രാജൻ:- ചിതയിലെരിയാത്ത വിപ്ലവനാളം

LISTEN & READ

ഒരു നടുക്കമായ് കാതിലിരമ്പുന്ന
കൊടിയ ഭീകര താണ്ഡവ മർദ്ദനം

ചിതലരിക്കാത്ത പുസ്തകത്താളിലെ
ചെറിയൊരോർമ്മയായ് രാജൻ മറഞ്ഞുവോ

ഇനിയുമെത്രയോ ഈച്ചര സ്വപ്ങ്ങൾ
പിഴുതെടുത്തു പോയ്
കണ്ണീർ പ്രവാഹത്തിൽ

– മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ മലയാളിയും ഒരു നൊമ്പരമായി നെഞ്ചേറ്റുന്ന ഈച്ചരവാരിയരുടെ തേങ്ങൽ

P Rajan
P Rajan

എന്റെ മകൻ രാജൻ നാവടക്കി പണിയെടുക്കുന്നത് എങ്ങനെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കും എന്ന് പരീക്ഷിച്ച് അറിഞ്ഞ ഒരു കാലഘട്ടമായി അടിയന്തിരാവസ്ഥയെ അടയാളപ്പെടുത്തുകയും ശീതീകരിച്ച മാനേജ്‌മെന്റ്‌ ക്ലാസ്‌ മുറികളില്‍ അതോര്‍ത്തു പുളകിതരാവുകയും ചെയ്യുന്ന ഒരു തലമുറയ്ക്ക് പരിചിതമല്ലാത്ത, അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒന്നാണ് രാജന്‍റെ പേര്. ചില മറവികള്‍ കാലം കടന്നുപോകുമ്പോള്‍ തനിയെ സംഭവിക്കുന്നതാണ്. പുതിയ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ചിലപ്പോള്‍ ചില മറവികള്‍ അനിവാര്യവുമാണ്.

അധികാരത്തില്‍ കടിച്ചു തൂങ്ങാനുള്ള ഭരണാധിപന്റെ ആര്‍ത്തിയില്‍ ഇന്ത്യന്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട നാളുകള്‍ ആയിരുന്നു 1975 ജൂണ്‍ മുതല്‍ പതിനെട്ടു മാസം നീണ്ടു നിന്ന അടിയന്തിരാവസ്ഥ എന്ന് അടിയന്തിരാവസ്ഥയുടെ(ഇപ്പോഴും ജീവിക്കുന്ന) രക്തസാക്ഷികളുടെ ഒരു തലമുറ രേഖപ്പെടുത്തുന്നു. അടിയന്തരാവസ്ഥ പുതിയതരം പീഡനമുറകളുടെ പരീക്ഷണശാല കൂടിയായിരുന്നു എന്ന് അനുഭവസ്ഥര്‍‍ രേഖപ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ചന്വേഷിച്ച ‘ഷാ കമീഷന്‍’ റിപ്പോര്‍ട്ടില്‍ 1,10,806 പേരെ അറസ്റ്റ്‌ചെയ്യുകയും പീഡിപ്പിക്കുകയും വിചാരണകൂടാതെ അടിയന്തരാവസ്ഥക്കാലത്ത് തടങ്കലില്‍വെക്കുകയും ചെയ്തതായി രേഖപ്പെടുത്തുന്നു. ദല്‍ഹിയില്‍ മാത്രം 1,50,105 കുടിലുകള്‍ ബുള്‍ഡോസറിന്റെ പല്ലുകള്‍ പറിച്ചെറിഞ്ഞിട്ടുണ്ടത്രേ. ആ കാലയളവില്‍ 81,32,209 പേര്‍ അഞ്ചിനപരിപാടിയുടെ പേരില്‍ ഷണ്ഡീകരിക്കപ്പെട്ടിട്ടുണ്ട്.

