ചോദിച്ചു.
“താങ്കൾ മറ്റെന്തിലോ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.”
“അതെ, സത്യം അതാണ്. ഞാൻ ഒരു കാര്യത്തിൽ മാത്രം ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.”
“എന്നിട്ട് അത് നേടിയെടുക്കാനും കഴിഞ്ഞുവല്ലോ, അല്ലെ?- ജോസഫ് മാന്റൻ തയ്യാറാക്കിയ പിസ്റ്റൽ ജോഡി? താങ്കൾ ഒരു ഭാഗ്യവാനാണ്.”
“അതുമായി ബന്ധപ്പെട്ട ആരെയെങ്കിലും അങ്ങ് അറിയുമോ?”
“അറിയും. പക്ഷെ ആൾ മരിച്ചിട്ട് വർഷങ്ങളായി. ഈ പിസ്റ്റലുകൾ ഇത്രകാലം എവിടെയായിരുന്നുവെന്ന് അന്വേഷിക്കുകയായിരുന്നു. വിരോധമില്ലെങ്കിൽ എനിക്ക് അതൊന്ന് കാണിക്കാമോ?- അതിന്റെ പിന്നിൽ രസകരമായ കഥയുണ്ട്.”
“ഞാൻ മഹാഗണിപ്പെട്ടി കൊണ്ടുവന്ന് അദ്ധേഹത്തിന്റെ മുമ്പിൽ വെച്ചു. അതിന്റെ മൂടി തുറന്ന് പിസ്റ്റൽ കയ്യിലെടുത്ത് വെളിച്ചത്ത് കൊണ്ടുവന്ന് അയാൾ പരിശോദിച്ചു. അയാളുടെ പിരികങ്ങൾ മുമ്പോട്ട് പോകുന്നതും ഏതോ വിദൂരകാലത്തിന്റെ ഓർമ്മയിലേക്ക് അയാൾ താണുപോകുന്നതും ഞാനറിഞ്ഞു.”
“താങ്കൾക്കറിയാമോ, ഈ പിസ്റ്റലുകൾ ഇതേ നഗരത്തിൽ ഒരു ദ്വന്ദയുദ്ധത്തിന് ഉപയോഗിച്ചവയാണ്.”
“ഇവിടെ, ലഖ്നൗവിലോ?”
“അതെ. നൂറു വർഷമെങ്കിലും ആയിക്കാണും. കുറേക്കൂടി തെളിച്ചു പറഞ്ഞാൽ നൂറുവർഷവും മൂന്നു ദിവസവും ആയിക്കാണും
– ഒക്ടോബർ 16 ന്.”
“എത്ര വിചിത്രമായിരിക്കുന്നു! പക്ഷെ ആരാണ് യുദ്ധം ചെയ്തത്?”
സാഹിബ് പിസ്റ്റൽ തിരിച്ചുതന്ന് സോഫയിലിരുന്നു. അയാൾ പറഞ്ഞ കഥ കേട്ടപ്പോൾ അത് മുഴുവൻ നേരിൽ കണ്ട അനുഭവം എനിക്കുണ്ടായി. ആ കാലത്ത് സുന്ദരിയായ ഒരു സ്ത്രീ ലഖ്നൗവിൽ ജീവിച്ചിരുന്നു. അവരുടെ പേരാണ് ‘അന്നബല്ല’ – ഡോ. ജറിമിയി ഹഡ്സന്റെ മകൾ. അവർ സുന്ദരിയാണെന്നു മാത്രമല്ല, അവൾക്ക് കുതിരസവാരി അറിയാം, തോക്ക് ഉപയോഗിക്കാനറിയാം. ഏത് മനുഷ്യനേയും തന്റെ നിലക്ക് നിർത്താനും അവർക്കറിയാം. കൂടാതെ നല്ലൊരു ഗായികയും നർത്തകിയും ആയിരുന്നു അവർ. ആ കാലത്ത് ചെറുപ്പക്കാരനായ ഒരു ചിത്രകാരൻ, ജോൺ ഇല്ലിംഗ് വർത്ത് ലഖ്നൗവിൽ നവാബിന്റെ ക്ഷണം സ്വീകരിച്ച് വന്നിരുന്നു. ‘അന്നബല്ല’യെ കുറിച്ച് കേട്ട ഇല്ലിംഗ് വർത്ത് അവരുടെ ചിത്രം വരയ്ക്കുന്നതിനായി ഡോ. ഹഡ്സനുമായി ബന്ധപ്പെട്ടു. ഡോ. ഹഡ്സന്റെ സമ്മതത്തോടെ ചിത്രം വരച്ച് അവസാനിപ്പിക്കുന്നതിനു മുമ്പു തന്നെ അവളുമായി പ്രണയത്തിലുമായി.
