ആംഗല ഭാഷാ ദിനം
വിശ്വ പ്രസിദ്ധ നാടകകാരനും എഴുത്തുകാരനുമായ വില്യം ഷേക്സ്പിയറുടെ ഓർമ്മ ദിനം ലോകം ലോക ഇംഗ്ലീഷ് ഭാഷാ ദിനമായി ആചരിക്കുന്നു.
ഏപ്രില്‍ 23, ഷേക്‌സിപയറുടെ ചരമദിനം മാത്രമല്ല, ജന്മദിനം കൂടിയാണ്. അദ്ദേഹം ഭൂജാതനായത് 1564 ഏപ്രില്‍ 23ന്. അമ്പത്തി രണ്ടാം ജന്മദിനത്തില്‍ അദ്ദേഹം അന്തരിച്ചു. 1616 എപ്രില്‍ 23ന് ഷേക്‌സ്പിയറുടെ ജനനത്തിയതി സംബന്ധിച്ച് ആധികാരിക ചരിത്ര രേഖകളില്ല. അദ്ദേഹത്തെ മാമോദീസ മുക്കിയ ദിവസം പള്ളിയിലെ രേഖകളില്‍ കണ്ടത് അടിസ്ഥാനമാക്കിയാണ് ജനനത്തീയതി കണക്കാക്കിയിട്ടുള്ളത്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബ്രിട്ടണിലെ കഴിഞ്ഞ സഹസ്രാബ്ദത്തിലെ ഏറ്റവും മഹാനായ വ്യക്തിയായി ബ്രിട്ടീഷുകാര്‍ വാഴ്ത്തുന്നത് വാക്കുകളുടെ ഈ ചക്രവര്‍ത്തിയെയാണ്.
മൂവായിരത്തിലേറെ വാക്കുകള്‍ ഷേക്‌സ്പിയറിന്റെ സംഭാവനയാണെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറി സാക്ഷ്യപ്പെടുത്തുന്നു
വളരെ വിപുലമായിരുന്നു അദ്ദേഹത്തിന്റെ വാക്‌ശേഖരം. സാധാരണയായി ഉപയോഗിക്കപ്പെടുന്ന വാക്കുകളില്‍നിന്ന് എത്രയോ ഏറെ ആയിരുന്നു മഹാനായ എലിസബത്തന്‍ നാടകകൃത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന് സ്വന്തം. എലിസബത്തന്‍ എഴുത്തുകാരനായി അറിയപ്പെടുമ്പോഴും ഷേക്‌സ്പിയറുടെ മിക്ക കൃതികളും എലിസബത്തിന്റെ കാലശേഷമാണ് എഴുതപ്പെട്ടതെന്നത് എടുത്തുപറയേണ്ടതുണ്ട്.
ഇംഗ്ലണ്ടിന്റെ ഈ ദേശീയകവി 37 നാടകങ്ങളും 154 ഗീതകങ്ങളും ഉള്‍പ്പെടെ ഒട്ടേറെ എഴുതിക്കൂട്ടി. മെഴുകുതിരികള്‍ക്ക് അക്കാലത്ത് വിലയേറെ ആയിരുന്നതിനാല്‍ പകല്‍ സമയങ്ങളിലാണത്രെ ഷേക്‌സ്പിയര്‍ അധികവും എഴുതിയിരുന്നത്. എഴുത്തുകാരന്‍, അഭിനേതാവ് എന്നീ നിലകളില്‍ ഷേക്‌സ്പിയര്‍ തിളങ്ങിയത് 1585നു ശേഷമാണ്. അതായത് ഇരുപത് വയസ്സിനു ശേഷം. അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങളെ അദ്ദേഹം തന്നെ രംഗത്ത് അവതരിപ്പിച്ചു.
