തേനിയില്‍ നിന്നും ശരവണന്‍ മല്ലികയെ താലികെട്ടി ഉശിലംപെട്ടിക്ക് കൊണ്ടുവന്നതില്‍ പിന്നെ ഉശിലംപെട്ടിക്കപ്പുറത്തേക്ക് മല്ലിപോയിട്ടില്ല. അവളുടെലോകം ആ കയറ്റുകട്ടിലിൽ കിടക്കുന്ന മാമിയാരും തെരുവില്‍ നിന്നും അടിച്ചുകേറുന്ന മലിനഗന്ധവും ആയിമാറി രണ്ടു വർഷത്തിലേറെയായി…
മടുപ്പിക്കുന്ന ചേരീ ഗന്ധം വലയം ചെയ്യുന്ന ശരവണന്റെ കൂരയുടെ അകമുറിയിൽ കടുത്ത പുക മണം നിറഞ്ഞിരിക്കും. അതിനെ മറികടക്കുന്നത് ശരവണൻ കൊണ്ടു വരുന്ന പൂക്കൂടകളാണ്..
ചൂടികട്ടിലില്‍ പൂക്കാത്തമൊട്ടുകള്‍ ചാക്കിലാക്കിയത് ചൊരിഞ്ഞു ശരവണന്‍ പോകുമ്പോള്‍ അകംനിറയുന്ന പ്രസന്നതയുടെ മണം ശ്വസിച്ചങ്ങിനെ മല്ലിക വാഴനാരില്‍ വിരല്‍ചുറ്റി മാമിയാരുടെ കഥകേള്‍ക്കും..
ആണ്ടാള്‍….. ഒരു ജന്മം മുഴുവനും മകനായി ചേരിയില്‍ യുദ്ധംവെട്ടി യൗവ്വനം കത്തിച്ചു തീര്‍ത്ത ത്യാഗശാലിയായ അമ്മയാണവര്‍.
.
മാമിയാര്‍ക്ക് ഒരേയൊരു പയ്യനാണ് ശരവണന്‍..
“ഏന്‍ പുള്ള” എന്നവര്‍ തീര്‍ത്തു പറയാറില്ല അപ്പോളേക്കും വാത്സല്യമോ… തീരാത്ത സ്നേഹകൊതിയോ അവരുടെ ചങ്കില്‍ തുടികൊട്ടും.. അടര്‍ന്നുപോയ പല്ലിടയില്‍ നിന്നും ഹൃദയത്തെ ചുമന്നൊരു ആഹ്ലാദം അവരില്‍നിന്നും കുതിച്ചെത്തും..
“അടിയെ……… മല്ലി… അവനു കൊഞ്ചം ആത്തുസൂപ്പ്പണ്ണികൊടടി…. പുള്ള വല്ലാതെ പരവശം ആയിരുക്ക്” എന്നവര്‍ ഇടയ്ക്കിടെപറയും…..
മല്ലി കയറ്റുകട്ടിലിലേക്ക് നോക്കി…. ആണ്ടാള്‍ ഒരുമാസത്തില്‍ ഏറെയായി പരവശയാണ്. രോഗാതുരമായ വാര്‍ദ്ധക്യം അവരെ അല്‍പ്പാല്‍പ്പമായി കീഴടക്കികൊണ്ടിരുന്നു. അവരിപ്പോള്‍ പഴയപോലെ എഴുന്നേറ്റിരുന്നു ഊര്‍ജ്ജ്വസ്വലതയോടെ തമിള്‍വാക്ധോരണി ഉതിര്‍ത്തു പൂകെട്ടാറില്ല.
അവരുടെ കട്ടിലിലെ മുഷിഞ്ഞു ഈറന്‍ മണമുതിര്‍ക്കുന്ന കറുത്ത കരിമ്പടവിരിയില്‍ സദാ ചുരുണ്ടുകൂടി കിടക്കും. പീള കെട്ടി തോർന്ന മിഴികൾ ഇടക്കിടെ തുറന്ന് “അവൻ സാപ്പിട്ടാച്ചാ” എന്ന് പ്രസന്നത നഷ്ടപ്പെട്ട സ്വരത്താൽ ചോദിക്കും…
മല്ലിക പൂവുകൾ തിടുക്കത്തോടെ മുടിച്ചു കെട്ടി ഉണ്ടയാക്കി കൂടയിലെ നനഞ്ഞ തുണിയിൽ വെച്ചു താമര ഇല കൊണ്ടു് മൂടി വെച്ചു….