“കുറച്ചുകാലത്തിനുശേഷം ഒരു ആർമി പാർട്ടിയിൽവെച്ച് അന്നബല്ല ചാൾസ് ബ്രൂസുമായി പരിചയപ്പെട്ടു. ബംഗാൾ റെജിമെന്റിലെ ബ്രൂസ് അന്നബല്ലയെ കണ്ടതും ആദ്യകാഴ്ച്ചയിൽതന്നെ അയാളും അവളുമായി പ്രേമത്തിലായി.
“പാർട്ടി കഴിഞ്ഞ് പിറ്റേ ദിവസം ബ്രൂസ് അന്നബല്ലയെ കാണാനെത്തിയപ്പോൾ അവൾ വരാന്തയിൽ ഇല്ലിംഗ് വർത്തിനു മുമ്പിൽ ചിത്രത്തിനുവേണ്ടി തയ്യാറായി ഇരിക്കുന്നതാണ് കണ്ടത്. ബ്രൂസിന് അധികം താമസിയാതെ തനിക്കെതിരെ ഒരു ശത്രു ചിത്രകാരനിൽ ഒളിഞ്ഞിരുപ്പുണ്ടെന്ന സത്യം മനസ്സിലായി.
“മാത്രമല്ല ബ്രൂസിന് ചിത്രകാരന്മാരെയൊക്കെ വെറുപ്പായിരുന്നു.അന്നബല്ലയുടെ മുമ്പിൽ വെച്ചുതന്നെ ഒരു ദിവസം അയാൾ ഇല്ലിംഗ് വർത്തിനെ കളിയാക്കി സംസാരിച്ചു. കലാകാരനായ ഇല്ലിംഗ് വർത്ത് വളരെ ലോലഹൃദയനായിരുന്നുവെങ്കിലും ഒരു സ്ത്രീയുടെ മുമ്പിൽ അതും തന്റെ പ്രേമഭാജനത്തിനുമുമ്പിൽ കളിയാക്കി സംസാരിച്ചത് അയാൾക്ക് പൊറുക്കാനായില്ല. അങ്ങിനെ ബ്രൂസിനെ ഇല്ലിംഗ് വർത്ത് ദ്വന്ദയുദ്ധത്തിനായി വെല്ലുവിളിച്ചു. ബ്രൂസ് തയ്യാറായി, സ്ഥലവും തിയ്യതിയും സമയവുമൊക്കെ നിശ്ചയിചു. ഇനി താങ്കൾക്കറിയാമല്ലോ, ഇതിനൊരു മൂന്നാമൻ വേണമെന്നതും മറ്റും.”
ഞാൻ തലയാട്ടി.
“സാധാരണ യുദ്ധത്തിന് വിളിക്കുന്നവന്റെ സുഹൃത്തായിരിക്കും മൂന്നാമൻ.” – സാഹിബ് തുടർന്നു – “ഇല്ലിംഗ് വർത്തിന് ലഖ്നൗവിൽ അധികം സുഹൃത്തുക്കളൂണ്ടായിരുന്നുല്ല. ആകെയുണ്ടായിരുന്നത് ഒരു സർക്കാർ ജോലിക്കാരൻ, ജോർജ്ജ് ഡയമണ്ടായിരുന്നു. അങ്ങിനെ ജോർജ് ഡയമണ്ട് മൂന്നാമനായി; സംഘട്ടനത്തിനുവേണ്ട പിസ്റ്റലും അയാൾ തയ്യാറാക്കി. ചാൾസ് ബ്രൂസിന്റെ ഭാഗത്തുനിന്നു ഫിലിപ്പ് മോക്സൻ എന്നൊരൾ അയാളുടെ സഹായിയായി.