സ്വേച്ഛാധിപത്യ ഭരണാധികാരത്തില്‍ ചവിട്ടിയരക്കപ്പെട്ട ഒരു തലമുറയുടെ കരുത്തുറ്റ സ്വപ്നങ്ങളുടെയും സ്വാതന്ത്ര്യ ദാഹത്തിന്റെയും പ്രതീകമാണ് രാജന്‍. അടിയന്തരാവസ്ഥക്ക് ഒമ്പതുമാസം മൂപ്പെത്തിയ 1976 മാര്‍ച്ച് ഒന്നിന് പുലര്‍ച്ചയാണ് പി. രാജനെ ആര്‍.ഇ.സി എന്‍ജിനീയറിങ്ങ് കോളജിലെ ഹോസ്റ്റലില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയത്. ഗായകനും കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു രാജന്‍. കായണ്ണ പോലീസ് സ്റ്റേഷനിൽ ഉണ്ടായ നക്സലൈറ്റ് ആക്ര­മ­ണ­സ­മ­യ­ത്ത് ആരോ രാജന്‍ എന്ന പേ­ര് വിളിച്ചതിന് നാ­ടായ നാ­ട്ടി­ലു­ള്ള രാ­ജ­ന്മാ­രെ­യെ­ല്ലാം തേടി നടക്കുകയായിരുന്നു ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ ഉള്ള പോലിസ്‌. തലേന്ന്, ഫെബ്രുവരി 29ന് കോഴിക്കോട് ഫാറൂഖ് കോളജില്‍ ഡി സോണ്‍ കലോത്സവത്തില്‍ പങ്കെടുത്ത് പുലര്‍ച്ച ഹോസ്റ്റലില്‍ എത്തുമ്പോള്‍ ഒരു നീല വാനില്‍ കാത്തുനില്‍ക്കുകയായിരുന്നു പൊലീസ്. ആദ്യം കൊണ്ടുപോയത് അവസാന വര്‍ഷ വിദ്യാര്‍ഥിയായ രാജന്‍ താമസിച്ചിരുന്ന ഡി ഹോസ്റ്റലിലെ 144ാം മുറിയില്‍. രാജന്റെ ആ മുറിയില്‍നിന്ന് തെളിവുകളൊന്നും കണ്ടെടുക്കാനാകാതെ, ആ യുവാവിനെ പൊലീസ് വാനില്‍ കയറ്റി ഓടിച്ചുപോവുകയായിരുന്നു.

(കെ കരുണാകരൻ സന്നിഹിതനായിരുന്ന ചടങ്ങിൽ “ലങ്കാദഹനം” എന്ന ചലച്ചിത്രത്തിലെ ‘കനക സിംഹാസനത്തില്‍ കയറിയിരിക്കും ഇവന്‍..’ എന്ന് തുടങ്ങിയ ഗാനം ആലപിച്ചതിനാണ് രാജനെ അറസ്റ്റ്‌ ചെയ്തു കൊണ്ട് പോയതെന്നും പറയപ്പെടുന്നു)

വ്യാപാരപ്രമുഖനായ അച്ഛന് പെട്ടെന്നുതന്നെ അതിരഹസ്യമായ ആ തടങ്കല്‍ ക്യാമ്പിലെത്താനും പുഷ്പംപോലെ മകനെ രക്ഷപ്പെടുത്താനുമായി