ആദ്യകാലങ്ങളില്‍ ലോര്‍ഡ് ചേമ്പര്‍ലീന്‍സ് മെന്‍ എന്ന നാടകസംഘമാണ് ഷേക്‌സ്പിയര്‍ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നത്. പിന്നീട് അദ്ദേഹം കൂടി ഉടമയായി ആരംഭിച്ച ഗ്ലോബ് തിയേറ്ററായി പ്രധാന അവതരണവേദി. സര്‍ഗധനനായ നാടകകൃത്ത് മാത്രമല്ല സമര്‍ത്ഥനായൊരു സംരംഭകന്‍ കൂടിയായിരുന്നു ഷേക്‌സ്പിയര്‍. കലയും കച്ചവടവും ഒന്നിച്ചു കൊണ്ടുപോവുക പ്രായോഗികമല്ലെന്ന് കരുതിയിരുന്ന അക്കാലത്ത് അനുപമമായ കലാസൃഷ്ടികള്‍ക്ക് രൂപംനല്‍കാനും, അവ അനായാസമായി വിറ്റഴിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നതാണ് ആ വ്യക്തിത്വത്തിന്റെ സവിശേഷതകളില്‍ ഒന്ന്. അക്കാരണത്താലാവാം അന്നത്തെ അംഗീകൃത എഴുത്തുകാര്‍ക്ക് സ്റ്റാറ്റ്ഫഡില്‍ നിന്നും ലണ്ടനിലെത്തിയ ഷേക്‌സ്പിയറുടെ നാടകരംഗത്തേക്കുള്ള കടന്നുവരവ് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരിലൊരാള്‍, റോബര്‍ട്ട് ഗ്രീന്‍, വില്യം ഷേക്‌സ്പിയറെ ആക്ഷേപിച്ചത് ‘ഞങ്ങളുടെ തൂവലുകള്‍ എടുത്തണിഞ്ഞ് സുന്ദരനാവുന്ന കാക്ക’ എന്നാണ്. പക്ഷെ കൂടുതല്‍ നിറമുള്ള തൂവലുകള്‍ വിടര്‍ത്തി അദ്ദേഹം പില്‍ക്കാലത്ത് വിശ്വസാഹിത്യവിഹായസ്സില്‍ പറന്നുയര്‍ന്നു. ലോകമാസകലം ഷേക്‌സ്പിയര്‍ വായിക്കപ്പെട്ടു. ലോകത്തെ മിക്ക ഭാഷകളിലേക്കും ഷേക്‌സ്പിയര്‍ കൃതികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു. ഷേക്‌സ്പിയറിനു മേലുള്ള ഇംഗ്ലണ്ടിന്റെയും ഇംഗ്ലീഷുകാരുടേയും കുത്തകാവകാശം നഷ്ടപ്പെട്ടു. ഷേക്‌സ്പിയര്‍ ലോകത്തിനു സ്വന്തമായി. ലോകത്തിന്റെ സ്വത്തായി.
മലയാളവും മലയാളിയും വളരെ വേഗമാണ് ഷേക്‌സ്പിയറെ ആശ്ലേഷിച്ചത്. നമ്മുടെ കഥകളിയിലും കൂടിയാട്ടത്തിലുംവരെ ഷേക്‌സ്പിയറുടെ സൃഷ്ടികള്‍ കടന്നുവന്നു. അയ്യപ്പപണിക്കരുടെ നേതൃത്വത്തില്‍ ഷേക്‌സ്പിയറുടെ സമ്പൂര്‍ണ്ണ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു.
അതിനൊക്കെ വളരെ മുമ്പെ ഷേക്‌സ്പിയറിന്റെ ദുരന്ത കഥാപാത്രങ്ങള്‍ മലയാള കവിതയിലൂടെ അവതരിപ്പിക്കപ്പെട്ടു. മലയാള സിനിമയേയും ഷേക്‌സ്പിയര്‍ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ നാനൂറാം ചരമവാര്‍ഷിക വേളയില്‍ കിംഗ് ലിയറെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഒരു ചലച്ചിത്രത്തിന് ‘കിംഗ് ലൈയര്‍’ എന്ന് പേരിട്ട് പുറത്തിറക്കിയത് ഷേക്‌സ്പിയറോടുള്ള ആദരവോ അനാദരവോ എന്നറിയില്ല.
