കഴിഞ്ഞൊരോണത്തിൻ
കനിവുകൾ
നിലാവു പോൽ
ചാരെ പുഞ്ചിരിക്കെ,
വീണ്ടുമെത്തു –
ന്നോർമയോടത്തിലേറി
ഇത്തിരിപ്പൂവിന്റെ വെൺമയിൽക്കുളിരും
പൊന്നോണത്തിൻ
നറുനൈർമല്യങ്ങൾ….
കാക്കപ്പൂവിലും
കഥയൊരുക്കുമീ
സമൃദ്ധികൾ
നിറപൊലിയായാർപ്പു വിളിച്ചുണർത്തട്ടെ,
മനസ്സിൽത്തിരിയിട്ട
മധുര കാലങ്ങൾ….
കേൾക്കാതിരിക്കട്ടൊരു
ബാലമരണവും
കള്ളപ്പറയിൽ നിറയും
മായക്കഥകളും.
കൊയ്ത്തരിവാളിൻ തുഞ്ചത്തിനിയെന്നും
നെല്ലോലത്തലകൾ
പുഞ്ചിരിക്കട്ടെ…
മാബലി വേണ്ടിനി,
വാമനനും വേണ്ട,
മാനവൻ വാഴുന്ന
കാലം വരട്ടെ,
എന്നും –
പൊന്നോണമേകുന്ന ലോകം വരട്ടെ….