കണക്കിൽപ്പെടാത്ത പണം..

rupee-6

ദീപാവലി ആശംസകൾ കൊണ്ട് വീർപ്പുമുട്ടിക്കിടന്നിരുന്ന മൊബൈലിന്റെ തലച്ചോറ് അടിച്ചുവാരി വൃത്തിയാക്കി ഒന്ന് സമാധാനിച്ചിരിക്കുമ്പോളതാ എട്ടാം തിയ്യതി രാത്രി കിട്ടുന്നു അടുത്ത എട്ടിന്റെ പണി.

Demonetization policy !!!

പ്രധാന മന്ത്രിയുടെ പ്രസംഗം അവസാനിയ്ക്കുന്നതിനു മുൻപേ തന്നെതുടങ്ങി സന്ദേശങ്ങളുടെ ഘോഷയാത്ര… ഹിന്ദിയിലും, ഇംഗ്ലീഷിലും, മലയാളത്തിലും.

പ്രസവ വേദനകൊണ്ട് പുളയുന്ന അമേരിക്കാമ്മ പിറ്റേന്ന് കാലത്ത് പ്രസവിയ്ക്കാൻ പോകുന്നത് ആണോ പെണ്ണോ എന്നറിയാനുള്ള വ്യഗ്രതയിലാണ്ടിരുന്ന പല ടെലിവിഷൻ ചാനലുകാരും ഈ വാർത്തയും പ്രതികരണങ്ങളും സംപ്രേഷണം ചെയ്യാനല്പം താമസിച്ചതിനാൽ നല്ലവരായ ദേശസ്നേഹികൾ ആ ദൗത്യം സ്വയം ഉടൻ ഏറ്റെടുക്കുകയായിരുന്നു.

എന്റെ പ്രിയമുള്ള സഹോദരീ സഹോദരന്മാരേ… എന്ന അഭിസംബോധനയോടെ തുടങ്ങുന്ന പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം മുതൽ പൂർണ രൂപം വരെ; പിന്നെ ഈ നടപടിയിലൂടെ ഭാരത വാസികൾക്കു ലഭിയ്ക്കാൻ പോകുന്ന നേട്ടങ്ങളുടെ വർണ്ണനകൾ, ഇനി തീവ്രവാദം എപ്രകാരം നിയന്ത്രണത്തിൽ വരും എന്ന വാദങ്ങൾ, ആരും പരിഭ്രമിയ്ക്കരുത്, ഭയാശങ്കകൾ ഉണർത്താൻ കെല്പുള്ള സന്ദേശങ്ങൾ പരത്തരുത്, തത്കാലം ഒന്ന് ബുദ്ധിമുട്ടിലാകുമെങ്കിലും രണ്ട് മൂന്നാഴ്ചകൾക്കുള്ളിൽ, എല്ലാം, കള്ളപ്പണവും, തീവ്രവാദവും, പിന്നെ താത്കാലികമായി കുടുങ്ങിക്കിടക്കുന നമ്മുടെ ചെറിയ സമ്പാദ്യങ്ങളുമെല്ലാം ശരിയാകും, തുടങ്ങിയ ഉപദേശങ്ങൾ.

പിന്നെ റിസർവ് ബാങ്ക് പുറത്തിറക്കാൻ പോകുന്ന പുതിയ നോട്ടുകളുടെ ചിത്രങ്ങളും അവയിൽ ഘടിപ്പിച്ചിട്ടുള്ള ‘മാഹാത്മ്യങ്ങളും’.

കയ്യിലുള്ള എടുക്കാത്ത നോട്ടുകൾ എവിടെയൊക്കെ എങ്ങിനെയൊക്കെ നിക്ഷേപിക്കാമെന്ന് വിവരിക്കുന്ന റിസർവ് ബാങ്ക് പുറത്തിറക്കിയതാണെന്ന് അവകാശപ്പെടുന്ന സർക്കുലറിന്റെ ഫയൽ. നോട്ടുകൾ നിക്ഷേപിയ്ക്കാനുള്ള അപേക്ഷയുടെ കോപ്പികൾ.

ഒരേ ഗ്രൂപ്പിൽ തന്നെ ഇരുപതും ഇരുപത്തഞ്ചും തവണയാണ് ഒരേ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. വ്യക്തികൾ നേരിട്ടയക്കുന്നത് വേറെയും.