വില്യം ഷേക്‌സ്പിയറുടെ സ്വകാര്യ ജീവിതത്തെപ്പറ്റി വിഭിന്ന കഥകള്‍ പ്രചരിക്കുന്നുണ്ട്. അദ്ദേഹം അന്ധവിശ്വാസിയായ ഒരു കത്തോലിക്കനായിരുന്നെന്നും അല്ലെന്നും അഭിപ്രായമുണ്ട്. പതിനെട്ടു വയസുള്ളപ്പോള്‍ ഷേക്‌സ്പിയര്‍ ആന്‍ ഹാത്‌വേയെ വിവാഹം കഴിച്ചു. ആനിന് അന്ന് വയസ് ഇരുപത്താറ്. ലൈംഗികതയില്‍ അദ്ദേഹം യാഥാസ്ഥിതകനായിരുന്നില്ലെന്ന് ആരോപണമുണ്ട്. ആത്മകഥാപരമായിരുന്നു അദ്ദേഹത്തിന്റെ ചില കൃതികളെന്നും അഭിപ്രായമുണ്ട്. ദുരന്ത നാടകങ്ങളാണ് ഷേക്‌സ്പിയറെ അനശ്വരനാക്കിയതെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ദുരന്തങ്ങള്‍ ഏറെയില്ല. ആത്മഹത്യ അദ്ദേഹത്തിന്റെ ഒരിഷ്ടവിഷയമായി തോന്നും. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും ആത്മഹത്യ ചെയ്യുകയായിരുന്നു. ഷേക്‌സ്പിയര്‍ മരിക്കുന്നത് ജ്വരം ബാധിച്ചാണ്. മരണശേഷം തന്നെ മറവു ചെയ്യുന്ന കുഴിമാടം മറ്റാരും കയ്യേറരുതെന്ന് ഷേക്‌സ്പിയര്‍ക്ക് വാശിയുണ്ടായിരുന്നെന്നു തോന്നുന്നു. തന്റെ കുഴിമാടത്തിലെ കല്ലുകള്‍ ഇളക്കിമാറ്റാതിരിക്കുന്നവര്‍ക്ക് നന്മ നേര്‍ന്നുകൊണ്ടും തന്റെ അസ്ഥികള്‍ അന്ത്യവിശ്രമ സ്ഥലത്ത് നിന്ന് നീക്കം ചെയ്‌തേക്കാവുന്നവരെ ശപിച്ചുകൊണ്ടും നാലു വരികള്‍ കല്ലറയ്ക്കു മുകളില്‍ മുദ്രണം ചെയ്യുന്നതിനായി അദ്ദേഹം മുന്‍കൂട്ടി കുറിച്ചുവച്ചിരുന്നു.
ഷേക്സ്പിയറിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്നത് സ്ട്രാറ്റ്ഫോർഡിലെ ഹോളി ട്രിനിറ്റി പള്ളിയിലെ ചാൻസലിൽ ആണ്. 1623 മുൻപായി ആ പള്ളിയുടെ കിഴക്കേ ഭിത്തിൽ അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമകൂടി ഉൾപ്പെട്ട ഒരു സ്മാരകം പണിതിരുന്നു. സ്മാരക ശിലയിൽ ഷേക്സ്പിയറിനേ നെസ്തോർ, സോക്രറ്റീസ്, വിർജിൽ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുന്നുണ്ട്. ശവകൂടിരത്തിലെ ശിലയിൽ അദ്ദേഹത്തിന്റെ അസ്ഥികൾ നീക്കം ചെയ്യുന്നതിനെതിരെ ഒരു ശാപവും കൊത്തിവച്ചിട്ടുണ്ട്.
കിങ് ലിയർ, ഹാംലെറ്റ്, മാക്ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാൻസസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകങ്ങൾ എഴുതുകയും മറ്റ് നാടകകൃത്തുകളുമായി സഹകരിച്ച് എഴുതുകയും ചെയ്തു. അദ്ദേഹത്തിന്റെ പലകൃതികളും ജീവിതകാലത്ത് തന്നെ പല ഗുണനിലവാരത്തിലും കൃത്യതയിലും പ്രസിദ്ധീകരിക്കുകയുണ്ടായി. 1623-ൽ ഷേക്സ്പിയറുടെ രണ്ട് മുൻകാല നാടകസഹപ്രവർത്തകർ അദ്ദേഹത്തിന്റെ കൃതികളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. ഇതിൽ രണ്ടെണ്ണമൊഴികെയുള്ള എല്ലാ നാടകങ്ങളും അദ്ദേഹത്തിന്റേതായിത്തന്നെയാണ് ഇന്നും കണക്കാക്കുന്നത്.