ആണ്ടാൾ വയ്യായ്കയുടെ ആവലാതിയിൽ ചൂടിക്കയറുമെടഞ്ഞ കട്ടിലിൽ ചുരുണ്ടു കിടന്നവളോട് “ചുടു തണ്ണി” എന്ന് എപ്പോളും ആവശ്യപ്പെട്ടിരുന്നു…
“അത്തെ… കൊഞ്ചം സാദം എടുക്കട്ടമ്മാ…. കരിവാട് കറി വെച്ചിരിക്ക്”
“വേണ്ടമ്മാ… ചുടു തണ്ണി പോതും..”
അന്ന് പൂക്കച്ചവടം കഴിഞ്ഞെത്തിയ ശരവണനോടവൾ ഇങ്ങിനെ പറഞ്ഞു – “അത്ത ഒന്നുമേ സാപ്പിടാത്…. നമ്മുക്ക് ഒരു നല്ല ഡോക്ടറെ കാട്ടാൻ കൊണ്ടു പോണം”
“ഉം”
അങ്ങിനെയാണ് സൈക്കിൾ റിക്ഷ ഓട്ടുന്ന മുനിയാണ്ടിയെ കൂട്ടി അത്തയെ ആശുപത്രിയിൽ എത്തിച്ചത്…
പരിശോധന കഴിഞ്ഞു ഡോക്ടർ ശരവണനെ വിളിച്ചു രോഗവിവരം പറഞ്ഞു മരുന്നു കുറിച്ചു കൊടുത്തു…
ഡോക്ടറെ കണ്ടിട്ട് വീട്ടിൽ വന്നതിനു് ശേഷമാണ് ശരവണൻ വെറുതെ പൊട്ടിത്തെറിക്കാൻ തുടങ്ങിയത്… അയാൾ വെപ്രാളപ്പെട്ട് ഉച്ചത്തിൽ നിലത്ത് ചവിട്ടുകയും, കൂടുതൽ ബീഡി വലിക്കുകയും ചെയ്തു… ഭക്ഷണത്തിനു മുന്നിൽ മല്ലിയെ കയർക്കുകയും വാതിൽ ഉച്ചത്തിൽ വലിച്ചടക്കുകയും ചെയ്യാൻ തുടങ്ങി….
ചിലപ്പോൾ ചേരിയുടെ തെക്കുവശത്ത് ചെന്നിരുന്നു ഗാഢമായി ചിന്തിക്കുകയും വിരൽ തമ്മിൽ പിണച്ച് ചിന്താധീനൻ ആകുകയും ചെയ്തു…
“എന്നാച്ച്?” മല്ലി പലപ്പോഴും ചോദിച്ച ചോദ്യങ്ങൾ അന്തരീക്ഷത്തിൽ ശ്വാസം പോലെ അലിഞ്ഞു പോയി..
അവിടെ പൂക്കൂടകൾ നിറയുകയും പൂമാലകൾ ചുരുട്ടിക്കെട്ടുകയും ചെയ്യുന്ന ജോലിയുമായി മല്ലി തിരക്കിലേക്ക് ആഴ്ന്നുപോയിക്കൊണ്ടിരുന്നു…..
ആണ്ടാൾ കണ്ണുകളടച്ചു കിടക്കയിൽ കിടന്നു വിളിച്ചു… – “എടീ.. മല്ലീ…. പുള്ളയെങ്കെ?”
മാമിയാരുടെ ശബ്ദമിപ്പോൾ സ്പഷ്ടമാകാതെ ഈയൊരു വാക്കിൽ മാത്രമൊതുങ്ങി നിന്നു തുടങ്ങി.
കയറ്റു കട്ടിലിലെ വിരിപ്പുകൾ പലവട്ടം മൂത്രം നനഞ്ഞു.. ചെറിയ ഞരക്കത്തിലും അവർ മകന്റെ സാമീപ്യമറിഞ്ഞു.. ശബ്ദമില്ലാത്ത കാറ്റിൽ സാപ്പിട്ടിയാ എന്ന് ആംഗ്യത്തോടെ ചോദിച്ചു…
ഇന്നലെയാണ് ശരവണന്‍ മാരിയമ്മന്‍കോവിലിനടുത്തുള്ള പാണ്ഡ്യനുമായി ആ സ്വകാര്യചര്‍ച്ച നടത്തിയത് അവള്‍കേട്ടത്… അതിന് ശേഷം അവളുടെകൈകള്‍ക്ക് വല്ലാത്ത തിടുക്കമോ… വിറയലോ അന്നുണ്ടായിരുന്നു.
ശരവണന്റെ ശബ്ദത്തില്‍ നേരിയ പതര്‍ച്ചയുണ്ടായിരുന്നു.
“അതുക്കു പണം……………?” – പാണ്ഡ്യന്‍ ശബ്ദം കനപ്പിച്ചു പറഞ്ഞു..