പിറ്റേന്ന് ബാങ്ക് അവധിയായതിനാൽ ചാനലുകാർ നമ്മുടെ ശ്രദ്ധ വീണ്ടും അമേരിക്കയിലേയ്ക്ക് തിരിച്ചു വിട്ടു. അങ്ങിനെ വാട്സാപ്പിലും ഫെയ്‌സ്ബൂക്കിലും അനുകൂല-വിമർശന സന്ദേശങ്ങൾക്കൊപ്പം അമേരിക്കയിലെ പോരാട്ട വിഷയങ്ങളും വീണ്ടും ചർച്ചയായി.

അവിടത്തെ കാര്യം ഏതാണ്ട് ഒരു തീരുമാനമായപ്പോൾ ഇവിടം വീണ്ടും സജീവമായി. ഇത്തവണ വിമർശകർക്കു കൂടി അവസരം ലഭിയ്ക്കാൻ തുടങ്ങി. പക്ഷേ പല വിമർശങ്ങങ്ങളെക്കുറിച്ചും അറിഞ്ഞത് അതിനൊരടിക്കുറിപ്പുമായി ദേശസ്നേഹികൾ പ്രചരിപ്പിച്ചതോടെയാണെന്നു മാത്രം.

മൂന്നാംനാൾ ബാങ്കുകൾ തുറന്നു. ഏതൊക്കെ ബാങ്കിന്റെ ഏതേതു ശാഖകളിൽ എത്ര പണം എത്തിയിട്ടുണ്ടെന്ന സന്ദേശങ്ങൾക്കായി പ്രാധാന്യം. ഇതിന്റെ സത്യാവസ്ഥ തിരക്കാതെ അവിടങ്ങളിൽ പോയി ക്യൂ നിന്ന പലർക്കും പക്ഷേ നിരാശയായിരുന്നു ഫലം.

കാലത്ത് ഓഫീസിലേക്കിറങ്ങിയ ഒരാൾ തന്റെ വീട്ടിനടുത്തുള്ള ഒരു ശാഖയിൽ വലിയ തിരക്കില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഉടനെത്തന്നെ ഫോട്ടോയെടുത്ത് അടുത്തുള്ള എല്ലാ സുഹൃത്തുക്കൾക്കും ചില ഗ്രൂപ്പുകൾക്കും അയച്ചു കൊടുത്തു. വീട്ടിൽ പോയി പണവും ആധാർ കാർഡുമായി തിരിച്ചെത്തിയപ്പോഴേയ്ക്കും ആ നല്ല ശമര്യാക്കാരന് കിട്ടിയ ടോക്കൺ നമ്പർ 72 ആയി!!. മുന്നിൽ നിന്ന പല സുഹൃത്തുക്കളും തിരിഞ്ഞു നോക്കി ആംഗ്യഭാഷയിൽ നന്ദി പ്രകാശിപ്പിച്ചത് മാത്രമായിരുന്നത്രേ ഏക ആശ്വാസം.

10tvcgn01_Rush__GG_3076768fപണമിടപാടുകൾ തുടങ്ങിയതിന്റെ ആദ്യനാൾ വലിയ തിരക്ക് പ്രതീക്ഷിച്ച് അറച്ച് നിന്ന പലരും അതിനടുത്ത നാൾ ഭാഗ്യ പരീക്ഷണത്തിന് മുതിർന്നതോടെ ക്യൂവിന്റെ നീളം കൂടാനും പണത്തിന്റെ ലഭ്യത കുറയാനും തുടങ്ങി. വാർത്തകളും ചിത്രങ്ങളും വന്നു നിറഞ്ഞ മൊബൈലിലെ മെമ്മറി സ്‌പെയ്‌സും.!!

ഇന്നു കാലത്തെഴുനേറ്റുനോക്കിയപ്പോൾ മൊബൈൽ ഫോൺ മുന്നറിയിപ്പ് തരുന്നു, Memory almost full.

പ്രഭാത സവാരി മാറ്റി വച്ചു വീണ്ടും വൃത്തിയാക്കൽ പ്രക്രിയയിൽ വ്യാപൃതനായിരിക്കുമ്പോൾ ചില സന്ദേശങ്ങൾ വീണ്ടും വായിച്ചു; ചില വിട്ടു പോയ സന്ദേശങ്ങളും. ചിന്തകൾ വീണ്ടും കള്ള നോട്ടിലേയ്ക്കും കള്ളപ്പണത്തിലേയ്ക്കും മടങ്ങിയെത്തി.

