താക്കോൽ കടലിലേക്കെറിഞ്ഞ്
രാജാവ് തീരത്തിരുന്നരുളി
കണ്ടില്ല്ലേ
മീനുകളെയെല്ലാം
ഒറ്റ താക്കോൽ കൊണ്ട്
പൂട്ടിയിട്ടിരിക്കുന്നത്.
രാജാവും പ്രജകളും
നോക്കി നിൽക്കേ കടൽ
ഉള്ളിലേക്ക് വലിയാൻ തുടങ്ങി.
കണ്ടില്ലേ
തിരകളും പെട്ടു,
കടൽ പേടിച്ച്
തിരിച്ച് പോകുന്നു,
നമ്മുടെ രാജ്യം
വലുതായി വലുതായി വരുന്നു,
ഇതെല്ലാം നിങ്ങൾക്കുള്ളതാണ്.
സുനാമിക്ക് മുന്നേയുള്ള
ശാന്തതയിലേക്ക്
തിരുവായ്ക്കെതിര്‍വായില്ലാത്ത
പ്രജകളാരവത്തോടെ
നടന്നു ചെന്നു.