സോജാ രാജകുമാരി.. സോജാാ…
ചമയങ്ങളില്ലാത്ത ആഖ്യാനത്തിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടം നേടിയ ഇരുപതാം നൂറ്റാണ്ടിന്റെ കഥാകാരൻ. അനുഭവങ്ങളുടെ തീച്ചൂളയിൽ ഊതിക്കാച്ചിയെടുത്ത പത്തരമാറ്റ് തങ്കം പോലെ ജീവസ്സുറ്റ കഥ പറഞ്ഞ് മലയാളിയെ ചിരിപ്പിച്ച, ചിന്തിപ്പിച്ച കഥകളുടെ സുൽത്താൻ.
വൈക്കം മുഹമ്മദ് ബഷീർ…….
തന്റേതായ ആഖ്യാന ശൈലിയിലൂടെ മലയാള സാഹിത്യരംഗത്ത് ഉന്നത സ്ഥാനം കരഗതമാക്കിയ ആ സാഹിത്യ കുലപതി ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുന്നു. മലയാള നോവലിസ്റ്റ്, കഥാകൃത്ത്, സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളിലും അദ്ദേഹം കേരളീയ സാമൂഹിക മണ്ഡലത്തില്‍ നിറഞ്ഞു നിന്നു. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളാണ്. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.
സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കില്‍ ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചതോടൊപ്പം കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവര്‍ത്തിയായി ജയില്‍പ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ, വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല.
സമൂഹത്തിനു നേരെയുള്ള വിമര്‍ശം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വെച്ചു. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക. മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഇസ്ലാം മതത്തില്‍ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
1908 ജനുവരി 21ന് തിരുവിതാംകൂറിലെ(ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്‌കൂളിലും. രസകരവും സാഹസികവുമാണ് ബഷീറിന്റെ ജീവിതം. സ്‌കൂള്‍ പഠനകാലത്ത്(9-ാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാല്‍നടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ വിപ്ലവസംഘമുണ്ടാക്കി. പ്രസ്തുത സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍. ‘പ്രഭ‘ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും മറ്റും പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും തീവ്രദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാള സാഹിത്യത്തില്‍ വിരളമാണ്. ലോകം ചുറ്റലിനിടയില്‍ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
ഏറെ വൈകിയാണ് ബഷീര്‍ വിവാഹിതനായത്. തകഴിയുടെ കാത്ത പോലെ ബഷീറിന്റെ ഫാബിയെയും അനുവാചകൻ ഹൃദയത്തിലേറ്റി. 1994 ജൂലൈ അഞ്ചിന് കഥകളില്ലാത്ത ലോകത്തേക്ക് ആ നാട്ടുകഥാകരൻ യാത്രയാവുമ്പോഴും ഓർമ്മകളിൽ ഒരു പിടി കഥകളും പഴയ ഗ്രാമഫോണും ആ ചാരുകസേലയും മലയാളിക്ക് ഗൃഹാതുരതയുണർത്തും..
സോജാ രാജകുമാരി…
സോജാ….
ഓർമ്മകളിൽ ഗതകാല സ്മരണകളുമായി നിലയ്ക്കാത്ത ആ ഗാനവും..
ബേപ്പൂർ സുൽത്താൻ – ഇമ്മിണി ബല്യ അക്ഷര പുഷ്പം
images from arunmozhivarmandotcom.files.wordpress.com | suryadeepan.files.wordpress.com