പോക്കറ്റിലൊരു കവിത എപ്പോഴും കാണും
വണ്ടിയിടിച്ചോ,
കുഴഞ്ഞുവീണോ മരിച്ചുകിടക്കുമ്പോൾ
ഇയാളൊരുകവിയായിരുന്നോയെന്ന്‍
അത്ഭുതംകൂറാനൊന്നുമല്ല
വെറുതെ.
അന്നൊക്കെ ബസ്ഡ്രൈവറുടെ
തന്തയ്ക്കുവിളിച്ച്,
കടയില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാപോസ്റ്ററിൽ
ചീറിനില്‍ക്കുന്ന നായകന്‍റെ മുഖത്ത്
കഴയ്ക്കുന്ന കാലുകൾ മാറിമാറിച്ചവിട്ടി
കള്ളിയുടുപ്പിന്‍റെ പോക്കറ്റിൽ
കവിതയുമായ് കാത്തുനില്‍ക്കും
അവൾവരും.
കൈമാറാനുള്ളതെല്ലാം
ഇടവഴിയിൽ വച്ച് മാറും.
വിയർപ്പിൽനനഞ്ഞ കവിതയൊഴിച്ച്.
റാങ്കുലിസ്റ്റിന്‍റെ കാലാവധി തീർന്ന്
നാലാളറിയുന്ന തൊഴിൽരഹിതനായപ്പോൾ
അവളുടെ കുട
എത്രയെളുപ്പത്തിലാണ്
എന്‍റെ കവിതയെച്ചാടിക്കടന്നു പോയത്.
ഇന്നെന്‍റെ പ്രിയപ്പെട്ടവൾ
തുണിയലക്കി, നടുനിവർത്തി
അക്ഷരങ്ങൾമുക്കാലും മാഞ്ഞ്
നാലായ്ക്കീറിയ കവിത കാണിച്ച്,
നനയുന്ന മിഴികളെ
മുടികൊണ്ട് മറച്ച്
ചവറ്റുകൂനയിൽ പ്രതീക്ഷയോടെ തിരയും.
എവിടെപ്പോയാലും
പോക്കറ്റിലൊരു കവിത വേണം
വെറുതെ, ഒരു ബലത്തിന്.