തന്‍റെ വിദ്യാര്‍ഥികളെ കാണാതായത് അറിഞ്ഞയുടനെ പ്രിന്‍സിപ്പാള്‍ പ്രഫ. കെ. എം. ബഹാവൂദ്ദീന്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ചു. രാജന്‍കേസ് കെട്ടിച്ചമച്ച രാഷ്ട്രീയപ്രേരിതമായ കെട്ടുകഥയല്ലെന്ന് നീതിപീഠം കണ്ടെത്താന്‍ നിര്‍ണായക തെളിവായത് അദ്ദേഹം അന്നയച്ച രണ്ടു കത്തുകള്‍ ആണ്. ഒരു കത്ത് കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈല്‍ വ്യാപാരസ്ഥാപനമായ പോപ്പുലറിന്റെ പാര്‍ട്ണര്‍മാരിലൊരാളായ പോള്‍ ചാലിയുടെ മകന്‍ ജോസഫ് ചാലിയുടെ ജീവന്‍ രക്ഷിച്ചു. വ്യാപാരപ്രമുഖനായ അച്ഛന് പെട്ടെന്നുതന്നെ അതിരഹസ്യമായ ആ തടങ്കല്‍ ക്യാമ്പിലെത്താനും പുഷ്പംപോലെ മകനെ രക്ഷപ്പെടുത്താനുമായി. ക്യാമ്പിന്റെ വിവരം തിരഞ്ഞുപിടിച്ച് ഹതഭാഗ്യനായ രാജന്‍റെ അച്ഛന്‍ ഈച്ചരവാര്യര്‍ കക്കയത്ത് എത്തിയപ്പോഴേക്ക് വൈകിപ്പോയിരുന്നു. രാജന്‍ അതിനു മുമ്പേ കൊല്ലപ്പെട്ടിരുന്നു. മൃതദേഹം കക്കയം ഡാമിനടുത്ത് ഉരക്കുഴിയുടെ തൊട്ടടുത്ത് ആദ്യം കുഴിച്ചിടുകയും പിന്നീട് പെട്രോളൊഴിച്ചു കത്തിച്ച് അവശിഷ്ടം ഉരക്കുഴിയിലെറിഞ്ഞ് തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

Eachara Warrier
Eachara Warrier

സംഭവം കെട്ടിച്ചമച്ച ഒരു കഥയാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പോലീസിന്റെ ശ്രമം. ആര്‍.ഇ.സിയില്‍നിന്ന് തങ്ങള്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നായിരുന്നു പൊലീസ് മേധാവികളുടെ നിലപാട്. ഒരു വര്‍ഷംകൂടി കഴിഞ്ഞ് അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം കേരള ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും അവര്‍ ആ പ്രസ്താവനതന്നെയാണ് ആവര്‍ത്തിച്ചത്. അതില്‍ കക്കയത്ത്‌ അങ്ങനെ ഒരു ക്യാമ്പ്‌ പ്രവര്‍ത്തിച്ചിരുന്നില്ല എന്നായിരുന്നു പറഞ്ഞത്. മകനെ തേടിയുള്ള അന്വേഷണത്തിനിടയില്‍ ഈച്ചരവാര്യര്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല. തന്‍റെ സുഹൃത്ത് കൂടിയായ മുഖ്യമന്ത്രി അച്യുതമേനോന്‍ പോലും തന്നെ സഹായിക്കാന്‍ കൂടെ നിന്നില്ല എന്ന് നിസ്സഹായനായി വിലപിക്കുന്ന ഒരു പിതാവ്.

രാജന്റെ മൃതദേഹം ഇന്നേ വരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇതിനാൽ പ്രതികൾ എല്ലാവരും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലിൽ കുറ്റവിമുക്തരാക്കപ്പെട്ടു.

