ഒന്നാം ക്ലാസിലെ കുട്ടി
ചെടിയെക്കുറിച്ച് പഠിക്കുന്നു.
വേരുകൾ അച്ഛനെപ്പോലെയാണെന്ന്
ടീച്ചർ പറഞ്ഞതോർത്തുകൊണ്ട്,
വേരുകൾ
ചെടിയെ മണ്ണിലുറപ്പിച്ചു. നിർത്തുന്നുവെന്നും,
ചെടിക്കാവശ്യമായ ജലവും മൂലകങ്ങളും
എത്തിച്ചു കൊടുക്കുന്നുവെന്നും
കുട്ടി ആവർത്തിച്ച്
ഉരുവിട്ടുകൊണ്ടിരിക്കുമ്പോൾ,
വേരില്ലാത്ത ചെടികളെക്കുറിച്ച്
പേജിന്റെ മൂലയിലെ കള്ളിയിൽ
എഴുതിയിരിക്കുന്നത്
അമ്മ ചൂണ്ടിക്കാണിക്കുന്നു.
തണ്ടുകൾ അമ്മയെപ്പോലെയാണെന്ന്
ടീച്ചർ. പറഞ്ഞപ്പോൾതന്നെ..
പ്രതികൂല കാലാവസ്ഥയിൽപോലും
താങ്ങി സംരക്ഷിക്കുന്നവരാണെന്നും,
പോഷണം ആവശ്യാനുസരണം
എത്തിച്ചു കൊടുക്കുന്നവരാണെന്നും
മന:പാഠമായതിനാൽ
കുട്ടിക്ക് വീണ്ടും പഠിക്കേണ്ടിവന്നില്ല.
ഇലകളെല്ലാം ബന്ധുക്കളെപോലാകയാൽ,
എപ്പോൾ വേണമെങ്കിലും
മഞ്ഞക്കുകയോ, കൊഴിയുകയോ
പുതിയത് നാമ്പെടുക്കുകയോ ചെയ്യാം.
എത്രകാലം കൂടെയുണ്ടാവുമെന്നത്
തണ്ടിനെ ആശ്രയിച്ചിരിക്കുന്നു എന്നെല്ലാം
ഒറ്റവായനയാൽ തന്നെ
കുട്ടി നന്നായി ഗ്രഹിച്ചിരിക്കുന്നു.
മൊട്ടുകളും, പൂവുകളും, കായ്കളും
സഹോദരങ്ങളെപ്പോലാകയാൽ,
എത്രമേൽ പറന്നകന്നാലും,
ദൂരങ്ങളിൽ കിളിർത്താലും
ഒരേ പേരിന്റെ അവകാശികളാവുമെന്ന്
എത്ര ഉരുവിട്ടിട്ടും
ഓർമ്മ നിൽക്കാത്തതിനാൽ,
മൊട്ടോ, പൂവോ, കായോ ഇല്ലാത്ത
ചെടികൾ ഉണ്ടെന്ന്
പാഠത്തിന്റെ പുറകിലെ പേജിൽ
കുട്ടി തിരഞ്ഞു കണ്ടുപിടിക്കുന്നു.