ഞാൻ ഇതുവരെ ഒരു കള്ളനോട്ട് കണ്ടിട്ടില്ല. അഥവാ ഞാൻ കൊടുത്ത ഏതെങ്കിലും ഒരു നോട്ട് കള്ളനോട്ടാണെന്നും പറഞ്ഞു ആരും തിരികെ തന്നിട്ടില്ല എന്നതായിരിയ്ക്കും വാസ്തവം.

അപ്പോൾ ഈ കള്ളനോട്ടുകളുടെ വ്യാപ്തി എന്തായിരിക്കും? ഇന്ത്യയിൽ പ്രചാരത്തിലുള്ള 500/1000 വിഭാഗങ്ങളിൽപ്പെടുന്ന ഒരു ലക്ഷം നോട്ടുകളെടുത്തതാൽ അതിൽ 57 എണ്ണം(57/100000) വ്യാജമാണെന്നത്രെ ഔദ്യോഗിക ഭാഷ്യം. അതായത് അഖിലേന്ത്യാടിസ്ഥാനത്തിൽ 0.057% നോട്ടുകൾ മാത്രമാണ് കള്ളനോട്ടുകളുടെ പട്ടികയിൽ വരുന്നത്. പക്ഷേ കശ്മീർ താഴ്വരയിലും, രാജ്യത്തിനെ അതിർത്തികളിലും ഇവയുടെ ശതമാനം കൂടുതലാണെന്ന് അനുമാനിയ്ക്കപ്പെടുന്നു.

കള്ളനോട്ടടിക്കുന്നവരും, അത് തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ പ്രചരിപ്പിയ്ക്കുന്നവരും, അവർ നമ്മുടെ നാട്ടുകാരായാലും, മറുനാട്ടുകാരായാലും രാജ്യ ദ്രോഹികൾ തന്നെയാണ്. ഇത് തടയാനുള്ള ഏതൊരു മാർഗ്ഗവും, അത് സ്വല്പം ബുദ്ധിമുട്ടുകളുള്ളതായാലും കുഴപ്പമില്ല, സ്വാഗതാർഹവുമാണ്.

ഇനി എന്റെ കയ്യിൽ കള്ളപ്പണം വല്ലതുമുണ്ടോ? ആലോചിച്ചു നോക്കി. ഒരു ചിട്ടി വിളിച്ച് കിട്ടിയ ഒരു ലക്ഷത്തിൽപരം രൂപ കൈയിലുണ്ട്. അതിൽ നിരോധിയ്ക്കപ്പെട്ട നോട്ടുകളാണ് കുടുതലും. ശമ്പളം കിട്ടിയ പണത്തിൽ നിന്നും തവണകളായി അടച്ചതാണ്. അതിനാൽ തിരിച്ചും ധൈര്യമായി സ്വന്തം അക്കൗണ്ടിൽ തന്നെ അടയ്ക്കാം.

അപ്പോൾ ആരാണ് ഈ കള്ളപ്പണക്കാർ? കണക്കിൽ കാണിക്കാത്ത പണമോ, സ്ഥാവര ജംഗമ സ്വത്തുക്കളോ ഉള്ളവർ. അഥവാ കണക്കിൽ കവിഞ്ഞ വരുമാനമുണ്ടെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ കണ്ടെത്തുന്നവർ. മൊത്തം ജനസംഖ്യയുടെ ഒരു ചെറിയ ശതമാനം മാത്രമേ ഈ പട്ടികയിൽ പെടുത്താനുള്ളവരുണ്ടാകൂ.

india-economy-currency_30640c38-a77e-11e6-9005-31625660f15fഅപ്പോൾ പിന്നെ ഈ തീരുമാനം കൊണ്ട് നമ്മുടെ രാജ്യത്തിന് എന്താണ് നേട്ടം? കുറെയേറെ പണം അവരുടെ സ്വന്തം അക്കൗണ്ടുകളിലൂടെയും മറ്റു ചിലരുടെ അക്കൗണ്ടുകളിലൂടെയും മുഖ്യധാരയിലേയ്ക്കു കൊണ്ടുവരാൻ പലരും നിർബ്ബന്ധിതരാകും. അവരിൽ നിന്നും നികുതിയുടെയും, കൂടാതെ പിഴയുടെയും രൂപത്തിൽ വലിയൊരു സംഖ്യ സർക്കാർ ഖജനാവിലേയ്‌ക്കും ഒഴുകും.

