മലയാള കാവ്യസപര്യയിലെ ഒറ്റയാൻ..
കവിതയിലെ കളിയച്ഛൻ..
മഹാകവി പി.കുഞ്ഞിരാമൻ നായർ
1905 മലയാള സാഹിത്യത്തിലെ ശുക്രനക്ഷത്രം പിറന്നു. ആകാശ താരകങ്ങള്‍ കൂടുതല്‍ മിഴിതുറന്നു ആ പവിത്ര ജനനം നോക്കിക്കണ്ടു. കൂടെ പിറന്ന ദാരിദ്ര്യത്തെ കവി ഒരിക്കലും തട്ടിയകറ്റാന്‍ ശ്രമിച്ചതായറിയില്ല, എന്തെന്നാല്‍ സമ്പന്നമായിരുന്നു ആ ഹൃദയം എത്ര എടുത്താലും വീണ്ടും വീണ്ടും കവിഞ്ഞൊഴുകുന്ന കവിതയുടെ അക്ഷയപാത്രം. കൂടെപിറപ്പായ ദാരിദ്ര്യവും ജീവിതയാത്രയില്‍ വഴുതിവീണ പടുകുഴികളും സമ്മാനിച്ച സര്‍ഗ്ഗ വസന്തത്തിന്റെ നിലക്കാത്ത സുഗന്ധം തന്റെ മരണം വരെയും പ്രസരിപ്പിച്ച അത്ഭുത പ്രതിഭ. സമുദായം കല്പ്പിച്ച സകല സദാചാര വേലികളെയും ലംഘിക്കുകയും, തന്റെ നിത്യ കാമുകിയെ തേടി തോന്നിയ വഴികളിലൂടെ സഞ്ചരിച്ച ഒരു അരാജകവാദി തികച്ചും ഒരു താന്തോന്നി.
കവിയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ:
“ഏതാണ് ആ ലക്ഷ്യം? – പൂര്‍ണ്ണാ നന്ദ കവിത, നിത്യ കാവ്യാനുഭൂതി, പുഴയും കടലും പോലെ ജീവിതവും കവിതയും ഒന്നായലിഞ്ഞു അന്തരാത്മാവില്‍ നിന്നും തിളച്ചു പൊന്തുന്ന മധുര കാവ്യാനുഭൂതി”
“ആകാശം പറഞ്ഞു: ഭ്രാന്തന്‍
ഭൂമി പറഞ്ഞു: വിഡ്‌ഢി
ആയിരിക്കാം എന്ത് സഹിച്ചും എനിക്കവനെ കാണണം സാക്ഷാല്‍ കവിയെ. എല്ലാം പോയാലും എനിക്കവളെ കണ്ടുപിടിക്കണം സാക്ഷാല്‍ കവിതയെ”
“കാട്ടുമുല്ലയുടെ പാട്ട്” – ആലാപനം: ജ്യോതീബായ് പരിയാടത്ത്
കളിയച്ഛൻ - കവിത
കളിയച്ഛൻ - കവിത
ഒക്കില്ലൊരിയ്ക്കലും മേലിലെനിയ്ക്കിനി
ഈ കളിയച്ഛനോടൊത്തു കളിയ്ക്കുവാൻ
ദുർമുഖം കാണേണ്ടെനി’ ക്കോതി ദേശികൻ
ദുർമ്മൃതിഘോരാഗ്രഹണമാം ശാപമായ്!
ക്രൂരമിടിത്തിയ്യിൽ വെന്തുപോയി; കേശ-
ഭാരകിരീടമണിയേണ്ട മസ്തകം!
പോവാതെയായന്നുതൊട്ടു ഞാൻ പൊന്നണി-
ക്കോവിലി,ലുത്സവപ്പന്തൽക്കളികളിൽ
വ്യഗ്രനാമെന്നെത്തുടർന്നെത്തി പന്തലി-
ലുഗ്രഗുരുത്വപ്പിഴതൻ കരിനിഴൽ!
ചൂടുറ്റ വീർപ്പോടുമേകാന്തവിശ്രമം
തേടിവലഞ്ഞിരുൾമൂടുമീയന്തിയിൽ,
മാടിവിളിക്കുന്നു പൊന്താഴികക്കുടം
ചൂടിയ കോവിലിൻ ഗോപുരവീഥികൾ!
ലോലമയവിറക്കുന്നു കരൾത്തട-
മാലും കുളവുമരയാൽത്തറകളും!
തോറ്റുതുലഞ്ഞു ഹാ; വയ്യെനിക്കിപ്പടു-
കൂറ്റൻ കഥകളിപ്പെട്ടികളേറ്റുവാൻ!
ബോധമില്ലാതെകിടക്കുമവസ്ഥയ്ക്കു-
മീതെയായ് ഘോരവിപത്തെന്തു ഭൂമിയിൽ?