1977 മാർച്ച് 25-നു ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്ന് 1977 ഏപ്രില്‍ 21­ന്‌ രാ­ജ­നെ കോ­ട­തി­യില്‍ ഹാജരാക്കാൻ കോ­ട­തി നിര്‍­ദ്ദേ­ശി­ച്ചു. കക്കയത്ത് പോലീസ് ക്യാമ്പ് പ്രവർത്തിച്ചിട്ടില്ല എന്ന പറഞ്ഞ സർക്കാരിന്റെ വാദം, സ്വന്തം വിദ്യാർത്ഥികളെ അന്വേഷിച്ച് തന്റെ ഔദ്യോഗിക കാറിൽ, കക്കയത്തുള്ള വിദ്യുച്ഛക്തി വകുപ്പ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോലീസ് ക്യാമ്പിൽ എത്തിയ പ്രിൻസിപ്പാളിന്റെ സാക്ഷി മൊഴിയുടെ മുന്നിൽ കോടതി തള്ളിക്കളഞ്ഞു. രാജനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്നു വാദിച്ച പ്രതികൾ പിന്നീട്‌ മൊഴിമാറ്റി. രാജനെ കോടതിയിൽ ഹാജരാക്കാനാകില്ല എന്നും, രാജനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു എന്നും 1977 ഏപ്രിൽ 19നു സര്‍ക്കാര്‍കോടതിയെ ബോധിപ്പിക്കുന്നു. കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്ന കാരണത്താൽ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നു. തുടര്‍ന്ന് കക്കയം ക്യാമ്പിൽ നടന്ന മർദ്ദനത്തിനിടയിൽ രാജൻ കൊല്ലപ്പെട്ടെന്ന് കരുണാകരൻ കോടതിയിൽ പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചു. കരുണാകരനും മറ്റുള്ളവരും കുറ്റക്കാരാണെന്നും, കരുണാകരൻ വ്യാജസത്യവാങ്മൂലം സമർപ്പിച്ചെന്നും അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാവുന്നതാണെന്നും ഹൈക്കോടതി വിധിച്ചു. എങ്കിലും, പ്രതികളുടെ മർദ്ദനമേറ്റാണ്‌ രാജൻ മരിച്ചത്‌ എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. രാജന്റെ മൃതദേഹം ഇന്നേ വരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇതിനാൽ പ്രതികൾ എല്ലാവരും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലിൽ കുറ്റവിമുക്തരാക്കപ്പെട്ടു.

രാജന്‍ കേസ്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ല. വര്‍ക്കല വിജയന്‍, അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ കക്കുഴി കണ്ണന്‍, ടാപ്പര്‍ രാജന്‍, അങ്ങനെ അടിയന്തരാവസ്ഥക്കാലത്തു തടവറകളില്‍ ജീവിതം ഹോമിക്കപ്പെട്ടവരുടെ പട്ടിക നീളുകയാണ്. ഒരര്‍ത്ഥത്തില്‍ ജനാധിപത്യത്തെ നമുക്ക്‌ തിരിച്ചു തന്നത് അവരുടെ രക്തസാക്ഷിത്വമാണ്.

കാലമെത്ര തമസ്ക്കരിച്ചാലും പാർശ്വവൽക്കരിച്ചാലും
ചോരയുടെ ചൂരേറ്റ് അധികാരം കയ്യാളിയ
അഭിനവ വിപ്ലവഭരണ വർഗ്ഗം വഴിയിലുപേക്ഷിച്ചാലും
രാജൻ,
നിന്റെ ഓർമ്മകൾ
കാലം ഏറ്റുവാങ്ങുന്നു
നിന്റെ പിതാവിന്റെ കണ്ണീരുണങ്ങാത്ത കൺതടങ്ങളിലൂടെ..
നിന്റെ ജ്വലിക്കുന്ന സമരാഗ്നിയിലൂടെ..

image from http://naxalrevolution.blogspot.in

Check Also

പുന്നപ്ര വയലാർ കലാപം: സ്വാതന്ത്ര്യ സമര യജ്ഞം – ഭാഗം 4

പുന്നപ്ര കടല്‍പ്പുറം ലഹള കത്തോലിക്കാ മത്സ്യത്തൊഴിലാളികള്‍ ദുരിതരാജവാഴ്ചയില്‍ പൊറുതി മുട്ടി ആയുധമെടുത്തു!! ആലപ്പുഴയിലെ പുന്നപ്ര കടല്‍പ്പുറത്ത് പന്ത്രണ്ട് രംഗത്തായി മത്സ്യത്തൊഴിലാളി …

Leave a Reply

Your email address will not be published. Required fields are marked *