“ദ്വന്ദ്വയുദ്ധത്തിന്റെ ദിനം അടുത്തുവന്നു. എല്ലവർക്കും അതിന്റെ പരിണിതഫലം നേരത്തേ തന്നെ ഊഹിക്കാമായിരുന്നു. ചാൾസ് ബ്രൂസ് നല്ലൊരു ഷൂട്ടറാണ്, മിലിട്ടറിയിൽ. എന്നാൽ ഇല്ലിംഗ് വർത്തിന് ചിത്രരചനപോലെ വഴങ്ങുന്നതല്ല ഷൂട്ടിംഗ്.”
സാഹിബ് ഒന്നു നിർത്തി. ഞാൻ ആകാംക്ഷയോടെ ചോദിച്ചു – ” എന്നിട്ട് – എന്നിട്ടെന്തുണ്ടായി?”
” അത് താങ്കൾക്ക് തന്നെ അറിയാവുന്നതാണല്ലോ!”
“എങ്ങിനെ?” ഞാൻ ചോദിച്ചു.
“എല്ലാവർഷവും ഒക്ടോബർ 16-നു ഈ ദ്വന്ദ്വയുദ്ധം വീണ്ടും അരങ്ങേറുന്നുണ്ട്.”
“എവിടേ?”
“അതേ സ്ഥലത്തുതന്നെ; അത് എവിടെയാണോ അരങ്ങേറിയത് അതേ സ്ഥലത്ത്.”
“താങ്കൾ ‘അരങ്ങേറുക’ യെന്ന് ഉദ്ദേശിച്ചത് എന്താണ്?”
“അതുതന്നെ. താങ്കൾക്ക് നേരിൽ കാണണമെന്നുണ്ടെങ്കിൽ നാളെ കഴിഞ്ഞ് മറ്റന്നാൾ രാവിലെ ആറുമണിക്ക് വന്നാൽ നേരിൽ മുഴുവൻ സംഭവവും കാണാം.”
“പക്ഷെ അത് നടക്കാത്ത് സംഭവമല്ലേ, താങ്കൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?”
“ഞാൻ പറയുന്നതൊന്നും വിശ്വസിക്കണമെന്നില്ല; നേരിൽ പോയി കാണുക!”
“എനിക്ക് പോകണമെന്നുണ്ട്; കാണണമെന്നുണ്ട്; പക്ഷെ അവിടെ എത്താനുള്ള വഴി എനിക്കറിയില്ല. ഞാനിതുവരെ അവിടെ പോയിട്ടില്ല.”
“ദിൽഖുഷ്” എവിടെയെന്നറിയാമോ?”
“ഉവ്വ്”
“ഞാൻ അവിടെ ‘ദിൽഖുഷി’നു മുന്നിലെ ഗേറ്റിൽ നിൽപ്പുണ്ടാകും. ഒക്ടോബർ 16-നു രാവിലെ അഞ്ചേമുക്കാൽ മണി ആവുമ്പോഴേക്കും.”
“വളരെ നല്ലത്.”
സാഹിബ് അതു പറഞ്ഞതും ‘ഗുഡ്നൈറ്റ്’ പറഞ്ഞ് സ്ഥലം വിട്ടു. അതു കഴിഞ്ഞാണ് ഞാനോർത്തത്; ഇതുവരെ പേരു ചോദിച്ചില്ലെന്ന്. എന്റെ പേരും അദ്ദേഹം ചോദിക്കുകയുണ്ടായില്ല. എന്തായാലും പേര് അറിയുന്നതിൽ കാര്യമൊന്നുമില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങൾക്കാണ് പ്രാധാന്യം. ലഖ്നൗ നഗരം ഇത്തരമൊരു പ്രേമകഥക്കും അതിനെ തുടർന്നുവന്ന് ഇസ്റ്റൽ യുദ്ധത്തിനും സാക്ഷിയാണെന്ന് വിശ്വസിക്കാൻ പ്രയാസം. പക്ഷെ ആരാണ് അവസാനം അന്നബല്ലയെ സ്വീകരിച്ചത്? ആർക്കാണ് അവരുടെ പ്രേമം ആർജ്ജിക്കാൻ അവസാനം കിട്ടിയത്.?