അതിനു സാധിയ്ക്കാതെ വരുന്നവർ ഒരു പക്ഷെ കണക്കിൽ പെടാത്ത പണം നശിപ്പിച്ച് കളയും. നോട്ടുകെട്ടുകൾ കത്തിച്ചതിന്റെയും നദികളിലൊഴുക്കിക്കളഞ്ഞതിന്റെയും കഥകളും ഞാൻ മായ്ച്ചു കളഞ്ഞ സന്ദേശങ്ങളിലുൾപ്പെടും. ഇത് ഒരു പരിധിവരെ അഴിമതിയേയും രാജ്യദ്രോഹപരമായ പ്രവർത്തങ്ങളേയും നിയന്ത്രിയ്ക്കാൻ സഹായകരമാവും.

ഈ കള്ളപ്പണം ഉണ്ടാകുന്നത് എങ്ങിനെയാണ്? ആദ്യം ഓർമ്മ വരുന്ന ഒരു വാക്ക് ‘കൈക്കൂലി‘യാണ്.

ദീർഘദൂര തീവണ്ടി യാത്രയിൽ പലപ്പോഴും ഒരു ബർത്തിനു വേണ്ടി ഉദ്യോഗസ്ഥർക്കോ,വീട്ടിലെ നിലച്ചു പോയ വൈദ്യുതി വിതരണമോ, മുറിഞ്ഞു പോയ ടെലിഫോൺ ബന്ധമോ പുനഃ സ്ഥാപിയ്ക്കാൻ വരുന്ന ലൈന്മാൻമാർക്കോ, സർക്കാരാപ്പീസുകളിൽ ഒരു ഫയൽ നീക്കാനോ, ഒരു സർട്ടിഫിക്കറ്റ് കാല താമസം കൂടാതെ ലഭിയ്ക്കാനോ, ഗൃഹ നിർമ്മാണത്തിനുള്ള അനുമതിയ്ക്കു വേണ്ടിയോ ഒക്കെ കൈക്കൂലി കൊടുക്കാൻ നിർബ്ബന്ധിതരാവുന്നവരാണ് നമ്മൾ.

പലരും കൈക്കൂലി കൊടുക്കുന്നതും അഴിമതിയ്ക്കു കൂട്ടുനിൽക്കുന്നതും കാര്യങ്ങൾ സമയബന്ധിതമായി സാധിച്ചു കിട്ടാൻ വേറെ മാർഗങ്ങളില്ലാത്തതു കൊണ്ട് മാത്രമാണ്. നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പലകാര്യങ്ങൾക്കും വേണ്ടി തങ്ങൾ വിയർപ്പൊഴുക്കി സമ്പാദിച്ച, കണക്കിൽ പെടുന്ന പണത്തിന്റെ ഒരംശം കണക്കിൽപ്പെടാത്ത പണമായി പരിണമിയ്ക്കുന്ന പ്രക്രിയയിൽ തങ്ങളും ഭാഗഭാക്കാണെന്ന യാഥാർത്ഥ്യം ഒരു സാധാരണ പൗരൻ തിരിച്ചറിയുന്നുണ്ട്.

ഈയൊരു പൗരബോധം ഉള്ളതുകൊണ്ടാണ്, കള്ളപ്പണക്കാരുടെ പട്ടികയിൽ വരാത്ത ബഹു ഭൂരിപക്ഷം ജനങ്ങളും തങ്ങൾക്കു നല്ലപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരുമാനമായിട്ടു പോലും അതിനെ എതിർക്കാതെ രാജ്യ നന്മയ്ക്കു വേണ്ടി ക്ഷമയോടെ കാത്തിരിയ്ക്കാനും വേണ്ടി വന്നാൽ ചില കഷ്ടപ്പാടുകൾ സഹിയ്ക്കാനും തയ്യാറായി മുൻപോട്ടു വരുന്നത്.

ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും മുൻപിൽ, വലിയ ബഹളമൊന്നും കൂട്ടാതെ, പൊതുവെ ക്ഷമ വിടാതെ വരിവരിയായി കാത്തു നിൽക്കുന്ന സാധാരണക്കാർ ഈ തിരിച്ചറിവിന്റ തെളിവുകളാണ്. കണക്കിൽ പെടാത്ത പണമില്ലാത്ത ഒരു നല്ല നാളേക്കായി പ്രതീക്ഷ കൈ വിടാത്തവർ.

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *