തീരമുപേക്ഷിച്ച് തിരയും കടന്ന്
കരകാണാക്കടലിലേയ്ക്കൊരു
പ്രയാണം.. !
മരണമെടുക്കാത്ത തുരുത്തിലൊരു
കുഞ്ഞുഫീനിക്സ്പക്ഷിയായ്
മാറണം..!
മരമില്ലാത്ത കടലിൻചിറകിൽ
തൂവലിറുത്തു കൂട് വയ്ക്കണം..!
കരയെടുക്കാത്ത കടലിൻ ചുഴികളിൽ
നിറയെ പെൺകുഞ്ഞുങ്ങളെ
പെറ്റുവളർത്തണം..!
കരയറിയാത്ത കടലിൻതീരങ്ങളിൽ
ചിറക് വിടർത്തി പറക്കാൻ പഠിപ്പിക്കണം
പറന്ന് പറന്ന് മാനം മുട്ടെ ഉയരണം..!
ഞാൻ പലവട്ടം മരണപ്പെട്ട തീരത്തെ
കാട്ടിക്കൊടുക്കണം
എന്റെ നോവുകളൊക്കെ
ചുണ്ടിലൊഴുക്കി കൊടുക്കണം..!
പിന്നെ,
കടലുപേക്ഷിച്ച് തിരയും കടന്ന്
തീരത്തേക്കൊരു പ്രയാണം..!
പുനർജ്ജനിക്കണം..!!