പതിനാറാം തിയ്യതി അഞ്ചുമണിക്ക് അലാറം എന്നെ വിളിച്ചുണർത്തി. ഒരു കപ്പ് ചായകുടിച്ച് കഴുത്തിൽ ഒരു മഫ്ലറും ചുറ്റി ഞാൻ ഒരു റിക്ഷയിൽ ‘ദിൽഖുഷി’ലേക്ക് യാത്രയായി. ഒരു കാലത്ത് ‘ദിൽഖുഷ്’ നവാബ് സാദത്ത് അലിയുടെ വേനൽകാല വസതി ആയിരുന്നു. അതിനുചുറ്റും വലിയൊരു ഉദ്യാനവും കുറേ മാനുകളും ഉണ്ടായിരുന്നു. ചില സമയങ്ങളിൽ അടുത്തുള്ള കാട്ടിൽ നിന്ന് പുലി അവിടെയിറങ്ങുമായിരുന്നു. ഇപ്പോൾ വീട് നിന്നിരുന്ന സ്ഥലത്ത് ഒരു എടുപ്പ് മാത്രം കാണാം. ചുറ്റിനും തോട്ടവുമുണ്ട്,
ആറിനു ഇരുപതുമിനിട്ടുള്ളപ്പോൾ ഞാൻ അവിടെ എത്തി. എനിക്ക് പറ്റാവുന്ന ഉറുദുവിൽ ഞാൻ റിക്ഷാക്കരനോട് കാത്തുനിൽക്കുവാൻ പറഞ്ഞു – അരമണിക്കൂറിൽ തിരിച്ചുപോകാമെന്നും.
കുറച്ചു നടക്കുമ്പോഴേക്കും എന്നെ കാത്തുനിൽക്കുന്ന് സാഹിബിനെ കാണാൻ കഴിഞ്ഞു. അഞ്ചുമിനിട്ടുമുമ്പ് എത്തിയതേ ഉള്ളൂവെന്ന് സാഹിബ് പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് മുന്നോട്ട് നടന്നു. മുന്നിൽ നീണ്ടുകിടക്കുന്ന മൈതാനം പോലെ തുറന്ന സ്ഥലം ഞങ്ങൾ കണ്ടു. കാലത്തെ കോടമഞ്ഞിന്റെ മൂടൽ അതിന്റെ കാഴ്ച്ചയ്ക്ക് മങ്ങൽ ഏൽപ്പിച്ചു. കുറേക്കൂടി ദൂരം നടന്നപ്പോൾ അവശിഷ്ടങ്ങൾ കാണാറായി.
ഞങ്ങൾ ആ കെട്ടിടത്തിൻ മുന്നിലായി കിഴക്കോട്ട് തിരിഞ്ഞ് നിന്നു. മഞ്ഞുണ്ടെങ്കിലും മുന്നിലുള്ള സ്ഥലം ഒരുവിധം വ്യക്തമായിതന്നെ എനിക്കു കാണാൻ കഴിയുമായിരുന്നു. ഞങ്ങൾക്കു മുമ്പിലുള്ള വലിയ പുളിമരം, വലതുവശത്തായി ഒരു പൊന്തക്കാട്, അതിൽനിന്നൊക്കെ മാറി പടിഞ്ഞാറൻ ചക്രവാളത്തിന്റെ പ്രതിഫലനം എല്ലാം എനിക്കു കാണാം. പരിസരം വളരെ ശാന്തമാണ്.
“താങ്കൾക്കു കേൾക്കാൻ കഴിയുന്നുണ്ടോ?” – എന്റെ സുഹൃത്ത് കാതിൽ ചോദിച്ചു.
കേൾക്കാം, എനിക്ക് വ്യക്തമായി കേൾക്കാൻ കഴിയുന്നുണ്ട്. കുതിരക്കുളമ്പടികൾ… എന്റെ മജ്ജയിലൂടെ ഒരുതരം തണുപ്പു കയറിയോടി. അതേസമയം ഇനിയെന്താണ് കാണാൻ പോകുന്നതെന്ന വെമ്പലോടെ ഞാൻ കാതുകൂർപ്പിച്ചു നിന്നു. രണ്ടു കുതിരസവാരിക്കാർ സവാരി ചെയ്ത് ദൂരെനിന്ന് വരുന്നതുകണ്ടു. അവർ നേരെ പുളിമരച്ചോട്ടിലേക്ക് വന്ന് അവിടെ കുതിരകളെ നിർത്തി, താഴെയിറങ്ങി.