“അയ്യായിരം ഉര്‍പ്യ എങ്കിലും വേണ്ടിവരും.. പിന്നെ അത് കഴിഞ്ഞാലും ഇത്തിരി ചെലവുകൂടും”
“മല്ലിക്ക് ഒരുവേല ശരിയാക്കിയിട്ടുണ്ട്.. റെഡിയാർപട്ടിക്കപ്പുറം ഒരു ശര്‍ക്കര ഫാക്ടറിയില്‍..” പാണ്ഡ്യന്‍ വാചാലനായി..
തേനിയില്‍ നിന്നും ശരവണന്‍ മല്ലികയെ താലികെട്ടി ഉശിലംപെട്ടിക്ക് കൊണ്ടുവരുബോള്‍… വിധവയായ ശരവണന്റെ അമ്മ അവളെ നല്ലൊരു പൊണ്ടാട്ടിയാക്കാന്‍ വേണ്ട എല്ലാ കരുതലും കൊടുത്തിരുന്നു..
എൻഡാ…. അവളെ കൂട്ടീട്ടുപോയി ഒരുപടം കാട്ടീട്ട് വാ.. എന്നും, അവള്‍ക്കു തലയില്‍ ചൂടാന്‍മല്ലി പൂവാങ്ങിയെ ദിനോം വരാവൂ എന്നും അവര്‍ അയാളെ ഓര്‍മ്മപ്പെടുത്തി..
സാപ്പിടുമ്പോള്‍ ശരവണനു വിളമ്പുമ്പോള്‍… വലംകയ്യില്‍ കിലുങ്ങുന്ന ചോന്നകുപ്പിവള ഇടണം എന്നതും അമ്മായിയമ്മയുടെ പിടിവാശിയായിരുന്നു..
അന്നാദ്യമായി മാമ്മിയാരുടെ കട്ടിലിനടിയില്‍ കാണപ്പെട്ട പുതിയ പാട്ടകള്‍ നിറയെ എണ്ണ കണ്ടപ്പോള്‍ മല്ലി അന്നൊരുപാട് കരഞ്ഞു…
പാട്ടകളുടെ എണ്ണം കൂടികൊണ്ടിരുന്നു.. മല്ലിയുടെ ചങ്കിടിപ്പിന്റെ ശബ്ദം പെരുമ്പറ കൊട്ടാന്‍തുടങ്ങിയതും അന്ന് മുതലാണ്..
തന്റെ കട്ടിലിനു താഴെ കുമിയുന്ന പാട്ടകളുടെ എണ്ണം അറിയാതെ മാമിയാര്‍ ഉറക്കത്തിലും…“ശരവണ്ണന്‍ സാപ്പിട്ടില്ലയാ” എന്നുറക്കെ ചോദിച്ചുകൊണ്ടിരുന്നു.
ഇടക്കൊക്കെ അവരേതോ ഓര്‍മ്മയില്‍ ഒരു തമിഴ്താരാട്ട് അവ്യക്തമായി നുരയുന്ന വാത്സല്യം നെഞ്ചില്‍കെട്ടിനിര്‍ത്തിപാടി..
പിറ്റേദിവസം ആണത് അയാള്‍ അവളോട് പറഞ്ഞത്.
നാളെ.. അമ്മാവുക്ക് “തലൈകൂത്തൽ..”
വേണ്ടതെല്ലാം പണ്ണിവെക്കണം…
കുറച്ച് പേരുണ്ടാകും ശാപ്പാടിന്…
ഇത്തിരി മഞ്ഞൾ കരുതിക്കോണം….
കോഴിക്കറി ശപ്പാടിന് വേണം….
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ശബ്ദമില്ലാത്ത കരച്ചിൽ നെഞ്ചിനകത്ത് ശ്വാസം മുട്ടി പിടഞ്ഞു…
പിറ്റേന്നാൾ മാമിയാരേ കട്ടിലോടെ തൂക്കിയെടുത്ത് മുറ്റത്തെ ചെറു പന്തലിലേക്കെടുക്കപ്പെട്ടു. കട്ടിലിനടിയിലെ എണ്ണ പാട്ടകൾ തുറന്നു കിണ്ണത്തിലേക്ക് പകർന്നു കട്ടിലിനരികിൽ വെച്ചു.
നിലവിളക്കിന്റെ നാളം പകരുന്ന വെളിച്ചത്തെ ആണ്ടാൾ പരിഭ്രമത്തോടെ നോക്കി.
ആണ്ടാളെ ആരോ പതിയെ എഴുന്നേപ്പിച്ചിരുത്തി.
“ശരവണാ.. മൊതലിലേ അനുഗ്രഹം വാങ്ങപ്പാ.. എന്നിട്ട് എണ്ണയിൽ സ്നാനം പോടലാം..”