സാഹിത്യ ചരിത്രകാരന്മാർ ഷേക്സ്പിയറുടെ രചനാകാലയളവിനെ നാലു ഘട്ടമായി വിഭജിക്കുന്നു. ആദ്യ ഘട്ടമായ 1590ൻറെ മധ്യം വരെ അദ്ദേഹം റോമൻ, ഇറ്റാലിയൻ മാതൃകകളിൽ നിന്നും ചരിത്ര നാടകങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രധാനമായും ശുഭാന്തനാടകങ്ങളാണ് എഴുതിയത്. രണ്ടാം ഘട്ടമായ 1595 മുതൽ 1599 വരെയുള്ള കാലയളവ് ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് ദുരന്തനാടകങ്ങളോടെയാണ്. റോമിയോ ആൻറ് ജൂലിയറ്റും ജൂലിയസ് സീസറും. അദ്ദേഹത്തിൻറെ ഏറ്റവും പ്രശസ്തമെന്ന് കണക്കാക്കുന്ന ശുഭാന്ത-ചരിത്ര നാടകങ്ങളും രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. 1600 മുതൽ 1608 വരെയുള്ള കാലയളവിലാണ് ദുരന്ത നാടകങ്ങൾ രചിച്ചത്. ഈ സമയത്താണദ്ദേഹം ലോകോത്തരങ്ങളായ ദുരന്ത നാടകങ്ങളായ ഹാംലറ്റ്, ഒഥല്ലോ, കിങ്ങ് ലിയര്‍, മാക് ബത്ത്, ആൻറണി ആൻറ് ക്ലിയോപാട്ര, കൊറിയോലനസ് എന്നിവ എഴുതിയത്. 1608 മുതൽ 1613 വരെ അവസാന കാലയളവിൽ അദ്ദേഹം ശുഭാന്ത-ദുരന്ത മിശ്രിതമായ കാൽപ്പനികങ്ങൾ(Romances)എന്ന് വിളിക്കുന്ന ലാജി കോമഡികൾ എഴുതി. സിംബെലൈൻ, 3 വിൻറേഴ്സ് ടെയില്‍, ദ ടെംപസ്റ്റ് എന്നിവ ഇവയിൽ പ്രധാനമാണ്.
1606-1607 കാലഘട്ടത്തിന് ശേഷം ഷേക്സ്പിയർ വളരെക്കുറച്ച് നാടകങ്ങൾ മാത്രമേ എഴുതിയിട്ടുള്ളു. 1613-ലാണ് ഷേക്സ്പിയർ തന്റെ അവസാനത്തെ രണ്ട് നാടകങ്ങൾ എഴുതിയത്. അവയുടെ രചന അദ്ദേഹം വിരമിച്ച് സ്ട്രാറ്റ്ഫോർഡിൽ താമസിച്ചിരുന്നപ്പോഴായിരുന്നു. 1613 ശേഷം അദ്ദേഹത്തിന്റെതായി ഒരു നാടകങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ അവസാന മൂന്ന് നാടകങ്ങൾ ജോൺ ഫ്ലെറ്റ്ചർ എന്ന നാടകകൃത്തുമായി ചേർന്ന് എഴുതിയവയാണ് എന്ന് കരുതപ്പെടുന്നു.
മരണാനന്തരം ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും വലിയ എഴുത്തുകാരന്റെ തലയോടിന് സംഭവിച്ചതെന്ത്?
വില്യം ഷേക്‌സ്പിയര്‍ എന്ന ഇംഗ്ലീഷ് ഭാഷയുടെ പരമോന്നത എഴുത്തുകാരന്റെ സ്റ്റഫോര്‍-അപോണ്‍-അവണിലെ ഹോളി ട്രിനിറ്റി പള്ളിയിലെ കുഴിമാടത്തിലെ വാക്കുകള്‍ ഇങ്ങനെയാണ്-
‘Good friend for Jesus’ sake forbear,
To dig the dust enclosed here.
Blessed be the man that spares these stones,
And cursed be he that moves my bones.
ഈ കുഴിമാടത്തിലെ പൊടി പടലങ്ങള്‍ തോണ്ടിയെടുക്കാത്തവനും ഈ കല്ലുകളെ വെറുതെ വിടുന്നവനും അനുഗ്രഹീതനായിരിക്കും. ഈ അസ്ഥിപഞ്ജരങ്ങള്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നവന്‍ ശപിക്കപ്പെടുകയും ചെയ്യും. പക്ഷേ ഈ വാക്കുകള്‍ക്കും ഷേക്‌സ്പിയറിന്റെ കുഴിമാടത്തെ രക്ഷിക്കാനായില്ല. ഒരാള്‍ ആ കുഴി തോണ്ടാന്‍ ധൈര്യപ്പെട്ടു.!
എന്നും ദുരൂഹതയുടെ കെട്ടുകഥയുടെ കൂടെപ്പിറപ്പായിരുന്നു ഷെയ്സ് എയർ ജീവിച്ചിരുന്നപ്പോഴും കാലശേഷവും എങ്കിലും കാലാതീതമായ ഇതിഹാസതുല്യമായ രചനകളിലൂടെ ഒരു ഭാഷയുടെ സുകൃതമായി ആ മഹാപ്രതിഭ എന്നും ജീവിക്കും…. കാലാന്തരങ്ങളോളം.