പ്രകൃതിയും മനുഷ്യമനസ്സുകളുടെ ആത്മാവായ കാല്‍പനികതയും സ്വാതന്ത്ര്യ സമരകാലത്ത് സാമൂഹിക അവസ്ഥകളും എല്ലാം കവിയുടെ കവിതകളില്‍ വന്നു നിറഞ്ഞു. ഒരിക്കലും ശാന്തമാവാത്ത മനസ്സായിരുന്നു കവിയുടേത്. ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക് അവസാനിക്കാത്ത യാത്ര.. അനുഭവങ്ങളുടെ ചൂടു തേടി. പലയിടത്തും സംബന്ധങ്ങളും അസംബന്ധങ്ങളും ഒക്കെയുണ്ടായി. അവര്‍ക്കാര്‍ക്കും കവി ആഗ്രഹിച്ച ജീവിതമോ, സ്വസ്ഥതയോ നല്‍കാനുമായില്ല. അന്നത്തെ സാമൂഹിക അവസ്ഥയുടെ ഒരു പരിച്ഛേദം കൂടിയാണ് കവിയുടെ സ്വകാര്യ ജീവിതം. സ്നേഹം തുളുമ്പുന്ന അമ്മ, കര്‍ക്കശക്കാരനായിട്ടും ഏക മകന്റെ വഴി വിട്ട യാത്രയില്‍ അസ്വസ്ഥനായ അച്ഛന്‍ ജീവിതത്തില്‍ വന്നിറങ്ങിപ്പോയ ഭാര്യമാര്‍, കാമുകിമാര്‍.. ആര്‍ക്കും കവിയെ ഉള്‍ക്കൊള്ളാനായില്ല. അശാന്തമായ മനസ്സിലെ അന്വേഷണം ജീവിതാവസാനം വരെ കൂട്ടു നിന്നു. വഴിയാത്രക്കിടയില്‍ കണ്ടുമുട്ടിയ ചില സുഹൃത്തുക്കളൂം.
ജീവിതത്തിന്റെ ഒരവസ്ഥയില്‍ ചാക്കില്‍ നിറച്ചു വെച്ച കവിതകള്‍ കീറക്കടലാസെന്നു കരുതി കത്തിച്ചു കളഞ്ഞ ഭാര്യയുടെ സ്നേഹം ഒരുകെട്ട് നൂറിന്റെ നോട്ടുകള്‍ കത്തിപ്പോയെന്നു കേട്ടാല്‍പ്പോലും ഇത്രയും വേദനതോന്നില്ലെന്ന് കവിയുടെ ആത്മഗതം.. കവിതയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെയാണ് വരച്ചുകാട്ടുന്നത്. കവിക്കും കവിതക്കും കാശില്ലാഞ്ഞിട്ടും നല്ല ഗദ്യങ്ങള്‍ എഴുതാന്‍ കഴിഞ്ഞിരുന്നിട്ടും, കവിത തന്നെയാണ് തന്റെ സഖിയെന്ന് ഉറപ്പിച്ച പി. മലയാളത്തിനു നല്‍കിയത് വര്‍ണ്ണപ്പകിട്ടാര്‍ന്ന ഒരുപാട് കവിതകളാണ്. പ്രകൃതിവര്‍ണ്ണന കവിതയില്‍ ഇത്രയും ആവാഹിച്ചിട്ടുള്ള മറ്റൊരു കവി ഉണ്ടെന്നു തോന്നുന്നില്ല. ഋതുഭേദങ്ങളുടെ വര്‍ണ്ണക്കാഴ്ചകള്‍ വരും തലമുറക്ക് വാക്കുകളായി സൂക്ഷിക്കുകയാണ് കവി ചെയ്തത്.
ജീവിതം പോലെ ഒരു സമസ്യയായിരുന്നു പി.യുടെ മരണവും
തിരുവനന്തപുരത്തെ സി.പി സത്രത്തിലെ പതിനൊന്നാം നമ്പര്‍ മുറിയില്‍ മേയ് 27ന് രാത്രി പി. അവസാനിക്കുമ്പോള്‍ കൂടെ ബാധ്യത തലച്ചുമടായ രഥോത്സവം എന്ന കവിതാ സമാഹാരവും ഉണ്ടായിരുന്നു. ഇനിയും അവശേഷിക്കുന്ന ഒര് പിടി കവിതകളും അതിലേറെ ജീവിതാന്ത്യ ദുരുഹതയും ബാക്കിയാക്കി നിളയുടെ തീരങ്ങളിൽ അഗ്നിയിൽ അലിഞ്ഞു ചേർന്ന അവധൂതനായ പാട്ടുകാരൻ.
മലയാളികളുടെ മനസ്സിൽ ഓരോ മേയ് ഇരുപത്തിയേഴും നൊമ്പരപ്പാടുകൾ അവശേഷിപ്പിച്ച് മൺമറഞ്ഞു
മലയാളത്തിന്റെ കളിയച്ഛനായി….
കവിതയിൽ ജീവിത പ്രണയം നിറച്ചതിൻ
അവധൂതനായി നടന്നവൻ നീ
കാലത്തിനപ്പുറം ജീവതാളത്തിന്റെ
രാഗം നിറച്ചോരു പാട്ടുകാരൻ
ഒടുവിലാ വഴികളിൽ
മരണം പതിയിരുന്നൊളി
മങ്ങിയെങ്കിലും ഓർമ്മകളിൽ
ഇനിയും മരിക്കാത്തവരികളിൽ നിറയുന്നു
പ്രണയവും ഭക്തി സുഗന്ധമായും