അയാൾ അമ്മയുടെ മുന്നിൽ മുട്ടുകുത്തി ശിരസ്സു കുനിച്ചു…
ആണ്ടാൾ മകനെ ഒന്ന് നോക്കി. പിന്നീടാ ശുഷ്കിച്ച കൈകൾ ആ തലയിൽ തലോടി. മകനാദ്യം പകർന്ന എണ്ണ അവരുടെ നെഞ്ചിലേക്ക് പടർന്നോഴുകി നിറയുമ്പോൾ.. അവർ ഇമയനക്കാതെ മകനെ നോക്കിക്കൊണ്ടിരുന്നു…
(റെഡിയാർപട്ടി – പ്രായമായവരെ മക്കളും ബന്ധുക്കളും ചേർന്നു നിർദയം കൊന്നുകളയുന്ന നാട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തലൈക്കൂത്തൽ എന്ന ആ ദുരാചാരം ഇന്നും അതീവ രഹസ്യമായി തുടർന്നുപോരുന്ന തമിഴ് ഗ്രാമങ്ങളിലൊന്ന്. മുൻതന്തയ്ക്ക് എൻ തന്ത ചെയ്തത് എൻ തന്തയ്ക്ക് ഏൻ ചെയ്യും എന്നു തലമുറകളിലൂടെ പാടിപ്പറഞ്ഞ് ഉറപ്പിച്ച ദേശം. വിരുദുനഗർ ജില്ലയിലെ റെഡിയാർപട്ടി, ലക്ഷ്മിപുരം, മണ്ഡപശാല, മധുര ജില്ലയിലെ ഉശിലം പട്ടി, തേനിയിലെ ആണ്ടിപ്പട്ടി തുടങ്ങിയ ഗ്രാമങ്ങളിൽ അതീവ രഹസ്യവും ദുരൂഹവുമായി തലൈക്കൂത്തൽ ഇന്നും തുടരുന്നു. ജോലിക്കു പോകാൻ ആരോഗ്യമില്ലാത്ത മാറാരോഗബാധിതരായ മാതാപിതാക്കൾക്കു തലൈക്കൂത്തൽ നൽകുന്നത് പുണ്യമായി കരുതുന്നവരാണ് ഇന്നാട്ടുകാർ.
തലൈക്കൂത്തൽ തീരുമാനിക്കുന്ന ദിവസം വയോദികരെ അതിരാവിലെ കട്ടിലിൽനിന്ന് എഴുന്നേൽപ്പിച്ചിരുത്തി ദേഹമാസകലം നല്ലെണ്ണ ഒഴിക്കും. മണിക്കൂറുകളോളം തുടർച്ചയായി തലയിലൂടെയാണ് ഒഴിക്കുക. ആദ്യത്തെ കർമം കഴിയുമ്പോഴേക്കും ഇര മരിക്കാറായിട്ടുണ്ടാവും. തലയിലൂടെ തണുത്ത വെള്ളമൊഴിക്കലാണ് അടുത്ത പടി. ശേഷം നാടൻ വേദനസംഹാരികൾ കലക്കിയ കരിക്കിൻവെള്ളം വായിലേക്കൊഴിക്കും. പ്രായമായവരുടെ വൃക്കകളുടെ പ്രവർത്തനം അവതാളത്തിലാക്കാൻ ഈ ക്രിയകൾ ധാരാളം. രണ്ടു ദിവസത്തിനുള്ളിൽ ന്യൂമോണിയയോ കടുത്ത പനിയോ പിടിപെട്ടു മരണം. പിന്നീടുള്ള 41 ദിവസവും വീടിനടുത്തുള്ള ചായ്പിൽ ഒരു മൺവിളക്ക് കെടാതെ കത്തിനിൽപ്പുണ്ടാകും)
Nice നല്ല കഥ ഉസലം പെട്ടിയീലെ അമ്മമാര്‍ നൊമ്പരമായി
മനസ്സ് പിടഞ്ഞു പോയി,,,എന്തോപോലെ ആകുന്നു..
ഇത് യാഥാർത്ഥ്യമോ…? ശരിക്കും തലൈകൂത്തൽ നടക്കാറുണ്ടോ അവിടെ…? കഥ ഹൃദ്യമായി., നൊമ്പരം നിറച്ച എഴുത്ത്.. (Y)
അത്യന്തം ഹൃദ്യമായി വരച്ചുകാട്ടിയ നൊമ്പരപ്പെടുത്തുന്ന കുറിപ്പ് – a deserving recognition
കരള്‍ പൊള്ളിക്കുന്ന ആവിഷ്ക്കാരം.