“അപ്പോൾ അവരാണ് ദ്വന്ദ്വയുദ്ധക്കാർ?” ഞാൻ മന്റ്രിച്ചു.
“അതിലൊരാൾ മാത്രം” – എന്റെ കൂട്ടുകാരൻ പറഞ്ഞു.
“അതിൽ ഉയരം കൂടിയ ആൾ ജോൺ ഇല്ലിംഗ് വർത്ത്; വെല്ലുവിളിച്ചയാൾ. മറ്റേത് ജോർജ് ഡയമണ്ട്, അയാളുടെ സുഹൃത്ത്. നോക്കൂ, ജോർജ്ജ് ഡയമണ്ട് കയ്യിൽ ഒരു മഹാഗണിപ്പെട്ടി കരുതിയിട്ടുണ്ട്.”
തീർച്ചയായും, എനിക്ക് ആ പെട്ടി കൃത്യമായി കാണാൻ കഴിയുന്നുണ്ട്. അവരുടെ മുഖം മഞ്ഞിനിടയിലൂടെ വ്യക്തമല്ലെങ്കിലും ആ പെട്ടി എനിക്ക് വ്യക്തമായി കാണാം. ഒരു വല്ലാത്ത വിചാരം എന്റെ മനസ്സിലൂടെ കടന്നുപോയി. അവരുടെ കയ്യിൽ ഞാൻ കാണുന്ന അതേ പെട്ടിയാണ് ഇതേ സമയം എന്റെ വീട്ടിൽ ട്രങ്കുപെട്ടിയിൽ പൂട്ടി സൂക്ഷിച്ചിട്ടുള്ളത്.
അപ്പോഴേക്കും രണ്ടു കുതിരസവാരിക്കാർ കൂടിയെത്തി. മരച്ചുവട്ടിൽവന്ന് കെട്ടുകളഴിച്ചു. “ആ സ്വർണ്ണത്തലമുടിക്കാരനാണ് ബ്രൂസ്!” – എന്റെ സുഹൃത്ത് പറഞ്ഞു.
ജോർജ് ഡയമണ്ട് തന്റെ വാച്ചിൽ നോക്കി അന്യോന്യം എന്തോ സംസാരിച്ചു. എന്നിട്ട് രണ്ടുപേരോടും ആംഗ്യം കാണിച്ചു. അവർ തോക്കുകൾ കയ്യിലെടുത്ത് നേരെ നോക്കിനിൽപ്പായി. പിന്നെ തിരിഞ്ഞ് രണ്ടുപേരും പതിനാലടി എതിർദിശയിൽ നടന്നു. അവിടെ നിന്ന് വീണ്ടും തിരിഞ്ഞ് നേർക്കുനേർ നോക്കിനിൽപ്പായി.
രണ്ടു യോദ്ധാക്കളും പിസ്റ്റൽ കയ്യിലെടുത്ത് ഉന്നം നോക്കിനിന്നു. ജോർജ്ജിന്റെ ‘ഫയർ!’ എന്ന ആഹ്വാനം കേട്ടുകഴിഞ്ഞ ഉടനെ രണ്ടുപേരും വെടികൊണ്ട് നിലത്തുവീണു. ഞാൻ സ്തംഭിച്ചുപോയി.! എന്നെ അത്ഭുതപ്പെടുത്തി ഒരു സംഭവം കൂടി ഉണ്ടായി. ആ പൊന്തയ്ക്കുള്ളിൽ നിനും ഒരു സ്ത്രീ തലയിൽ സ്കാർഫും പൊതിഞ്ഞ് മഞ്ഞിനിടയിലേക്ക് ഊളിയിട്ടുപോയി.
“ഓ.കെ. ഇപ്പോൾ കണ്ടല്ലോ” – എന്റെ സുഹൃത്ത് പറഞ്ഞു.- “ആ ദ്വന്ദ്വയുദ്ധത്തിൽ രണ്ടുപേരും മരിച്ചു വീണു – ഇല്ലിംഗ് വർത്തും ബ്രൂസും.”
