വില്യം ഷേക്സ്പിയറിന്റെ ദുരന്ത നാടകങ്ങളിൽ ഏറ്റവും ചെറുതെന്ന് അറിയപ്പെടുന്ന മാക്ബത്തിന് മലയാളത്തിൽ സ്വതന്ത്ര ദൃശ്യാവിഷ്കാരം നൽകിയിരിക്കുകയാണ് സംവിധായകൻ ജയരാജ് വീരം എന്ന സിനിമയിലൂടെ. വടക്കൻ പാട്ടിലെ ആരോമൽചേകവരുടെ ചരിതം പ്രമേയമാക്കിയാണിവിടെ കഥ പറയുന്നത്. വടക്കൻ വീരഗാഥയെന്ന ചിത്രത്തിലൂടെ എം.ടി. വാസുദേവൻനായർ മാറ്റിയെഴുതാൻ ശ്രമിച്ച ചന്തുവിന്റെ ജാതകത്തിൽ നിന്നു ചതിയൻ ചന്തുവിലേക്കുതന്നെയുള്ള തിരിച്ചു പോക്കാണിത്. ഷേക്സ്പിയർ ഈ ദുരന്ത നാടകം രചിക്കുന്നതിനും മൂന്നു നൂറ്റാണ്ടു മുമ്പ് കേരളത്തിൽ രക്തത്തിലു കണ്ണീരിലും ചാലിച്ച ഈ കഥ വടക്കൻ പാട്ടുകളിലൂടെ പ്രചരിച്ചിരുന്നുവെന്നത് യാദൃശ്ചികമാണെന്ന ആമുഖത്തോടെയാണു സിനിമ തുടങ്ങുന്നത്. ഡങ്കൻ രാജാവിന്റെ ചോരക്കറയും ദുർഗന്ധവും കഴുകിക്കളയാൻ മുഴുവൻ മഹാസമുദ്രങ്ങളിലെ വെള്ളത്തിനും അറേബ്യയിലെ സുഗന്ധ ദ്രവ്യങ്ങൾക്കും കഴിയില്ലെന്ന് മാക്ബത്തും ലേഡി മാക്ബത്തും വിലപിച്ചതിനു സമാനമായ ദുഖമാണ് ചന്തുവും കുട്ടിമാണിയും വീരത്തിൽ പങ്കുവയ്ക്കുന്നത്.
വടക്കൻ വീരഗാഥയെന്ന ചിത്രത്തിലൂടെ എം.ടി. വാസുദേവൻനായർ മാറ്റിയെഴുതാൻ ശ്രമിച്ച ചന്തുവിന്റെ ജാതകത്തിൽ നിന്നു ചതിയൻ ചന്തുവിലേക്കുതന്നെയുള്ള തിരിച്ചു പോക്കാണിത്
ഫാഷൻ, വസ്ത്രാലങ്കാരം, കലാ സംവിധാനം, ഗ്രാഫിക്സ്, സംഗീതം എന്നിവ ഒന്നര മണിക്കൂർ നീളുന്ന ഈ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. നവീന സിനിമയുടെ അനിവാര്യമായ ചേരുവകളാണിതെല്ലാം. ആധുനിക സാങ്കേതികത കലാമൂല്യം എന്ന സങ്കൽപത്തെ കീഴടക്കിക്കഴിഞ്ഞു. കഥയ്ക്കോ സംഭാഷണത്തിനോ ഗാനങ്ങൾക്കോ എന്തിനേറെ കഥാപാത്രങ്ങൾക്കു പോലും പ്രസക്തിയില്ലാത്ത സാഹചര്യമാണു രൂപംകൊണ്ടിരിക്കുന്നത്. സംവിധായകനും എഡിറ്ററും മാത്രമുണ്ടെങ്കിൽ സിനിമരൂപം കൊള്ളും. അഭിനേതാക്കളുടെ സ്ഥാനം ആനിമേഷൻ കഥാപാത്രങ്ങൾക്ക് ഏറ്റെടുക്കാനുമാകും. ഈ സാധ്യതകളാണു സമീപകാലത്തെ പല സിനിമകളും മുന്നോട്ടു വയ്ക്കുന്നത്. വീരവും ഇതിന് അപവാദമാകുന്നില്ല. എങ്കിലും ഭാഷകൾക്ക് അപ്പുറത്തെ സിനിമാനുഭവം ഇതു പങ്കുവയ്ക്കുന്നുണ്ട്. ചന്ദ്രലേഖാ ആർട്സിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ഈ സിനിമയിൽ എം. ആർ. വാര്യരാണു സംഭാഷണം രചിച്ചിരിക്കുന്നത്. ഉത്തര കേരളത്തിലെ ഭാഷാ ശൈലിയാണിതിൽ അവലംബിച്ചിരിക്കുന്നത്. ഭാഷാ ശൈലികളുടെ ഇത്തരം കൗതുകങ്ങളും നവീന സിനിമയിലെ വിശേഷിച്ചും മലയാളത്തിലെ സമീപ കാല പരീക്ഷണമാണ്. കുനാൽകപ്പൂറാണ് ചന്തുവിന്റെ ഭാഗം അഭിനയിച്ചിരിക്കുന്നത്.
ഒരേ സമയം നായകനും വില്ലനുമായ കഥാപാത്രമാണ് ഇതിലെ ചന്തു. എന്നാൽ ആ നടന്റെ അഭിനയശേഷി പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോയെന്നത് ആലോചിക്കേണ്ട വിഷയമാണ്. മറ്റു കഥാപാത്രങ്ങളുടെ സ്ഥിതിയും ഇതുതന്നെ. സ്ത്രീകഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നവർക്കും വിശേഷിച്ച് ഒന്നും ചെയ്യാനില്ല. ഫാഷൻ പരേഡിലെ വേഷങ്ങൾ പോലെ അവർ പ്രത്യക്ഷപ്പെടുന്നുവെന്നേയുള്ളു. മാധവി, ഗീത, ഷീല, ജയഭാരതി എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ നിഴലായിപ്പോലും ഇവർക്കു പ്രത്യക്ഷപ്പെടാനാകുന്നില്ല.
ശിവജിത് നമ്പ്യാർ(ആരോമൽ ചേകവർ), ദിവിനാ ഠാഖുർ(കുട്ടി മാണി), ഹിമർഷാ വെങ്കിട സ്വാമി(ഉണ്ണിയാർച്ച), സതീഷ് മേനോൻ(കുഞ്ഞിരാമൻ), ആരൺ(ആരോമൽ ചേകവർ) എന്നിവരാണു പ്രധാന വേഷങ്ങളിൽ. വൈകാരിക മുഹൂർത്തങ്ങളോ ഉദ്വേഗ നിമിഷങ്ങളോ അവശേഷിപ്പിക്കാതെയാണു സിനിമ ആദ്യാവസാനം പുരോഗമിക്കുന്നതെന്നത് ദൗർഭാഗ്യകരമാണ്.