“പക്ഷെ, ആ ഓടിവന്ന സ്ത്രീ ആരാണ്?” – ഞാൻ ചോദിച്ചു.
“അവരാണ് അന്നബല്ല”
“അന്നബല്ല?”
‘അന്നബല്ലയ്ക്ക് നേരത്തേ അറിയാമായിരുന്നു, ഇല്ലിംഗ് വർത്തിന്റെ ഉന്നം ബില്ലിനു നേരെ കൊള്ളുകയില്ലെന്ന്, അതുകൊണ്ട് അവർ ആ പൊന്തക്കാട്ടിൽ കയ്യിലൊരു പിസ്റ്റലുമായി ഒളിച്ചിരുന്നു. അവർക്ക് ഇല്ലിംഗ് വർത്ത് മരിച്ചിട്ട് ബ്രൂസിനെ വേൾക്കാൻ താല്പര്യമുണ്ടായിരുന്നുല്ല. അങ്ങിനെയെങ്കിൽ രണ്ടുപേരും വേണ്ട. അവർ ഒളിച്ചിരുന്ന് ബ്രൂസിനു നേരെ നിറയൊഴിച്ചു. ഇല്ലിംഗ് വർത്തിന്റെ ഉന്നമാകട്ടെ വളരെ മാറിപ്പോയിരുന്നു.”
“പക്ഷെ എന്തിനായിരുന്നു അന്നബല്ല അങ്ങിനെ പെരുമാറിയത്?”
“അവർക്ക് യഥാർത്ഥത്തിൽ രണ്ടുപേരെയും ഇഷ്ടമായിരുന്നുല്ല. അഥവാ ആണെങ്കിൽ തന്നെ ഇല്ലിംഗ് വർത്തിനെ കൊന്ന് ബ്രൂസിനെ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നുല്ല. അവർ മറ്റൊരേയോ വിവാഹം കഴിച്ച് സുഖമായി ജീവിച്ചു.”
നൂറുവർഷം പിന്നിട്ട ഒരു പ്രേമകഥയും അതിന്റെ പരിണാമങ്ങളും എന്റെ മുന്നിൽ തിരശ്ശീലയെന്നപോലെ നിവർന്നു വന്നു മറഞ്ഞു. മഞ്ഞ് കൂടിക്കൂടി വരുന്നുണ്ടായിരുന്നു. ഞാൻ അന്നബല്ലയെ കുറിച്ചായിരുന്നു ഓർത്തത്, വല്ലാത്ത് പ്രത്യേകതയുള്ള സ്ത്രീ! അപ്പോൾ മുന്നിൽ ഒരു സ്ത്രീയുടെ വിളി കേട്ടു-
“ജോർജ്? ജോർജീ..” –
“അവരാണ് അന്നബല്ല!” എന്റെ സുഹൃത്ത് പറഞ്ഞു.
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ എന്റെ സുഹൃത്തിനും നൂറു വർഷം മുമ്പത്തെ വേഷധാരണമാണ്! അയാൾ എന്റെ ചെവിയിൽ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടിത്തരിച്ചുപോയി –
” എനിക്കിതുവരെ പരിചയപ്പെടുത്താൻ കഴിഞ്ഞില്ല. ഞാനാണ് ‘ജോർജ് ഡയമണ്ട്’. എന്നെയാണ്, ഇല്ലിംഗ് വർത്തിന്റെ സുഹൃത്തായ എന്നെയാണ് യഥാർത്ഥത്തിൽ അന്നബല്ല പ്രേമിച്ചിരുന്നത്…. ഗുഡ് ബൈ…..”
* * *
തിരിച്ചെത്തിയ ഉടനെ ഞാൻ ആ മഹാഗണിപ്പെട്ടി തുറന്നു. അതിനകത്തുനിന്ന് പതുക്കെ ആ പിസ്റ്റലുകൾ പുറത്തെടുത്തു. അതിന്റെ പിടികൾക്ക് നല്ല ചൂടുണ്ടായിരുന്നു. ഗൺ പൗഡറിന്റെ മണം എന്റെ നാസികകളെ പൊതിഞ്ഞു…..